
22/07/2025
വിപ്ലവത്തിന്റെ വീരനാദം അണഞ്ഞു !സഖാവ് വി.എസ്. അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന സമരസ്മരണ!
കേരള രാഷ്ട്രീയത്തിന്റെ കരുത്തനായ നേതാവ്, സിപിഎം സ്ഥാപകനേതാവ്, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ (102) തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിൽ വൈകിട്ട് 3.20ന് അന്തരിച്ചു. ജൂൺ 23 മുതൽ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. 1923 ഒക്ടോബർ 20ന് ആലപ്പുഴ പുന്നപ്രയിൽ വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനിച്ച വിഎസ്, 1940ൽ ഇടതുപ്രസ്ഥാനത്തിന്റെ സഹയാത്രികനായി. ആലപ്പുഴ ഡിവിഷൻ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സിപിഐ ദേശീയ സമിതിയംഗം, 1964ൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം, 1985–2009ൽ പൊളിറ്റ് ബ്യൂറോ അംഗം, മൂന്ന് തവണ സംസ്ഥാന സെക്രട്ടറി, രണ്ട് തവണ പ്രതിപക്ഷ നേതാവ് വിഎസിന്റെ രാഷ്ട്രീയ യാത്ര പോരാട്ടങ്ങളുടെ നാളാഗ്നി! 2006–2011ൽ കേരള മുഖ്യമന്ത്രിയായി, 2016ൽ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി നവീകരണത്തിന്റെ പതാക വഹിച്ചു. 1965ൽ അമ്പലപ്പുഴയിൽ കോൺഗ്രസിനോട് തോറ്റെങ്കിലും, 1967ൽ 9515 വോട്ടിന് ജയിച്ച് നിയമസഭയിലെത്തി. 1970ൽ വിജയം ആവർത്തിച്ചു, 1977ൽ തോൽവിയും. 1991ൽ മാരാരിക്കുളത്ത് ജയിച്ചെങ്കിലും 1996ൽ പരാജയം. 2001 മുതൽ മലമ്പുഴയുടെ സ്വന്തം എംഎൽഎ! പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ, മുന്നാർ ഭൂമി കൈയേറ്റ വിരുദ്ധ പോരാട്ടം, കൊച്ചിയിലെ ലോട്ടറി മാഫിയക്കെതിരായ നീക്കം, സ്ത്രീകളുടെയും പരിസ്ഥിതിയുടെയും വക്താവ് വിഎസ് ജനനേതാവിന്റെ പ്രതീകം. കേരളം മൂന്ന് ദിവസത്തെ ദു:ഖാചരണവും ജൂലൈ 22ന് പൊതു അവധിയും പ്രഖ്യാപിച്ചു. ലാൽ സലാം!