07/08/2020
ജീവനും സ്വത്തിനും മുകളിൽ മരണമണി മുഴങ്ങുമ്പോൾ - EIA Draft 2020 Contradictions
ഒരു ദിവസം രാവിലെ നിങ്ങളുടെ വീടിന്റെ മുന്നിലെ നിങ്ങളുടെ സ്വന്തം പറമ്പിൽ ഒരു കൂട്ടം ആളുകൾ ആധുനിക യന്ത്രങ്ങളുടെ സഹായത്തോടുകൂടി നിങ്ങൾ നനച്ചു നട്ടു വളർത്തിയ മരങ്ങൾ ചുവടോടെ പിഴുതെറിയെന്നു. അത് കണ്ട് നിങ്ങൾ ചോദിക്കാൻ ചെല്ലുമ്പോഴാണ് അറിയുന്നത് ഇവിടെ നാളെ മുതൽ ഒരു കരിങ്കൽ ക്വാറി പ്രവർത്തനം തുടങ്ങാൻ പോകുകയാണ് അതിനാൽ നിങ്ങൾ നിങ്ങടെ സ്വന്തം സ്ഥലത്തുനിന്നും ഇന്ന് തന്നെ ഒഴിയണം എന്ന്.
ഇത് എവിടുത്തെ ന്യായം എന്ന് ആലോചിച്ചു, നിങ്ങൾ നിങ്ങളുടെ പരാതി പറയാൻ അധികാരികളെ സമീപിക്കുന്നു. അപ്പോൾ അവർ പറയുന്നത് നിങ്ങൾക്ക് ഇത് പരാതിപ്പെടാനുള്ള അവകാശം ഇല്ല, ഇത് പരാതിപ്പെടേണ്ടത് ആ സ്ഥലം കയ്യേറി നിർമ്മാണ പ്രവർത്തനം നടത്തുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനോ, അല്ലേൽ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മാത്രമേ സാധിക്കുള്ളു എന്ന്.
ഇത് വായിക്കുന്നവർക്ക് ഇപ്പോൾ തോന്നാനുണ്ടാകും, ഇവൻ എന്താണ് ഇത് എഴുതി പിടിപ്പിചിരിക്കുന്നത്. ഇതൊന്നും ഒരിക്കലും നടക്കാത്ത കാര്യം അല്ലേ, സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യം.
എന്നാൽ നമ്മൾ എല്ലാവരും കരുതി ഇരിന്നോളു. നാളെ ഇത് ഒരുപക്ഷെ സംഭവിച്ചേക്കാം. അതെ കേന്ദ്രസർക്കാർ നമ്മുടെ പരിസ്ഥിയും, നമ്മുടെ ഭാവിയെയും, ഭൂമിയെയും എന്നത് വേണ്ട സകലതിനെയും നശിപ്പിക്കാൻ പാകത്തിന് ഒരു ആക്ട് പരിഷ്കരിക്കാൻ തുടങ്ങുന്നു.
Environmental Impact Assessment, 2020
EIA Draft, 2020 എന്നൊരു ഡ്രാഫ്റ്റ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, 2020 മാർച്ച് 12ന് പുറത്തിറക്കുകയുണ്ടായി. കൊറോണയുടെ മറവിൽ, സ്വപ്നയുടെ സാരിത്തുമ്പിനുപിന്നാലെ പായുന്നതിനിടയിൽ ഒരു മുഖ്യധാരാ മാധ്യമങ്ങളിൽ പോലും ഇതൊരു വാർത്തയായി പോലും വന്നിട്ടില്ല എന്നതുകൊണ്ട് എന്താണ് EIA ഡ്രാഫ്റ്റ് 2020 എന്ന് ജനങ്ങൾ പോലും അറിഞ്ഞിട്ടുണ്ടാവില്ല.
എന്താണ് Environmental Impact Assessment ( EIA)??
1984 ഡിസംബർ 2ലെ ഭോപ്പാൽ ദുരന്തത്തിൽ 23000 ആളുകളാണ് മരിച്ചത്, ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായാണ് ഭോപ്പാൽ ദുരന്തത്തെ കണക്കാക്കുന്നത്. ഭോപ്പാൽ വാതക ചോർച്ചയുണ്ടായ ആ കമ്പനി ( Union Carbide India Limited ) യാതൊരുവിധ നിയമങ്ങളും, സുരക്ഷാ ക്രമീകരണങ്ങളും, അനുമതിയും കൂടാതെയാണ് പ്രവർത്തിച്ചു വന്നത് എന്ന കണ്ടത്തലിന്റെ വെളിച്ചത്തിൽ, പരിസ്ഥിതിക്കും ഭൂമിക്കും, മനുഷ്യനും അപകടം സൃഷ്ടിക്കുന്ന വികസനപ്രവർത്തനങ്ങൾക്ക് ഒരു നിയന്ത്രണം വേണം എന്ന കാരണത്താൽ 1986ൽ നിലവിൽ വന്ന ശക്തമായ ഒരു നിയമമാണ് " Environmental Protection Act, 1986 ".
1994 ൽ പരിസ്ഥിതി സംരക്ഷണ നിയമത്തിൽ ഉൾപ്പെടുത്തിയ പ്രൊവിഷനാണ് Environmental Impact Assessment. ( പരിസ്ഥിതി ആഘാത പഠനം )
ഒരു നിർമ്മാണ പ്രവർത്തി ആരംഭിക്കുന്നതിന് മുൻപായി അവിടെ അത് നിലവിൽ വന്നാൽ അവിടെത്തെ പരിസ്ഥിതിക്കും ജനങ്ങൾക്കുമുണ്ടാകുന്ന ആഘാതം പഠിക്കുകയും ഇനി അത് ജനങ്ങളെയും, പരിസ്ഥിതിയെയും സാരമായി ബാധിക്കുകയാണെങ്കിൽ അതിനെ എതിർക്കാനും ആ നിർമ്മാണത്തിന് അനുമതി നിഷേധിക്കാനും ഉതകുന്ന ഒരു പ്രൊവിഷനാണ് EIA ഉറപ്പ് തരുന്നത്.
1996 ൽ നിലവിൽ വന്ന്, 2006ൽ പരിഷ്കരിക്കപ്പെട്ട നിയമം, 2020ൽ വീണ്ടും പരിഷ്കരിക്കാനുള്ള നിർദ്ദേശം അടങ്ങിയ ഡ്രാഫ്റ്റാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 11ഓടെ പൊതുജനങ്ങൾക്ക് ഇതിനെതിരെയുള്ള എതിർപ്പുകളും, നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള തീയതി അവസാനിക്കാൻ ഇരിക്കെ, EIA Draft 2020ൽ കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങൾ ഒന്ന് പരിശോധിക്കാം...
1. അഭിപ്രായം പറയാനുള്ള, അറിയിക്കാനുള്ള സ്വാതന്ത്രത്തെ പുതിയ നിയമത്തിൽ നിന്നും തുടച്ചു മാറ്റപ്പെട്ടിരിക്കുന്നു.
മുൻപ് നിലവിൽ ഉണ്ടായിരുന്ന നിയമത്തിൽ. ജനങ്ങൾക്ക് ഒരു പദ്ധതി വരുന്നതിന് മുൻപ് അവരുടെ ആശങ്കകളും, പരാതികളും പരിഗണിക്കാൻ വേണ്ടിയുള്ള Public Hearing/Public Consultation പുതിയ നിർദ്ദേശത്തിൽ നിന്നും ഒഴിവാക്കി/ ലഘൂകരിച്ചുകൊണ്ടുള്ള നിർദ്ദേശം ആണ് വന്നിരിക്കുന്നത്.
➡️പരാതികൾ / ആശങ്കകൾ പറയാനുള്ള സമയം 30 ദിവസങ്ങൾ എന്നത് വെട്ടിച്ചുരുക്കി 20 ദിവസം എന്നാക്കി കുറച്ചു.
➡️ പരാതി പറയാനുള്ള അവകാശം, ആ പദ്ധതി നടക്കുന്ന സ്ഥലത്തിന്റെ ഉടമയ്‌ക്കോ, നാട്ടുകാർക്കോ ഇനി ഉണ്ടാവില്ല പകരം അതിനുള്ള അവകാശം ആ പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനത്തിനോ, അതുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്കോ മാത്രം ആയി ലഘൂകരിച്ചു.
അതായത് നമ്മുടെ സ്ഥലം നശിപ്പിച്ചു അവിടെ ക്വാറി പണിയാൻ വരുന്ന സ്ഥാപനത്തിന് മാത്രമേ പരാതി പറയാൻ അനുവാദമുള്ളു എന്ന്.
2.നിലവിൽ പ്രവർത്തിക്കുന്ന പ്രോജക്ടുകളുടെ വികസനത്തിന് ഇനി വീണ്ടും പരിസ്ഥിതി ആഘാത പഠനത്തിന്റെ ആവശ്യം ഇല്ല എന്നതാണ് പുതിയ നിർദ്ദേശം. ( ജലസേചനം, റോഡ് നിർമ്മാണം തുടങ്ങിയവ )
3.Project Concerning The National Security Or Involving Other Strategic Consideration.
ദേശീയ സുരക്ഷയെ ബാധിക്കുന്ന പദ്ധതികൾക്കൊന്നും Environmental Impact Assessment(പരിസ്ഥിതി ആഘാത പഠനത്തിന്റെ) ആവശ്യമില്ല.
4.ദേശീയ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഒരു സ്ഥലത്തും പരിസ്ഥിതി ആഘാത പഠനത്തിന്റെ ആവശ്യമില്ല.
കേൾക്കുമ്പോൾ ചെറിയ കാര്യം, അതിർത്തിയിൽ അല്ലേ, അതിർത്തി ആകപ്പാടെ കുറച്ചല്ലേയുള്ളു എന്ന് ചിന്തിക്കും. അതിനുള്ളിലാണ് ഇതിന്റെ കുരുക്കുള്ളത്.
ഇവിടെ രാജ്യത്തിന്റെ അതിർത്തിയായി നിർദ്ദേശിച്ചിരിക്കുന്നത് 100 കിലോമീറ്റർ ഏരിയൽ ഡിസ്റ്റൻസ് ആണ് നിശ്ചയിച്ചിരിക്കുന്നത്.
അതായത് ഈ 100 കിലോമീറ്ററിൽ നിർമ്മാണം നടത്താൻ യാതൊരുവിധ പരിസ്ഥിതി ആഘാത പഠനവും കൂടാതെ അനുമതി ലഭിക്കും.
ഈ 100 കിലോമീറ്റർ പരിധികൊണ്ട് ഉദ്ദേശിക്കുന്നത്, ഏറ്റവും ലളിതമായി ചിന്തിച്ചാൽ നമുക്ക് മനസിലാക്കാം വടക്ക് കിഴക്കൻ ഇന്ത്യയാണ് അവരുടെ ലക്ഷ്യം വച്ചിരിക്കുന്നത്.രാജ്യത്തെ തന്നെ ഏറ്റവും ജൈവ വൈവിധ്യങ്ങൾ നിറഞ്ഞ ഇടം, അവിടുത്തെ ധാതുക്കലവറ, വൈവിധ്യങ്ങൾ ചൂഷണം ചെയ്യാൻ വേണ്ടിയുള്ള ഒരു നയം. കോർപ്പറേറ്റ് ഭീമന്മാമാരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ നയം അവരുടെ വളർച്ചയ്ക്ക് ഉതകുന്ന ഒരു നിർദ്ദേശമാണ് ഇത്.
5. പന്ത്രണ്ട് നൗട്ടിക്കൽ മൈലിലിനുള്ളിൽ കടലിലുള്ള പദ്ധതികൾ.
6. പദ്ധതികളെ മൂന്ന് ആയി തരം തിരിച്ചിരിക്കുന്നു. കാറ്റഗറി A, B1, B2
ഇവയിൽ B2 വിന് പബ്ലിക് ഹിയറിങ്ങ് ആവശ്യമില്ല എന്നതാണ് പുതിയതായി വന്നിരിക്കുന്ന ഏറ്റവും പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന്.
കാറ്റഗറി B2ൽ ഉൾപ്പെട്ട 40ഓളം പദ്ധതികൾക്ക് ഇനി മുതൽ പരിസ്ഥിതി ആഘാത പഠനത്തിന്റെ ആവശ്യം ഇല്ല.
ജലസേചനം, ഹൈവേ വികസനം, ഫർമസി കമ്പനികൾ, എല്ലാ മാനുഫാക്റ്റർ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ, രണ്ട് ഹെക്ടറിൽ താഴെയുള്ള ക്വാറികളുടെ പ്രവർത്തനം, 20000 മുതൽ 1.50 ലക്ഷം ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള കെട്ടിട നിർമ്മാണം ഉൾപ്പെടെയുള്ള നാല്പതോളം പദ്ധതികൾക്ക് Public Consultation ഇനി മുതൽ ആവശ്യമില്ല. ജനങ്ങളുടെ പരാതികളും ആശങ്കകളും പറയാൻ ഇനി അവസരമില്ല, അവരെ അവഗണിച്ചു മുൻപോട്ട് പോകാം എന്ന അനുവാദം കൊടുത്തുകൊണ്ടുള്ള നിർദ്ദേശം.
7. ഇനി കാറ്റഗറി A യിലും, B1ലും വരുന്നപദ്ധതികൾക്ക് പരിസ്ഥിതി ആഘാത പഠനവും, Public Hearing/ Public Consultation തുടങ്ങിയവ ആവശ്യമുള്ള പദ്ധതികൾക്ക് അനുമതി ലഭിക്കുവാനായി അവിടെ മൊത്തം ആകെ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ തുക കണക്കാക്കി, കുറച്ചൂടെ വ്യക്തമാക്കിയാൽ പരിസ്ഥിതിയ്ക്കും, ജനങ്ങളുടെ സ്വത്തിനും, ജീവനും ഉണ്ടാകുന്ന നഷ്ടത്തിന്റെ തുക കണക്കാക്കി ആ തുകയുടെ രണ്ടോ, മൂന്നോ ഇരട്ടി പണം നഷ്ടപരിഹാരമായി കണക്കാക്കി പിഴ ഒടുക്കിയാൽ, അവിടെ നിർമ്മാണം നടത്താനുള്ള അനുമതി പത്രം ലഭിക്കും.
അതിലും തമാശ എന്തെന്നാൽ, നിർമ്മാണ അനുമതിക്ക് നേരത്തെ അപേക്ഷിക്കണ്ട കാര്യമില്ല, നിർമ്മാണം തുടങ്ങി കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും അപേക്ഷിച്ചാൽ മതി എന്നതാണ് പുതിയ നിർദ്ദേശം.
ഒരു ഉദാഹരണമായിട്ട് പറഞ്ഞാൽ, അതിരപ്പിള്ളിയിൽ ഡാം പണിയണമെങ്കിൽ, ആദ്യം അവിടുത്തെ കാടും, മരങ്ങളും എല്ലാം വെട്ടി മാറ്റിയിട്ട് മാത്രം അനുമതി തേടി പോയാൽ മതി, അനുമതി നിസാരമായിട്ട് നേടി എടുക്കാൻ സാധിക്കും.
8.അതിർത്തി മേഖലയിലെ ഹൈവേ നിർമ്മാണം, വ്യാവസായിക മേഖലയിലെ വികസനം തുടങ്ങിയവയ്ക്ക് Appraisal കമ്മിറ്റിയുടെ ( Public Hearing വഴി ജനങ്ങളുടെ പരാതികൾ സ്വീകരിച്ചു, അതിനെപ്പറ്റി പഠിച്ചു. നിർമ്മാണങ്ങൾക്ക് അനുമതി കൊടുക്കണോ വേണ്ടയോ എന്ന് പരിസ്ഥിതി മന്ത്രാലയത്തിന് നിർദ്ദേശം കൊടുക്കുന്ന സമിതി ) നിർദ്ദേശം പരിഗണിക്കാതെതന്നെ ഓൺലൈൻ വഴി പദ്ധതിക്ക് അംഗികാരം കൊടുക്കാനുള്ള നിർദ്ദേശം.
9. ഇതുപോലുള്ള നിർദ്ദേശങ്ങളും/തീരുമാനങ്ങളും അടങ്ങിയ ഡ്രാഫ്റ്റുകൾ എല്ലാ പ്രാദേശിക ഭാഷയിലും പ്രസിദ്ധികരിക്കണം എന്ന സുപ്രീം കോടതി നിർദ്ദേശം ഉണ്ടായിട്ടും ഈ ഡ്രാഫ്റ്റ് ഇംഗ്ലീഷിലും, ഹിന്ദിയിലും മാത്രമേ പ്രസിദ്ധികരിച്ചിട്ടുള്ളു എന്നതിൽ നിന്ന് ഇതിന്റെ പിന്നിലെ ഗൂഢ ലക്ഷ്യം മനസിലാക്കാം.
കോർപ്പറേറ്റ് ഭീമന്മാരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള അജണ്ടകളാണ് നടപ്പാക്കുകയാണ് ഈ ഡ്രാഫ്റ്റിലൂടെ ഉന്നം വയ്ക്കുന്നത് എന്ന് ഈ ഡ്രാഫ്റ്റ് മനസിരുത്തി വായിക്കുന്ന ഏതൊരാൾക്കും മനസിലാകും.Public Consultation പോലും ഒഴിവാക്കി കൊണ്ടുവന്ന ഈ ഡ്രാഫ്റ്റിനെ സുപ്രീം കോടതി പോലും എതിർക്കുകയും ഇത് ജനാതിപത്യ വിരുദ്ധമാണ് എന്ന് അഭിപ്രായപ്പെടുകയും ചെയ്യുകയുണ്ടായതാണ്.
നമ്മുടെ രാജ്യത്തിന്റെ പരിസ്ഥിതിയെയും, ജനജീവിതത്തയും, ഭാവി തലമുറയെയും തന്നെ ബാധിക്കുന്ന തരത്തിലുള്ള ഈ ഡ്രാഫ്റ്റിലെ നിർദ്ദേശങ്ങൾക്കതിരെയുള്ള പരാതികളും, നിർദ്ദേശങ്ങളും അറിയിക്കുവാനുള്ള തീയതി സുപ്രീം കോടതി ഇടപെടൽ മൂലം ഓഗസ്റ്റ് 11 വരെ നീട്ടിയിട്ടുണ്ട്.
തമിഴ് താരം കാർത്തി ഉൾപ്പടെ പ്രതികരിച്ചപ്പോഴാണ് ഇത് പല ആളുകളുടെയും അടുത്തേയ്ക്ക് എത്തുന്നതും പലരും അറിയുന്നത് തന്നെയും. തമിഴ് നാട്ടിൽ 75ഓളം യുവജന സംഘടനകൾ ഈ ഡ്രാഫ്റ്റ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ക്യാമ്പയിൻ തന്നെ ചെയ്യുന്നുണ്ട്.ഈ സാഹചര്യത്തിൽ വീണുകിട്ടിയ സാരിത്തുമ്പിന്റെ പുറകെ പോകുന്ന കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ പോലും ഇതിനെപറ്റി അറിഞ്ഞിട്ടുണ്ടോ എന്നതിൽ സംശയമുണ്ട്.
Our Deadline is Ahead..
നമ്മുക്ക് മുന്നിൽ ഇനി ഏതാനം മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളു.
നമ്മുടെ ഭാവിതലമുറയ്ക്കും, നമ്മൾ ശ്വസിക്കുന്ന വായുവിനും, കുടിയ്ക്കുന്ന വെള്ളത്തിനും, നമ്മൾ ജീവിക്കുന്ന ഭൂമിക്കുവേണ്ടിയെങ്കിലും നമുക്ക് ഇതിനെതിരെ അണിചേരാം. നിങ്ങളുടെ വിലപ്പെട്ട സമയത്തിന്റെ കുറച്ച് ഇതിനുവേണ്ടി മാറ്റിവെയ്ക്കുക. നമ്മുടെ കൈവിരൽ തുമ്പിൽ നിന്ന് തന്നെ ഈ ഡ്രാഫ്റ്റ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് [email protected] (Ministry Of Environment forest and Climatic Change )ഒരു മെയിൽ അയക്കുക വഴി നമ്മുടെ പ്രതിക്ഷേധവും, പരാതികളും, ആശങ്കകളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കാം.
ജാതിയും, മതവും, രാഷ്ട്രിയവും എല്ലാം മാറ്റിവെച്ചു നമുക്ക് ഒന്നിച്ചു അണിചേരാം നമ്മുടെയും ഒപ്പം നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിക്കും ജീവജാലങ്ങളുടെ നിലനില്പിനുവേണ്ടി.
The Mail Id is Given Below to Submit Your Objections, Suggestions abount this draft..
E-mail - [email protected]
To,
C K Mishra
The Secretary, Ministry of Environment, Forest and Climatic Change
Indira Paryavaran Bhavan, Jor bhag Road, Alliganj, New Delhi - 110 003
(ഗൂഗിളിൽ ഈ ലെറ്റെറിന്റെ ഒരുപാട് ഫോർമാറ്റുകൾ കിടപ്പുണ്ട്, ഏറ്റവും കുറഞ്ഞത് അതൊന്ന് വായിച്ചുനോക്കി കോപ്പി പേസ്റ്റ് ചെയ്‌തെങ്കിലും അയക്കുക )
ജാതിയും, മതവും, രാഷ്ട്രിയവും എല്ലാം മാറ്റിവെച്ചു നമുക്ക് ഒന്നിച്ചു അണിചേരാം നമ്മുടെ നിലനില്പിനുവേണ്ടി.
(വളരെ വൈകി എഴുതുന്ന പോസ്റ്റ് ആണ് ഇത്, പക്ഷേ നമുക്ക് ഇനിയും സമയമുണ്ട് ഓഗസ്റ്റ് 11 വരെ.)
കടപ്പാട് : Adwaid
ഇത് ഒരു ഓൺലൈൻ വോട്ടിങ് ആണ്. ElA 2020യെ എതിർക്കുന്നവർ പങ്കെടുക്കുക .
👇👇👇👇👇👇👇👇👇👇
https://us17.campaign-archive.com/?u=d926ad91e071ef3e9923817f0&id=aaf48e3413