
11/10/2025
ആൾക്കൂട്ട കൊലപാതകം; പ്രതികൾ റിമാൻഡിൽ
കായംകുളം : മോഷണം ചോദ്യം ചെയ്ത മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മൂന്നും നാലും അഞ്ചും പ്രതികള്‍ റിമാന്‍ഡില്‍. കായംകുളം ചേരാവള്ളി കുന്നയ്യത്ത് കോയിക്കല്‍ വീട്ടില്‍ സുരേഷിന്റെ ഭാര്യ കനി (51), കനിയുടെ മകന്‍ വിഷ്ണു (30), വിഷ്ണുവിന്റെ ഭാര്യ അഞ്ജന (ചിഞ്ചു-28) എന്നിവരെയാണ് കായംകുളം ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. വിഷ്ണുവിന്റെ രണ്ട് വയസുള്ള മകന്റെ കൈയില്‍ കിടന്ന രണ്ടര ഗ്രാമിന്റെ സ്വര്‍ണ്ണ ബ്രേസ്‌ലെറ്റ് മോഷ്ടിച്ചതിന് കായംകുളം ചേരാവള്ളി സ്വദേശിയായ ഷിബു (സജി-50) വിനെ ചോദ്യം ചെയ്ത് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് പിടിയിലായത്. ഷിബു ബീഡി വാങ്ങാന്‍ പോയി തിരികെ വരുന്ന വഴി വീടിന് സമീപമുള്ള തോട്ടില്‍ വീഴുകയും ഇത് കണ്ട് ഷിബുവിന്റെ ഭാര്യയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളായ ഏഴോളം പ്രതികള്‍ ഷിബുവിനെ കനാലില്‍ നിന്നും കരയ്ക്ക് കയറ്റിയ ശേഷം മോഷണത്തിന്റെ പേരില്‍ മര്‍ദ്ദിക്കുകയും ഷിബു മരണപ്പെടുകയുമായിരുന്നു.
കായംകുളം ഡി.വൈ.എസ്.പി ടി. ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ സി.ഐ അരുണ്‍ ഷായുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.