25/09/2025
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
നമസ്കാരം!
രാജ്യം #നവരാത്രിയുടെ സമാരംഭം ആഘോഷിക്കുന്ന ഈ വേളയിൽ, നിങ്ങൾക്കേവർക്കും, നിങ്ങളുടെ കുടുംബാംഗങ്ങൾക്കും എന്റെ ഹൃദയംഗമമായ ആശംസകൾ. ഈ ആഘോഷവേള ഏവർക്കും മികച്ച ആരോഗ്യവും സന്തോഷവും സമൃദ്ധിയുമേകട്ടെ.
ഈ വർഷത്തെ ആഘോഷവേളയ്ക്കു സന്തോഷം പകരുന്ന മറ്റൊരു കാരണം കൂടിയുണ്ട്. സെപ്റ്റംബർ 22ന്, അടുത്ത തലമുറ ജിഎസ്‌ടി പരിഷ്കാരങ്ങൾ സാന്നിധ്യമറിയിച്ചു തുടങ്ങിയിരിക്കുന്നു. രാജ്യത്തുടനീളം ‘ജിഎസ്‌ടി ബചത് ഉത്സവ്’ അഥവാ ‘ജിഎസ്‌ടി സമ്പാദ്യോത്സവ’ത്തിന്റെ ആരംഭം കൂടി അടയാളപ്പെടുത്തുകയാണ്.
ഈ പരിഷ്കാരങ്ങൾ സമ്പാദ്യസാധ്യതകൾ വർധിപ്പിക്കുകയും, കർഷകർ, സ്ത്രീകൾ, യുവാക്കൾ, ദരിദ്രർ, ഇടത്തരക്കാർ, വ്യാപാരികൾ, എംഎസ്എംഇകൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നേരിട്ടു പ്രയോജനമേകുകയും ചെയ്യും. അവ കൂടുതൽ വളർച്ചയും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുകയും ഓരോ സംസ്ഥാനത്തിന്റെയും പ്രദേശത്തിന്റെയും പുരോഗതിക്കു വേഗത കൂട്ടുകയും ചെയ്യും.
അടുത്ത തലമുറ ജിഎസ്‌ടി പരിഷ്കാരങ്ങളുടെ പ്രധാന സവിശേഷത, പ്രധാനമായും 5%, 18% എന്നിങ്ങനെ രണ്ടു നികുതി നിരക്കുകൾ മാത്രമാണ് ഇനി മുതൽ ഉണ്ടാകുക എന്നതാണ്.
ഭക്ഷണം, മരുന്നുകൾ, സോപ്പ്, ടൂത്ത് പേസ്റ്റ്, ഇൻഷുറൻസ് തുടങ്ങി അവശ്യം വേണ്ട നിത്യോപയോഗ സാധനങ്ങൾ ഇപ്പോൾ നികുതിരഹിതമാകുകയോ അതല്ലെങ്കിൽ ഏറ്റവും കുറഞ്ഞ നിരക്കായ 5 ശതമാനത്തിലാകുകയോ ചെയ്യും. നേരത്തെ 12% നികുതി ചുമത്തിയിരുന്ന സാധനങ്ങളിൽ ഭൂരിഭാഗവും 5% എന്ന നിരക്കിലേക്കു മാറ്റിയിട്ടുണ്ട്.
വിവിധ കടയുടമകളും വ്യാപാരികളും പരിഷ്കാരങ്ങൾക്ക് മുമ്പും ശേഷവുമുള്ള നികുതികൾ സൂചിപ്പിക്കുന്ന ‘അന്നും ഇന്നും’ ബോർഡുകൾ സ്ഥാപിച്ചുകാണുന്നത് ഏറെ സന്തോഷം പകരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ, 25 കോടി ഭാരതീയർ ദാരിദ്ര്യത്തിൽനിന്നു മുക്തരായി സ്വപ്നങ്ങൾ നിറഞ്ഞ നവമധ്യവർഗത്തെ രൂപപ്പെടുത്തി.
അതിനുപുറമേ, 12 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് പൂർണമായും നികുതി ഒഴിവാക്കി. വൻതോതിലുള്ള ആദായ നികുതിയിളവുകൾ നൽകിയതിലൂടെ, നമ്മുടെ മധ്യവർഗത്തിന്റെ കരങ്ങൾക്കു കരുത്തേകാനും കഴിഞ്ഞു.
ആദായ നികുതി ഇളവുകളും അടുത്തതലമുറ ജിഎസ്‌ടി പരിഷ്കാരങ്ങളും ഒന്നിച്ച് പരിഗണിക്കുമ്പോൾ, അവ ജനങ്ങൾക്ക് ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ ലാഭം നൽകുന്നതായി കാണാം.
നിങ്ങളുടെ വീട്ടുചെലവുകൾ കുറയും. മാത്രമല്ല, വീടു പണിയുന്നത്, വാഹനം വാങ്ങൽ, ഉപകരണങ്ങൾ വാങ്ങൽ, പുറത്തുപോയി ഭക്ഷണം കഴിക്കുന്നത്, അതുമല്ലെങ്കിൽ കുടുംബത്തിന്റെ അവധിക്കാലം ആസൂത്രണം ചെയ്യൽ തുടങ്ങിയ സ്വപ്നങ്ങൾ നിറവേറ്റുന്നതും എളുപ്പമാകും.
2017-ൽ ആരംഭിച്ച നമ്മുടെ രാജ്യത്തിന്റെ ജിഎസ്‌ടി യാത്ര, നമ്മുടെ പൗരന്മാരെയും വ്യവസായങ്ങളെയും ഒന്നിലധികം നികുതികളുടെ കുടുക്കിൽനിന്നു മോചിപ്പിച്ച ഒരു വഴിത്തിരിവായിരുന്നു. ജിഎസ്‌ടി രാജ്യത്തെ സാമ്പത്തികമായി ഏകീകരിച്ചു. ‘ഒരു രാഷ്ട്രം, ഒരു നികുതി’ എന്ന ആശയം ഏകീകരണവും ആശ്വാസവും കൊണ്ടുവന്നു. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ സജീവ പങ്കാളിത്തത്തോടെ ജിഎസ്‌ടി കൗൺസിൽ നിരവധി ജനപക്ഷ തീരുമാനങ്ങളും കൈക്കൊണ്ടു.
ഇപ്പോൾ, ഈ പുതിയ പരിഷ്കാരങ്ങൾ നമ്മെ കൂടുതൽ മുന്നോട്ടു നയിക്കുകയാണ്. വ്യവസ്ഥിതി ലളിതമാക്കി; നിരക്കുകൾ കുറച്ചു; ജനങ്ങളുടെ കൈകളിൽ കൂടുതൽ സമ്പാദ്യമെത്തിച്ചു.
നമ്മുടെ ചെറുകിട വ്യവസായങ്ങൾ, കടയുടമകൾ, വ്യാപാരികൾ, സംരംഭകർ, എംഎസ്എംഇകൾ എന്നിവയ്ക്ക് വ്യാപാരനടത്തിപ്പു സുഗമമാക്കുന്നതിനും സുഗമമായി ചട്ടങ്ങൾ പാലിക്കുന്നതിനും കഴിയും. കുറഞ്ഞ നികുതി, കുറഞ്ഞ നിരക്ക്, ലളിതമായ നിയമങ്ങൾ എന്നിവയിലൂടെ മികച്ച വിൽപ്പന, ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാരം കുറയ്ക്കൽ, അവസരങ്ങളുടെ വളർച്ച എന്നിവ സാധ്യമാകും; വിശേഷിച്ചും എംഎസ്എംഇ മേഖലയിൽ.
2047-ഓടെ വികസിത ഭാരതം എന്നതാണു നമ്മുടെ കൂട്ടായ ലക്ഷ്യം. അതു കൈവരിക്കുന്നതിന്, സ്വയംപര്യാപ്തതയുടെ പാതയിൽ മുന്നേറേണ്ടത് അനിവാര്യമാണ്. ഈ പരിഷ്കാരങ്ങൾ നമ്മുടെ പ്രാദേശിക ഉൽപ്പാദന അടിത്തറയ്ക്കു കരുത്തേകുകയും സ്വയംപര്യാപ്ത ഭാരതം എന്ന ലക്ഷ്യത്തിലേക്കു വഴിതെളിക്കുകയും ചെയ്യും.
ഇതോടനുബന്ധിച്ച്, ഈ ആഘോഷവേളയിൽ, ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം. ബ്രാൻഡോ അവ നിർമ്മിക്കുന്ന കമ്പനിയോ പരിഗണിക്കാതെ, നിർമ്മാണത്തിൽ ഇന്ത്യക്കാരന്റെ വിയർപ്പും അധ്വാനവും ഉൾപ്പെട്ടിരിക്കുന്ന സ്വദേശി ഉൽപ്പന്നങ്ങൾ വാങ്ങുക എന്നാണ് ഇതിനർഥം.
നമ്മുടെ സ്വന്തം കരകൗശലവിദഗ്ധർ, തൊഴിലാളികൾ, വ്യവസായങ്ങൾ എന്നിവ നിർമ്മിക്കുന്ന ഉൽപ്പന്നം നിങ്ങൾ വാങ്ങുമ്പോഴെല്ലാം, നിങ്ങൾ നിരവധി കുടുംബങ്ങളെ ഉപജീവനമാർഗ്ഗം കണ്ടെത്താനും നമ്മുടെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുക കൂടിയാണ്.
ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിൽക്കാൻ നമ്മുടെ കടയുടമകളോടും വ്യാപാരികളോടും ഞാൻ അഭ്യർഥിക്കുന്നു.
നമുക്ക് അഭിമാനത്തോടെ പറയാം - നാം വാങ്ങുന്നത് സ്വദേശി ഉൽപ്പന്നമാണ്.
നമുക്ക് അഭിമാനത്തോടെ പറയാം - നാം വിൽക്കുന്നതും സ്വദേശി ഉൽപ്പന്നമാണ്.
വ്യവസായം, ഉൽപ്പാദനം, നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തൽ എന്നിവ പ്രോത്സാഹിപ്പിക്കാൻ ഞാൻ സംസ്ഥാന ഗവണ്മെന്റുകളോടും അഭ്യർഥിക്കുന്നു.
ഒരിക്കൽകൂടി, ‘ജിഎസ്‌ടി സമ്പാദ്യോത്സവ’ ത്തിലൂടെ നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും സന്തോഷകരമായ നവരാത്രിയും, ആഹ്ളാദവും സമ്പാദ്യവും നിറഞ്ഞ ആഘോഷകാലവും ആശംസിക്കുന്നു.
ഈ പരിഷ്കാരങ്ങൾ ഇന്ത്യയിലെ ഓരോ വീട്ടിലും കൂടുതൽ സമൃദ്ധി ചൊരിയട്ടെ.
Prime Minister of India Signature
#നരേന്ദ്ര_മോദി https://jan-sampark.nic.in/campaigns/2025/23-Sep/MYGOV/malayalam.html