20/08/2022
പേപ്പര്‍ ബാഗില്‍ വിജയം പ്രിന്റ് ചെയ്‌തെടുത്ത ലീല പ്രദീപ്
പേപ്പര്‍ ബാഗില്‍ വിജയം പ്രിന്റ് ചെയ്‌തെടുത്ത സംരംഭകയാണ് ലീല പ്രദീപ്. അങ്കമാലി മേയ്ക്കാട് താമസിക്കുന്ന ലീല പ്രദീപ് എംഎസ്‌സി മാത്തമാറ്റിക്‌സ് പാസായതിനു ശേഷം 2014-ലാണ് പേപ്പര്‍ ക്യാരി ബാഗ് നിര്‍മാണ സംരംഭത്തിനു തുടക്കമിട്ടത്. ഇന്ന് ലീലയുടെ സംരംഭം നിരവധി കുടുംബങ്ങളുടെ വരുമാനമാര്‍ഗം കൂടിയായി മാറിയിരിക്കുകയാണ്.
വീട്ടിലെ പശുത്തൊഴുത്ത് രൂപമാറ്റം വരുത്തിയാണ് ലീല പ്രദീപ് പേപ്പര്‍ ക്യാരി ബാഗ് നിര്‍മാണത്തിനുള്ള യൂണിറ്റാക്കി മാറ്റിയത്. അതിനാല്‍ ആ നിലക്ക് പണം ചെലവാക്കേണ്ടി വന്നില്ല. പ്രധാനമായും മെഷിനറി വാങ്ങാനാണ് പണം ചെലവാക്കിയത്. ഹോള്‍ മേക്കിംഗ് മെഷീന്‍, ഐ ലെറ്റ് മെഷീന്‍, ക്രീസിംഗ് മെഷീന്‍ എന്നീ മെഷിനറികളാണ് വാങ്ങിച്ചത്. പിന്നെ ക്യാരി ബാഗിനുള്ള പേപ്പറും, മഷിയും, പശയും, ടാഗ് ഉള്‍പ്പെടെയുള്ള അനുബന്ധ സാധനങ്ങളും വാങ്ങിച്ചു. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപമാണ് ആദ്യ ഘട്ടത്തില്‍ നടത്തിയത്.
കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ഇ.ജി.പി പദ്ധതി പ്രകാരം സംരംഭം ആരംഭിക്കാന്‍ ലീല മൂന്ന് ലക്ഷം രൂപ വായ്പയെടുത്തു. 35 ശതമാനം സബ്‌സിഡിയും ലഭിച്ചു.
സംരംഭം ആരംഭിച്ചതിലൂടെ ലീല അയല്‍വാസികള്‍ക്ക് ചെറിയ രീതിയില്‍ തൊഴിലവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. ക്യാരി ബാഗിനുള്ള പേപ്പര്‍ കട്ട് ചെയ്ത്, പ്രിന്റ് ചെയ്ത പേപ്പര്‍ ഡിസൈന്‍, പശ എന്നിവ ലീല നല്‍കും. അത് ഒട്ടിച്ചു നൂല്‍ പിടിപ്പിച്ച് മടക്കി കെട്ടുകളാക്കി തിരികെ ലീലയുടെ യൂണിറ്റിലെത്തിക്കാനുള്ള ജോലി അയല്‍വാസികള്‍ക്ക് വീതിച്ചു നല്‍കി. 100 മുതല്‍ 150 വരെ ക്യാരി ബാഗുകള്‍ ഇത്തരത്തില്‍ ഒരാള്‍ക്ക് ഒരു ദിവസം സെറ്റ് ചെയ്‌തെടുക്കാന്‍ സാധിക്കും. ബാഗിന്റെ വലുപ്പം അനുസരിച്ചാണ് കൂലി നല്‍കുന്നത്. അംഗ പരിമിതര്‍, 50 വയസ് കഴിഞ്ഞവര്‍ തുടങ്ങിയവര്‍ക്ക് ഇത്തരത്തില്‍ ലീല ചെറിയ വരുമാന മാര്‍ഗവും ഒരുക്കിക്കൊടുത്തു.
പേപ്പര്‍ ക്യാരിബാഗിനുള്ള അസംസ്‌കൃത വസ്തുക്കള്‍ കൊച്ചി നഗരത്തില്‍ നിന്നാണ് വാങ്ങുന്നതെന്ന് ലീല പറഞ്ഞു. പര്‍ച്ചേസിംഗിനായി കൊച്ചി നഗരത്തിലേക്ക് യാത്ര ചെയ്യേണ്ടി വരാറില്ല. ഒരു ഫോണ്‍ കോളില്‍ ഡീറ്റെയ്ല്‍സ് നല്‍കിയാല്‍ സാധനങ്ങളെല്ലാം ഡെലിവറി ചെയ്തു തരും.
പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ചതിനാല്‍ പേപ്പര്‍ ബാഗുകള്‍ക്ക് നല്ല പോലെ ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ടെന്നു ലീല പറഞ്ഞു. അതിനനുസരിച്ച് വിപണിയില്‍ മത്സരം വര്‍ധിച്ചിട്ടുണ്ടെന്നും ലീല പറയുന്നു. എങ്കിലും ലീലയ്ക്ക് സ്ഥിരം ക്ലൈന്റ്‌സ് ഉണ്ട്. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ മാത്രമല്ല, കേരളത്തിന്റെ വിവിധ ജില്ലകളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കു വരെയും ലീല പേപ്പര്‍ ക്യാരി ബാഗുകള്‍ കയറ്റി അയയ്ക്കുന്നുണ്ട്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ബാഗ് നിര്‍മാണത്തിന്റെ മേന്മമയാണ് ഇത്തരത്തില്‍ ഓര്‍ഡര്‍ ലഭിക്കാന്‍ കാരണമെന്നു വിശ്വസിക്കുന്നതായി ലീല പറയുന്നു. ഇപ്പോള്‍ ആവശ്യക്കാരുടെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്തും ബാഗ് നിര്‍മിച്ചു നല്‍കാറുണ്ടെന്നു ലീല പറയുന്നു.
പ്രധാനമായും ആശുപത്രികള്‍, ടെക്‌സ്റ്റൈയില്‍സ്, ജ്വല്ലറികള്‍, ബേക്കറികള്‍ എന്നിവരാണ് ലീലയില്‍ നിന്നും ക്യാരി ബാഗുകള്‍ ഓര്‍ഡര്‍ ചെയ്യുന്നത്.
ഭര്‍ത്താവ് പ്രദീപിന്റെ പിന്തുണ ആവോളമുണ്ടെന്ന് ലീല പറഞ്ഞു. മക്കളായ ആര്‍ദ്രയും അദ്രിതയും പഠനസമയത്തിനു ശേഷം ലഭിക്കുന്ന ഒഴിവ് സമയങ്ങളില്‍ ലീലയ്ക്ക് സഹായവുമായി രംഗത്തുണ്ട്.