20/09/2025
യൂത്ത് കോൺഗ്രസ് സമരത്തിലേക്ക്
ചിത്രം-യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് ഫർസീൻ മജീദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വിമാനത്താവളത്തിന് ഭൂമി വിട്ടു നൽകി ദുരിതത്തിലായ വീടുകൾ സന്ദർശിച്ചപ്പോൾ
മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി ഭൂമി വിട്ടു നൽകി ദുരിതത്തിലായ പ്രദേശവാസികളെ വഴിയാധാരമാക്കിയ സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ജിതിൻ കൊളപ്പ പ്രസ്താവിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ ഉപാധ്യക്ഷൻ ഫർസീൻ മജീദിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് പ്രതിനിധി സംഘം ദുരിതത്തിൽ അകപ്പെട്ട് ജപ്തി ഭീഷണി നേരിടുന്ന കുടുംബങ്ങളെ സന്ദർശിച്ചു. ഉമ്മൻചാണ്ടി സർക്കാർ വിമാനത്താവളത്തിൻ്റെ പരീക്ഷണപ്പറക്കൽ ഉദ്ഘാടനം നടത്തുമ്പോൾ അതിന് തുരങ്കം വയ്ക്കുവാൻ റൺവേ നീളം വർധിപ്പിക്കണം എന്നുപറഞ്ഞ് സമരം ചെയ്ത അന്നത്തെ എംഎൽഎ ഇ.പി ജയരാജനും മട്ടന്നൂരിലെ നിലവിലെ എം.എൽ.എ ശൈലജ ടീച്ചറും റൺവേ ഒരടിപോലും നീട്ടാത്ത സാഹചര്യത്തിൽ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും, ഭൂമി വിട്ടുകൊടുത്ത് ഊരാക്കുടുക്കിൽപ്പെട്ട കാനാട് പ്രദേശത്തെ സാധാരണക്കാരെ ഇനിയും പറ്റിക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്നും, ഈ വിഷയത്തിൽ നീതി ലഭിക്കും വരെ പ്രക്ഷോഭ പരമ്പരകളുമായി യൂത്ത് കോൺഗ്രസ് ഉണ്ടാകുമെന്നും ഫർസീൻ മജീദ് പറഞ്ഞു.യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ജിതിൻ കൊളപ്പ,വൈസ് പ്രസിഡണ്ട് അഷറഫ് എളമ്പാറ, സെക്രട്ടറിമാരായ സുനിത് നാരായണൻ, വിനീത് കുമ്മാനം കോൺഗ്രസ് കീഴല്ലൂർ മണ്ഡലം പ്രസിഡണ്ട് എ.കെ ദീപേഷ്, പ്രവീൺ കാനാട്,സന്തോഷ്, റിയാസ് എടയന്നൂർ, രാഹുൽ കാനാട്,അർജ്ജുൻ കീഴല്ലൂർ,സി.എം റിയാസ്,പ്രദേശ വാസികളായ പി കെ ഫൽഗുനൻ,സുനിൽ നല്ലാണി തുടങ്ങിയവർ പ്രതിനിധി സംഘത്തിൻ്റെ ഭാഗമായി.