
18/07/2025
ഇന്നലെ ഫേസ്ബുക്കിൽ ഒരു മീഡിയ പേജിൽ കണ്ട വീഡിയോ ആണ്.. ഒരു വലിയ കടയുടെ ഉത്ഘാടനം നടക്കുന്നു.. കുറെ ആളുകൾ വന്നിട്ടുണ്ട് ഒരുപാട് മീഡിയക്കാരും ക്യാമറകണ്ണുകളുമായി ഉത്ഘടനം ചെയ്യാൻ വന്ന വ്യക്തിയുടെ ഫോട്ടോ എടുക്കാൻ തിരക്കുകൂട്ടുന്നു. അപ്പോൾ ഞാൻ വിചാരിച്ചു ഹണി റോസ് അല്ലേൽ മാളവിക പോലെയുള്ള പ്രശസ്ത സിനിമാനടിമാർ ആരെങ്കിലും ആവുമെന്ന്.. എന്നാൽ ഉദ്ഘാടനചടങ്ങിനെത്തിയ മുഖ്യ അതിഥിയെ കണ്ടു ഞാൻ അന്തംവിട്ടു.. ക്യാമറകണ്ണുകൾ എല്ലാം അവർക്ക് നേരെയാണ് ഒരു സിനിമാനടിയായിരുന്നില്ല അവർ.. മുന്നെ സോഷ്യൽ മീഡിയകളിൽ ഒരു പാട് തെറിവിളികൾക്കും കളിയാക്കലുകൾക്കും അതിക്ഷേപങ്ങൾക്കും ഇരയായ നാഗ സൈരന്ധ്രി ചേച്ചി 🥵 അവരാണ് ആ കട ഉത്ഘാടനം ചെയ്യാൻ പോകുന്നത് 😍
വീഡിയോ കണ്ടപ്പോൾ എന്തോ മനസ്സൊന്നു ഇടറി. അത്രക്കും മോശമായിട്ടാണ് സോഷ്യൽ മീഡിയയിൽ പലരും അവരെ ഉപദ്രവിച്ചുകൊണ്ടിരുന്നത്. അവളുടെ ഇൻബോക്സിൽ പോയി ചില മാന്യന്മാർ തെറി പറയുമ്പോൾ അതിന് തിരിച്ചു പറയുന്ന വീഡിയോസ് കണ്ടാണ് അവളെ ആളുകൾ വിലയിരുത്തിയിരുന്നത്. അവരുടെ പല വീഡിയോകളും അവളെ അങ്ങനെ ഉപദ്രവിച്ചവർക്കുള്ള മറുപടി ആയിരുന്നു.. ചിലപ്പോൾ അവർ അനുഭവിച്ച സാഹചര്യങ്ങൾ ആവാം അവരെ കൊണ്ട് അങ്ങനെയൊക്കെ പെരുമാറാൻ പ്രേരിപ്പിച്ചത്.. നാഗ സൈരന്ധ്രിയെ അടുത്തറിയാവുന്നവർ പറയുന്നത് ആള് സത്യത്തിൽ ഒരു പാവം ആണെന്നാണ്.. ഏതോ സിനിമയിൽ പറഞ്ഞ പോലെ "ആളുകളെ അടുത്തറിയുമ്പോൾ എല്ലാരും പാവങ്ങൾ ആണെന്ന് "
എന്തായാലും. അവർക്ക് സമൂഹത്തിൽ ഒരു വില നൽകിയ ആ ഷോപ്പിന്റെ മുതലാളിയോടും അവളെ ചേർത്തു പിടിച്ച നല്ല മനുഷ്യരോടും ഒരുപാട് നന്ദി. എല്ലാവരെയും ഒന്നായി കാണാൻ എല്ലാവർക്കും കഴിയട്ടെ..
ഇന്നലെ വീഡിയോയിൽ ഒരു കുട്ടി വന്നു ഞാൻ ചേച്ചിയെ ഒരു ഉമ്മ വച്ചോട്ടെ എന്ന് ചോദിക്കുന്നുണ്ട്, ഉമ്മ കൊടുത്ത് കഴിഞ്ഞപ്പോൾ നാഗ സൈരന്ധ്രിയുടെ മുഖത്തെ ഭാവം ഒന്ന് കാണണം.. അവളിൽ ഒരു അമ്മയെ കണ്ടു ഞാൻ 🥰 ഒരുപാട് വേദനകൾക്ക് ശേഷം അവളെ തേടിയെത്തിയ കുറച്ചു സന്തോഷനിമിഷങ്ങൾ ആവും ഇതെല്ലാം.. ❤