31/05/2024
21.8 കി.മീ മൈലേജുള്ള ഈ കാര്‍ വാങ്ങാന്‍ അവസരം കാത്ത് ജനങ്ങള്‍! തീരുമാനമെടുക്കും മുമ്പ് ഇവ അറിഞ്ഞിരിക്കണം..
ഈ വര്‍ഷം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങിയതോടെ ഹ്യുണ്ടായി ക്രെറ്റക്ക് വീണ്ടും ശുക്രനാണ്. 2024 ഏപ്രിലില്‍ 15447 യൂണിറ്റായിരുന്നു ക്രെറ്റയുടെ വില്‍പ്പന. രണ്ടാം സ്ഥാനത്തുള്ള മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ വില്‍പ്പന 7651 യൂണിറ്റായിരുന്നു. അതായത് ക്രെറ്റക്ക് തന്റെ തൊട്ടടുത്തുള്ള എതിരാളിയേക്കാള്‍ ഇരട്ടിയിലധികം വില്‍പ്പനയാണ് പോയമാസം നേടാനായത്.
നിലവില്‍ കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ 39.76 ശതമാനമാണ് ക്രെറ്റയുടെ വിപണി വിഹിതം. ഈ ജനപ്രിയ എസ്യുവി സ്വന്തമാക്കാനുള്ള അവസരത്തിനായി നിരവധി ഉപഭോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതുവായിക്കുന്ന നിങ്ങളില്‍ പലരും പുതിയ ക്രെറ്റ എസ്‌യുവി ബുക്ക് ചെയ്യാന്‍ പദ്ധതിയിടുന്നുണ്ടാകും. എന്നാല്‍ ഏത് വേരിയന്റ് ബുക്ക് ചെയ്യണമെന്ന ചോദ്യമാകും മുന്നില്‍ തെളിയുന്നത്. ഈ ലേഖനത്തില്‍ ഞങ്ങള്‍ ക്രെറ്റയുടെ ഓരോ വേരിയന്റിന്റെയും സവിശേഷതകള്‍ പറഞ്ഞുതരാം. വായിച്ച ശേഷം നിങ്ങള്‍ക്ക് യോജിച്ച ഒരു തീരുമാനത്തില്‍ എത്താം.
E വേരിയന്റ്: ജനപ്രിയ എസ്‌യുവിയുടെ ബേസ് വേരിയന്റാണിത്. പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്പി, ടിപിഎംഎസ്, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ എസി വെന്റുകള്‍, എല്ലാ യാത്രക്കാര്‍ക്കും ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നിങ്ങനെയുള്ള സവിശേഷതകള്‍ അടിസ്ഥാന വേരിയന്റിലുണ്ട്. റിയര്‍ സീറ്റുകള്‍ 60:40 ആയി സ്പ്ലിറ്റ് ചെയ്തിരിക്കുന്നു. ഒരു കളര്‍ ഇന്‍സ്ട്രുമെന്റ് സ്‌ക്രീനും ഇതില്‍ വരുന്നു.
EX വേരിയന്റ്: E വേരിയന്റിലെ സവിശേഷതകളുടെ കൂടെ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്രണ്ട് ആന്‍ഡ് റിയര്‍ സ്പീക്കറുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഷാര്‍ക്ക്-ഫിന്‍ ആന്റിന, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍, മാപ്പ് ലൈറ്റുകള്‍, സണ്‍ഗ്ലാസ് ഹോള്‍ഡര്‍ എന്നിവ ഇതില്‍ ലഭിക്കുന്നു.
S വേരിയന്റ്: ഈ വേരിയന്റില്‍ എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ഒആര്‍വിഎമ്മുകളിലെ എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍, റിയര്‍ ഡീഫോഗര്‍, റിയര്‍ ക്യാമറ, റിയര്‍ സണ്‍ ബ്ലൈന്‍ഡ്, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ വൈപ്പര്‍, ലഗേജ് കമ്പാര്‍ട്ടുമെന്റില്‍ കൂള്‍ഡ് ഗ്ലോവ് ബോക്സ് എന്നിവ ഓഫര്‍ ചെയ്യുന്നു.
SX വേരിയന്റ്: ഇതിന് മുന്‍ വേരിയന്റിനേക്കാള്‍ കൂടുതല്‍ ഫീച്ചര്‍ അപ്‌ഗ്രേഡുകള്‍ ലഭിക്കുന്നു. 17 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളും പനോരമിക് സണ്‍റൂഫും ഇതിന്റെ പ്രത്യേകതയാണ്. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഡ്രൈവ് മോഡുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍ എന്നിവ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ ലഭ്യമാണ്. കൂടാതെ, ഈ വേരിയന്റിന് ഒരു പുഷ്-സ്റ്റാര്‍ട്ട് ബട്ടണും റിയര്‍ റീഡിംഗ് ലൈറ്റുകളും ലഭിക്കുന്നു.
SX(O) വേരിയന്റ്: 17 ഇഞ്ച് റേസര്‍ കട്ട് അലോയ് വീലുകള്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്റര്‍, ക്രോം ഡോര്‍ ഹാന്‍ഡില്‍, ഡ്യുവല്‍ ടോണ്‍ എക്‌സ്റ്റീരിയര്‍ കളര്‍ ഓപ്ഷന്‍സ്, സെമി ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗി് വീലും ഗിയര്‍ നോബും ഇതില്‍ വരുന്നു. ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ചാര്‍ജിംഗ്, റിയര്‍ സീറ്റുകള്‍ക്കുള്ള ഹെഡ്റെസ്റ്റ് കുഷ്യന്‍, വോയ്സ് ആക്റ്റിവേറ്റഡ് സണ്‍റൂഫ് എന്നിവ അകത്തളത്തില്‍ ഒരുക്കിയിരിക്കുന്നു.
SX(O) എക്‌സിക്യൂട്ടീവ് വേരിയന്റ്: ഈ വേരിയന്റ് സേഫ്റ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൊളീഷന്‍ വാണിംഗ് ആന്‍ഡ് അവോയ്ഡന്‍സ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ്-സ്പോട്ട് മോണിറ്ററിംഗ് എന്നിവയടങ്ങുന്ന ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) സ്യൂട്ട് ഈ വേരിയന്റില്‍ സജ്ജീകരിച്ചിരിക്കുന്നു. ബോസ് ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് പാര്‍ക്കിംഗ് ബ്രേക്ക്, ഡ്രൈവ് മോഡുകള്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേരിയന്റുകള്‍ക്ക് പാഡില്‍ ഷിഫ്റ്ററുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
SX(O) ടെക് വേരിയന്റ്: ഈ ടോപ്പ് സ്‌പെക് വേരിയന്റില്‍ മുമ്പത്തെ വേരിയന്റുകളില്‍ നിന്നുള്ള എല്ലാ സവിശേഷതകളും ഉള്‍പ്പെടുന്നു. കൂടാതെ ഇലക്ട്രോക്രോമിക് ഇന്‍സൈഡ് റിയര്‍ വ്യൂ മിറര്‍ (ഐആര്‍വിഎം), ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ബ്ലൈന്‍ഡ്-സ്പോട്ട് വ്യൂ മോണിറ്റര്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ എന്നിവ ലഭിക്കുന്നു.
നിങ്ങളുടെ ആവശ്യങ്ങളെയും ബജറ്റിനെയും ആശ്രയിച്ച് വേണം വേരിയന്റ് തിരഞ്ഞെടുക്കേണ്ടത്. നിങ്ങള്‍ക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകള്‍ ഏതൊക്കെയാണെന്ന് നോക്കി അവ വാഗ്ദാനം ചെയ്യുന്ന വേരിയന്റ് തിരഞ്ഞെടുക്കുക. ഫീച്ചറുകളുടെ ലിസ്റ്റ് വിശകലനം ചെയ്ത് മുന്‍ഗണനകളുമായി യോജിക്കുന്ന ഒരു വേരിയന്റ് കണ്ടെത്തണം. ഇതിന്റെ കൂടെ നിങ്ങളുടെ തൊട്ടടുത്തുള്ള ഹ്യുണ്ടായി ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് ക്രെറ്റയുടെ വ്യത്യസ്ത വേരിയന്റുകള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ മടിക്കരുത്. നിങ്ങളുടെ ആവശ്യങ്ങള്‍ക്കും ബജറ്റിനുമനുസൃതമായ മികച്ച തീരുമാനമെടുക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.