29/06/2026
കണ്ണൂരിലെ "ആളെക്കൊല്ലി"
കണ്ണൂരിലും പരിസരപ്രദേശങ്ങളിലും, പ്രത്യേകിച്ച് സെൻട്രൽ ജയിൽ മുതൽ തളാപ്പ് വരെയുള്ള റോഡുകളിൽ ഇന്ന് യാത്ര ചെയ്യുക എന്നത് ജീവൻ പണയം വെച്ചുള്ള കളിയായി മാറിയിരിക്കുകയാണ്. ശാസ്ത്രീയമായ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ റോഡിന് നടുവിൽ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകൾ ഇന്ന് നിരപരാധികളായ മനുഷ്യരുടെ ചോരകുടിച്ച് "ആളിക്കൊല്ലി"കളായി മാറിയിരിക്കുന്നു. ചിത്രത്തിലെ പത്രവാർത്തകളും ദൃശ്യങ്ങളും വ്യക്തമാക്കുന്നത് ഈ അനാസ്ഥയുടെ ആഴമാണ്.
എന്തുകൊണ്ടാണ് ഈ ഡിവൈഡറുകൾ മരണക്കെണിയാകുന്നത്?
1) വെളിച്ചമില്ലായ്മ: രാത്രികാലങ്ങളിലും കനത്ത മഴയുള്ളപ്പോഴും ഈ ഡിവൈഡറുകൾ പലതും ഡ്രൈവർമാരുടെ കണ്ണിൽ പെടാറില്ല.
2) റിഫ്ലക്ടറുകളുടെ അഭാവം: ഡിവൈഡറിന്റെ തുടക്കത്തിൽ സ്ഥാപിക്കേണ്ട റിഫ്ലക്ടീവ് സ്റ്റിക്കറുകളോ, സോളാർ ബ്ലിങ്കർ ലൈറ്റുകളോ, മുന്നറിയിപ്പ് ബോർഡുകളോ ഭൂരിഭാഗം ഇടങ്ങളിലുമില്ല.
3) അശാസ്ത്രീയ ഡിസൈൻ: പെട്ടെന്ന് അവസാനിക്കുന്നതും പെട്ടെന്ന് തുടങ്ങുന്നതുമായ ഡിവൈഡറുകൾ രാത്രി യാത്രക്കാരെ പൂർണ്ണമായും വെട്ടിലാക്കുന്നു.
ഇത്രയേറെ അപകടങ്ങൾ തുടരെത്തുടരെ നടന്നിട്ടും മോട്ടോർ വാഹന വകുപ്പും (MVD), പൊതുമരാമത്ത് വകുപ്പും (PWD), പോലീസും ഉൾപ്പെടുന്ന നമ്മുടെ നിയമസംവിധാനങ്ങൾ എന്തൊക്കെയോ സംഭവിക്കാൻ കാത്തിരിക്കുന്നത് പോലെ നോക്കുകുത്തികളായി നിൽക്കുകയാണ്. ഒരു വലിയ അപകടം നടക്കുമ്പോൾ മാത്രം താൽക്കാലികമായി എന്തെങ്കിലും കാട്ടിക്കൂട്ടി കൈകഴുകുന്ന രീതി ഇനി അനുവദിക്കാനാകില്ല.
എല്ലാ ഡിവൈഡറുകളിലും അടിയന്തിരമായി ഹൈ-ക്വാളിറ്റി റിഫ്ലക്ടീവ് പെയിന്റും സ്റ്റിക്കറുകളും പതിക്കുക.
അപകടമേഖലകളിൽ രാത്രികാല സ്ട്രീറ്റ് ലൈറ്റുകളും സോളാർ ബ്ലിങ്കറുകളും യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കുക.
അശാസ്ത്രീയമായി നിർമ്മിച്ച് ജനങ്ങളുടെ ജീവന് ഭീഷണിയുയർത്തുന്ന ഡിവൈഡറുകൾ ഉടൻ പുനർനിർമ്മിക്കുക.
അധികാരികളുടെ കണ്ണുതുറക്കാൻ, ഇനിയൊരു ജീവൻ കൂടി ഈ റോഡുകളിൽ പൊലിയാതിരിക്കാൻ നമുക്ക് ഒന്നിച്ച് ശബ്ദമുയർത്താം.