
27/04/2025
ആ മനുഷ്യന്‍ ഇതാണ്..
ഭീകരതയുടെ ഭീഭല്‍സമായ വാര്‍ത്തകളും രാജ്യസ്നേഹത്തിന്‍റെ ഈറനണയുന്ന കാഴ്ചകള്‍ക്കുമിടയില്‍ അധികമാരും ശ്രദ്ധിക്കാതെപോയൊരു ഉള്‍പേജ് വാര്‍ത്തയുണ്ട് ഇന്നത്തെ
പത്രങ്ങളില്‍.
അടൂരില്‍ നിന്നും,
ഒരു കെ.എസ്.ആര്‍.ടി.സി ബസില്‍ ഒരമ്മയും കുഞ്ഞും കയറുന്നു. ബസില്‍ അല്‍പം തിരക്ക് കുറവുളള സമയമാണ്. ഡബിള്‍ ബെല്ലടിച്ച് ബസ്മുന്നോട്ട് നീങ്ങവെ ആ അമ്മയുടെ അരികിലുണ്ടായിരുന്ന ഏതാണ്ട് മുന്നര വയസ് തോന്നിപ്പിക്കുന്ന പെണ്‍കുട്ടി കണ്ടക്ടര്‍ അനീഷിന്റെ കൈയ്യില്‍ പിടിച്ചതോടെയാണ് ഈ സംഭവത്തിന്‍റെ തുടക്കം. ആ കുട്ടിയുടെ സ്നേഹ സ്പര്‍ശനം യഥാര്‍ത്ഥത്തില്‍ അനീഷിന്‍റെ മനസിനെയാണ് തൊട്ടത്ത്. കുട്ടി അനീഷിന്‍റെ സീറ്റിനരികിലേക്ക് ചേര്‍ന്നു നിന്നു.
കുട്ടി മലയാളവും,
സ്ത്രീ തമിഴും സംസാരിക്കുന്നതു കേട്ടപ്പോള്‍ത്തന്നെ സംശയംതോന്നിയ കണ്ടക്ടര്‍ അനീഷ് ഇവരെ ചോദ്യംചെയ്യുകയും ചെയ്തു. നാടോടി സ്ത്രിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അനീഷ് ബസ് നേരെ പന്തളം പോലീസ് സ്റ്റേഷനുമുന്നില്‍ എത്തിച്ചു. കുട്ടിയേയും ആ സ്ത്രിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്തതില്‍ നിന്നും കുട്ടിയെ കൊല്ലം ബീച്ച് കാണാന്‍ എത്തിയ അമ്മയില്‍ നിന്നും കളിപ്പാട്ടം കാണിച്ച് നാടോടി സ്ത്രീ തട്ടിയെടുത്തതാണെന്ന് പോലീസിന് മനസിലായി. പോലീസ് തുടര്‍ന്നടപടി സ്വീകരിച്ചു. കൊയമ്പത്തൂര്‍ സ്വദേശിയായ ആ നാടോടി സ്ത്രീയെ കോടതി റിമാന്‍റ് ചെയ്ത് ജയലിലടച്ചു.
പന്തളം സ്റ്റേഷനിലെ,
വനിതാ പോലീസ് ഓഫീസര്‍ ജലജയും കൂട്ടരും കുട്ടിയുടെ മുഷിഞ്ഞവസ്ത്രം മാറ്റി പുത്തന്‍ വസ്ത്രമണിയിച്ചു. ഇഷ്ട വിഭവങ്ങള്‍ വിളമ്പി. കൊടുങ്കാറ്റില്‍ മൊല്ലെയൊന്നു ചാഞ്ഞ്, പിന്നെയും നിവര്‍ന്നു നില്‍ക്കുന്ന ഇളംപുല്ല്പോലെ ആ മൂന്നരവയസുകാരി പുതിയൊരുര്‍ജ്ജത്തില്‍ ജീവിതത്തിലേക്ക് നടന്നു.
സത്യത്തില്‍,
ആ കെ.എസ്.ആര്‍.ടി.സി ബസിന്‍റെ കണ്ടക്ടര്‍ അനീഷ് ഈ കുട്ടിയെ കണ്ടില്ലെങ്കില്‍, ആ കുട്ടിയുടെ സ്നേഹ സ്പര്‍ശനം അനീഷിന് മേല്‍ പതിച്ചില്ലെങ്കില്‍ ഈ സംഭവം എത്രമാത്രം ഭീകരവും ക്രൂരവുമാകുമായിരുന്നു.
പ്രീയപ്പെട്ട അനീഷ്,
ചുറ്റുമുള്ള ഒരാൾക്കുപോലും പുതിയൊരുസന്തോഷം കൊടുക്കാൻ നമുക്കു കഴിയണമെന്നില്ല. പക്ഷേ, ചുറ്റുമുള്ള മുഴുവൻ മനുഷ്യരുടേയും പഴയ സന്തോഷങ്ങൾ നഷ്ടപ്പെടാതിരിക്കാൻ നമ്മൾ വിചാരിച്ചാലും മതിയാകും ചിലപ്പോൾ.
യുദ്ധത്തിന്‍റെയും രാജ്യസ്നേഹത്തിന്‍റെയും വാര്‍ത്തകള്‍ക്കിടയില്‍ ഈ കെ.എസ്.ആര്‍.ടി.സി ബസ്സും, കണ്ടക്ടര്‍ അനീഷും മനംകുളുര്‍പ്പിക്കുന്ന ഒരു വാര്‍ത്തയാവുകയാണ്...