25/12/2020
"മുങ്ങാം ; കൂടെ മുങ്ങാൻ ആരേലും ഉണ്ടെങ്കിൽ ഇപ്പൊ മുങ്ങണം"
2017 ൽ ഈ ചിത്രം FB യിൽ പോസ്റ്റ് ചെയ്തപ്പോൾ അനിലേട്ടൻ എഴുതിയ വരികളാണിത്...!!
നെഞ്ച് തകർന്നിരിക്കുമ്പോൾ ഈ വരികൾ വീണ്ടും വീണ്ടും മുറിവേൽപിക്കുന്നു...
കൈരളി ടി.വി യിൽ ആരും ചിന്തിക്കാത്ത ഒരാശയവുമായി ജുറാസിക് വേൾഡ് എന്ന പരിപാടിയിലൂടെയാണ് അനിലേട്ടനെ ആദ്യം കാണുന്നത്...പിന്നെ ഒരുപാട് കാലം കാണാനുണ്ടായിരുന്നില്ല...പിന്നെ ഞെട്ടിപ്പിച്ച അഭിനയ മിന്നലാട്ടങ്ങളുമായി ഞാൻ സ്റ്റീവ് ലോപ്പസിലൂടെ തിരിച്ചെത്തി...പിന്നെ വസന്തകാലമായിരുന്നു ; അനിൽ നെടുമങ്ങാടിന്റെ അഭിനയ തേരോട്ടത്തിന്റെ... കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ...
അയാൾ നടന്ന് തുടങ്ങുകയായിരുന്നു ; വലിയ വിസ്മയങ്ങളിലേക്ക്...പക്ഷെ കെട്ടകാലം അനിലേട്ടനും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർക്കും കരുതി വെച്ചത് മുങ്ങാം കുഴിയിടാൻ ആഗ്രഹമുള്ളവന് ഒരു പുഴയായിരുന്നു... തന്റെ ഓളങ്ങളെ ഇഷ്ടപ്പെട്ടവനെ ഇനിയൊരിക്കലും വിട്ടു നൽകാത്ത വിധം പുഴ കെട്ടിപിടിച്ചു...
പുഴ ശ്വാസം മുട്ടിച്ചപ്പോൾ അനിലേട്ടൻ ചിരിച്ചോയെന്നറിയില്ല ; പക്ഷെ ഞങ്ങൾ കരയുകയാണ്...ഇനിയും തീരാത്ത പകയുമായി മുടിയഴിച്ചാടുന്ന 2020 നെ ചങ്കിടറി ശപിച്ചു കൊണ്ട്...!
മണിക്കൂറുകൾ മുൻപെ സച്ചിയുടെ ചിത്രം FB കവറാക്കി അനിലേട്ടൻ എഴുതി ; ഇനി മരിക്കും വരെ ആ ചിത്രം മാറ്റില്ലെന്നുറപ്പിച്ച്...!
ഒരിക്കൽ കൂടി ആ അക്കൗണ്ട് തുറന്നു...ഒരുപാട് സർക്കാസ പോസ്റ്റുകൾ കണ്ട ആ ടൈം ലൈനിൽ കണ്ണുനീർ വീണ് നനഞ്ഞിട്ടുണ്ട്...തേങ്ങലുകൾക്കിടയിൽ ചില വാക്കുകളും കേട്ടു...
"അറം പറ്റിപ്പോയല്ലോ അനിലേ"
രാഹുൽ മോഹൻ രാഗിണി