13/01/2026
“കെട്ടിട നമ്പർ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ക്ലർക്കിനെ വിജിലൻസ് കോടതി 9 വർഷം കഠിന തടവിന് ശിക്ഷിച്ചു.”
കൊല്ലം പരവൂർ സ്വദേശിയായ പരാതിക്കാരന്റെ അമ്മയുടെ പേരിൽ കോവളത്തുണ്ടായിരുന്ന വസ്തുവിലെ കെട്ടിടത്തിന് കെട്ടിട നമ്പർ നൽകുന്നതിന് കൈക്കൂലി വാങ്ങിയ വെങ്ങാനൂർ പഞ്ചായത്ത് ഓഫീസിലെ മുൻ ക്ലർക്കും, ഇപ്പോൾ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലർക്കുമായ നെടുമങ്ങാട് സ്വദേശി ശിവകുമാറിനെ തിരുവനന്തപുരം വിജിലൻസ് കോടതി വിവിധ വകുപ്പുകളിലായി ആകെ 9 വർഷം കഠിന തടവിനും 60,000/-രൂപ പിഴ ഒടുക്കുന്നതിനും ഇന്ന് (13.01.2026) ശിക്ഷിച്ചു.
2013-ൽ കൊല്ലം പരവൂർ സ്വദേശിയായ പരാതിക്കാരന്റെ അമ്മയുടെ പേരിൽ കോവളത്തുണ്ടായിരുന്ന വസ്തുവിലെ കെട്ടിടത്തിന് കെട്ടിട നമ്പർ നൽകുന്നതിന് പരാതിക്കാരനിൽ നിന്നും 10,000/-രൂപ കൈക്കൂലി വാങ്ങിയ വെങ്ങാനൂർ പഞ്ചായത്ത് മുൻ സെക്രട്ടറിയേയും 2,000/- രൂപ കൈക്കൂലി വാങ്ങിയ വെങ്ങാനൂർ പഞ്ചായത്ത് മുൻ ക്ലർക്ക് ശിവകുമാറിനേയും ദക്ഷിണ മേഘല വിജിലൻസ് യൂണിറ്റ് കൈയ്യോടെ പിടികൂടി കേസ് രജിസ്റ്റർ ചെയ്തിരുന്നു. വെങ്ങാനൂർ പഞ്ചായത്ത് മുൻ സെക്രട്ടറി ഈ കേസിന്റെ അന്വേഷണവേളയിൽ മരണപ്പെട്ടിരുന്നു. വിജിലൻസ് അന്വേഷണം പൂർത്തിയാക്കി, കുറ്റപത്രം സമർപ്പിച്ച ഈ കേസിലാണ് വെങ്ങാനൂർ പഞ്ചായത്ത് ഓഫീസിലെ മുൻ ക്ലർക്കും ഇപ്പോൾ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലർക്കുമായ ശിവകുമാർ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി ആകെ 9 വർഷം കഠിന തടവിനും 60,000/- രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജ് മനോജ്.എ ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീമതി. വീണാ സതീശൻ ഹാജരായി. തിരുവനന്തപുരം വിജിലൻസ് സതേൺ റേഞ്ച് മുൻ ഡി.വൈ.എസ്.പി ആർ. സുകേശനും വിജിലൻസ് സതേൺ റേഞ്ച് പോലീസ് സൂപ്രണ്ട് R.ജയശങ്കർ IPS മാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.