
19/07/2025
ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കായി സംഘടിപ്പിച്ച അക്ഷരമുറ്റം ഉല്ലാസക്കളരി ശ്രദ്ധേയമായി.
കുട്ടികളിൽ സാമൂഹിക ശേഷികളും മനോഭാവങ്ങളും വളർത്തിക്കൊണ്ടുവരിക എന്ന പഠനപ്രക്രിയയുടെ സുപ്രധാന ലക്ഷ്യങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പഠനകളരിയിൽ വിവിധ കോഴ്സുകളിൽ പഠിക്കുന്ന ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു.
പഠനം കൂടുതൽ 'രസകരമാക്കാൻ സഹായിക്കുന്നതിനൊപ്പം സാമൂഹിക കഴിവുകൾ വളർത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം കളരികൾ സംഘടിപ്പിക്കുന്നതെന്ന് സമാജം ആക്ടിംഗ് പ്രസിഡൻ്റ് ദിലീഷ് കുമാറും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും പറഞ്ഞു.
പ്രമുഖ നാടക - നാടൻ കലാകാരനും പരിശീലകനും സംവിധായകനുമായ ഉദയൻ കുണ്ടംകുഴി കളരിക്ക് നേതൃത്വം നൽകി. പഠനവും ജീവിതവും ഫലപ്രദമാകുന്നത് സമൂഹവുമായുള്ള നിരന്തര കൊടുക്കൽ വാങ്ങലിലൂടെയാണെന്നും പഠനത്തിൽ സംഘ പ്രവർത്തനങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ.വിനയചന്ദ്രൻ.ആർ.നായർ സ്വാഗതം ആശംസിക്കുകയും ആക്ടിംഗ് പ്രസിഡൻ്റ് ശ്രീ.ദിലീഷ് കുമാർ, ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ എന്നിവർ ആശംസകളും പാഠശാല കൺവീനർ ശ്രീ.സുനേഷ് സാസ്കോ കൃതജ്ഞതയും രേഖപ്പെടുത്തി. ഭരണ സമിതി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും ഭാഷാപ്രവർത്തകരും അടക്കം നിരവധിപേർ സന്നിഹിതരായിരുന്ന ചടങ്ങിന് മലയാളം മിഷൻ ചാപ്റ്റർ കോഡിനേറ്ററും പാഠശാല വൈസ് പ്രിൻസിപ്പാളുമായ ശ്രീമതി. രജിത അനി ഏകോപനം നിർവഹിച്ചു.