20/06/2023
തെരുവ് നായ്ക്കളിൽ നിന്ന് കണ്ണൂരിനെ രക്ഷിക്കുക, ഭരണകൂടം നിസ്സംഗത വെടിയുക; എസ്.ഡി.പി.ഐ കണ്ണൂർ കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
കണ്ണൂർ : തെരുവ് നായ ആക്രമണത്തിൽ അധികൃതരുടെ നിസ്സംഗതയിൽ പ്രതിഷേധിച്ചാണ് എസ്‌ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
തെരുവ് നായ്ക്കളിൽ നിന്ന് കണ്ണൂരിനെ രക്ഷിക്കുക, ഭരണകൂടം നിസ്സംഗത വെടിയുക
എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഇന്നു രാവിലെ ചേമ്പർ ഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് കാൾടെക്സ് വഴി കലക്ട്രേറ്റ് പ്രധാന കവാടത്തിൽ സമാപിച്ചു. പ്രധാന കവാടം പോലീസ് ബാരിക്കേഡ് വച്ച് അടച്ചിരുന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് ജലപീരങ്കിയടക്കം കനത്ത സന്നാഹവുമായി ടൗൺ പോലിസും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
മാർച്ചിന് ശേഷം പ്രതിഷേധ യോഗം
എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എബിസി പോഗ്രാം കൃത്യമായി നടപ്പിൽ വരുത്താതാണ് തെരുവ് പട്ടികൾ പെരുകാൻ ഉള്ള പ്രധാന കാരണം. ഭരണാധികാരികളുടെ കുറ്റകരമായ നിസ്സംഗത തുടർന്നു പോവുകയാണെങ്കിൽ അധികാരികളെ തെരുവിൽ തടയുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബഷീർ കണ്ണാടിപറമ്പ താക്കീത് നൽകി. തെരുവ് നായ്ക്കളെ പിടികൂടി പ്രജനനനിയന്ത്രണ പ്രവർത്തനങ്ങളും പ്രതിരോധകുത്തിവയ്പും കാര്യക്ഷമമായി നടപ്പിൽ വരുത്തുന്നതിന് ജില്ലാ ഭരണാധികാരിയുടെ മേൽനോട്ടത്തിൽ സ്ഥിരം സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി എ.പി മുസ്തഫ സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ എ ഫൈസൽ, സുഫീറ അലി, മുഴപ്പിലങ്ങാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെവി റജീന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ശംസുദ്ധീൻ മൗലവി,
മുസ്തഫ കൂടക്കടവ്, ഷഫീക് പി സി, അബ്ദുള്ള നാറാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.