05/09/2026
കുട്ടികളുടെ വിമാനയാത്ര തടഞ്ഞു; ചെമ്പേരി സ്വദേശിക്ക് ഖത്തർ എയർവേസ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
ചെമ്പേരി: യാത്രാരേഖകൾ ഉണ്ടായിരുന്നിട്ടും രണ്ട് കുട്ടികളുടെ വിമാനയാത്ര തടഞ്ഞ സംഭവത്തിൽ ചെമ്പേരി സ്വദേശിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഖത്തർ എയർവേസ് അധികൃതരോട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. നഷ്ടപരിഹാരത്തിന് പുറമെ 25,000 രൂപ കോടതി ചെലവും നൽകണം.
ഇറ്റലിയിൽ ജോലി ചെയ്യുന്ന ചെമ്പേരി സ്വദേശി റോഷൻ ജോസും കുടുംബവും അവധിക്കായി നാട്ടിലെത്തിയ ശേഷം ഇറ്റലിയിലേക്ക് മടങ്ങുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. ആവശ്യമായ യാത്രാരേഖകളെല്ലാം കൈവശമുണ്ടായിരുന്നിട്ടും ആറുവയസ്സുള്ള മൂത്ത കുട്ടിയുടെ യാത്രയ്ക്ക് ഖത്തർ എയർവേസ് അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ നാട്ടിലുള്ള ബന്ധുക്കൾക്കൊപ്പം തിരിച്ചയച്ചു.
റോഷനും ഭാര്യയും ഇളയ കുട്ടിയുമായി യാത്ര തുടർന്നെങ്കിലും ദോഹയിലെത്തിയപ്പോൾ ഒരു വയസ്സ് പോലും പ്രായമില്ലാത്ത ഇളയ കുട്ടിയുടെ യാത്രയും ഖത്തർ എയർവേസ് അധികൃതർ തടഞ്ഞു. ആവശ്യമായ രേഖകൾ ഹാജരാക്കിയിട്ടും യാത്ര തുടരാൻ അനുവദിച്ചില്ലെന്നാണ് പരാതി. ഇതോടെ റോഷന് ഇളയ കുട്ടിയുമായി നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.
തുടർന്ന് തൊടുപുഴയിലെ അഭിഭാഷകൻ അശോകൻ മുഖേന റോഷൻ എറണാകുളം ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകുകയായിരുന്നു. 2019ലാണ് കേസ് ഫയൽ ചെയ്തത്. യാത്രാരേഖകൾ അപര്യാപ്തമായതിനാലാണ് യാത്ര തടഞ്ഞതെന്നായിരുന്നു ഖത്തർ എയർവേസിന്റെ വാദം. എന്നാൽ റോഷൻ ആവശ്യമായ യാത്രാരേഖകൾ കോടതിയിൽ ഹാജരിച്ചതോടെ വിമാനക്കമ്പനിയുടെ വാദം അംഗീകരിക്കാനാകില്ലെന്ന് കമ്മിഷൻ കണ്ടെത്തുകയായിരുന്നു.
യാതൊരു ന്യായീകരണവുമില്ലാതെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ മൂത്ത കുട്ടിയുടെയും ദോഹ വിമാനത്താവളത്തിൽ ഇളയ കുട്ടിയുടെയും യാത്ര തടഞ്ഞതെന്ന് കമ്മിഷൻ വിലയിരുത്തി. ഇതുമൂലം റോഷനും കുടുംബത്തിനും നേരിടേണ്ടിവന്ന മാനസിക ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും പരിഗണിച്ചാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചത്.
നഷ്ടപരിഹാരത്തുകയ്ക്ക് പുറമെ 25,000 രൂപ കോടതി ചെലവായും നൽകണം. 45 ദിവസത്തിനകം തുക നൽകാത്ത പക്ഷം കേസ് ഫയൽ ചെയ്ത തീയതി മുതൽ പലിശ സഹിതം തുക നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
2019ൽ ആരംഭിച്ച നിയമപോരാട്ടത്തിനാണ് വർഷങ്ങൾക്കുശേഷം റോഷന് അനുകൂലമായ വിധിയിലൂടെ പര്യവസാനം.