23/03/2019
ഞമ്മളെ താമരശ്ശേരി ചൊരം……
ഇങ്ങളരീലെ ഞമ്മളെ താമരശ്ശേരി ചൊരം.. ഹേയ്.. ഞമ്മൾടെ താമരശ്ശേരി ചൊരം.. ന്ന് !!
അപ്പൊറം ഇപ്പൊറം ഭയങ്കരമാന കുയ്യല്ലേ കുയ്യ്..
വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ നടന്‍ പപ്പു പറഞ്ഞു ഹിറ്റാക്കിയ ഡയലോഗാണ് ഇത്, ഈ ഡയലോഗ് അത്രപെട്ടന്നൊന്നും ആര്‍ക്കും മറക്കാന്‍ പറ്റില്ല...!
കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന മലമ്പാതയാണ് താമരശ്ശേരി ചുരം′ അഥവാ വയനാട് ചുരം.
ഇതു ദേശീയപാത 212-ന്റെ ഭാഗമാണ്. താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴി മലയെ വലംവെച്ചുള്ള ഒമ്പതു ഹെയര്‍ പിന്‍ വളവു കയറി വേണം വയനാടെത്താന്‍. എട്ടാമത്തെ വളവില്‍ നിന്ന് നോക്കിയാല്‍ ചുരം മുഴുവനും കാണാം.
ഈ പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയിൽ എത്തുമ്പോഴെക്ക് സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 700 മീറ്റർ മുകളിൽ എത്തും.
ചുരം കേറി വായനാട്ടിലേക്ക് വരുന്നവരെ ആദ്യം ആകർഷിക്കുന്നതും അതിശയിപ്പിക്കുന്നതും ഈ ചുരമാണ് ....ഓരോ യാത്രികനും യാത്ര ചെയ്യാൻ ഇഷ്ടപെടുന്ന വഴിയാണ് വയനാട് ചുരം..
കോട മഞ്ഞ് പാറി പറന്നു നടക്കുന്ന മലനിരകളും കോഴിക്കോടിന്റെ ആകാശ കാഴ്ചകളും പച്ച പുതച്ച വഴിയും ഏതൊരാളുടെയും മനം നിറയ്ക്കും. മഴക്കാലത്താണ് ചുരം കൂടുതൽ സുന്ദരിയാവുന്നത്.
പാതയ്ക്ക് ഇരുവശങ്ങളിലും ഉള്ള ഇടതൂർന്ന വനം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ നിർമിച്ച ഈ പാത പിൽകാലത്തു വാഹനഗതാഗതത്തിനുള്ള പാതയായി
മാറുകയായിരുന്നു.
ബ്രിട്ടീഷുകാരാണ് താമരശ്ശേരി ചുരം പാത നിർമ്മിച്ചത്. ബ്രിട്ടീഷ് എഞ്ചിനീയർക്ക് ഈ വഴി കാണിച്ച് കൊടുത്തത് തദ്ദേശീയരായ ആദിവാസികളായിരുന്നു. വഴി കാണിച്ചു കൊടുത്ത കരിന്തണ്ടൻ എന്ന ആദിവാസിയെ ഈ കണ്ടുപിടിത്തത്തിന്റെ അവകാശം സ്വന്തമാക്കുവാനായി ബ്രിട്ടീഷ് എഞ്ചിനീയർ കൊന്നു കളഞ്ഞു എന്നു പറയപ്പെടുന്നു.
ഈ ആദിവാസിയുടെ ആത്മാവിനെ ബന്ധിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ചങ്ങല മരം വയനാട്ടിലെ ലക്കിടിയിൽ സ്ഥിതി ചെയ്യുന്നു.
ലക്കിടിയില്‍ റോഡ് സൈഡില്‍ തന്നെ ആണ് ചങ്ങല മരം അഥവാ ചെയിന്‍ ട്രീ സ്ഥിതി ചെയ്യുന്നത് ..കോളി എന്നറിയപ്പെടുന്ന ആ വലിയ മരത്തെ ഒരു ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നതു കാണാം ചുവട്ടില്‍ ഒരു കുഞ്ഞു അമ്പലവും വിളക്കും പിന്നെ കുറച്ചു ദൂരത്തായി വഴിക്കിണറും ഉണ്ട് ...ചങ്ങലമരം മുനീശ്വരന്‍ കോവില്‍ എന്ന ഒരു പഴയ ഇരുമ്പ് ബോര്‍ഡും കാണാം..
കാലമേറെ കഴിഞ്ഞപ്പോൾ ചുരം പാതയിൽ ഗതാഗതം കൂടി. ചെറുവാഹനങ്ങൾ മുതൽ കണ്ടെയ്നർ ലോറികൾ വരെ ഈ പാതയിലൂടെ യാത്ര തുടങ്ങി. ഇപ്പോൾ ചുരത്തിന്റെ അവസ്ഥ പരിതാപകരമായി മാറിയിട്ടുണ്ട്.
അശാസ്ത്രീയമായ നിർമാണങ്ങളും, മഴക്കാലത്തുണ്ടാകുന്ന മണ്ണിടിച്ചിലും ഉരുൾപൊട്ടലും, ചുരത്തിനു ദോഷമാകുന്നുണ്ട്,. ബദൽപാതകൾ വന്നാൽ ചുരം റോഡിന്റെ ശ്വാസം മുട്ടൽ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും.