07/08/2026
കാലടി പാലം: വാരാന്ത്യങ്ങളിലും രാത്രികാലങ്ങളിലും ഗതാഗത നിയന്ത്രണം
കാലടി പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഓണത്തിന് മുന്‍പായി ഗതാഗതയോഗ്യമാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം നിര്‍ദ്ദേശിച്ചു. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ തടസ്സമില്ലാതെ നടത്തുന്നതിനായി വാരാന്ത്യങ്ങളിലും രാത്രികാലങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തണം. ഇതിനായി ആവശ്യമായ കത്ത് പോലീസിന് കൈമാറണം. പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ 2027 ജനുവരി 15നകം പൂര്‍ത്തിയാക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
മഴയില്ലാത്ത സമയങ്ങള്‍ കൃത്യമായി പ്രയോജനപ്പെടുത്തി പാലത്തിലെയും അപ്രോച്ച്‌റോഡുകളിലെയും ടാറിങ്, ടൈലിങ് പണികളും മറ്റ് അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ.മാരായ മനോജ് മൂത്തേടന്‍, ടി.ജെ. വിനോദ്, ദീപക് ജോയ്, ഷിബു തെക്കുംപുറം, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മനോജ്, മറ്റു ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.