09/04/2024
NITHYAKALYANI HERITAGE
പുതിയ വീട്ടിൽ ഒരു വർഷം പൂർത്തിയാവുകയാണ്😍ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്ന കാലം വരെ ഓലപ്പുരയിലായിരുന്നു 🛖താമസം മണ്ണ് കൊണ്ടുള്ള ചുമരുകൾ, ചാണകം മെഴുകിയ തറ ,അങ്ങനെ ഒറ്റ മുറി മാത്രം ഉള്ള ഒരു അടുക്കളയും നീളൻ വരാന്തയുമുള്ള ഒരു വീട് , ഇടവപ്പാതിയിൽ മഴ പെയ്യുമ്പോൾ ചിലപ്പോൾ മഴവെള്ളം ചോർന്ന് ഒലിക്കുമ്പോൾ വെള്ളം അകത്ത് വീഴാതിരിക്കാൻ പാത്രങ്ങൾ വയ്ക്കുമായിരുന്നു .മഴവെള്ളം പാത്രത്തിൽ വീഴുന്ന ശബ്ദം ഉറക്കത്തിന് താളം പിടിക്കും .... ഇടവപ്പാതിയിലെ മഴ അത് ചിലപ്പോൾ ഇടിമിന്നലും കാറ്റും ഒക്കെയായി പേടിപ്പെടുത്തും അപ്പോഴൊക്കെയും അമ്മയുടെ അടുത്ത് അഭയം പ്രാപിക്കുമായിരുന്നു ..... പേടിയിൽ നിന്ന് രക്ഷ തേടാൻ എന്നവണ്ണം ,ഞാൻ ചിലപ്പോൾ ചോദിക്കുമായിരുന്നു നമുക്കും ഒരു ഓടുമേഞ്ഞ വീട് ഉണ്ടാക്കിയാൽ എന്താ......? [അതിനുള്ള സാഹചര്യങ്ങൾ ഒന്നും അക്കാലത്ത് ഇല്ലായിരുന്നു എന്ന് കുട്ടിയായ എനിക്കറിയില്ലായിരുന്നു 😢]
ഇന്ന് ഓട് മേഞ്ഞ വീട് ഉണ്ടാക്കിയപ്പോൾ കൂടെ അമ്മ ഇല്ല !?
സിമന്റിന്റെ ഉപയോഗം വളരെ കുറച്ചുകൊണ്ട് കോൺക്രീറ്റ് ഇല്ലാതെ ചെമ്മണ്ണ് തേച്ച ചുമരുള്ള, മരത്തടി കൊണ്ട് മച്ച് ഒരുക്കി ,
കരിങ്കല്ല് കൊണ്ട് നിലമൊരുക്കി ,
മ്യൂറൽ ചിത്രങ്ങളും ,ചെങ്കല്ല് കൊണ്ട് കവിത എഴുതിയ നടുമുറ്റമുള്ള പൗരാണികമായ ഒരു ശ്വസിക്കുന്ന വീട് ....... അരികിൽ തോടൊഴുകുന്ന , കുളിപ്പുരയും ,പടിപ്പുരയും ,തെക്കിനിയും ,വടക്കിനിയും ,ചെങ്കൽ വിരിച്ച മുറ്റവും ,താമരക്കുളവും ,ശില്പ ചാതു ര്യമുള്ള കിണറും, തുളസിത്തറയും, തികച്ചും പഴമ തോന്നുന്ന പുതിയ വീട്
എയർകണ്ടീഷനും ഫാനും ഒന്നുമില്ലാത്ത വീട്
മഴക്കാലത്ത് . തോടൊഴുകുന്ന ശബ്ദവും , നടു മുറ്റത്തെ ജലാശയത്തിലെ തവളകളും മീനുകളും ഉദ്യാനത്തിൽ മന്ദാരവും, ശംഖ്പുഷ്പവും, പിച്ചകവും ,ചുമപ്പ് ചെമ്പകവും, കൂവളവും ,മഞ്ഞ മുളയും , സപ്പോട്ടയും ,മാവും ,പ്ലാവും, വണ്ടുകളും, ശലഭങ്ങളും ,കിളികളും, ഒക്കെയായി ഇവിടം സ്വർഗ്ഗമാണ്.....