21/10/2025
എന്റെ അച്ഛനൊരു വലിയ കള്ളനായിരുന്നു. മരിക്കുന്നതുവരെ എന്നോടും അമ്മയോടും കള്ളങ്ങൾ മാത്രം പറഞ്ഞ ഒരു പെരുംങ്കള്ളൻ. ഗൾഫിലായിരുന്നു അച്ഛന്റെ ജോലി. അവിടെ കോൺട്രാക്റ്റ് പണി ഏറ്റെടുത്ത് ചെയ്യുന്ന സ്വന്തം കമ്പനി. അത്യാവശ്യം നല്ല വരുമാനമൊക്കെ ഉണ്ടായിരുന്നു അച്ഛന്. അതുകൊണ്ട് തന്നെ കാശിന്റെ കാര്യത്തിൽ വലിയ ബുദ്ധിമുട്ടുകളൊന്നും എനിക്കും അമ്മയ്ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ല. അത്യാവശ്യം നല്ല രീതിയിൽ അടിച്ചു പൊളിച്ച് തന്നെയാണ് ഞങ്ങൾ ജീവിച്ചത്. ആകെയൊരു വിഷമം വല്ലോപ്പോഴും മാത്രമേ അച്ഛനെ നാട്ടിൽ കിട്ടൂ എന്നതായിരുന്നു.
അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി അച്ഛൻ മരണപ്പെടുന്നത്. 55ആം വയസ്സിലും നല്ല ചുറുചുറുക്കോടെ ആരോഗ്യവനായി കണ്ടിരുന്ന അച്ഛൻ ഹൃദയാഖാതം വന്ന് മരണപ്പെട്ടു എന്നത് എനിക്കും അമ്മയ്ക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. മതിയാക്കി വരാൻ ഞാനും അമ്മയും പലവട്ടം അച്ഛനോട് പറഞ്ഞതാണ്. പതിനെട്ടാം വയസ്സിൽ വിമാനം കയറിയ ആ മനുഷ്യൻ ഒന്ന് നേരെ ജീവിച്ചിട്ട് കൂടിയില്ല. എന്നിട്ടും ബിസിനസ് എന്നും പറഞ്ഞ് അവിടെ കൂടി. അച്ഛന് പണത്തിനോട് ഇത്ര ആർത്തിയാണോ എന്ന് വരെ ഞാൻ ചിന്തിച്ചിട്ടുണ്ട്.
ഗൾഫിലുള്ള അച്ഛന്റെ ഒരു സുഹൃത്തിന്റെ സഹായത്താലാണ് ബോഡി നാട്ടിൽ കൊണ്ട് വന്നത്. അച്ഛൻ ഇതുവരെ ഇങ്ങനെയൊരു സുഹൃത്തിനെ കുറിച്ച് നമ്മളോട് പറഞ്ഞിട്ടില്ല. ഞാനോ അമ്മയോ ഇതിന് മുന്നേ അദ്ദേഹത്തെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഉണ്ടായിരുന്നില്ല. എന്നാൽ നമ്മളെ നല്ല പരിചയമുള്ള ഒരാളെപ്പോലെ പുള്ളി നമ്മളോട് വന്ന് ഇടപഴകുകയായിരുന്നു. അദ്ദേഹം തന്നെയാണ് ഉത്തരവാദിത്തതോടെ വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്തത്. ചടങ്ങുകൾ എല്ലാം കഴിഞ്ഞ ശേഷമാണ് അദ്ദേഹം സ്വന്തം വീട്ടിലേക്ക് പോലും പോയത്. പോകാൻ നേരം എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണമെന്ന് പറഞ്ഞ് തന്റെ ഫോൺ നമ്പർ ഒരു പേപ്പറിൽ എഴുതി അമ്മയെ ഏല്പിച്ച ശേഷമാണ് അദ്ദേഹം പോകുന്നത്.
ദിവസങ്ങൾ കടന്നുപോയി അച്ഛനില്ലാത്ത ജീവിതവുമായി ഞങ്ങൾ പൊരുത്തപ്പെട്ടു തുടങ്ങി. അങ്ങനെയാണ് ഭാവിയെ കുറിച്ച് നമ്മൾ ചർച്ച ചെയ്യുന്നത്. അച്ഛൻ ഉള്ളപ്പോൾ നമ്മൾ ഒന്നും അറിഞ്ഞിരുന്നില്ല, എല്ലാം അച്ഛനങ്ങു ചെയ്യുമായിരുന്നു. അതുകൊണ്ട് തന്നെ അമ്മക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു. അമ്മ ഒന്നും ചോദിച്ചിട്ടുമില്ല അച്ഛനായി ഒന്നും പറഞ്ഞിട്ടുമില്ല. അച്ഛന് എത്ര വരുമാനം ഉണ്ടെന്ന് പോലും അമ്മക്ക് അറിയില്ലായിരുന്നു. ആകെ അറിയാവുന്നത് ഞങ്ങളുടെ ആവശ്യങ്ങൾ അത് ഇനി അനാവശ്യമാണെങ്കിൽ പോലും അച്ഛന്നത് നടത്തി തരുമായിരുന്നു എന്നത് മാത്രമാണ്.
അച്ഛന്റെ ഗൾഫിലെ ബിസിനസ് സമ്പാദ്യം ഇതിനെക്കുറിച്ചൊന്നും ഒരു അറിവും നമുക്ക് ഉണ്ടായിരുന്നില്ല. എന്താണ് അതിന്റെ അവസ്ഥ എന്ന് പോലും ഒരു പിടിയുമില്ല. അങ്ങനെയാണ് അച്ഛന്റെ സുഹൃത്ത് എന്ന് പറഞ്ഞ ആ ആൾടെ നമ്പർ തപ്പിയെടുത്ത് അമ്മ വിളിക്കുന്നത്. അമ്മ വിളിച്ച് സുഖവിവരങ്ങൾ ഒക്കെ അന്വേഷിച്ച ശേഷം കാര്യത്തിലേക്ക് കടന്നു. അച്ഛന്റെ കമ്പനിയെ കുറിച്ച് ചോദിച്ചപ്പോൾ പെട്ടെന്ന് അയാളുടെ ഭാവം മാറി. അയാൾ എങ്ങും തൊടാതെയുള്ള രീതിയിൽ എന്തൊക്കെയോ പറയുകയാണ്. അറബിയുമായി പാർട്ണർഷിപ്പ് ആയിരുന്നെന്ന്നും , അതിൽ ഇനി അവകാശം ഒന്നും കിട്ടില്ലെന്നും അങ്ങനെ എന്തൊക്കെയോ അയാൾ പറഞ്ഞു. മൊത്തത്തിൽ എന്തോ ഒരു കള്ള ലക്ഷണം.
അച്ഛന്റെ സ്ഥാപനത്തിലെ ആരുടെയെങ്കിലും കോൺടാക്ട് നമ്പർ തരാൻ പറഞ്ഞപ്പോൾ തനിക്ക് അവിടെ ആരേയും പരിചയമില്ലെന്നായിരുന്നു അയാളുടെ മറുപടി. പിന്നെ അധികം സംസാരിക്കാൻ നിൽക്കാതെ തിടുക്കത്തിൽ അയാൾ ഫോണും വെച്ചു. വെക്കുന്നതിന് മുന്നെയായി അച്ഛന്റെ എന്തൊക്കെയോ കുറച്ച് സാധനങ്ങൾ തന്റെ പേരിൽ കർഗോയിൽ അയച്ചിട്ടുണ്ടായിരുന്നു എന്നും അത് കൊറിയർ ചെയ്തേക്കാമെന്നും പറഞ്ഞ് അയാൾ ഞങ്ങളുടെ അഡ്രസും വാങ്ങിയിരുന്നു. നമുക്ക് മൊത്തത്തിൽ ഒരു സംശയവും ഭയവും തോന്നി. ഞങ്ങളെ ചതിച്ചു അയാൾ അച്ഛന്റെ കമ്പനി തട്ടിയെടുക്കാൻ ഉള്ള ഉദ്ദേശം വലതുമാണോ എന്നുവരെ ആ നിമിഷം നമ്മൾ സംശയിച്ചുപോയി.
ദിവസങ്ങൾ കടന്നുപോയി, ഇനി എന്ത് എന്ന ചോദ്യം അമ്മയെ വല്ലാതെ അലട്ടാൻ തുടങ്ങി. അമ്മയുടെ അകൗണ്ടിൽ കുറച്ച് തുകയും കുറച്ച് ആഭരണങ്ങളും ഉണ്ടെന്നല്ലാതെ മറ്റൊന്നുമില്ല. വരുമാനം നിലച്ചു. സഹായിക്കാൻ ആരുമില്ല. വീട്ടുചിലവുകൾ, പഠിത്തം എന്റെ കല്യാണം അങ്ങനെ ഒരുപാട് ചിന്തകൾ അമ്മയെ അലട്ടാൻ തുടങ്ങി. സത്യത്തിൽ അച്ഛൻ കൂടെ ഉണ്ടായിരുന്നപ്പോൾ നമ്മള്ളൊന്നും അറിഞ്ഞിരുന്നില്ല. നമ്മളെ ഒന്നും അറിയിച്ചിരുന്നില്ല എന്നതാണ് സത്യം. അച്ഛന്റെ ഗൾഫിലെ സ്ഥാപനത്തെ കുറിച്ചോ മറ്റെന്തെങ്കിലും സേവിങ്സ് ഉണ്ടോ എന്നതൊക്കെ നമ്മൾ പലവഴി അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. അവിടത്തെ കാര്യങ്ങളെ കുറിച്ച് അറിയാവുന്ന നമുക്കറിയാവുന്ന ഒരാൾ അച്ഛന്റെ സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ മനോജ് എന്ന ആളാണ്. അയാൾ ആണെങ്കിൽ ഒന്നും വിട്ടുപറയുന്നതുമില്ല. ഒടുവിൽ മറ്റു വഴികളൊന്നുമില്ലെന്ന് കണ്ടതോടെ നമ്മൾ നിയമ നടപടികളിലൂടെ തന്നെ നീങ്ങാൻ തീരുമാനിച്ചു. അങ്ങനെ പരിചയത്തിൽ ഉള്ള നല്ലൊരു വക്കീലിനെ കണ്ട് കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു. അച്ഛന്റെ സുഹൃത്തായ മനോജ് എന്നയാളുടെ ഡീറ്റൈൽസും വക്കീലിന് കൈമാറി.
എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ അതാ മനോജ് എന്നയാൾ വീട്ടുമുറ്റത്തു നിൽക്കുന്നു. കയ്യിൽ വലിയൊരു പെട്ടിയുമുണ്ട്. അപ്രതീക്ഷിതമായി അയാളെ വീട്ടുമുറ്റത്തു കണ്ടപ്പോൾ സത്യത്തിൽ എനിക്കും അമ്മയ്ക്കും ഒരു ഭയമാണ് ഉണ്ടായത്. കാരണം അയാളെ കുറിച്ച് അത്രക്ക് ചിന്തിച്ച് കൂട്ടിയിട്ടുണ്ട് നമ്മൾ. അച്ഛന്റെ സാധനങ്ങൾ കാർഗോ വഴി അയാളുടെ പേരിലാണത്രെ അയച്ചത്. അത് കൊറിയർ ചെയ്യാനായിരുന്നു ഫോൺ വിളിച്ചപ്പോൾ നമ്മുടെ അഡ്രസ് ചോദിച്ചത്. എന്നാൽ നേരിട്ട് ഏല്പിക്കേണ്ട കുറച്ച് പ്രധാനപ്പെട്ട ഡോക്യൂമെന്റസ് ഉള്ളതുകൊണ്ടാണത്രെ പുള്ളി നേരിട്ട് വന്നത്. ഉള്ളിൽ ചെറിയൊരു ഭയം ഉണ്ടായിരുനെങ്കിലും അമ്മ അയാളെ അകത്തേക്ക് ക്ഷണിച്ചു.
അയാൾ കൊണ്ട് വന്ന പെട്ടിയിൽ നിന്നും ഒരു പേപ്പർ എടുത്ത് അമ്മക്ക് കൊടുത്തു. സത്യത്തിൽ ഈ പേപ്പർ കയ്യിൽ കിട്ടിയതിന് ശേഷമാണത്രെ അയാൾക്ക് ഞങ്ങളെ ഫേസ് ചെയ്യാൻ ധൈര്യം വന്നത്. അമ്മ ആ പേപ്പർ പരിശോദിച്ചു. അച്ഛന്റെ പേരിലുള്ള ഒരു ഇൻഷുറൻസ് ഡോക്യുമെന്റ്സ് ആണ്. അത്യാവശ്യം വലിയ ഒരു തുകയാണ്. അച്ഛനെന്തെങ്കിലും സംഭവിച്ചാൽ നമുക്ക് ഒരു കുറവും ഉണ്ടാകരുതെന്ന് പറഞ്ഞുകൊണ്ട് അച്ഛൻ ചേർന്നതാണത്രേ ആ ഇൻഷുറൻസ്. അത് കഴിഞ്ഞ് അയാൾ മറ്റൊരു ഫയൽ കൂടി അമ്മക്ക് കൊടുത്തു. അച്ഛൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും ബാക്കി സാലറി വാങ്ങാനുള്ള അപേക്ഷയും, എംപ്ലോയീ ഇൻഷുറൻസ് ക്ലെയിം ചെയ്യാനുള്ള പേപ്പറുകളുമായിരുന്നു അത്. സത്യത്തിൽ അത് കണ്ട് നമ്മൾ ഞെട്ടിപ്പോയി. സ്വന്തമായി കമ്പനി നടത്തിയിരുന്ന അച്ഛന് എങ്ങനെയാണു എംപ്ലോയീ ആകുന്നത്? അമ്മ ചോദിക്കുന്നതിനു മുന്നേ തന്നെ ഞാൻ ഇത് ചോദിച്ചിരുന്നു. അതിന് മറുപടിയായി അയാൾക്ക് പറയാനുണ്ടായിരുന്നത് അച്ഛന്റെ മറ്റൊരു കഥയായിരുന്നു, എന്നയെയും അമ്മയെയും തകർത്തുകളഞ്ഞ ഒരു കഥ.
“നിങ്ങൾ വിചാരിക്കുന്നത് പോലെ മോൾടെ അച്ഛന് അവിടെ സ്വന്തമായി ഒരു സ്ഥാപനം ഒന്നും ഉണ്ടായിരുന്നില്ല. ഞാനും മോൾടെ അച്ഛനും ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് അദ്ദേഹവും ഒരു അറബിയും ചേർന്ന് പാർട്ണർഷിപ്പിൽ ഒരു കൺസ്ട്രക്ഷൻ കമ്പനി നടത്തിയിരുന്നു എന്നത് സത്യമാണ്. ഞാൻ ആ കമ്പനിയിലെ ജോലിക്കാരനായിരുന്നു. എന്നാൽ ആ അറബി ചതിക്കുകയും മോൾടെ അച്ഛന് എല്ലാം നഷ്ടപ്പെടുകയും ചെയ്തു. നിങ്ങളെ ഒന്നും അറിയിക്കാതെയിരിക്കാൻ കഴിഞ്ഞ പത്തു വർഷത്തോളമായി അദ്ദേഹം രാപ്പകലില്ലാതെ പണിയെടുക്കുകയായിരുന്നു. ദിവസം 10 മണിക്കൂർ നമ്മുടെ കമ്പനിയിലെ ജോലി കൂടാതെ 5 മണിക്കൂർ അദ്ദേഹം ഡ്രൈവർ ജോലിയും ചെയ്തിരുന്നു. പല വട്ടം ഞാൻ അദ്ദേഹത്തോട് പറഞ്ഞതാണ് ഇതെല്ലാം വീട്ടിലറിയിക്കെന്ന്. എന്നാൽ അദ്ദേഹത്തിന്റെ അഭിമാനം അതിന് അനുവദിച്ചില്ല. ഒരു ചായ കാശ് പോലും അദ്ദേഹം വെറുതെ ചിലവാക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്തൊരു മനുഷ്യനായിരുന്നോ എന്തോ.“ അയാൾ പറഞ്ഞു നിർത്തി.
എനിക്കും അമ്മയ്ക്കും ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടാനായില്ല. ഞാൻ അമ്മയെ നോക്കിയപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞ് കവിഞ്ഞു ഇരിക്കുകയാണ്, ചുണ്ടുകൾ വിറക്കുന്നുണ്ട്. 22 വർഷം തന്റെ കൂടെയുണ്ടായിരുന്ന തന്റെ ഭർത്താവിനെ മനസ്സിലാക്കാൻ കഴിയാതെ പോയതിലുള്ള സങ്കടം ആ മുഖത്ത് പ്രകടമായിരുന്നു. വിധിയെന്ന് പറഞ്ഞ് നമ്മളെ അശ്വസിപ്പിച്ച ശേഷം യാത്ര പറഞ്ഞ് സുഹൃത്ത് പടിയിറങ്ങിയതും അതുവരെ അമ്മ കടിച്ചു പിടിച്ച കണ്ണീർ അണപൊട്ടിയൊഴുകാൻ തുടങ്ങി. അമ്മ അലറി കരയാൻ തുടങി.
“അമ്മക്ക് മനസിലാക്കാൻ കഴിഞ്ഞില്ലല്ലോടി മോളേ നിന്റെ അച്ഛനെ, അടുത്ത് കിടക്കുകയായിരുന്നിട്ടും ആ ചങ്കിലെ പിടച്ചിൽ ഞാൻ കേട്ടില്ലല്ലോ. ഞാൻ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ അച്ഛൻ ഇന്നിവിടെ ഉണ്ടായിരുന്നേനെ.” ഞാൻ അമ്മയെ ആശ്വസിപ്പിച്ചു കട്ടിലിൽ കൊണ്ട് കിടത്തി ഞാൻ പെട്ടെന്ന് തന്നെ പുറത്തു കടന്നു. അമ്മയുടെ മുന്നിൽ അധിക നേരം കരയാതെ പിടിച്ച് നിൽക്കാൻ എനിക്കക്കുമായിരുന്നില്ല. അച്ഛൻ മരിച്ചപ്പോൾ പോലും ഞാൻ കേൾക്കാത്ത നിലവിളി അമ്മയുടെ മുറിയിൽ നിന്ന് അപ്പോൾ എനിക്ക് കേൾക്കമായിരുന്നു. ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യയുടെ സങ്കടക്കണ്ണീരല്ലത് , ഭർത്താവിനെ മനസിലാക്കാൻ കഴിയാതെ പോയ ഭാര്യയുടെ നെഞ്ച് പൊട്ടുന്ന ശബ്ദമാണ്.
എന്നാൽ എനിക്ക് സങ്കടത്തേക്കാൾ ദേഷ്യമാണ് അച്ഛനോട് ആ സമയം തോന്നിയത്. എന്തൊരു മനുഷ്യന്മാരാണ് ഇതൊക്കെ. കുടുംബത്തിന് വേണ്ടി ഒരു ജന്മം തന്നെ ഉരുകി ഉരുകി തീർക്കുക. എങ്ങനെയാണ് ഇവർക്ക് ഇത്രയും നിസ്വാർധരായി മാറാൻ സാധിക്കുന്നത്. കള്ളൻ.. പെരുംകള്ളൻ.. സ്വയം ഉരുകി തീർന്നുകൊണ്ടിരിക്കുമ്പോഴും അവസാനം വരെ നമുക്ക് മുന്നിൽ ചിരിച്ചു കാണിച്ച് നമ്മളെ പറ്റിച്ച പഠിച്ച കള്ളൻ. ഫോൺ വിളിക്കുമ്പോൾ പല തവണ അവഗണിച്ചിട്ടുണ്ട് ഞാൻ. അച്ഛന്റെ ആയുസിന്റെ വിലയുള്ള സമയമായിരുന്നു ആ കോളുകൾ എന്ന് അന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഒന്ന് നേരിൽ കാണാൻ പറ്റിയിരുന്നെകിൽ കെട്ടിപിടിച്ച് ചേർത്ത് പിടിക്കാമായിരുന്നു എന്റെ പ്രിയപ്പെട്ട ആ കള്ളനെ. 😢😢😢
എഴുത്ത് : അഞ്ജിത അനു