FUN FACT

FUN FACT To attain knowledge...Add things everyday...

പതിനാല് വയസ്സുകാരിയായ മകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി  ഫോണുമായി, അധികസമയവും വാതിൽ അടച്ചിരിപ്പാണ് .സാധാരണ ദിവസങ്ങളിലേതുപോല...
01/05/2025

പതിനാല് വയസ്സുകാരിയായ മകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫോണുമായി, അധികസമയവും വാതിൽ അടച്ചിരിപ്പാണ് .

സാധാരണ ദിവസങ്ങളിലേതുപോലുള്ള കളിയോ,ചിരിയോ,സംസാരമോ ഒന്നുമില്ല.
കൂടുതൽ സമയവും മൊബൈൽ ഫോണിൽ തന്നെയാണ്.

ലോക് ഡൗൺ സമയത്താണ് പഠന ആവശ്യത്തിനായി ഫോൺ വാങ്ങി നൽകിയതാണ്. ഇപ്പോൾ അതില്ലാതെ പറ്റില്ലെന്നായി.
പഠനത്തിലൊക്കെ മോൾ മിടുക്കിയാണ്.
ഞങ്ങളുടെ രണ്ടാളുടെയും ആഗ്രഹം പോലെ ഞങ്ങൾക്ക് കിട്ടിയതാണ് ഞങ്ങളുടെ മോളെ, ഞങ്ങളുടെ നിധിയെ...

അവളാണ് ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൗനത്തിൽ ആയിരിക്കുന്നത്.

ലക്ഷ്മിയുടെ മനസ്സിൽ ആശങ്ക നിറഞ്ഞു.

സത്യം പറഞ്ഞാൽ സ്കൂളിൽ നിന്നും വരുന്ന മകളുടെ ബാഗൊക്കെ താൻ ചെക്ക് ചെയ്യാറുണ്ട്.പക്ഷേ അവൾ അതൊന്നും അറിയാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സത്യം പറയാമല്ലോ ഇപ്പോൾ മോശപ്പെട്ട വാർത്തകൾ മാത്രമേ നമ്മുടെ നാട്ടിൽ കേൾക്കാറുള്ളൂ. പൊന്നുപോലെ വളർത്തിക്കൊണ്ടു വരുന്ന മക്കൾ ല, ഹ, രിക്കൊക്കെ അടിമപ്പെട്ടു പോകുന്ന വാർത്തകൾ നിരന്തരം കേൾക്കാറുള്ളത് കൊണ്ടാണ് ഞാൻ എന്റെ മകളെ നിരീക്ഷിക്കാറുള്ളത്.

എന്നാൽ അവൾക്ക് സ്വാതന്ത്ര്യം കൊടുക്കുന്നില്ല എന്നൊരു പരാതി അവൾ ഇതുവരെയും പറഞ്ഞിട്ടില്ല. ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുത്ത് തന്നെയാണ് ഞങ്ങൾ അവളെ വളർത്തുന്നത്.

അങ്ങനെയുള്ള മകൾ പെട്ടെന്ന് ഒരു ദിവസം മൗനത്തിൽ ആയാൽ, ഏത് അമ്മയ്ക്കാണ് ആശങ്ക തോന്നാത്തത്?

നിധി കുളിക്കാൻ കയറിയ സമയത്ത് ലക്ഷ്മി അവളുടെ മുറിയിലേക്ക് ചെന്നു . ടേബിളിൽ ഇരിക്കുന്ന അവളുടെ ഫോൺ എടുത്തു.
ഫോൺ ഫോൺ ലോക്ക് ചെയ്തിരിക്കുകയാണ്.
ഇതെന്തുപറ്റി ഇപ്പോൾ ഇങ്ങനെ? കഴിഞ്ഞആഴ്ച്ച ഒന്നും ഫോൺ ലോക്ക് അല്ലായിരുന്നല്ലോ.

ലക്ഷ്മിയുടെ മനസ്സിൽ ആകെ ഒരു അസ്വസ്ഥത നിറഞ്ഞു.

ലക്ഷ്മി നിധിയുടെ സ്കൂൾ ബാഗ് എടുത്ത് പരിശോധിച്ചു നോക്കി. ഇല്ല അതിലൊന്നും ഒന്നും കാണാനില്ല.
ലക്ഷ്മിവേഗം മുറിവിട്ട് ഇറങ്ങി.

നിധി കുളിച്ചിറങ്ങി വന്നപ്പോൾ ലക്ഷ്മി അവളുടെ അടുത്തേക്ക് ചെന്നു.

മോളെ നീ സ്കൂൾ വിട്ടു വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ മോൾക്ക് സ്പെഷ്യലായി എന്തെങ്കിലും അമ്മ ഉണ്ടാക്കി തരണോ?

വേണ്ടമ്മ.

മോൾക്ക് ആകെ ഒരു ഉത്സാഹക്കുറവ് ആണല്ലോ എന്തുപറ്റി? ലക്ഷ്മി അവളുടെ നിറുകിൽ തലോടി.

ലക്ഷ്മി അവളുടെ മുഖത്തേക്ക് നോക്കി മകളുടെ ചുണ്ടുകളിൽ കറുപ്പ് പടർന്നിട്ടുണ്ടോ, അവളുടെ പല്ലുകൾക്ക് എന്തെങ്കിലും നിറവ്യത്യാസം ഉണ്ടോ? അവൾ സൂക്ഷിച്ചു നോക്കി.

എന്താ സൂക്ഷിച്ചു നോക്കുന്നത് ? നിധി അവളോട് ചോദിച്ചു.

ഒന്നൂല്ല മോളെ,മോളുടെ മുഖം മാറിയാൽ അമ്മയ്ക്ക് മനസ്സിലാവും എന്താ ഇന്ന് ടീച്ചർ വല്ല വഴക്കും പറഞ്ഞോ എന്റെ കുട്ടിയെ?

എന്റമ്മേ ഒന്നും ഉണ്ടായിട്ടില്ല.

എന്നാൽ മോൾ പഠിക്കാൻ ഉണ്ടെങ്കിൽ പഠിച്ചോ.അമ്മ പോയേക്കാം.ലക്ഷ്മി അവളുടെ മുറിയിൽ നിന്ന് ഇറങ്ങി.
കൂടുതൽ സംസാരിച്ച്‌ അവളെ മുഷിപ്പിക്കണ്ട. അവളുടെ പ്രായം അതാണ്‌.

എന്തായാലും അവളുടെ ഫോൺ ഒന്ന് നോക്കണം. ലക്ഷ്മി മനസ്സിൽ ഉറപ്പിച്ചു.

താൻ മുറിയിൽ ചെല്ലുന്നതും സംസാരിക്കുന്നതും ഒക്കെ അവളിൽ മുഷിപ്പ് ഉണ്ടാക്കുന്നത് ലക്ഷ്മി ശ്രദ്ദിച്ചു.

എങ്കിലും സദാസമയവും അവളുടെ ഒരു കണ്ണ് മകളിൽ ഉണ്ടായിരുന്നു. ഒരുദിവസംനിധി തിടുക്കത്തിൽ ഒരുങ്ങിയിറങ്ങി അച്ഛനൊപ്പം സ്കൂളിലേക്ക് പോകാനായി കാറിൽ കയറിയപ്പോഴാണ്, ടേബിളിൽ ഇരിക്കുന്ന അവളുടെ ഫോണിൽ ലക്ഷ്മി വെളിച്ചം കണ്ടത്. ലക്ഷ്മി ഓടിച്ചെന്ന് ഫോൺ എടുത്തു. ഫോൺ ലോക്ക് ആയിട്ടില്ല.

അവൾ ഫോൺ ഗാലറി തുറന്നു. ഫോണിൽ ഉള്ള ഫോട്ടോസിൽ അധികവും അവളും അവളുടെ അതേ യൂണിഫോം ഇട്ട ഒരു പയ്യനും ആണ്. പരസ്പരം കവിളുരുമ്മി ഇരിക്കുന്ന, ചുംബിക്കുന്ന, ചേർന്നിരിക്കുന്ന ഫോട്ടോസ്.

ലക്ഷ്മിയുടെ മുഖം കനത്തു

ഏതോ പുരുഷന്റെയും സ്ത്രീയുടെയുംഒക്കെ മോശമായ പല വീഡിയോസും മകളുടെ ഫോണിൽ കണ്ടതും ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു.

സാധാരണ ഗതിയിൽ കൂടുതലും ആൺകുട്ടികളാണ് കൗമാരം തുടങ്ങുമ്പോൾ
ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുക.
ഇതിപ്പോൾ തന്റെ മകൾ... അതും വെറും പതിനാല് വയസുകാരി..

ലക്ഷ്മി ഇസ്റ്റാഗ്രാമും ഫേസ്ബുക്കും ഒക്കെ നോക്കി. ഇൻബോക്സിൽ ചാറ്റ് ഒന്നുമില്ല. ഒരുപക്ഷെ അതൊക്കെ ഡിലീറ്റ് ചെയ്തതാകാം.

അവൾ വാട്സ്ആപ്പ് തുറന്നു.

ഒന്ന് രണ്ട് വോയിസ്‌ മെസ്സേജ് വന്ന് കിടപ്പുണ്ട്.
ഓപ്പൺ ചെയ്തിട്ടില്ല.നിധി മെസ്സേജ് കണ്ടിട്ടില്ല എന്ന് ലക്ഷ്മിക്ക് മനസിലായി. സ്കൂളിൽ പോകാനുള്ള തിടുക്കത്തിൽ അവൾ ശ്രദ്ദിച്ചില്ലായിരിക്കും.

ലക്ഷ്മി മെസ്സേജ് ഓപ്പൺ ചെയ്തു.

ഒരു ചെറുപ്പക്കാരന്റെ ശബ്ദമാണ്.

നമ്മൾ പറഞ്ഞത് പോലെ നടക്കണം.ബോഡി എങ്ങനെയെങ്കിലും ഞങ്ങൾ നശിപ്പിച്ചോളാം..
നീ അവളെ ഞങ്ങൾ പറയുന്നിടത്ത് എത്തിച്ചാൽ മതി.

ലക്ഷ്മി നടുങ്ങി പോയി.

ലക്ഷ്മിയെ കിലുകിലെ വിറച്ചു.

അവൾ അടുത്ത മെസ്സേജ് ഓപ്പൺ ചെയ്തു.

പറഞ്ഞത് പോലെ ചെയ്തില്ലെങ്കിൽ അറിയാമല്ലോ,നിനക്ക് തന്നെയാണ് അതിന്റെ കേട്.
ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി എന്ത് ചെയ്യണമെന്ന് അറിയില്ല.

ലക്ഷ്മി തിടുക്കത്തിൽ മുറി വിട്ടിറങ്ങി.

ഫോണെടുത്തു രൂപേഷിനെ വിളിച്ചു.

ഏട്ടാ എവിടെയെത്തി?

മോളുടെ സ്കൂൾ അടുക്കാറായി.

ഏട്ടൻ വേഗം മോളെയും കൊണ്ട് തിരിച്ചു വാ..

എന്താ.. ലക്ഷ്മി.

ഏട്ടൻ കൂടുതൽ ഒന്നും ഇപ്പോൾ ചോദിക്കരുത്. വേഗം അവളെയും കൊണ്ട് തിരിച്ചു വാ.

രൂപേഷ് കാർ തിരിച്ചു.

എന്താ അച്ഛാ? നിധി ചോദിച്ചു.

നമ്മളോട് വീട്ടിലേക്കു ചെല്ലാൻ അമ്മ പറഞ്ഞു.

അതെന്താ?

അറിയില്ല.

അവർ വീട്ടിലെത്തി.

നിധിയെ കണ്ടതും അവളുടെ മുഖമടച്ച് ഒന്ന് കൊടുക്കാനാണ് ലക്ഷ്മിക്കു തോന്നിയത്.
എങ്കിലും പണിപ്പെട്ട് അവൾ ആ ചിന്തയെ അടക്കി പിടിച്ചു.

എന്താലക്ഷ്മി എന്താ തിരിച്ചു വരാൻ പറഞ്ഞത് ? രൂപേഷ് അവളുടെ അടുത്തേക്ക് ചെന്നു.

പറയാം ഏട്ടാ.

ലക്ഷ്മി നിധിയെ സോഫയിലേക്ക് പിടിച്ച് ഇരുത്തി.

ലക്ഷ്മിയുടെ മുഖത്ത് ഗൗരവം നിറഞ്ഞിരുന്നു അവൾ നിധിയുടെ ഫോണെടുത്ത് വാട്സ്ആപ്പ് എടുത്ത്, വോയിസ് മെസ്സേജ് ഓപ്പൺ ചെയ്തു

മെസ്സേജ് കേട്ടതും രൂപേഷ് നടുക്കത്തോടെ നിധിയെ നോക്കി.

എന്തായിത്? ലക്ഷ്മിഅവളോട്‌ ചോദിച്ചു.

നിധി മിണ്ടിയില്ല

എടി.... എന്തായിതെന്ന്... ഒരു അലർച്ചയോടെ രൂപേഷ് അവളോട് ചോദിച്ചു

രൂപേഷ് പൊതുവേ ദേഷ്യക്കാരൻ ആണ്. ലക്ഷ്മി അയാളുടെ കൈകളിൽ പിടിച്ചു.

നിധി പേടിയോടെ രൂപേഷിനെ നോക്കി.

ലക്ഷ്മി പാടില്ലെന്ന് അർത്ഥത്തിൽ രൂപേഷിനെ നോക്കി തലചലിപ്പിച്ചു

ഇത് ദേഷ്യപ്പെടാനോ അടിക്കാനോ ഉള്ള സമയമല്ല.

രൂപേഷ് തലയ്ക്ക് കൈകൊടുത്ത് സെറ്റിലേക്ക് ഇരുന്നു.

ലക്ഷ്മി നിധിയുടെ അടുത്തിരുന്നു. പറ എന്താ ഇതിന്റെയൊക്കെ അർത്ഥം ?അച്ഛനും അമ്മയും നിന്റെ പൊന്നുപോലെയല്ലേ വളർത്തിയത്. നിനക്ക് തരാനുള്ള സ്നേഹം മറ്റാർക്കും പകുത്തു പോകാതിരിക്കാൻ വേണ്ടിയാണ് ഞങ്ങൾ ഒറ്റക്കുഞ്ഞു മാത്രം മതിയെന്ന് വച്ചത്
ഞങ്ങളുടെ സ്നേഹവും സമയവും പണവുംഒക്കെ നിനക്ക് വേണ്ടി മാത്രമാണ് ഞങ്ങൾചിലവാക്കിയത്.
എന്നിട്ട് , എപ്പോഴാണ് ഞങ്ങളുടെ സ്നേഹം പോരെന്നു നിനക്ക് തോന്നിയത്.എപ്പോഴാണ് നീ മറ്റൊരുത്തനുമായി ഇഷ്ട്ടത്തിലായത്?

നിധിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അതൊക്കെ പോട്ടെ,ഈ പ്രായത്തിൽ എതിർലിംഗത്തിൽ പെട്ടവരോട് സ്നേഹം തോന്നുന്നത് സ്വാഭാവികമാണ് പ്രണയത്തിലാകുന്നത് തെറ്റാണെന്ന് അമ്മ പറയില്ല.
പക്ഷേ ആ വോയിസ് മെസ്സേജിൽ പറഞ്ഞു കേട്ടല്ലോ ആരെയോ കൊല്ലാൻ പോവുകയാണെന്ന്
അതെന്താ ?എന്താണെന്ന്....?
ലക്ഷ്മി നിധിയെ പിടിച്ചുലച്ചു

എന്താണെന്ന് പറയാൻ..... ലക്ഷ്മിയുടെ കണ്ണുകളിൽ നിന്നും ചുടുകണ്ണുനീർ ഒഴുകിയിറങ്ങി

അമ്മേ... എന്റെ കൂടെ പഠിക്കുന്ന ജഗത്ത് എന്റെ കൂട്ടുകാരി ഐറിനുമായി ഇഷ്ടത്തിലായിരുന്നു.
ഇപ്പോൾ കുറച്ചു ദിവസങ്ങളായി ഐറിൻ ജഗത്തിനോട് ഇഷ്ടമല്ലെന്ന് പറഞ്ഞു. ഇനി ഇഷ്ടം പറഞ്ഞു പുറകെ നടന്ന് ശല്യപ്പെടുത്തരുത് എന്നൊക്കെ അവൾ പറഞ്ഞു.

ജഗത് പറയുവാ ഈ ഭൂമിയിൽ നിന്നും അവളെ ഇല്ലാതാക്കണമെന്ന്
അവനെ ചതിച്ചതിലുള്ള പ്രതികാരം ചെയ്യണമെന്ന്

ഞാൻ ഒരുപാട് വട്ടം എതിർത്തു. അത് തെറ്റാണെന്ന് പറഞ്ഞു. പക്ഷേ അവർ സമ്മതിക്കുന്നില്ല

ഞാനവളെ അവർ പറയുന്ന സ്ഥലത്ത് എത്തിച്ചില്ലെങ്കിൽ ഞാനും റയാനും തമ്മിലുള്ള ഫോട്ടോസ് ഇന്റർനെറ്റിൽ ഇടുമെന്നാണ് അവർ പറയുന്നത്. റയാനും ജഗത്തും ബെസ്റ്റ് ഫ്രണ്ട്‌സാണ്.

റയാൻ ,ഫോണിൽ കണ്ട അവളുടെ കൂടെഫോട്ടോയിൽ ഉള്ള പയ്യൻ ആണെന്ന് ലക്ഷ്മി ഊഹിച്ചു.

എനിക്ക് എന്ത് ചെയ്യണം എന്നറിയില്ലമ്മേ..

ലക്ഷ്മിയും രൂപേഷും വിറങ്ങലിച്ചിരുന്നു പോയി.
വെറും പതിനാല് വയസ്സുള്ള കുട്ടികൾ എന്തൊക്കെയാണ് ചെയ്തുകൂട്ടാൻ പോകുന്നത് ?അവരുടെ മനസ്സ് ഇത്രയധികം കഠിനമാണോ.
പ്രണയം വേണ്ടെന്നു പറഞ്ഞാൽ പോലും കൂടെയുള്ള ആളുടെ ജീവൻ എടുക്കാൻ പാകത്തിന് ഈ കുട്ടികളുടെ മനസ്സ് എങ്ങനെ ഇത്ര ക്രൂരമാകുന്നു.
തന്റെ മകളും അതിൽ പങ്കാളിയാവാൻ പോവുകയല്ലേ.

അതോർത്തതും ലക്ഷ്മി ഞെട്ടലോടെ രൂപേഷിനെ നോക്കി.
രൂപേഷിന്റെ മുഖം വലിഞ്ഞുമുറുകിയിരിക്കുകയാണ്. ഒറ്റ ദേഷ്യത്തിന് അയാൾ വേണമെങ്കിൽ നിധിയെ അടിച്ചു ശരിപ്പെടുത്തുമെന്ന് പോലും ലക്ഷ്മിക്ക് തോന്നി.

ഇല്ല. ഈ വിഷയം ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്.ദേഷ്യപ്പെട്ട് അവളെ അടിച്ചാൽ അവളെ തനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടും. 14 വർഷം പൊന്നുപോലെ വളർത്തിയ മകളാണ്.അവളെ നഷ്ടപ്പെടാൻ വയ്യ.

ലക്ഷ്മി രൂപേഷിന്റെ കൈകളിൽ അമർത്തിപ്പിടിച്ചു കൊണ്ടിരുന്നു.ലക്ഷ്മിക്ക് മാത്രേ രൂപേഷിനെ ശാന്തനാക്കാൻ പറ്റൂ.

അല്പനേരം കഴിഞ്ഞപ്പോൾ രൂപേഷ് എഴുന്നേറ്റ് മുറിയിലേക്ക് പോയി.

ലക്ഷ്മിക്ക് നിധിയെ ഒറ്റയ്ക്കാക്കാൻ മനസ്സ് വന്നില്ല.,അവൾ എന്തെങ്കിലും കടുംകൈ ചെയ്തു പോകുമോ എന്ന് ലക്ഷ്മിക്കു വല്ലാത്ത ഭയമായിരുന്നു.

ലക്ഷ്മി അവളുടെ മുഖത്ത് തഴുകി. പതിയെ അവളുടെ തല തന്റെ തോളിലേക്ക് ചേർത്തുവച്ചു.

മോളെ ഇത് തെറ്റാണ്. ഒരിക്കലും നമ്മൾ തെറ്റിന് കൂട്ടുനിൽക്കരുത്.

എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല അമ്മേ നിധി വിങ്ങിപ്പൊട്ടി.

ഒന്നും ചെയ്യണ്ട. ഒരാപത്തും വരാതെ ഞാൻ നോക്കിക്കോളാം.

നിധിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു

ലക്ഷ്മി രൂപേഷിന്റെ അടുത്തേക്ക് ചെന്നു

രൂപേഷ് ഏട്ടാ...

എന്നാലും നമ്മുടെ മോൾ ഇങ്ങനെ വഴിതെറ്റിപ്പോയല്ലോ ലക്ഷ്മി. അത്രയധികം കരുതലോടെയും സ്നേഹത്തോടെയുംഅല്ലെ നമ്മൾ അവളെ വളർത്തിയത്.എന്നിട്ടും?

രൂപേഷേട്ടൻ വിഷമിക്കാതിരിക്ക്.

എന്നാലും ഇതെന്തൊരു ലോകമാ. ഈ കുട്ടികളുടെയൊക്കെ മനസ്സിൽ എന്താ ഇങ്ങനത്തെ ചിന്തകളൊക്കെ.
നമ്മുടെയൊക്കെ കാലത്ത് എന്തോരം പ്രണയങ്ങളും പ്രണയ നൈര്യാശങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്.എന്നാലും പ്രണയിച്ചിരുന്ന ആളെ ഒന്ന് നുള്ളി നോവിക്കാൻ പോലും നമുക്കൊന്നും തോന്നിയിട്ടില്ലല്ലോ.
എങ്ങനെയാണ് ഇപ്പോഴത്തെ കുട്ടികൾക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയുന്നത്

രൂപേഷേട്ടാ... ഇക്കാര്യം ജഗത്തിന്റെ മാതാപിതാക്കളെ അറിയിക്കണം . കൂടെ റയാന്റെ വീട്ടിലും അറിയിക്കണം.

നമ്മൾ അങ്ങനെ ചുമ്മാ ചെന്ന് പറഞ്ഞാൽ അവർക്ക് വിശ്വസിക്കാൻ തയ്യാറാകില്ല ലക്ഷ്മി.

രൂപേഷ് ഏട്ടാ, രൂപേഷ് ഏട്ടന്റെ സുഹൃത്ത് സിദ്ധാർത്ഥേട്ടൻ എസ് ഐ അല്ലേ നമുക്ക് സിദ്ധാർത്ഥേട്ടനോട് ഇക്കാര്യം പറയണം. സിദ്ധാർത്ഥേട്ടനെയും കൂട്ടി നമുക്ക് അവരെ കാണാം.

ശരി ഞാൻ ഏതായാലും സിദ്ധാർത്ഥിനോട് സംസാരിച്ചു നോക്കട്ടെ രൂപേഷ് പറഞ്ഞു.

പിറ്റേന്ന്. സിദ്ധാർത്ഥിനെയും കൂട്ടി ലക്ഷ്മിയും രൂപേഷും ജഗത്തിന്റെ വീട്ടിൽ ചെന്നു.

വിവരങ്ങൾ അറിഞ്ഞ ജഗത്തിന്റെ മാതാപിതാക്കൾ ഞെട്ടിപ്പോയി.

ഈശ്വരാ....ഇത്രയേറെ ക്രൂരതയോടെ ചിന്തിക്കാൻ എങ്ങനെ കഴിയുന്നു.

എന്താണ് ഒരു പോംവഴി.

എന്ത് പോം വഴി മറ്റുള്ളവർക്ക് ദോഷമായി നിൽക്കുന്ന നാശത്തിനെയൊക്കെ ജനിപ്പിച്ച കൈകൊണ്ട് തന്നെ ഇല്ലാതാക്കണം. ജഗത്തിന്റെ അച്ഛൻ രോഷത്തോടെ പറഞ്ഞു.

അരുത് ഇങ്ങനെ ഒന്നുമല്ല ഇപ്പോൾ സംസാരിക്കേണ്ടത്. ലക്ഷ്മി പറഞ്ഞു.

എന്റെ ഒരു കൂട്ടുകാരിയുണ്ട് കൗൺസിലർ നാദിറ. അവളുടെ ക്ലാസ്സ് കേള്‍ക്കുന്ന ഏതൊരു മനസ്സിലും സ്നേഹവും ദയയും ഒക്കെ ഉടലെടുക്കും.അവളോട് ഞാൻ പറയാം ഈ കുട്ടികൾക്ക് ഒരു ക്ലാസ് കൊടുക്കാം.
മാത്രമല്ല ഒരു കൗൺസിലിംഗ് കൂടി നൽകാം. ലക്ഷ്മി പറഞ്ഞു

അതെ,അത് തന്നെ നമുക്ക് നോക്കാം ജഗത്തിന്റെ അമ്മ പ്രതീക്ഷയോടെ പറഞ്ഞു.

അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല അടിച്ചു കാലും കയ്യും തല്ലിയൊടിക്കണം. എന്നിട്ട് ചെലവിന് കൊടുക്കണം ജഗത്തിന്റെ അച്ഛന്റെ രോഷം ഒഴിയുന്നില്ല.

എനിക്ക് അവൻ ഒരാളെ ഉള്ളൂ...ഇങ്ങനെ ഒന്നും പറയല്ലേ.. ജഗത്തിന്റെ അമ്മ കണ്ണീരോടെ അയാളോട് പറഞ്ഞു.

നാദിറയുടെ ക്ലാസ് കേൾക്കുന്ന ഏതൊരാളും എന്ത് ചെയ്യുമ്പോഴും ഒന്നുകൂടെ ചിന്തിക്കും.
നാദിറയെ അത്രയ്ക്ക് വിശ്വാസമാണ് ലക്ഷ്മിക്ക്.

ഇപ്പോൾ തൽക്കാലം ലക്ഷ്മി പറഞ്ഞത് പോലെ ചെയ്യാം. റയാന്റെ വീട്ടിലും, ഐറിന്റെ വീട്ടിലും കൂടെ കാര്യങ്ങൾ ധരിപ്പിക്കണം.സിദ്ധാർത്ഥ് പറഞ്ഞു

❇️❇️❇️❇️❇️❇️❇️


നാദിറയുടെ സംസാരം കേട്ട് കഴിഞ്ഞപ്പോൾ കുട്ടികളുടെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു.

നാദിറ ജഗത്തിനും
റയാനും പ്രേത്യേകം പ്രേത്യേകം കൗൺസിലിംഗ് നൽകി. നിധിയെയും,ഐറിനെയും വിളിച്ചു നദിറ സംസാരിച്ചു.

ഈ പ്രായത്തിൽ പ്രണയം തോന്നുന്നത് സ്വാഭാവികമാണെന്നും പക്ഷേ അതിനെയൊക്കെ അതിജീവിച്ച് നല്ല മിടുക്കരായി പഠിക്കുക എന്നത് മാത്രമാണ് ഇപ്പോഴത്തെ നിങ്ങളുടെ കടമ എന്ന് അവരെ പറഞ്ഞു മനസ്സിലാക്കി.

ഇവിടെ അവരെ മനസ്സിലാക്കി എടുക്കാൻ കഴിഞ്ഞു എങ്കിലും എല്ലാവരിലും അത് സാധ്യമായി എന്ന് വരില്ല.

നിസ്സാരമായ എത്രയോ ചെറിയ പ്രശ്നങ്ങൾക്ക് വേണ്ടി ഒരു ജീവനെ ഇല്ലാതാക്കാൻ പോലും ഇപ്പോഴത്തെ കുഞ്ഞുങ്ങൾ ശ്രമിക്കുന്നു.

മക്കളുടെ ആവശ്യങ്ങളെല്ലാം നേടിക്കൊടുക്കാൻ മാത്രമല്ല മാതാപിതാക്കൾ ശ്രമിക്കേണ്ടത്. അവരെ നന്മയുള്ളവരാക്കി.അവർ സമൂഹത്തിനു ദോഷം ഉണ്ടാക്കാതെ, നീതിയുടെ പാതയിൽ വളർത്തിക്കൊണ്ടു വരിക എന്നത് മാതാപിതാക്കളുടെ കടമ തന്നെയാണ്.

മാനുഷിക മൂല്യങ്ങളെക്കുറിച്ച്, സ്നേഹത്തിനെ കുറിച്ച്,ഒന്നും ഇന്നത്തെ തലമുറയ്ക്ക് ചിന്തയില്ല. തിരക്കിൽ നിന്നും തിരക്കിലേക്ക് പായുന്ന മാതാപിതാക്കളാണ് അവർക്കുള്ളത്.
നമ്മുടെ കുട്ടികൾക്കായി നമുക്ക് സമയം മാറ്റിവയ്ക്കാം, നമുക്ക് അവരുടെ ഏറ്റവും നല്ല സുഹൃത്തുക്കളാകാം. അല്ലാത്തപക്ഷം ഏതെങ്കിലും ല ഹ രിക്ക് അടിമപ്പെട്ടോ, അതുമല്ലെങ്കിൽ ഏതെങ്കിലും ക്രൂരകൃത്യങ്ങൾ ചെയ്തുകഴിയുമ്പോഴോ,പതം പറഞ്ഞു കരയാൻ മാത്രമേ കഴിയൂ.... ലോകം അപ്പോൾ കുറ്റപ്പെടുത്തുന്നത് നിങ്ങളെ കൂടിയാണ്...

ശുഭം.

അഞ്ചു തങ്കച്ചൻ

നല്ല പാതി...Story written by Reshja Akhilesh============="മാമാ...എപ്പടി ഇറുക്ക്? നല്ലാർക്കാ? "സാരിയിലെ ചുളിവുകൾ നേരെയാക്...
25/04/2025

നല്ല പാതി...

Story written by Reshja Akhilesh

=============

"മാമാ...എപ്പടി ഇറുക്ക്? നല്ലാർക്കാ? "

സാരിയിലെ ചുളിവുകൾ നേരെയാക്കിക്കൊണ്ട് ഗൗരി ചോദിച്ചു.

"റൊമ്പ അഴകായിട്ടുണ്ട്. മല്ലിപ്പൂ കൂടെ ഇരുന്താ..."

"അയ്യേ...ഇതേതാ ഭാഷാ...തമിഴാളമോ...?" മുരുകനെ കളിയാക്കിക്കൊണ്ട് ഗൗരി ചിരിച്ചു.
ചിരിയ്ക്കുമ്പോൾ മാത്രം അനാവൃതമാകുന്ന നുണക്കുഴികൾ എണ്ണമയമുള്ള അവളുടെ മുഖത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ടായിരുന്നു. അത് ആസ്വദിയ്ക്കുകയായിരുന്നു അയാൾ.

"നാൻങ്കെ രണ്ടുപേരും ഉന്നുടെ നാട്ടിൽ പോകലയാ, മലയാളം പഠിപ്പേ താൻ നല്ലതു". (നമ്മൾ രണ്ട് പേരും നിന്റെ നാട്ടിലേയ്ക്ക് പോകുകയല്ലേ...മലയാളം പഠിക്കുന്നത് നല്ലതല്ലേ )

"ഇത്രയും കാലം എന്റെ കൂടെ കഴിഞ്ഞിട്ടും പഠിക്കാത്ത ആളാ ഇനിയപ്പോ മണിക്കൂറുകൾ കൊണ്ട് പഠിക്കാൻ പോണത്...അതിന് എന്നെ കണ്ടു പഠിയ്ക്ക്...എത്ര പെട്ടന്നാ നിങ്ങടെ ഭാഷ ഞാൻ പഠിച്ചത്...

അവിടെയുള്ളവർ തമിഴ് പറഞ്ഞാലും പിടിച്ചു വിഴുങ്ങാൻ പോകുന്നൊന്നും ഇല്ലാ...ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ അത് തന്നെ വലിയ കാര്യം."

അതും പറഞ്ഞു കൊണ്ട് ഗൗരി മുരുകന്റെ നേർക്ക് കൈകൾ കൂപ്പി.

മുരുകന്റെ ചമ്മിയ മുഖത്തേയ്ക്ക് നോക്കും തോറും ഗൗരിയ്ക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.

ഒന്നു കൂടി രണ്ട് പേരും കണ്ണാടിയിൽ നോക്കിയ ശേഷം നേരത്തെ ശരിയാക്കി വെച്ചിരുന്ന ബാഗുകൾ എടുത്ത് വീടും പൂട്ടിയിറങ്ങി.

രണ്ട് വർഷമായി ഗൗരി നാട്ടിലേയ്ക്ക് പോയിട്ട്. അനിയത്തിയുടെ കല്യാണത്തിന് ആയിരുന്നു അവസാനമായി പോയത്.

അമ്മയെയും സഹോദരങ്ങളെയും കാണാനുള്ള അവളുടെ ആകാംക്ഷയും സന്തോഷവും വളരെ പ്രകടമായിരുന്നു. അവളുടെ സന്തോഷമാണ് മുരുകന്റെയും സന്തോഷം എന്നിരിയ്ക്കെ അവളുടെ ഉത്സാഹം അയാളിലേയ്ക്കും പകർന്നു കിട്ടിയിരുന്നു.

രണ്ട് പേരും നാട്ടിലേയ്ക്കുള്ള ബസ്സിൽ കയറി ഇരുന്നു. വിൻഡോ സീറ്റിൽ തന്നെ ഇരിയ്ക്കണം എന്ന് കൊച്ചു കുട്ടികളെപ്പോലെ അവൾ മുരുകനോട് വാശി പിടിയ്ക്കുന്നുണ്ടായിരുന്നു.

സാധാരണ കല പില സംസാരിച്ചു കൊണ്ടിരിയ്ക്കുന്ന അവൾ പുറത്തേയ്ക്ക് നോക്കി ഇരിയ്ക്കുന്നത്
മുരുകന് അതിശയമായിരുന്നു. അവളുടെ മൗനത്തിലേയ്ക്ക് കൈകടത്തുവാൻ അയാൾ ശ്രമിച്ചില്ല. അവളുടെ കൈകളെ തന്റെ കൈകളിലേയ്ക്ക് ചേർത്ത് വെച്ച് സീറ്റിൽ ചാരിയിരുന്ന് മെല്ലെ കണ്ണുകൾ അടച്ചു.

ഗൗരി തന്റെ അഞ്ചാറ് വർഷങ്ങൾക്ക് പുറകിലുള്ള ഓർമ്മകളിൽ ആയിരുന്നു. ചെറുമയക്കത്തിലേയ്ക്ക് വീണ മുരുകന്റെ തോളിലേയ്ക്ക് തല ചായ്ച്ചു അവളും ഇരുന്നു. കണ്ണീരിന്റെ നനവുള്ള ഓർമ്മകളിലേയ്ക്ക് അവളുടെ മനസ്സും പാഞ്ഞു കൊണ്ടിരുന്നു.

**************

"ഈ കല്യാണത്തിന് സമ്മതം ആണെങ്കിൽ നല്ലത്. അല്ലെങ്കിൽ അമ്മയും രണ്ട് മക്കളും കൂടി എന്താന്ന് വെച്ചാ ആയിക്കോ..." രമേശൻ ഉമ്മറത്തിരുന്ന് ഉച്ചത്തിൽ പറഞ്ഞു.

ദാരിദ്ര രേഖയ്ക്ക് താഴെയുള്ള ആ വീട്ടിൽ പട്ടിണിയേക്കാൾ ഉറക്കെ ശബ്ദിയ്ക്കുന്നത് ഇടയ്ക്ക് എത്തി നോക്കാറുള്ള ആൺമക്കൾ ആയിരുന്നു.

"എന്താടാ നീയിങ്ങനെ പറയുന്നത്...നിന്റെ കൂടെപ്പിറപ്പുകൾ അല്ലേടാ രണ്ടാളും എന്നിട്ട് നിനക്കു എങ്ങനെ പറയാൻ തോന്നുന്നു ഇങ്ങനെ..." രമേശന്റെ വാക്കുകളോട് വിയോജിക്കാനും എതിർത്ത് പറയാനും ഭാരതിയമ്മയ്ക്ക് പേടിയുണ്ടായിരുന്നു എങ്കിലും മടിച്ചു നിന്ന വാക്കുകൾ പുറത്തേയ്ക്ക് വന്നു.

"വേണ്ട, ഞാൻ ഒന്നും പറയുന്നില്ല. അമ്മയ്ക്ക് വേറേം രണ്ട് ആൺമക്കൾ ഇല്ലേ അവര് തിരിഞ്ഞു നോക്കുന്നുണ്ടോ ഇങ്ങോട്ട്...ഇത്രയെങ്കിലും ചെയ്യാൻ ഞാനല്ലേ ഉള്ളു...അത് പോട്ടെ...ഗൗരിയ്ക്ക് ഇപ്പൊ എത്ര വയസ്സായീന്ന് ഞാൻ പറഞ്ഞിട്ട് വേണോ അമ്മയ്ക്ക് ബോധം വരാൻ...ഗൗരിയ്ക്ക് ഇരുപത്തിയെട്ട് മീനയ്ക്ക് ഇരുപത്തിയാറ്...ഇവളുടെ കല്യാണം ഇപ്പോഴെങ്കിലും കഴിഞ്ഞില്ലേൽ അടുത്തതിന്റെ കാര്യവും നീണ്ട് പോകും. ആരുടെയെങ്കിലും കൈപിടിച്ചു ഇറക്കി വിടാൻ നോക്കാതെ...തമിഴൻ ആണെന്നല്ലേ ഉള്ളു വേറെന്താ പ്രശ്നം. നിങ്ങളുടെ മോൾക്കും ഇല്ലേ കുറവ്...രാജകുമാരൻ വരോ ഇവളെ കെട്ടിക്കൊണ്ട് പോകാൻ...കേരളത്തിൽ നിന്നു പെൺകുട്ടിയെ വേണംന്ന് അവർക്ക് ഒരു ആഗ്രഹം...ഇതാവുമ്പോൾ പൊന്നും പണവും ഒന്നും കൊടുക്കേം വേണ്ടാ...മതി, ഞാൻ വെറുതെ എന്തിനാ വായിട്ട് അലയ്ക്കണേ...നിർത്തി."

രമേശൻ പറഞ്ഞതിനോട്‌ മനസ്സില്ലാമനസ്സോടെ ഭാരതിയമ്മയ്ക്ക് പൊരുത്തപ്പെടേണ്ടി വന്നു.

രമേശൻ മുറ്റത്തേയ്ക്ക് ഇറങ്ങാൻ നിൽക്കുമ്പോഴേക്ക് ഭാരതിയമ്മ അകത്തേയ്ക്ക് നടന്നു.

അമ്മ പോകുന്നത് പെണ്മക്കളുടെ അടുത്തേയ്ക്ക് കാര്യങ്ങൾ ബോധിപ്പിയ്ക്കാൻ ആണെന്ന് ഉറപ്പുള്ളത് കൊണ്ട് രമേശൻ ചുണ്ടുകൾ കോട്ടി ചിരിച്ചു.

രമേശന് അറിയാമായിരുന്നു അയാൾ പ്രതീക്ഷിക്കുന്ന മറുപടിയുമായി അമ്മ വരുമെന്ന്.

"നിന്റെ ഇഷ്ടം പോലെ തീരുമാനിച്ചോളൂ. അവളെ ഞാൻ കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ട്...രണ്ടീസം കഴിയുമ്പോഴേയ്ക്ക് അവൾ സമ്മതിയ്ക്കും. നിന്റെ അനിയന്മാരോട് കൂടെ എല്ലാം പറഞ്ഞേക്ക്...കാശ് ചെലവാകും എന്ന് കരുതി രണ്ടാളും ഈ വഴി വരാറില്ലല്ലോ. നീ തന്നെ മുൻകൈ എടുത്ത് എല്ലാം ചെയ്യ്..."

ഗൗരിയുടെ വിവാഹം അങ്ങനെ തീരുമാനമായി.

"കല്യാണം ഒന്നും ആയില്ലേ..." എന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും സ്ഥിരം ചോദ്യത്തിനുള്ള ഉത്തരം, താൻ കാരണം അനിയത്തിയുടെ സന്തോഷജീവിതം നഷ്ടമാകരുത് എന്ന രണ്ട് ഉദ്ദേശം മാത്രമേ ആ കല്യാണം കൊണ്ട് ഗൗരി ഉദ്ദേശിച്ചിരുന്നുള്ളു.

ഒരുപാട് പെണ്ണ്കാണലുകൾക്ക് നിന്ന് കൊടുത്ത് അവൾ മടുത്തിരുന്നു. എങ്കിലും ഒരു കുടുംബജീവിതം അവൾ സ്വപ്നം കണ്ടിരുന്നു. വർഷങ്ങൾ കഴിയും തോറും അവളുടെ സങ്കൽപങ്ങളുടെയും സ്വപ്നങ്ങളുടെയും നിറം മങ്ങി തുടങ്ങി.

കഥകളിലെ പോലെ കാണുന്ന മാത്രയിൽ അനുരാഗം തോന്നി ജീവിതത്തിലേക്ക് ക്ഷണിയ്ക്കാൻ മാത്രം സൗന്ദര്യം അവൾക്കില്ലെന്ന് അവൾ വിശ്വസിച്ചു. ജാതകം, സൗന്ദര്യം, പണം അങ്ങനെ പലതായിരുന്നു അവളുടെ വിവാഹം നീണ്ടു പോകാനുള്ള കാരണങ്ങൾ. സ്വാർത്ഥരായ ആങ്ങളമാർക്ക് ഇടിഞ്ഞു വീഴാറയതെങ്കിലും ആ വീടിന്മേൽ മാത്രയിരുന്നു കണ്ണ്. അങ്ങനെ ഇഷ്ടമില്ലാതെ ആയിരുന്നു ഗൗരി മുരുകന്റെ താലി ഏറ്റു വാങ്ങിയത്. പതിയെ വർണ്ണവും ദേശവും ഭാഷയും സ്നേഹത്തിന്റെ ഭാഷയോളം വരില്ലെന്ന് അവൾ മനസ്സിലാക്കി.

ഇന്നവർ ഗൗരിയുടെ നാട്ടിലേയ്ക്ക് വന്നത് മൂത്ത ആങ്ങളയുടെ മകളുടെ വിവാഹനിശ്ചയം കൂടാനാണ്.

രമേശന്റെ വീട് വളരെ വലുതായിരുന്നു. അലങ്കാരങ്ങളിൽ മുങ്ങി കുളിച്ച് നിൽക്കുന്ന ആ വീട് കണ്ടപ്പോൾ ഗൗരി ഒത്തിരി ആഹ്ലാദിച്ചു.

"കണ്ടില്ലേ...എന്റെ ചേട്ടന്റെ വീട്...ഇത് വച്ചു നോക്കുമ്പോൾ നമ്മുടെ വീട് എത്ര ചെറുതാണല്ലേ..."

ഗൗരി വലിയ കാര്യത്തിൽ പറഞ്ഞു. മറുപടിയായി മുരുകൻ മന്ദഹാസത്തോടെ തലയാട്ടുക മാത്രം ചെയ്തു. വീടിനകത്തേയ്ക്ക് അവൾ അവന്റെ കൈയും പിടിച്ച് ധൃതിയിൽ നടന്നു.

ഒരുപാട് നാളുകൾക്ക് ശേഷം പലരെയും കാണാൻ പോകുന്നതിന്റെ സന്തോഷം ചുവടുകൾക്ക് വേഗത വർദ്ധിപ്പിച്ചിരുന്നു.

ഇരുവരെയും അവിടെ കൂടി ഇരിയ്ക്കുന്നവർ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു. ബാഗുകൾ കൈയ്യിൽ പിടിച്ചത് കൊണ്ടായിരിക്കും എന്ന് അവൾ കരുതി.

രമേശൻ ഇരുവരെയും വിളിച്ച് ഭാരതി അമ്മയുടെ അടുത്തു കൊണ്ട് പോയി നിർത്തി. ഗൗരിയുടെ അനിയത്തിയും അമ്മയും, നാലുപേരും കൂടി വിശേഷങ്ങൾ പങ്കു വെച്ചു നിൽക്കുകയായിരുന്നു.

"ആരായിത്...ഗൗരിയോ...അസ്സല് തമിഴത്തി ആയല്ലോ...കണ്ടിട്ട് മനസ്സിലായില്ലട്ടാ..."

രമേശന്റെ ഭാര്യയുടെ ബന്ധു ആയിരുന്നു അത് പറഞ്ഞത്. വാക്കുകളിൽ ഒളിഞ്ഞിരിയ്ക്കുന്ന പരിഹാസം മനസ്സിലാക്കാതെ ഗൗരി പുഞ്ചിരിച്ചു. അത് ഒരു തുടക്കമായിരുന്നു. പിന്നീട് അവിടെ ഉണ്ടായിരുന്നവർ, കൂടെപ്പിറപ്പുകൾ പോലും വേഷത്തിന്റെയും ദേശത്തിന്റെയും പേരിൽ പലതും പറയുന്നതും വേർതിരിച്ചു കാണുന്നതും ഗൗരിയ്ക്ക് മനസ്സിലായി.

കൗതുകത്തോടെ തന്റെ വിശേഷങ്ങൾ ചോദിച്ചറിയുമെന്ന് പ്രതീക്ഷച്ചവർക്ക് അറിയേണ്ടിയിരുന്നത് അവിടെ എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിനെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും ആയിരുന്നു.

ചടങ്ങുകൾ വേഗം കഴിയാൻ അവൾ പ്രാർത്ഥിച്ചു. അവിടെ നിൽക്കുന്ന ഓരോ നിമിഷവും അസ്വസ്ഥമായിരുന്നു. എല്ലാവരോടും അറിയാവുന്ന പോലെ മലയാളം സംസാരിച്ചുകൊണ്ട് കൂട്ടത്തിൽ ചേരാൻ ശ്രമിയ്ക്കുകയും മറ്റുള്ളവർ മനപ്പൂർവ്വം അവഗണിയ്ക്കുന്നത് അറിയാതെ വിനത്തോടെ പെരുമാറുകയും ചെയ്യുന്ന മുരുകന്റെ നിഷ്കളങ്കത അവളുടെ ഉള്ളു പൊള്ളിച്ചു.

വിവാഹം ഉറപ്പിക്കലും ചടങ്ങുകളും എല്ലാം കഴിഞ്ഞ് നേരം ഇരുട്ടി.

രണ്ട് ആഴ്ചയെങ്കിലും നാട്ടിൽ നിൽക്കണം എന്ന് പറഞ്ഞു വാശി പിടിച്ചിരുന്ന തന്റെ പ്രിയതമ രാത്രിയിൽ തന്നെ പുറപ്പെടാൻ ബാഗുമെടുത്ത് യാത്ര പറഞ്ഞിറങ്ങിയതിന്റെ പൊരുൾ മുരുകന് മനസ്സിലായില്ല.

**************

തിരികെ ഉള്ള യാത്രയിലാണ് വേഗം മടങ്ങുന്നതിന്റെ കാരണം മുരുകൻ ചോദിച്ചത്.

അവൾക്ക് അതിന് ഉത്തരം ഇല്ലായിരുന്നു. തന്നെത്താൻ സങ്കൽപ്പിച്ചു വെച്ചിട്ടുള്ള ഒരു ഉയരത്തിൽ ഇരുന്നുകൊണ്ട് മറ്റുള്ളവരെ അളക്കുന്ന മനുഷ്യസ്വഭാവത്തിനെ എന്ത് പേരിട്ട് വിളിയ്ക്കും എന്നായിരുന്നു അവൾ ചിന്തിച്ചത്.

"എന്നമ്മാ...?"

ആലോചനയിൽ മുഴുകിയിരിയ്ക്കുന്ന ഗൗരിയെ മുരുകൻ തട്ടി വിളിച്ചു. തന്റെ ചോദ്യത്തിന് ഉള്ള ഉത്തരം പ്രതീക്ഷിച്ചിരുന്ന അയാൾക്ക് കിട്ടിയത് ഒരു ചുംബനമായിരുന്നു.

എണ്ണക്കറുപ്പുള്ള കൈകൾ രണ്ടും ചേർത്ത് പിടിച്ച് സ്നേഹത്താൽ പൊതിഞ്ഞ ഒരു ചുംബനം.

ഉന്നതരെന്ന് സ്വയം കല്പിച്ച്, പുറംമോടിയെ അളക്കുന്നവരും വിധിയ്ക്കുന്നവരും അങ്ങനെ തന്നെ തുടരട്ടെ...ആരെയും ബോധിപ്പിക്കാൻ ഇല്ലായിരുന്നു അവൾക്ക്.

മറ്റുള്ളവരുടെ ആവാലാതികൾക്കും പരിഹാസങ്ങൾക്കും കാതോർത്ത് നശിപ്പിയ്ക്കാൻ ഉള്ള നിമിഷങ്ങൾ അവരുടെ ജീവിതത്തിൽ നീക്കി വെച്ചിട്ടില്ലായിരുന്നു.

ഫീലിംഗ് ഹാപ്പിരചന: പ്രവീൺ ചന്ദ്രൻ::::::::::::::::::::"ഇരുപത്തിനാല് മണിക്കൂറും ഫേസ്ബുക്കില് കുത്തിപ്പിടിച്ചിരുന്നാ ആര് ജോ...
24/04/2025

ഫീലിംഗ് ഹാപ്പി

രചന: പ്രവീൺ ചന്ദ്രൻ

::::::::::::::::::::

"ഇരുപത്തിനാല് മണിക്കൂറും ഫേസ്ബുക്കില് കുത്തിപ്പിടിച്ചിരുന്നാ ആര് ജോലി തരാനാ..അതിനേ ടൈയും കെട്ടി പുറത്തേക്കിറങ്ങണം..ആ ജോസഫിന്റെ മോനെ കണ്ടില്ലേ.. ?മെഡിക്കൽ റപ്പല്ലേ അവൻ..നിന്റെ പ്രായമല്ലേ ഉള്ളൂ അവനും..അവനെത്രയാ ശമ്പളംന്ന് നിനക്കറിയോ? ഇരുപത്തയ്യായിരം രൂപ..നിനക്കോ? "

അച്ഛന്റെ ആ ചോദ്യം എന്നെ നന്നായിട്ടൊന്ന് ഇരുത്തിയെങ്കിലും തൽക്കാലം തിരിച്ച് പറയാൻ ഡയലോഗൊന്നുമില്ലാത്തതോണ്ട് ഒരക്ഷരം പോലും മിണ്ടിയില്ല...

അല്ലേലും മറ്റുള്ളവരുടെ മക്കളെ നോക്കി പഠിക്കാൻ എന്നുള്ളത് കാലാകാലങ്ങളായി മാതാപിതാക്കൾ പിന്തുടർന്ന് വരുന്ന കാര്യമാണല്ലോ? അതിന് ന്യൂ ജെൻന്നോ ഓൾഡ് ജെൻന്നോ ഇല്ലല്ലോ...

"എന്താടാ നിന്റെ നാവിറങ്ങിപ്പോയോ? ഇവിടെ ഇങ്ങനെ കുത്തിയിരുന്നാ നിന്റെ ഫേസ്ബുക്ക് കൊണ്ട് തരോ ജോലി..ഇന്നാ ഇത് ഇന്നത്തെ പത്രാ..ഇതില് കുറെ വേക്കൻസികള് കാണാണ്ട്..ഇതിനെങ്കിലും ഒന്ന് അപേക്ഷിച്ച് പോയി നാല് കാശ് സംമ്പാദിക്കാൻ നോക്ക്..ഇനീം നിന്നെ തീറ്റിപ്പോറ്റാൻ എന്നെക്കൊണ്ടാവില്ല.."

ഞാൻ മിണ്ടാതിരിക്കുന്നത് കൊണ്ടാവണം മൂപ്പര് ഒന്നൂടെ മൂപ്പിച്ചത്..ചിലപ്പോഴൊക്കെ എന്റെ ദേഷ്യം മുഴുവൻ ഞാൻ സ്റ്റാറ്റസ് ഇട്ടാണ് തീർക്കാറ്..

"ഫീലിംഗ് ആംഗ്റി".."ഫീലിംഗ് ഇറിറ്റേറ്റഡ്" "ഫീലിംഗ് സാഡ്" ഇങ്ങനെയല്ലാതെ ഇത് വരെ ഒരു "ഫീലിംഗ് ഹാപ്പി" പോസ്റ്റിടാൻ എനിക്കിത് വരെ ആയിട്ടില്ല...

പിന്നെ ഞാനൊന്നും നോക്കിയില്ല പത്രത്തിൽ വന്ന വേക്കൻസികൾക്കെല്ലാം ചറപറാന്ന് അപേക്ഷകൾ അയച്ചു..

ഇനിയും ഇങ്ങനെ ഇരുന്നാ ശരിയാവില്ലാ എന്നെനിക്കും തോന്നി...

സത്യം പറഞ്ഞാ ഇത് വരെ നാൽപത്തിയെട്ട് ഇന്റർവ്യൂകൾ ഞാനറ്റന്റ് ചെയ്ത് കഴിഞ്ഞിട്ടുണ്ട് ട്ടോ...

അപ്പോ നിങ്ങള് വിചാരിക്കും എന്നിട്ടും ഇവനൊരു പണിയെന്തേ കിട്ടാഞ്ഞത് എന്ന്..

"വിറയൽ"

അത് തന്നെ കാരണം..ഇന്റർവ്യൂവിന് പേര് വിളിക്കും മുന്നേ ആ വിറയൽ തുടങ്ങും..കൈകളാണെങ്കിൽ വെള്ളത്തില് മുക്കിയപോലെ ആവും വിയർത്തിട്ട്...

എത്ര തവണ പ്രാക്ടീസ് ചെയ്ത് പോയാലും അവര് ചോദിക്കുന്നതിന് മര്യാദയ്ക്ക് ഒരുത്തരം പോലും പറയാൻ എന്റെ ആ വിറയൽ സമ്മത്തിക്കില്ല..

അപ്പോൾ തന്നെ ഞാൻ ഫേസ്ബുക്കിൽ സ്റ്റാറ്റസും ഇടാറുണ്ട്...എന്താന്നല്ലേ?

"ഫീലിംഗ് വിറയൽ..."

അതിന്റെ ഗുട്ടൻസ് എന്താന്ന് അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ അറിയൂ...

എ.സി. റൂം ആണെങ്കിൽ മൂലമറ്റം വരെ അങ്ങ് വിറക്കുന്നുണ്ടാവുമെന്നേ.

അതും അവര് ചോദിക്കുന്നത് ഇംഗ്ലീഷിലാണെങ്കി ൽ അതോടെ തീർന്നു..ഈസും വാസും ഒക്കെ വച്ച് ആകെ ഒരു അഴകൊഴമ്പാക്കി കളയും.

ഇത് വരെയായിട്ടും സെൽഫ് ഇൻഡ്രോഡക്ഷൻ പോലും മര്യാദയ്ക്ക് പറയാൻ എനിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം..

അവസാനം പുറത്തിറങ്ങുമ്പോഴാണ് സമാധാനമാകുക.. ജോലികിട്ടില്ലാന്ന് ഉറപ്പല്ലേ? പിന്നെ എന്തിന് പേടിക്കണം...

ഇതൊക്കെയാണ് കാരണം എന്ന് അച്ഛനോടോ മറ്റുള്ളവരോടോ പറയാൻ പറ്റില്ലല്ലോ? നാണക്കേടല്ലേ?

എന്തായാലും വല്ല കൂലിപ്പണിക്ക് പോയെങ്കിലും നാല് കാശ് സംമ്പാദിച്ചിട്ട് തന്നെ കാര്യം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു...

പിറ്റെ ദിവസം മെയിൽ ചെക്ക് ചെയ്തപ്പോൾ അടുത്ത വിറയലിനുള്ള ചാൻസ് ഒത്തിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി...

ഒരു പ്രമുഖ മെഡിക്കൽ കമ്പനിയിൽ നിന്നാണ്.. നാല്പതിനായിരം ശമ്പളവും ഓഫർ ചെയ്തിട്ടുണ്ട്.. അത് കണ്ടപ്പോഴേ എനിക്ക് വിറയൽ തുടങ്ങി..

ഇത്രയും വലിയ കമ്പനിയുടെ ഇന്റർവ്യൂ ഊഹിക്കാമല്ലോ?

മൂന്നാല് പേരിരുന്ന് അറഞ്ചം പുറഞ്ചം വെ ടിവെപ്പാണ്...

ഈശ്വരാ ഇന്ന് ബോധം കെട്ട് വീഴാഞ്ഞാ എന്റെ ഭാഗ്യം.. എന്ത് വന്നാലും ഇന്ന് നേരിടുക തന്നെ... ഇനി ഒന്നും നോക്കാനില്ല... ഈ ഇന്റർവ്യൂ പാസ്സായേ പറ്റൂ...

വിറയൽ മാറാൻ പണ്ട് യോഗയ്ക്ക് പോയപ്പോൾ പഠിച്ച അഭ്യാസങ്ങളൊക്കെ ഞാനൊന്ന് പയറ്റിനോക്കി..

മനസ്സിന് ധൈര്യം വരാൻ ഈശ്വരന്മാർക്ക് വിളക്ക് വച്ച് നന്നായൊന്ന് പ്രാർത്ഥിച്ചു..

കുളിച്ചൊരുങ്ങി നല്ല ലൈറ്റ് കളർ ഷർട്ടുമിട്ട് ടൈംയും കെട്ടി അമ്മയുടെ കാൽക്കൽ തൊട്ട് വന്ദിച്ച് ഞാൻ പുറത്തേക്കിറങ്ങി..

ആ സമയം അച്ഛൻ കാല് ചാരുകസേരയിൽ കയറ്റി വച്ച് ഇരിക്കുന്നുണ്ടായിരുന്നു...അച്ഛന്റെ അനുഗ്രഹം അച്ഛനറിയാതെ തന്നെ ഞാൻ വാങ്ങിയിരുന്നു...

ബസ് ഇറങ്ങി ഇന്റർവ്യൂ സ്ഥലത്തേക്ക് റോഡിലൂടെ നടക്കുന്നതിനിടയിലാണ് പെട്ടെന്ന് അത് സംഭവിച്ചത്...

റോഡിനപ്പുറത്ത് ഒരു കുട്ടി നടക്കുന്നതിനിടയിൽ റോഡിലെ സ്ലാബ്ബ് ഇളകി കുഴിയിലേക്ക് വീണിരിക്കുന്നു..

കൂടെ വന്ന അമ്മൂമ്മയുടെ പെട്ടെന്നുള്ള കരച്ചിൽ കേട്ടാണ് എന്റെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞത്...

ഞാനുടനെ അങ്ങോട്ടേക്ക് ഓടി...

കുഴിക്കടുത്ത് എത്തിയതും ദുർഗന്ധം സഹിക്കാനാവുമായിരുന്നില്ല...മഴപെയ്ത്ഡ്രൈനേജും വി സർജ്യങ്ങളും കൂടികുഴഞ്ഞ് കിടക്കുന്ന ചാലിലേക്കാണ് സ്ലാബ് അടർന്ന് കുട്ടി വീണിരിക്കുന്നത്..

അത്യാവശ്യം വലിയ കുഴിൽ കുട്ടിയുടെ അരക്കൊപ്പം ചളിയുണ്ടായിരുന്നു..

കുറച്ച് പേർ അപ്പോഴേക്കും ഓടിക്കൂടിയെങ്കിലും ചാലിലേക്കിറങ്ങാൻ പലരും മടിച്ചു നിന്നു..

ആ കുട്ടിയുടെ കരച്ചിൽ എനിക്ക് സഹിക്കാനാവു ന്നതിലും അപ്പുറമായിരുന്നു..പിന്നെ ഒന്നും ഞാൻ നോക്കിയില്ല..ഷൂസും ബാഗും ഊരിവച്ച് എക്സിക്യൂട്ടീവ് വേഷത്തിൽ തന്നെ ചാലിലേക്ക് എടുത്ത് ചാടി...

കുട്ടിയെ ചളിയിൽ നിന്നും വലിച്ചെടുത്ത് തോളത്ത് വച്ചു.. പുറത്ത് കൂടിയിരുന്ന ചിലർ സഹായത്തിനെത്തിയതോടെ കുട്ടിയെ പുറത്തെത്തിക്കാനായി...

ഒരു കണക്കിന് ഞാനും പുറത്തേക്ക് വലിഞ്ഞ് കയറിയെങ്കിലും എന്റെ കോലം കണ്ട് അവിടെയുള്ള പലരും മൂക്കുപൊത്തുകയാണ് ചെയ്തത്..

അസഹ്യമായ ദുർഗന്ധം സഹിക്കാനാവാതെ ഞാനും പാടുപെട്ടു...

പലരും എന്റെ അവസ്ഥ മൊബൈലിൽ പകർത്തുന്ന തിരക്കിലായിരുന്നു..

കുട്ടിയെ ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക് പറഞ്ഞയച്ച് മനുഷ്വത്ത്വമുള്ള ചിലർ എന്റെ അരികിലെത്തി...

"ചേട്ടാ വായോ എന്റെ ഷോപ്പിന്റെ വാഷ്റൂം തൊട്ടടുത്താണ്..അവിടെപോയി നമുക്ക് വൃത്തിയാക്കാം..."

അയാൾ പറഞ്ഞപ്പോഴാണ് എന്റെ കോലം ഞാൻ ശരിക്കും നോക്കിയത്...

"ഈശ്വരാ എന്റെ ഇന്റർവ്യൂ.. "

ആ അത് പോണേൽ പോട്ടെ...അതല്ലേലും അവിടെപോയ് നാണം കെടാനുള്ളതായിരു ന്നില്ലേ?

അങ്ങനെ വസ്ത്രമെല്ലാം വൃത്തിയാക്കി കടക്കാരൻ തന്ന ഷർട്ടും മുണ്ടും ഇട്ട് ഞാൻ വീട്ടിലേക്ക് വച്ചുപിടിച്ചു...

അച്ഛന്റെ ക്ഷോഭിച്ചു നിൽക്കുന്ന മുഖമായിരുന്നു മനസ്സ് മുഴുവൻ...

ഇന്റർവ്യൂവിന് കഴിഞ്ഞാ പിന്നെ അച്ഛന്റെ മുന്നിലേക്ക് പോകുമ്പോ മാത്രമാണ് എനിക്ക് ആ വിറയൽ വരാറുള്ളത്...

"ഫീലിംഗ് വറീഡ് " വീട്ടിലേക്ക് കയറും മുന്നേ ഞാൻ പോസ്റ്റിട്ടു...

വീട്ടിൽ വന്ന് കയറിയതും എന്റെ കോലം കണ്ട് അച്ഛൻ കാര്യമന്വേഷിച്ചു..

ഞാൻ കാര്യം പറഞ്ഞതും കാത് പൊട്ടണ ചീത്തയായിരുന്നു പിന്നെ..

"നിന്നെയൊക്കെ ഉണ്ടാക്കിയ നേരം വല്ല വാഴയും വച്ചാ മതിയായിരുന്നു"

ഞാനൊന്നും മറുത്തു പറഞ്ഞില്ല...

"ഫീലിംഗ് ബ്രോക്കൺ" പോസ്റ്റുമിട്ട് ഞാൻ കിടന്ന് നന്നായൊന്ന് ഉറങ്ങി...

അന്ന് വൈകീട്ടോടെയാണ് എന്റെ ഫോണിലേക്ക് കൂട്ടുകാരുടെ ഫോണുകൾ വരാൻ തുടങ്ങിയത്..

"എടാ നീ ഹീറോ ആയല്ലോ? കൺഗ്രാറ്റ്സ് മാൻ"

അവൻ പറഞ്ഞത് കേട്ട് കാര്യമറിയാതെ ഞാൻ അമ്പരന്നു..

"നീ ആ ഫേസ് ബുക്ക് ഒന്ന് തുറന്ന് നോക്ക്..നീ ആ കുട്ടിയെ ചളിയിൽ ചാടി രക്ഷിച്ചതിന്റെ വീഡിയോ എത്രയാളാ കണ്ടതെന്ന് കണ്ണ് തുറന്ന് കാണ്... എത്ര ഷെയറാ പോയിരിക്കുന്നത്.. നീ എന്റെ സുഹൃത്തായതിൽ ഞാൻ അഭിമാനിക്കുന്നു ബ്രോ.."

അവൻ പറഞ്ഞത് കേട്ടപ്പോഴാണ് ഫേസ്ബുക്കി ന്റെ കാര്യം തന്നെ ഓർമ്മ വന്നത്..

ആകെ മൂഡോഫ് ആയതിനാൽ ഇന്ന് ഫോൺ തുറന്ന് നോക്കിയിട്ടേയില്ലായിരുന്നു...

ആകാംക്ഷയോടെ ഫേസ്ബുക്ക് ഓപ്പൺ ചെയ്ത ഞാൻ കോരിത്തരിച്ചിരുന്നുപോയി...

പലരും പുകഴ്ത്തുന്നത് കണ്ട് എനിക്ക് തന്നെ അതിശയമായി...

"ഫീലിംഗ് വിറയൽ" പോയി "ഫീലിംഗ് വൈറൽ ആയപ്പോലെ എനിക്ക് തോന്നി..

അതിനിടയിലാണ് ഏതോ ഒരു പത്രക്കാരൻ വീട്ടിലേക്ക് വന്നത്...

അയാൾ കുറച്ച് ചോദ്യങ്ങൾ ചോദിച്ചതിന് ഉത്തരം പറയുന്നതിനിടയിൽ ഇന്റർവ്യൂവിന് പോകാനിറ ങ്ങിയതിനെകുറിച്ചും പറയാനിടയായി..

അയാളതെല്ലാം കുറിച്ചെടുത്ത് പോകുകയും ചെയ്തു..

അച്ഛനിതൊക്കെ കണ്ട് അതിശയത്തോടെ എന്നെ നോക്കുകയായിരുന്നു...

ഇതിന് മാത്രം ഇവനെന്താ ഈ ചെയ്തത് എന്ന് ആലോചിച്ചായിരുന്നു ആ നോട്ടം...

"ഫീലിംഗ് എക്സൈറ്റ്ഡ്" അപ്പോ തന്നെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനും ഞാൻ മറന്നില്ല...

അപ്പോഴാണ് അനിയത്തി ഫേസ്ബുക്കിൽ വന്ന വീഡിയോ അച്ഛന് കാണിച്ച് കൊടുത്തത്..

അത് കണ്ട് അച്ഛൻ ഒന്ന് അമ്പരന്നെങ്കിലും എന്നോട് അതിനെക്കുറിച്ച് ഒന്നും സംസാരിച്ചത് പോലുമില്ലായിരുന്നു...

പക്ഷെ രണ്ട് ദിവസം കഴിഞ്ഞ് ആണ് കാര്യങ്ങൾ വീണ്ടും ഒന്നുകൂടെ മാറിമറഞ്ഞത്...

അന്ന് ഞാൻ അച്ഛന്റെ മുന്നിൽ നിവർന്ന് തന്നെ പറഞ്ഞു..

"അച്ഛാ എനിക്ക് ജോലി കിട്ടി...മെഡിക്കൽ റപ് ആയി തന്നെ..അന്ന് ഞാൻ ഇന്റർവ്യൂവിന് പോയ അതേ കമ്പനിയിൽ..നാല്പതിനായിരം ശമ്പളം..ഇതാ ഓഫർ ലെറ്റർ.. "

അത് കേട്ട് അച്ഛൻ ഇതെങ്ങനെ സംഭവിച്ചു മനസ്സിലാവാതെ അന്തം വിട്ട് നിൽക്കുകയായിരുന്നു..

അതെങ്ങനാണെന്ന് നിങ്ങൾക്കും അറിയണ്ടേ?

ആ പത്രക്കാരൻ ഏത് കമ്പനിയുടെ ഇന്റർവ്യൂവിന് ആണ് പോയതെന്ന് എന്നോട് അന്ന് ചോദിച്ചിരുന്നു...കമ്പനിയുടെ പേര് അടക്കം ആണ് അയാൾ അന്ന് പത്രത്തിൽ കൊടുത്തത്...

അത് കണ്ട കമ്പനിയുടെ ജി.എം ആണ് പരസ്യമായി എനിക്കാ ജോലി വാഗ്ദാനം ചെയ്തത്...

അവർക്ക് ഒരു ക്രഡിറ്റും ആകും ചുളുവില് നല്ല പരസ്യവും എന്ന് ജി.എം ചിന്തിച്ചതിൽ തെറ്റ് പറയാനൊക്കില്ലല്ലോ? ഇപ്പോ ഒക്കെ അങ്ങനെ അല്ലേ ഒരാളെ ജോലിക്ക് എടുക്കാനും ജോലി കളയാനും സോഷ്യൽമീഡിയ വിചാരിച്ചാ മതിയെന്നതിന് എത്രയോ ഉദാഹരണം...

എന്തായാലും അത് കൊണ്ട് എനിക്ക് "വിറയൽ" ഇല്ലാതെ ഒരു ജോലി അങ്ങട് കിട്ടി.. നമ്മളൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ നന്മചെയ്താ ദൈവം നമ്മൾ പ്രതീക്ഷിക്കാതെയായിരിക്കും അത് തിരിച്ച് തരുക...

അച്ഛന്റെ മുന്നിൽ "ഫീലിംഗ് പ്രൗഡ്" ഓടെ നിന്ന് ഞാനൊരു ഡയലൊഗ് കാച്ചി...

"അച്ഛനല്ലേ ചോദിച്ചത് ഫേസ്ബുക്ക് എനിക്ക് ജോലി വാങ്ങിച്ച് തരോന്ന്? ഇതാ ഇതാണ് അതിനുത്തരം.. ഈ ജോലി എനിക്ക് വാങ്ങി തന്നത് ഫേസ്ബുക്ക് തന്നെയാണ്..അച്ഛനെന്നെ അനുഗ്രഹിക്കണം.."

അച്ഛന്റെ അനുഗ്രഹം വാങ്ങി പുറത്തേക്കിറങ്ങുന്നതിനിടയിൽ ഞാൻ സ്റ്റാറ്റസിടാനും മറന്നില്ല..

"ഫീലിംഗ് ഹാപ്പി"

~Praveen Chandran (17.01.2020)

Story written by Manju Jayakrishnan=============="ചുക്കേതാ ചുണ്ണാമ്പേതാ എന്ന് തിരിച്ചറിയാത്തവൾ ആണ് സഹായിക്കാൻ പോയത് "സാധ...
23/04/2025

Story written by Manju Jayakrishnan

==============

"ചുക്കേതാ ചുണ്ണാമ്പേതാ എന്ന് തിരിച്ചറിയാത്തവൾ ആണ് സഹായിക്കാൻ പോയത് "

സാധാരണ എല്ലാത്തിനും അവളെ കുറ്റപ്പെടുത്തുന്ന അമ്മ പോലും 'മതിയെടാ ' എന്ന് പറഞ്ഞെങ്കിലും എന്റെ ദേഷ്യം അടങ്ങുന്നില്ലായിരുന്നു...

"അത് അയാള് തിരിച്ചു തരും...എനിക്കുറപ്പുണ്ട്..."

അവൾ പറഞ്ഞു കൊണ്ടേ ഇരുന്നു...

"എന്റെ ദേവി നീ ഏത് ലോകത്താണ്...തട്ടിപ്പിന്റ ലോകം ആണ്..ഒരാളെയും വിശ്വസിക്കാൻ പാടില്ലാത്ത കാലമാണ്..എന്തിന് ഭാര്യാ ഭർത്താക്കന്മാർ പോലും തമ്മിൽ പഴയ ആ വിശ്വാസം ഇല്ല....അപ്പോഴാണ് ഫേസ്ബുക് വഴി മാത്രം പരിചയമുള്ള ആളിന് ഇത്രയും തുക കൊടുത്തത്. അതും എന്നോട് ചോദിക്കാതെ..."

*********************

കെട്ടിക്കൊണ്ടു വന്ന നാൾ മുതൽ അവളുടെ പെരുമാറ്റം എന്നെ വലച്ചു കൊണ്ടേ ഇരുന്നു..

പലചരക്കു കടയിൽ സാധനങ്ങൾ വാങ്ങാൻ പറഞ്ഞതിന് ഒരിക്കൽ അവൾ രണ്ടു കിലോ കടുക് മേടിച്ചു എന്നെ ഞെട്ടിച്ചതാണ്..

വീട് ക്ലീൻ ആക്കിയപ്പോൾ എന്റെ ലാപ്ടോപ്പ് അവളുടെ കയ്യിൽ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്...അല്ലെങ്കിൽ അതവൾ സോപ്പ് ഇട്ടു അലക്കി ഒണക്കിയേനെ....

ആര് എന്ത് സങ്കടം പറഞ്ഞു വന്നാലും കയ്യിൽ ഉള്ളതെടുത്തു അങ്ങ് കൊടുത്തു കളയും...

"വിവരമില്ലായ്മ കുറ്റമല്ല " എന്ന് പറഞ്ഞാൽ പോലും മനസ്സിലാകാത്ത ഐറ്റം..

എത്ര ചീത്ത പറഞ്ഞാലും പിന്നെയും പുറകെ നടന്നു സ്നേഹിക്കും...അതു കൊണ്ട് വഴക്കു പറഞ്ഞാൽ പിന്നെ എനിക്കെന്തോ പോലെ ആണ്

ഇതിപ്പോ സംഗതി കുറച്ചു കൂടിപ്പോയി..

വന്നപ്പോൾ സോഷ്യൽ മീഡിയയെക്കുറിച്ച് ഒരറിവും അവൾക്കില്ലായിരുന്നു...നേരമ്പോക്കിന് ഞാൻ അവൾക്ക് അതെല്ലാം പഠിപ്പിച്ചു കൊടുത്തു. ഫേസ്ബുക്കിൽ ഒരു അകൗണ്ടും തുടങ്ങികൊടുത്തു...ഒരുപാട് സാഹിത്യഗ്രൂപ്പുകളിൽ അംഗമാക്കുകയും ചെയ്തു.

ഒരുപാട് കഥകൾ വായിച്ചു അവളിൽ സാഹിത്യത്തിന്റെ അസുഖം തുടങ്ങി....അല്ലറച്ചില്ലറ എഴുത്തും തുടങ്ങി...

എനിക്കു കല്യാണരാമനിലെ "തേങ്ങാക്കുലയിലാടുന്നു " എന്ന് തോന്നിയെങ്കിലും അവൾ സ്വയം മാധവിക്കുട്ടി ആണ്...

അല്ലെങ്കിലും രണ്ടക്ഷരം എഴുതുന്ന എല്ലാരും സ്വയം മാധവിക്കുട്ടിയും എം. ടി യും ഒക്കെ ആയത് കൊണ്ട് അവളെ കൂടുതൽ ചൊറിയാൻ പോയില്ല

അങ്ങനെ അവളുടെ ഏതോ ആരാധകനെയാണ് അവൾ വാരിക്കോരി സഹായിച്ചത്

അവളുടെ വീട്ടുകാർ അവളുടെ പേരിൽ ഇട്ടു കൊടുത്ത കാശിൽ നിന്നും ഒരു ഒന്നരലക്ഷം രൂപ എടുത്തു അങ്ങ് വീശി..

അതും വീട്ടിലെ ശുപ്പാണ്ടിയുടെ ബുദ്ധിയുള്ള ജോലിക്കാരന്റെ കയ്യിൽ കൊടുത്തു വിട്ടു..സ്വന്തം പേര് പോലും മറന്നു പോകുന്നവനാണ് അവൻ....അവനോട് കാര്യങ്ങൾ ചോദിക്കുന്നതിലും ഭേദം അതു പാടെ ഉപേക്ഷിക്കുന്നതാണ് നല്ലത്

"അയാളുടെ കൊച്ചിന് മേലാഞ്ഞിട്ട് ആണേട്ടാ " അങ്ങനെയാണ് അവൾ പറഞ്ഞത്

കുട്ടികളുടെ പേരിൽ ആണ് ഇന്ന് കൂടുതൽ ചാരിറ്റി തട്ടിപ്പ്. അതു കൊണ്ട് തന്നെ അവൾ 'പറ്റിക്കപ്പെട്ടു ' എന്ന് എനിക്കു മനസ്സിലായി

അതു മാത്രം അല്ല...'അഞ്ഞൂറാൻ എന്ന ഐഡി അല്ലാതെ അയാളെക്കുറിച്ച് അവൾക്കൊന്നും അറിയില്ല താനും...

അയാൾ പറഞ്ഞ ഒരു മാസം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല... 'എന്തെങ്കിലും പറ്റിക്കാണും ' എന്ന് പറയുന്നതല്ലാതെ അവൾ ഒരിക്കലും സത്യം അംഗീകരിച്ചിരുന്നില്ല

പതിയെ പതിയെ... അവൾ എല്ലാം തിരിച്ചറിഞ്ഞു....'പറ്റിക്കപ്പെട്ടു ' എന്നത് അവൾക്കെന്തോ ഷോക്ക് പോലെ ആയി...

ഇനി ഒരിക്കലും എന്നോട് ചോദിക്കാതെ ഒരു സഹായവും ആർക്കും ചെയ്യില്ല എന്ന് പറഞ്ഞു...അങ്ങനെ ആ കാര്യം ഞങ്ങൾ മറന്നു തുടങ്ങി....

പക്ഷെ...എന്റെ ബിസിനസ് പതുക്കെ തകരാൻ തുടങ്ങി..ഞാൻ വിശ്വസിച്ചു കൂടെക്കൂട്ടിയ പലരും ചതിക്കുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു

ആദ്യമൊക്കെ വീട്ടുകാരിൽ നിന്നും മറച്ചുവെച്ചു എങ്കിലും വീടും കൂടെ ജപ്തി ആയപ്പോൾ എനിക്കൊന്നും പറയാതെ രക്ഷയില്ല എന്ന് വന്നു..

"കഞ്ഞിയാണേലും മ്മക്ക് ഒരുമിച്ചു കുടിക്കാമേട്ടാ " എന്ന് എന്റെ പൊട്ടിപ്പെണ്ണ് പറഞ്ഞപ്പോൾ ആവശ്യത്തിനുള്ള ബോധം അവൾക്കുണ്ടെന്നു എനിക്കു മനസ്സിലായി

അപ്പോഴാണ് അവൾ പറയുന്നത് "നമുക്കാ അഞ്ഞൂറാനോട് കാശ് തിരിച്ചു ചോദിച്ചാലോ എന്ന് "

എന്നെ പേടിച്ചിട്ട് അവൾ ഫേസ്ബുക് ഒക്കെ ഡിലീറ്റ് ചെയ്തിരുന്നു..

എനിക്ക് നന്നായി ദേഷ്യം വന്നെങ്കിലും 'എന്തേലും കാണിക്കെന്നു പറഞ്ഞു ' ഞാൻ പല്ലിറുമ്മി.....

വാടക വീട് അന്വേഷിക്കാൻ പോയ സമയത്തു എന്റെ ഫോണിൽ വന്ന മെസ്സേജ് കണ്ടു എന്റെ കണ്ണു തള്ളി...

ഏകദേശം രണ്ടു ലക്ഷം രൂപ എന്റെ അക്കൗണ്ടിലേക്കു വന്നിരിക്കുന്നു..

കൂടാതെ ഒരു കാളും...

വീട് ജപ്തി ഒഴിവാക്കാൻ ഉള്ള തുക അയാൾ ഏറ്റന്നും...കൂടാതെ അയാളുടെ ബിസിനസ് പാർട്ണർ ആകാൻ ഉള്ള ക്ഷണവും...

അവൾ അന്ന് സഹായിച്ച ആൾ കുറച്ചു വലിയ മീൻ ആയിരുന്നു..ചിട്ടി മുതലാളി ആയിരുന്നു...ഫണ്ട്‌ എവിടെയോ ബ്ലോക്ക്‌ ആയത് കൊണ്ട് മോൾക്ക് പെട്ടന്നൊരു അസുഖം വന്നപ്പോൾ വേണ്ടത്ര കാശ് അയാളുടെ കയ്യിൽ ഉണ്ടായിരുന്നില്ല....

അയാളുടെ 'ചിട്ടി ' പൊട്ടിയതായി വാർത്ത പരന്നിരുന്നതു കൊണ്ട് ആരും അയാളെ സഹായിക്കാൻ മുന്നോട്ട് വന്നില്ല

ബന്ധുക്കളെയും സുഹൃത്തുക്കളെയും വിശ്വസിച്ച അയാളെ അവർ ചതിച്ചു...അപ്പോൾ ആണ് ഇവൾ ആ പൈസ നൽകുന്നത്...

കുറച്ചു നാൾക്കകം സാമ്പത്തികമെല്ലാം ശരിയായി എങ്കിലും മോൾടെ വയ്യായ്ക അയാളെ വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തിച്ചു....

ഒരുപാട് നാളത്തെ ആശുപത്രി വാസത്തിനു ശേഷം മോളെ വീട്ടിലേക്ക് കൊണ്ടു വന്നപ്പോൾ ആണ് തിരിച്ചു കൊടുക്കാൻ ഉള്ള തുകയെക്കുറിച്ച് ഓർക്കുന്നത്...

അപ്പോഴേക്കും എന്റെ ഭീഷണിയിൽ അവൾ ഫേസ്ബുക് ഒക്കെ ഡിലീറ്റ് ചെയ്തിരുന്നു...

അങ്ങനെ എല്ലാം കലങ്ങിത്തെളിഞ്ഞപ്പോൾ ആണ് അവളാ ന ഗ്നസത്യം എന്നോട് പറഞ്ഞത്..

ഈ ഒന്നരലക്ഷം കൂടാതെ ഒരു അമ്പതിനായിരം കൂടി അവൾ കടം കൊടുത്തത്രെ....എന്നെ പേടിച്ചു അതു മിണ്ടാതിരുന്നതാണത്രേ...

അവരോടു കൂടി അവൾ കാശ് ചോദിച്ചപ്പോൾ അവര് ആലുവാ മണപ്പുറത്തു വച്ച് കണ്ട പരിചയം കാണിച്ചില്ലെന്ന് മാത്രമല്ല അവളെ ഭീഷണിപ്പെടുത്തുകയും ചെയ്തു...

അപ്പോ ഈ കിട്ടിയ ലോട്ടറി ചക്ക വീണു ചത്ത മുയൽ ആണെന്ന് എനിക്ക് മനസ്സിലായി..

അവളുടെ പൊട്ടത്തരം കൊണ്ട് ഞങ്ങൾ രക്ഷപെട്ടു...

എന്തായാലും പിന്നീട് റിസ്ക് എടുക്കാൻ വയ്യാത്തകൊണ്ട് സാമ്പത്തിക കാര്യങ്ങളിൽ എന്നെക്കൂടി അറിയിച്ചിട്ടേ ചെയൂ എന്ന് എന്റെ തലയിൽ തൊട്ട് അവളെക്കൊണ്ട് സത്യം ചെയ്യിച്ചു....

പൊട്ടി ആയത് കൊണ്ട് സത്യം തെറ്റിച്ചാൽ 'എന്റെ തല പൊട്ടിത്തെറിക്കുമെന്ന് ' പറഞ്ഞത് കൊണ്ട് അവൾ അത് അക്ഷരംപ്രതി അനുസരിച്ചും പോന്നു..

ആ സംഭവത്തോടെ 'വലിയ ബുദ്ധിമാനാ ഞാൻ ' എന്നുള്ള എന്റെ അഹങ്കാരവും മാറിക്കിട്ടി...അടുത്ത് അറിയാത്ത കുറേ 'നല്ല മനുഷ്യർ ' ഉണ്ടെന്ന സത്യവും എനിക്ക് മനസ്സിലായി..

Address

Karunagappally
690547

Telephone

9400300095

Website

Alerts

Be the first to know and let us send you an email when FUN FACT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to FUN FACT:

Share

Category