30/06/2025
അടിയന്തരാവസ്ഥ :പുതുതലമുറയോട് പറയാനുള്ളത്
ദത്താത്രേയ ഹൊസബാളെ
ആര്‍എസ്എസ് സര്‍കാര്യവാഹ്
(ന്യൂദല്‍ഹിയില്‍ ഡോ. അംബേദ്കര്‍ ഇന്റര്‍ നാഷണല്‍ സെന്ററും ഹിന്ദുസ്ഥാന്‍ സമാചാറും ഇന്ദിരാഗാന്ധി കലാകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രഭാഷണം)
അടിയന്തരാവസ്ഥയുടെ പ്രഖ്യാപനത്തിന് അന്‍പതു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇന്നിപ്പോള്‍ രണ്ടു തലമുറകള്‍ പിന്നിട്ടിരിക്കുന്നു. പുതിയ തലമുറയ്ക്ക് അതേപ്പറ്റി കൃത്യമായ അറിവുണ്ടാകണം എന്നില്ല.
സാധാരണ അടിയന്തരാവസ്ഥയെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ പഴയ തലമുറക്കാര്‍ ചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവയ്ക്കും. നമുക്കത് പഴയ ഓര്‍മ്മകള്‍ മാത്രമാണ്. ഇത്തരത്തില്‍ അടിയന്തരാവസ്ഥ കണ്ടവരുടെയും അനുഭവിച്ചവരുടെയും സംഗമങ്ങള്‍ നടത്തുക, അനുഭവങ്ങള്‍ പങ്കുവയ്ക്കുക, അതിലൂടെ ഓര്‍മ്മകള്‍ നിലനിര്‍ത്തുക എന്നതു മാത്രമാകരുത് നമ്മുടെ ഉദ്ദേശ്യം. അലുംനി അസോസിയേഷന്‍ രൂപീകരിച്ച് ഒരു ഒത്തുചേരലല്ല നമ്മുടെ ലക്ഷ്യം. ഭാരതത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും കശാപ്പുചെയ്ത ആ കറുത്ത ദിനങ്ങളെക്കുറിച്ച് പുതുതലമുറയ്ക്ക് മനസിലാക്കികൊടുക്കേണ്ടതുണ്ട്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച് 28 വര്‍ഷം പിന്നിട്ടപ്പോള്‍ ജനാധിപത്യ സംവിധാനത്തെ അപ്പാടെ വെല്ലുവിളിച്ചുകൊണ്ട്, അധികാര ദുര്‍വിനിയോഗത്തിലൂടെ ഭരണാധികാരികള്‍ നടത്തിയ കൊടുംക്രൂരതകളെക്കുറിച്ചും മൗലികാവകാശ ലംഘനങ്ങളെക്കുറിച്ചും പുതിയ തലമുറയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഇങ്ങനെയും സംഭവിക്കാം എന്ന ഒരു മുന്നറിയിപ്പ് ജനതയ്ക്ക് നല്‍കേണ്ടതുണ്ട്.
ഒരു ജനാധിപത്യ സംവിധാനത്തില്‍, ഒരു ഭരണഘടന നിലനില്‍ക്കെ, ഇത്രയും വലിയ ഒരു രാജ്യത്തിനുമേല്‍ ഏകാധിപത്യം അടിച്ചേല്‍പ്പിച്ചുകൊണ്ട് എല്ലാ മൗലിക അവകാശങ്ങളെയും ഹനിക്കുന്നതിനെക്കുറിച്ച് ഭരണകൂടത്തിന് ചിന്തിക്കാനാകുമോ? ചിന്തിച്ചാല്‍ത്തന്നെ, എത്ര ശ്രമിച്ചാലും അത് വിജയിക്കുമോ? വിജയിക്കില്ല എന്നതാണ് ഭാരതത്തിന്റെ ചരിത്രം തെളിയിക്കുന്നത്. ഇതാണ് അടിയന്തിരാവസ്ഥ നല്കുന്ന ഈ പാഠം. ഈ ചരിത്രവും സന്ദേശവും വരും തലമുറകള്‍ അറിയണം. അതുകൊണ്ടുതന്നെയാണ് ജൂണ്‍ 25,26 തീയതികള്‍ നമ്മുടെ മുതിര്‍ന്ന സഹോദരങ്ങള്‍ക്ക് ഒന്നിച്ചുകൂടുവാനുള്ള ഒരു വാര്‍ഷികദിനമായി മാത്രം ഒതുങ്ങരുത് എന്ന് ഞാന്‍ പറയുന്നത്. അടിയന്തരാവസ്ഥയുടെ യാഥാര്‍ത്ഥ്യങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകങ്ങള്‍ രചിക്കപ്പെടണം, അവ പുതു തലമുറക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടണം. അതിന്റെ പാഠങ്ങള്‍ പുതു തലമുറയ്ക്ക് പകരാന്‍ തക്ക വിധമുള്ള പരിശ്രമങ്ങളാണ് ഉണ്ടാകേണ്ടത്.
അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ദിരാഗാന്ധിക്ക് മൂന്ന് വിധത്തിലുള്ള പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നു. കോടതിയിൽ തോറ്റു. രാജ് നാരായണനാണ് അലഹബാദ് ഹൈക്കോടതിയെ കോടതിയെ സമീപിച്ചത്. പാര്‍ലമെന്റ് അംഗമായിരിക്കുവാനുള്ള അവകാശം ഇന്ദിരാഗാന്ധിക്ക് നഷ്ടമായി. സ്വഭാവികമായും പ്രധാനമന്ത്രിസ്ഥാനത്തുനിന്നും ഇറങ്ങേണ്ട അവസ്ഥ വന്നു.
ഇതുകൂടാതെ മറ്റ് രണ്ട് ഇടങ്ങളില്‍ക്കൂടി ഇന്ദിരാഗാന്ധിക്ക് തോൽവി നേരിട്ടു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാ മുന്നണി വിജയിക്കുകയും കോണ്‍ഗ്രസ് തോല്‍ക്കുകയും ചെയ്തു. യുവാക്കളുടെ, വിദ്യാര്‍ത്ഥികളുടെ സമരം - ജെപി സമരം എന്ന് പരക്കെ അറിയപ്പെടുന്ന സമരം ആരംഭിച്ച് ഏറെ വൈകും മുന്‍പേയാണ് ആ തെരഞ്ഞെടുപ്പ് നടന്നത്. ജനമനസുകളില്‍ നിന്നും കുടിയിറക്കപ്പെടുക എന്നതാണ് ഈ പരാജയത്തിന്റെ തലം.
അന്ന് ബിഹാറിലും ഗുജറാത്തിലും യുവാക്കള്‍ സമരം ആരംഭിച്ചുകഴിഞ്ഞിരുന്നു. 'ഗുജറാത്തിലെ വിജയം നമ്മുടേത്; ഇനി ബിഹാറും നമ്മുടേത്', 'ഭാവി ചരിത്രം നമ്മുടേത്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എങ്ങും മുഴങ്ങി. അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെയും വിദ്യാഭ്യാസനയങ്ങളുടെ പരിഷ്‌കരണം ആവശ്യപ്പെട്ടുമാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. പിന്നീട് ഇതോടൊപ്പം തെരഞ്ഞെടുപ്പ് രീതികളിലെ പരിഷ്‌കരണം എന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു. വാസ്തവത്തില്‍ അന്ന് ഉന്നയിക്കപ്പെട്ട ഈ ആവശ്യങ്ങളെ മുന്‍നിറുത്തിയാണ് നമ്മള്‍ മുന്നേറേണ്ടത്.
അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ ഈ അമ്പതു വര്‍ഷങ്ങളില്‍ ഇതേ വിഷയങ്ങളെ മുന്നോട്ടുകൊണ്ടുപോയി എന്നത് നാം മറന്നുകൂടാ. വിദ്യാഭ്യാസ നയത്തില്‍ ആവശ്യമായ പരിവര്‍ത്തനങ്ങള്‍ വേണമെന്ന് അന്ന് നാം ആവശ്യപ്പെട്ടിരുന്നു. 1986ല്‍ വിദ്യാഭ്യാസ നയങ്ങള്‍ പരിഷ്‌കരിക്കാനുള്ള ചില നീക്കങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇന്നിപ്പോള്‍ എല്ലാവരുടെയും പിന്തുണയോടുകൂടി നടപ്പാക്കിയിരിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തില്‍ തൊഴില്‍ സാധ്യതകള്‍ക്കാണ് മുന്‍തൂക്കം നല്‍കി വരുന്നത്.
2000 ല്‍ അധികാരത്തില്‍ വന്ന വാജ്‌പേയി സര്‍ക്കാര്‍ രാജ്യത്തിന്റെ അന്‍പതാം റിപ്പബ്‌ളിക്ക് ദിനത്തോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഈ വിഷയങ്ങളെ അധികരിച്ച് പരിഷ്‌കരണ സംവാദങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചര്‍ച്ച നടന്നത് ദല്‍ഹിയിലാണ്. ഭരണ സംവിധാനത്തില്‍ ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും നടന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച ഭരണ സംവിധാനത്തെ ഭാരതത്തിന് അനുകൂലമായി പരിഷ്‌കരിക്കേണ്ടതുണ്ടെന്ന വിഷയം ചര്‍ച്ച ചെയ്തു. നീതിന്യായ വ്യവസ്ഥയില്‍, തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒക്കെ ഉണ്ടാകേണ്ട പരിഷ്‌കരണങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമായി. രാഷ്ട്രത്തിന് സ്വീകാര്യമാകേണ്ട വികസന മാതൃക എന്തായിരിക്കണം എന്നും ചര്‍ച്ച ചെയ്തു. അതായത് യുവാക്കളുടെ സമരത്തിന് തിരികൊളുത്തിയ അന്നത്തെ തലമുറ ആ പ്രശ്‌നങ്ങളെ പിന്തുടര്‍ന്ന് പരിഹാരം കാണാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതെല്ലാം വിസ്മരിച്ച് അടിയന്തരാവസ്ഥ എന്ന ഒരു വിഷയത്തെ മാത്രം തോളിലേറ്റി നടക്കുകയല്ല ചെയ്യുന്നതെന്ന് ഓര്‍ക്കണം.
ജനാധിപത്യധ്വംസനം
ഈ അവസരം ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണത്തെക്കുറിച്ച് ദൃഢസങ്കല്‍പം ഊട്ടി ഉറപ്പിക്കുന്നതിനുള്ളതാണ്. ആദരണീയനായ ബാബാ സാഹബ് അംബേദ്കറുടെ നാമധേയത്തിലുള്ള ഈ സഭാഗൃഹമാണ് ഈ പരിപാടിയുടെ വേദിയായി നമ്മള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആര്‍ട്‌സിന്റെ കൂടി സഹകരണത്തോടെയാണ് ഈ പരിപാടി എന്നതും അധ്യക്ഷന്‍ രാം ബഹാദൂര്‍ റായ് ജിയാണ് പരിപാടിയുടെ അധ്യക്ഷന്‍ എന്നതും സവിശേഷതയാണ്. വിധി എന്തെല്ലാമാണ് കരുതി വച്ചിരിക്കുന്നത് എന്നത് രസാവഹം തന്നെ.
1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ ബെംഗളൂരുവില്‍ ആര്‍എസ്എസ് ശാഖയില്‍ ആയിരുന്നു. അന്ന് മൊബൈല്‍ ഫോണ്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒന്നും തന്നെയില്ല. അതിനു മുന്‍പുള്ള ദിവസം ദല്‍ഹിയില്‍ വലിയ പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രതിഷേധ സമരങ്ങള്‍ നടന്നു വരുന്നു എന്നതുകൊണ്ട് തന്നെ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സംഭവ വികാസങ്ങള്‍ നമ്മള്‍ മുന്‍കൂട്ടിക്കണ്ടിരുന്നു. അന്ന് അടല്‍ജി, അദ്വാനിജി, മധു ദന്തവതെജി, എസ്.എന്‍. മിശ്രാജി എന്നിവര്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ മീറ്റിങ്ങുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ ഉണ്ട്. മൂന്നു പേര്‍ ഗസ്റ്റ് ഹൗസിലും മധു ദന്തവതെജി അശോക ഹോട്ടലിലുമാണ് താമസം. അടിയന്തരാവസ്ഥാ പ്രഖ്യാപനം അറിഞ്ഞ ഉടന്‍ അടല്‍ജി, അദ്വാനിജി തുടങ്ങിയവരെ വിവരമറിയിക്കാനായി ഞങ്ങള്‍ ഗസ്റ്റ് ഹൗസിലെത്തി. ആ സമയം അവര്‍ മീറ്റിങ്ങിന് തയാറായി വരികയായിരുന്നു. താഴെയെത്തുമ്പോള്‍ അറസ്റ്റുചെയ്യാനായി പോലീസ് കാത്തു നില്‍ക്കുകയായിരുന്നു. അന്ന് ഞങ്ങളുടെ മുന്നില്‍ വച്ച് അടല്‍ജിയെയും അദ്വാനിജിയെയും മിശ്രാജിയെയും അറസ്റ്റ് ചെയ്തു. കാരണമെന്തെന്നന്വേഷിച്ചപ്പോള്‍ അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തെക്കുറിച്ച പറഞ്ഞു. അതിനും ഒരാഴ്ച മുന്‍പേ തന്നെ മല്‍ക്കാനിജിയെ ദില്ലിയില്‍ ഐബി വിളിപ്പിച്ചിരുന്നു. അദ്ദേഹം തന്റെ മുഖപ്രസംഗത്തില്‍ മുന്‍പേതന്നെ അടിയന്തിരാവസ്ഥയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. അതേക്കുറിച്ച് അന്വേഷിക്കാനാണ് വിളിപ്പിച്ചത്. അടല്‍ജിക്കും അദ്വാനിജിക്കും മറ്റും സംശയം ഉണ്ടായിരുന്നതുകൊണ്ട് തന്നെയാകണം അവര്‍ ദല്‍ഹിയില്‍ നിന്നും ബെംഗളൂരുവിലേക്ക് വന്നത്. പോലീസിനോട് വാറണ്ട് കാണണമെന്ന് പറഞ്ഞെങ്കിലും ഈ അവസരത്തില്‍ അതിന്റെ ഒന്നും ആവശ്യമില്ല എന്ന് അവര്‍ തീര്‍ത്ത് പറഞ്ഞു. നിയമങ്ങള്‍ ബാധകമല്ലേ എന്നും ഞങ്ങള്‍ നിയമനിര്‍മ്മാതാക്കളാണെന്നും എന്ത് അധികാരത്തിലാണ് അറസ്റ്റെന്നും മിശ്രാജി ചോദിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ഉടന്‍ തന്നെ യുഎന്‍ഐ, പിടിഐ എന്നിവയെ വിളിച്ച് അറിയിക്കാം എന്നും പ്രസ്താവന നല്‍കാമെന്നും മറ്റും അദ്വാനിജി പറഞ്ഞെങ്കിലും ഈ വാര്‍ത്ത ആരാണ് പ്രസിദ്ധീകരിക്കുക എന്നായിരുന്നു അടല്‍ജിയുടെ ചോദ്യം. ആ അവസരത്തില്‍ പ്രതിഷേധസ്വരങ്ങള്‍ ഒന്നും തന്നെ പുറത്തുവരില്ല എന്ന് അടല്‍ജിക്ക് അറിയാമായിരുന്നു. അങ്ങിനെ ഞങ്ങളുടെ മുന്നില്‍ വച്ച് മൂന്നുപേരെയും അറസ്റ്റു ചെയ്തുകൊണ്ടുപോയി.
രാജ്യത്ത് ജനാധിപത്യത്തെയും ഭരണഘടനയെയും പൂര്‍ണമായും അവഗണിച്ച് ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള നൃശംസമായ ശ്രമം നടന്നു; എന്നാല്‍ അത് കുറച്ചു കാലത്തേക്കു മാത്രമേ വിജയിച്ചുള്ളൂ. വ്യക്തിപരമായി പല പ്രവര്‍ത്തകരും ഏറെ കഷ്ടനഷ്ടങ്ങള്‍ സഹിച്ചു. ജയിലിലും ഒളിവിലും കഴിഞ്ഞവര്‍, ജോലിയും ബിസിനസും നഷ്ടപ്പെട്ടവര്‍..... ജയിലിലും കസ്റ്റഡിയിലും മൂന്നാംമുറയ്ക്ക് വിധേയരായവര്‍.
ഈ പീഡനങ്ങള്‍ക്ക് ഓരോന്നിനും ദല്‍ഹിയില്‍ നിന്ന് ഉത്തരവ് നല്കിയിരിക്കാം എന്നല്ല, ഭരണത്തില്‍ ഇരിക്കുന്നവരുടെ അധികാരക്കൊതിയും അഹങ്കാരവും താഴേത്തട്ടിലേക്ക് എത്തുമ്പോള്‍ അത്യന്തം ക്രൂരവും മനുഷ്യത്വരഹിതവുമാകുകയായിരുന്നു. അതിരില്ലാത്ത അധികാരം ഭരണചക്രത്തിന്റെ താഴെത്തട്ടുകളിലേക്ക് വ്യാപിച്ചു. ഓരോരുത്തര്‍ക്കും തോന്നുംവിധത്തില്‍ ക്രൂര പീഡനങ്ങള്‍ അരങ്ങേറി.
നമ്മള്‍ സ്വാതന്ത്ര്യത്തിന് അര്‍ഹരാണ്
ബ്രിട്ടീഷ് സര്‍ക്കാര്‍ എന്ത് തന്ത്രങ്ങള്‍ ഉപയോഗിച്ചതാണോ നമ്മെ അടക്കി ഭരിച്ചത് അതേ തന്ത്രങ്ങള്‍ നമുക്ക് നേരെ പ്രയോഗിക്കുന്നതാണ് നാട് സ്വാതന്ത്ര്യം നേടി 28 വര്‍ഷം പിന്നിട്ടപ്പോള്‍ കണ്ടത്. നമ്മെ അടിമകളായി കണ്ട ബ്രിട്ടീഷുകാരുടെ അതേ കണ്ണുകളിലൂടെ ഇവിടത്തെ വോട്ടര്‍മാരെ, നികുതിദായകരായ ജനങ്ങളെ കണ്ട സ്വതന്ത്ര രാജ്യത്തിന്റെ ഭരണകൂടം അവരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ഈ ജനാധിപത്യ ധ്വംസനം നാം അറിഞ്ഞിരിക്കണം. ഭരണകൂടവും അവര്‍ക്ക് അധീനരായ പ്രജകളും എന്ന ഈ മാനസികാവസ്ഥയെ നാം തിരിച്ചറിയണം. ഇത് ഇന്ദിരാഗാന്ധിയെ കുറിച്ച് മാത്രമുള്ള കാര്യമല്ല. ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന മാനസികാവസ്ഥ കൊണ്ടുനടക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ കൈകളില്‍ ജനാധിപത്യത്തിന്റെ സ്ഥിതി എന്തായിരിക്കും എന്നതിനെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. ഇതാണ് ജനങ്ങളോട് പറയേണ്ടത്. ഇങ്ങനെയുള്ളവരാണ് ഇത്രയും വലിയ ജനാധിപത്യ രാഷ്ട്രത്തെ ഭരിക്കുവാന്‍ ആഗ്രഹിക്കുന്നത്!
അടിയന്തരാവസ്ഥക്കാലത്ത് നീതിന്യായ വ്യവസ്ഥയും പത്രപ്രവര്‍ത്തകരുമൊക്കെ ഭരണകൂടത്തിന് അനുകൂലമായി നിലയുറപ്പിച്ചു. എല്ലാ പത്രങ്ങളെയും കുറിച്ചല്ല പറയുന്നത്. ധര്‍മ്മവീര്‍ ഭാരതി, മോര്‍വാള്‍, കെ. ആര്‍. മല്‍ക്കാനി തുടങ്ങി ഒരുപാട് പത്രപ്രവര്‍ത്തകര്‍ ശക്തമായിതന്നെ ഈ അനീതിക്കെതിരെ പ്രതികരിച്ചു. എന്നാല്‍ അധികം പേരും ജനങ്ങളോട് പുറം തിരിഞ്ഞു നിന്നവരായിരുന്നു. ഇവരെക്കുറിച്ചാണ് 'മുട്ട് മടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ നിലത്തിഴയുകയായിരുന്നു' എന്ന് അദ്വാനിജിക്ക് പറയേണ്ടിവന്നത്. ജനങ്ങളുടെ ചിന്തയെ, ചേതനയെ ഉണര്‍ത്തേണ്ട, ജനാധിപത്യ മൂല്യങ്ങളെ ഊട്ടി ഉറപ്പിക്കേണ്ട, അതിനു പൂരകമായി നിലകൊള്ളേണ്ട ഉത്തരവാദിത്തം സ്വതന്ത്രവും നീതിയുക്തവുമായ നീതി ന്യായ വ്യവസ്ഥയുടേതും പത്രപ്രവര്‍ത്തന സംസ്‌കാരത്തിന്റേതുമാണ്.. എന്നാല്‍ ഇവ രണ്ടും അധികാരത്തിന്റെ മദത്തില്‍ സ്വാര്‍ത്ഥതയില്‍ അന്ധരായ ഭരണകര്‍ത്താക്കള്‍ക്ക് മുന്നില്‍ തലകുനിക്കുകയാണ് ചെയ്തത്. ഈ ദുരവസ്ഥയെക്കുറിച്ചാണ് നാം പുതു തലമുറയോട് പറയേണ്ടത്.
അടിയന്തരാവസ്ഥ ജനങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥിതിക്കും നേരെയുള്ള വലിയ വെല്ലുവിളിയായിരുന്നു. ഭാരതത്തിന് സ്വാതന്ത്ര്യം നല്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ വിന്‍സ്റ്റന്റ് ചര്‍ച്ചിലിന് മുന്നിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു - ''വേണ്ട, ഭാരതീയര്‍ക്ക് ജനാധിപത്യത്തെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും ഒന്നും അറിവുള്ളവരല്ല അപരിഷ്‌കൃതരായ അവര്‍ക്ക് അത് മുന്നോട്ടു കൊണ്ടുപോകുവാനുള്ള കെല്‍പ്പോ, പരിചയമോ ഇല്ല. അവര്‍ അത് അര്‍ഹിക്കുന്നില്ല!'' ഇതേ സ്ഥിതിയാണ് അടിയന്തരാവസ്ഥയില്‍ ആവര്‍ത്തിക്കപ്പെട്ടത്. അത് ഒരു പരീക്ഷണകാലം തന്നെയായിരുന്നു. നാം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും അര്‍ഹരാണോ എന്ന ചോദ്യം! 1950ല്‍ ഭാരതം റിപ്പബ്ലിക്കായി, 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം രാഷ്ട്രത്തിന്റെ ജനാധിപത്യം നേരിട്ട ഒരു വലിയ പരീക്ഷണം. ഭരണകര്‍ത്താക്കള്‍, സാമൂഹിക സംഘടനകള്‍, സാധാരണ ജനങ്ങള്‍ ഇവര്‍ എല്ലാം എങ്ങിനെ ഇത്തരം ഒരു ഘട്ടത്തെ നേരിടും എന്ന് പരീക്ഷിക്കപ്പെട്ട ദിനങ്ങള്‍. ആ അവസരത്തില്‍ യുവാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ദേശസ്‌നേഹികള്‍, ജനാധിപത്യത്തിന്റെ കാവലാളുകള്‍ മുന്നിട്ടിറങ്ങി. അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു, ഇത് ഇവിടെ വാഴില്ല... സാധ്യമല്ല. അതെ, ഭാരതം സ്വാതന്ത്ര്യം അര്‍ഹിക്കുന്നു, ജനാധിപത്യം അര്‍ഹിക്കുന്നു. കുറച്ചുപേര്‍ അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ജനാധിപത്യത്തെ വധിക്കാന്‍ ശ്രമിച്ചു എന്നാല്‍ പൂര്‍ണമായും അവര്‍ പരാജയപ്പെട്ടു. എത്രയോ പേര്‍ ആ ദൗത്യം ജീവിതം പണയം വച്ച് ഏറ്റെടുത്തു, വെല്ലുവിളികള്‍ സധൈര്യം നേരിട്ടു. നഷ്ടങ്ങള്‍ ഒരുപാടൊരുപാട് ഉണ്ടായി. എങ്കിലും ആ പരീക്ഷണത്തില്‍ രാജ്യത്തിലെ ജനങ്ങള്‍ വിജയിച്ചു. ഇത്തരം ഏത് പരീക്ഷണത്തെയും നമുക്ക് നേരിടാം എന്ന് തെളിഞ്ഞു. അത് ലോകത്തോട് നാം വിളിച്ചുപറഞ്ഞു.
പിന്നീട് അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു പോലീസ് കമ്മിഷനെ നിയമിച്ചു. അക്കാലത്ത് ഞാനും ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു. ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് എന്നെ പാര്‍പ്പിച്ചത്. ബെംഗളൂരുവില്‍ അന്ന് നാല് ജയിലുകളാണ് ഉള്ളത്. ഈ നാല് ജയിലുകളും നാല് വ്യത്യസ്ത സ്റ്റേറ്റുകളുടെ അധീനതയില്‍ ആയിരുന്നു!. അന്ന് ജയില്‍ ശിക്ഷ അനുഭവിച്ചപ്പോള്‍ മാത്രമാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞത്. ഇത്തരത്തില്‍ മാറ്റങ്ങള്‍ എവിടെയെല്ലാം ആവശ്യമാണ് എന്ന് പരിശോധിക്കപ്പെട്ടു. ജയില്‍ മുതല്‍, പോലീസ്, കോടതി, സാമൂഹിക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉത്തരവാദിത്തങ്ങള്‍..... ഇങ്ങനെ ഓരോ കാര്യങ്ങളെ കുറിച്ചും വിശദമായ ചര്‍ച്ചകള്‍ക്ക് അത് വഴിവച്ചു. തിരുത്തലുകളും പരിഷ്‌കാരങ്ങളും ആവശ്യമായിടത്തെല്ലാം നാം അത് നടത്തി. അങ്ങിനെ ലോകത്തിനു മുന്‍പില്‍ നാം തെളിയിച്ചു, ജനാധിപത്യത്തിന് നാം പൂര്‍ണമായും അര്‍ഹരാണ് എന്ന്.
അവര്‍ മാപ്പ് പറയണം
എന്നാല്‍ ഈ അവസ്ഥയ്ക്ക് കാരണമായവര്‍ ഇന്ന് ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച് നടക്കുകയാണ്! ഇന്നുവരെയും അടിയന്തരാവസ്ഥയുടെ തിക്ത ഫലങ്ങള്‍ അനുഭവിച്ച ഈ രാജ്യത്തെ ജനങ്ങളോട് നിങ്ങള്‍ മാപ്പ് പറഞ്ഞിട്ടില്ല എന്നത് അവരോട് പറയണം. ഒരു ലക്ഷത്തിലധികം സാധാരണ ജനങ്ങളെ അകാരണമായി തടവിലാക്കി. 250 ലധികം പത്രപ്രവര്‍ത്തകരെ തുറുങ്കില്‍ അടച്ചു. മൗലികാവകാശങ്ങള്‍ മുഴുവന്‍ ഹനിക്കപ്പെട്ടു. 60 ലക്ഷത്തിലധികം ജനങ്ങളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കി. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന് നിങ്ങള്‍ വിലങ്ങിട്ടു. ഇത്രയുമൊക്കെ ചെയ്തിട്ട് ഈ രാജ്യത്തോട് മാപ്പു പറഞ്ഞോ! പൂര്‍വ്വികര്‍ ചെയ്ത തെറ്റ് എന്നാണെങ്കില്‍ പൂര്‍വ്വികര്‍ക്കു വേണ്ടി മാപ്പ് പറയണം. ഈ ആവശ്യമാണ് നാം ശക്തമായി ഉന്നയിക്കേണ്ടത്.
മറ്റൊരു പ്രധാന കാര്യം...... അടിയന്തിരാവസ്ഥക്കാലത്ത് ഭരണഘടനയുടെ ആമുഖത്തില്‍ രണ്ട് വാക്കുകള്‍ പുതിയതായി ചേര്‍ക്കപ്പെട്ടു. സോഷ്യലിസവും സെക്കുലറിസവും. ഈ വാക്കുകള്‍ മുന്‍പ് ആമുഖത്തില്‍ ഉണ്ടായിരുന്നില്ല. സോഷ്യലിസം എന്ന ആശയം ഭാരതത്തില്‍ എന്നെന്നേക്കുമായി സ്വീക രിക്കപ്പെടേണ്ടതാണോ? മതേതരത്വം എന്ന വാക്കും ആമുഖത്തില്‍ ഉണ്ടായിരുന്നില്ല. അത് രാജ്യത്തിന്റെ നയം എന്ന നിലയ്ക്ക് സ്വീകരിക്കപ്പെട്ടതാണ് എന്നത് ശരിതന്നെ. എന്നാല്‍ ആമുഖത്തില്‍ പിന്നീട് ചേര്‍ക്കപ്പെട്ടതാണ്. പിന്നീട് ഇവയെ നീക്കാനുള്ള ഒരു ഉദ്യമവും ഉണ്ടായില്ല. ചര്‍ച്ചകള്‍ നടന്നു, വാദ വിവാദങ്ങള്‍ ഉണ്ടായി.... എന്നാല്‍ ഈ വാക്ക് ആവശ്യമാണോ എന്ന് നാം പുനഃപരിശോധിക്കേണ്ടതുണ്ട്.
ഭരണഘടനാ ശില്പിയായ ഡോ. അംബേദ്കറുടെ പേരിലുള്ള ഈ സഭാഗൃഹത്തില്‍ കാലൂന്നിനിന്നുകൊണ്ട് ഞാന്‍ പറയുന്നു, അദ്ദേഹം തയാറാക്കിയ ഭരണഘടനയുടെ ആമുഖത്തില്‍ ഈ വാക്കുകള്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ അതിന്റെ ഉദ്ദേശ്യം എന്തായിരുന്നു എന്നും നാം ചിന്തിക്കേണ്ടതുണ്ട്! അടിയന്തരാവസ്ഥക്കാലത്ത്, രാജ്യത്ത് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട കാലത്ത്, ഭരണ സംവിധാനം താറുമാറായ സമയത്ത്, പാര്‍ലമെന്റ് നിലവില്‍ ഇല്ലാതിരുന്ന കാലത്ത്, നീതിന്യായ വ്യവസ്ഥ വെറും നോക്കുകുത്തി മാത്രമായി മാറിയകാലത്ത് നിങ്ങള്‍ ഈ വാക്കുകളെ ഭരണ ഘടനയുടെ ആമുഖത്തില്‍ തിരുകിക്കയറ്റി. ഇത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ അടിയന്തരാവസ്ഥയുടെ വെളിച്ചത്തില്‍ വിശദമായ പഠന വിശ്ലേഷണങ്ങള്‍ക്ക് വിധേയമാക്കപ്പെടേണ്ടതുണ്ട്.
പാഠങ്ങളേറെ, ഓര്‍മകളും
അടിയന്തിരാവസ്ഥ നല്കുന്ന പാഠങ്ങളേറെയുണ്ട്, കുറെ ഏറെ ഓര്‍മ്മകള്‍ ഉണ്ട്. സംഘര്‍ഷങ്ങള്‍ക്കിടയിലും സന്തോഷത്തിന്റേതും വിനോദത്തിന്റേതുമായ ഏതാനും നിമിഷങ്ങള്‍ ഉണ്ട്.
അടിയന്തിരാവസ്ഥ കാലത്തും സംഘ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ നടന്നിരുന്നു എന്നതിനെപ്പറ്റി കൂടി പറയാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അന്ന് ബാംഗ്ലൂര്‍ ജയിലില്‍ ആയിരുന്നു, യാദവ് റാവുജിയും അന്ന് അവിടെ മിസ തടവുകാരനാണ്. യാദവ് റാവുജിക്കും ദേവറസ് ജിയ്ക്കും ഇടയില്‍ അന്നും കത്തിടപാട് നടക്കുന്നുണ്ട്. പത്തു പന്ത്രണ്ടു കത്തുകള്‍ ഇവര്‍ അന്നത്തെ സ്ഥിതിയില്‍ കൈമാറ്റം ചെയ്തിട്ടുണ്ട്! യാദവറാവു ജിയുടെ ഈ കത്തുകള്‍ അദ്ദേഹം പറയുന്നപ്രകാരം എഴുതുന്ന ചുമതല എന്റേതായിരുന്നു. പിന്നീട് വരാന്‍പോകുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളും അന്ന് നടന്നിരുന്നു. എങ്ങിനെയാണ് നാം തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്? നമ്മുടെ ആളുകളില്‍ അധികവും ജയിലിലാണ്. പുറത്ത് വളരെ കുറച്ചുപേര്‍ മാത്രമേ ഉള്ളൂ. പണം എങ്ങിനെ ലഭിക്കും? സമയമില്ല..... ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു.... മാര്‍ച്ചില്‍ തെരഞ്ഞെടുപ്പാണ്! എങ്ങിനെ ഇതെല്ലാം സാധ്യമാകും എന്ന ചിന്ത പുറത്തും ജയിലില്‍ ഉള്ളവര്‍ക്കിടയിലും വ്യാപകമായി ഉണ്ടായി. ഈ സാഹചര്യത്തില്‍ യാദവറാവുജി പറഞ്ഞത് ഇങ്ങനെയാണ്- നിങ്ങള്‍ പുറത്ത് വേണ്ട തയാറെടുപ്പുകള്‍ നടത്തുക. ജനങ്ങള്‍ പുറകെ എത്തും. ഇതൊരു അവസരമാണ്. തെരഞ്ഞെടുപ്പിലെ ജയ- പരാജയങ്ങള്‍ പിന്നീട് വരുന്ന വിഷയങ്ങളാണ്. അവസരം വിനിയോഗിക്കുകയാണ് വേണ്ടത്. വീടുകള്‍ തോറും സന്ദര്‍ശിച്ച് അടിയന്തരാവസ്ഥയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള സുവര്‍ണ അവസരമാണ് ഇത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതിന്റെ ആവശ്യവും ഇത് തന്നെയാണ്. നമുക്ക് ജനങ്ങളിലേക്ക് എത്തുവാന്‍ കഴിയും.
അതായത് ആ ദിനങ്ങളില്‍ പോലും ജയിലിനും പുറത്തുമുള്ള ദീര്‍ഘദര്‍ശികളായ നേതാക്കള്‍ കത്തിടപാടുകളിലൂടെയും മറ്റും പ്രക്ഷോഭങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ഓരോ കാര്യങ്ങളെയും അത്രയ്ക്ക് ഗൗരവപൂര്‍വം കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്തുപൊന്നു. ഈ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് നമ്മുടെ ഭരണഘടന, ജനാധിപത്യം, ഈ നാടിന്റെ ചേതന ഇവയെല്ലാം ഇന്നും സുരക്ഷിതമായിരിക്കുന്നത്. ഇതാണ് നാം പുതു തലമുറയോട് പറയേണ്ടത്.
അടിയന്തരാവസ്ഥക്കാലത്ത് ജയിലിന് അകത്തും പുറത്തും ഒളിവിലും എല്ലാമായി പോരാടുകയും കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത ഇന്ന് ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ മുഴുവന്‍ മഹത്തുകള്‍ക്കും മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു.
പരിഭാഷ: ഡോ. അഞ്ജലി. എസ്
Chief Minister's Office, Kerala MV Govindan Master Kesari Weekly Sudheesh Payyanur Satish Talappilli Sanu Radhakrishnan Rajagopal Meprovil