23/09/2025
മലയാളികൾ നെഞ്ചേറ്റിയ ബോംബെ രവി .....................
1930കളുടെ ആരംഭത്തിൽ ഡൽഹിയിൽ ഇലക്ട്രിഷ്യനായി ജോലി നോക്കിയിരുന്ന ഒരു ചെറുപ്പക്കാരനായുണ്ടായിരുന്നു.രവിശങ്കർ ശർമയെന്ന ആ യുവാവ് പിന്നീട് സിനിമപിന്നണിഗായകനാവാനുള്ള ആഗ്രഹത്താൽ ബോംബെയിലേക് വണ്ടി കയറി. വളരെ ശ്രമിച്ചിട്ടും തന്റെ ആഗ്രഹം സാധിക്കാതെ വന്നതിനാൽ ചില സ്റ്റുഡിയോകളിൽ കോറസ് പാടി ഉപജീവനം തുടർന്നു.
അങ്ങനെയിരിക്കെ,രവിശങ്കറിന്റെ കഴിവ് മനസിലാക്കിയ സംഗീത സംവിധായകൻ ഹേമന്ത്കുമാർ തന്റെ അസിസ്റ്റന്റ് ആക്കി അദ്ദേഹത്തെ നിയമിച്ചു. അവിടെ നിന്നും സംഗീതവും സ്വരങ്ങളുടെ നൊട്ടെഷനും പഠിച്ച രവിശങ്കറിനെ തേടി ആദ്യ സിനിമയെത്തി 1955 ൽ പുറത്തിറങ്ങിയ 'വചൻ'! അങ്ങനെ സംഗീത സംവിധായകൻ രവി പിറവിയെടുത്തു. ആദ്യ സിനിമ ഹിറ്റ് ആയതോടെ പിന്നീട് തുടരെ തുടരെ ചിത്രങ്ങൾ ലഭിച്ചു തുടങ്ങി. മുഹമ്മദ് റാഫി, ലത മങ്കേഷ്‌കർ,ആശ ബോസ്ലെ,കിഷോർ കുമാർ, മഹേന്ദ്ര കപൂർ തുടങ്ങിയ പ്രമുഖ ഗായകരുടെ ശബ്ദത്തിൽ 250 ഓളം ഹിന്ദി ചിത്രങ്ങൾക് സംഗീതം നൽകി.
1980 കളിൽ പശ്ചാത്യ സംഗീതത്തിന്റെ അതിപ്രസരത്തിൽ മുങ്ങിയ ബോളിവുഡിൽ നിന്നു അദ്ദേഹം വിട്ടു. അത്തരം സംഗീതത്തോട് അദ്ദേഹത്തിന് തീരെ താല്പര്യം ഇല്ലായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന്റെ പാട്ടുകളുടെ ആരാധകരായ ഹരിഹരനും എം ടി വാസുദേവൻ നായരും അദ്ദേഹത്തെ മലയാളത്തിലേക് ക്ഷണിക്കുന്നത്. മുമ്പ് ഒരു ഗുജറാറാത്തി സിനിമക്ക് സംഗീതം നൽകിയ ധൈര്യത്തിൽ അദ്ദേഹം സമ്മതിക്കുകയായിരുന്നു.
ട്യൂൺ കൊടുത്തു സംഗീതം നൽകുന്ന ശൈലി അദ്ദേഹത്തിന് ഇല്ലായിരുന്നു. ഗാനരചയതാക്കൾക്ക് പൂർണസ്വാതന്ത്ര്യം നൽകി വരികൾ പൂർത്തിയായി അതിനുചേരുന്ന ട്യൂൺ നൽകലായിരുന്നു അദ്ദേഹത്തിന്റെ ശൈലി. 'നഖക്ഷത'ങ്ങളിലായിരുന്നു തുടക്കം.പിന്നീടങ്ങോട്ട് ഹരിഹരൻ ചിത്രങ്ങൾ രവിയുടെ സംഗീതമില്ലാതെ പുറത്തിറങ്ങാതായി. അങ്ങനെ ഡൽഹിക്കാരൻ രവിശങ്കർ ശർമ്മ മലയാളികൾക്ക് ബോംബെ രവിയായി. അദ്ദേഹം മലയാള സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചു.
മലയാളിത്തമുള്ള മെലഡീകളായിരുന്നു ബോംബെ രവിയുടെ മുഖമുദ്ര.കൂടുതൽ മലയാളികരിക്കാനായി കേരളീയ വാദ്യസംഗീതോപകരണങ്ങൾ അദ്ദേഹം ഗാനങ്ങളിൽ ഉപയോഗിച്ചു.
പഞ്ചാഗ്നി, ഒരു വടക്കൻ വീരഗാഥ,സർഗം,പരിണയം, സുകൃതം,വൈശാലി, ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ, കളിവാക്ക് തുടങ്ങി എല്ലാ സിനിമകളിലെ എല്ലാ ഗാനങ്ങളും അദ്ദേഹം ഹിറ്റ് ആക്കി. ഒ എൻ വി കുറുപ്പ്, യൂസഫലി കേച്ചേരി, കൈതപ്രം തുടങ്ങിയവരായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകാർ. ഇതിൽ യൂസഫലി കേച്ചേരി- ബോംബെ രവി കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് യൂസഫലി കേച്ചേരിയുമായി ചേർന്ന് 'ആവണിക്കനവുകൾ' എന്ന ആൽബത്തിനും അദ്ദേഹം സംഗീതം നിർവഹിച്ചു. അദ്ദേഹത്തിന് ലഭിച്ച മികച്ച സംഗീത സംവിധായകനുള്ള രണ്ടു ദേശീയ പുരസ്‌കാരങ്ങളും മലയാള ചിത്രങ്ങൾക്കായിരുന്നു. പരിണയവും സുകൃതവും. നഖക്ഷതങ്ങൾക്കും സർഗത്തിനും കേരളസംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചു.മയൂഖമായിരുന്നു അവസാനം അദ്ദേഹം സംഗീതം നൽകിയ ചിത്രം. വാർദ്ധക്യസാഹജമായ രോഗങ്ങളാൽ 2012 മാർച്ച് 7 ന് അദ്ദേഹം അന്തരിചെങ്കിലും അദ്ദേഹം സമ്മാനിച്ച സ്വരരാഗഗംഗ പ്രവാഹങ്ങൾ സംഗീതസ്വാദകാരുടെ മനസ് കീഴടക്കികൊണ്ടേയിരിക്കുന്നു........