
22/09/2025
#സ്വർണംമോഷ്ടിക്കപ്പെട്ടു, #തിരിച്ചുകിട്ടിയത് #21കൊല്ലത്തിനുശേഷംവിലകൂടിയത് #14മടങ്ങ്.2004-ലെ ശ്രീകൃഷ്ണജയന്തിദിനം രാത്രിയിലാണ്, വീട്ടില്‍നിന്ന് ആറുമാസം പ്രായമുള്ള മകള്‍ അഞ്ജു എലിസബത്തിന്റെ വളയും കാല്‍ത്തളയും ഒരു മാലയുമടക്കം 22 ഗ്രാം സ്വർണം കള്ളൻ മോഷ്ടിച്ചത്. മഴയുള്ള രാത്രിയില്‍ കള്ളൻ വീടിന്റെ ജനല്‍ തകർത്താണ് സ്വർണം മോഷ്ടിച്ചത്. ശബ്ദം കേട്ടുണർന്ന ബിജു കൈയില്‍ പിടിച്ചെങ്കിലും, വിടുവിച്ച് കള്ളൻ രക്ഷപ്പെട്ടു. കേസും പുകിലുമായി നാളുകള്‍ പിന്നിട്ടെങ്കിലും കള്ളനെ കിട്ടിയില്ല.
മറ്റൊരു കേസന്വേഷണത്തിനിടയില്‍ ചേർത്തല എസ്‌ഐ, ശൂരനാട് സ്വദേശി സുബേറെന്ന കള്ളനെ പിടികൂടിയപ്പോള്‍ മുൻപ് നടത്തിയ മോഷണങ്ങള്‍ അയാള്‍ ഏറ്റുപറഞ്ഞു. അതില്‍ ബിജുവിന്റെ സ്വർണവും പെട്ടു. മോഷ്ടിച്ച സ്വർണം കായംകുളം റെയില്‍വേ കോളനിയിലെ ഒരു താമസക്കാരന് വിറ്റെന്നായിരുന്നു മൊഴി. പിറ്റേന്ന് കള്ളനെയുംകൊണ്ട് പോലീസ് വേലശേരി വീട്ടിലെത്തി. മഴയുള്ള രാത്രിയില്‍ ജനലിലൂടെ മോഷ്ടിച്ച സ്വർണത്തിന്റെ കാര്യം മണിമണിപോലെ കള്ളൻ പറഞ്ഞു.
സംഭവം ഉറപ്പിച്ചതോടെ റെയില്‍വേ കോളനിയിലെത്തിയ പോലീസ്, സ്വർണം പിടിച്ചെടുത്ത് കോടതിയില്‍ സമർപ്പിച്ചു. രണ്ടുമാസം കഴിഞ്ഞ് കള്ളൻ ജയില്‍ചാടി. അതോടെ അന്വേഷണവും കോടതിവ്യവഹാരവും നീണ്ടു. വീണ്ടും കള്ളൻ പോലീസിന്റെ വലയില്‍ വീണു. പിന്നീട് വർഷങ്ങള്‍നീണ്ട കോടതിവിസ്താരം പൂർണമാക്കി കള്ളന് ശിക്ഷ വിധിച്ചു.
കള്ളൻ ജയില്‍വാസം തുടങ്ങി കാലങ്ങള്‍ കഴിഞ്ഞപ്പോള്‍, ബിജുവിനെത്തേടി ഒരു സമൻസെത്തി. അതാകട്ടെ, കൃത്യം 21 വർഷമായ ശ്രീകൃഷ്ണജയന്തിയുടെ തലേന്ന്. നഷ്ടപ്പെട്ട സ്വർണം ഉടനെ ഏറ്റെടുക്കണമെന്നായിരുന്നു കോടതിയുടെ അറിയിപ്പ്. സ്വർണവില പവന് 5,850 രൂപയുള്ളകാലത്ത് നഷ്ടപ്പെട്ട ഉരുപ്പടി തരിച്ചുകിട്ടിമ്ബോള്‍ വില 80,000 രൂപ കടന്നു. 14 മടങ്ങ് വർധന. കഴിഞ്ഞദിവസം ബിജു സ്വർണം ഏറ്റുവാങ്ങി.
ഒരു മില്ലിഗ്രാംപോലും കുറവില്ലാതെ സ്വർണം കിട്ടിയത്, ബിജുവിന്റെ ഭാര്യ മാവേലിക്കര ബിഎഡ് കോളേജ് ഉദ്യോഗസ്ഥയായ അനുമോള്‍ ജോസഫിന് ആദ്യം വിശ്വസിക്കാൻ പറ്റിയില്ല. മകള്‍ അഞ്ജു എലിസബത്ത് ഇപ്പോള്‍ നഴ്സിങ് രണ്ടാംവർഷ വിദ്യാർഥിനിയാണ്.