12/12/2023
പറശ്ശിനിക്കടവിലേക്ക് പുതിയ വാട്ടർ ടാക്സി
പറശ്ശിനിക്കടവ് : ജലഗതാഗതവകുപ്പിന്
അതിഥിയായി പുതിയ വാട്ടർ ടാക്സി പറശ്ശിനിക്കടവിലെത്തി. തേജസ്-മൂന്ന് എന്ന് പേരിട്ട വാട്ടർ ടാക്‌സി തിങ്കളാഴ് രാവിലെ അഴീക്കൽ ഹാർബറിലെത്തി. വൈകീട്ടോടെ വളപട്ടണം പുഴയിലൂടെ പറശ്ശിനിക്കടവിലും എത്തിച്ചു.
2021 ജനുവരിയിലാണ് ജലഗതാഗതവകുപ്പ് പറശ്ശിനിക്കടവിൽ ആദ്യമായി വാട്ടർ ടാക്സി ഇറക്കിയത്. എൻജിൻ തകരാർമൂലം കൃത്യമായി സർവീസ് നടത്താൻ സാധിക്കാത്തത് ജലഗതാഗതവകുപ്പിന് വലിയ വരുമാനനഷ്ടമുണ്ടാക്കിയിരുന്നു.
നിലവിലുള്ള വാട്ടർ ടാക്‌സി നവംബർ അഞ്ചുമുതൽ തകരാർമൂലം കട്ടപ്പുറത്താണ്. ടാക്സിയുടെ യന്ത്രഭാഗങ്ങൾക്ക് തകരാർ വന്നാൽ ഇന്ത്യയ്ക്ക് പുറത്തുനിന്ന് സാമഗ്രികൾ എത്തിക്കേണ്ട അവസ്ഥയാണ്.
ഒരാഴ്ചയ്ക്കുള്ളിൽ അറ്റകുറ്റപ്പണി നടത്തി ടാക്സിയുടെ തകരാർ പരിഹരിക്കുമെന്ന് ജലഗതാഗതവകുപ്പ് അധികൃതർ പറഞ്ഞു. പുതുതായി എത്തിയ ടാക്സി അടുത്തദിവസംമുതൽ സർവീസ് നടത്തുന്നതോടെ എന്തെങ്കിലും തകരാർ വന്നാലും പകരം ഒന്ന് റിസർവായി ഒരുക്കിനിർത്താനാണ് ജലഗതാഗതവകുപ്പിൻ്റെ തീരുമാനം.
*കിലോമീറ്റർ വേഗം*
നദിയോര വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് വാട്ടർ ടാക്സികളാണ്. ഇന്ത്യയിൽതന്നെ രണ്ടാമത്തെ വാട്ടർ ടാക്‌സിയായിരുന്നു പറശ്ശിനിക്കടവിൽ ഇറക്കിയത്. ആധുനിക സുരക്ഷാസംവിധാനമുള്ള കാറ്റാ മറൈൻ ബോട്ടാണിത്.ഫൈബറിൽ നിർമിച്ച ബോട്ടിൽ ഒരേസമയം 10 പേർക്ക് സഞ്ചരിക്കാനാകും.മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിൽ ഓടും.
10 പേർക്ക് ഒരുമണിക്കൂർ 1500 രൂപ
1500 രൂപയ്ക്ക് ഒരുമണിക്കൂർ സമയം പത്തുപേർക്ക് വളപട്ടണം പുഴയുടെ തുരുത്തുകളും തീരങ്ങളും കണ്ട് പ്രകൃതിഭംഗി ആസ്വദിക്കാനാകും.അരമണിക്കൂർ 750 രൂപ നിരക്കിലും സർവീസുണ്ടായിരുന്നു. 15 മിനിറ്റ് സമയത്തേക്ക് ഒരാളിൽനിന്ന് 40 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.