07/09/2025
മരിച്ച ദീനിൽ നിന്ന് ജീവനുള്ള ദീനിലേക്ക് വഴി നടത്തുന്ന ദൗത്യമാണ് നാഇബ് ഖുതുബുസ്സമാൻ നിർവഹിച്ചു കൊണ്ടിരിക്കുന്നത്: ശൈഖ് അഹ്മദ് കബീർ സുൽത്താൻ
ഈ ലോകവും അതിലുള്ള സർവ്വ ചരാചരങ്ങളും സൃഷ്ടിക്കാൻ കാരണമായ പരിശുദ്ധ റസൂൽ ﷺ തങ്ങളെ ഹൃദയത്തിലും ആത്മാവിലും ചേർത്തു വക്കുകയും, ആ തിരു നാമം സ്നേഹാദരവോടെ ഓരോ ശ്വാസത്തിലൂടെയും സ്മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരിലാണ് ജീവനുള്ള ദീൻ നില കൊള്ളുന്നത്. അവരാണ് മുഉമിനീങ്ങൾ. മുഹ്മിനീങ്ങളുടെ ഐഡന്റിറ്റിയും മുഖമുദ്രയും മുദ്രാവാക്യവും മുഹമ്മദ് റസൂലുല്ലാ (സ്വ)യാണ്. അത് മുഉമിനീങ്ങൾക്ക് മാത്രമായി അല്ലാഹു നൽകിയ ആദരവ് കൂടിയാണ്. പരിപൂർണ്ണ മുഉമിൻ അല്ലാത്ത ഒരാൾക്കും മുഹമ്മദ് റസൂലുല്ലാഹ് ﷺ എന്ന ഐഡന്റിറ്റി യിൽ ജീവിക്കാൻ സാധിക്കില്ല. ഇവിടെയാണ് ഉപ്പച്ചി ഖുതുബുസ്സമാൻ മഹാനവർകൾ നിർവഹിച്ച ദൗത്യത്തിന്റെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാവുന്നത്. ഈ സത്യമാണ് മഹാനായ നാഇബ് ഖുത്ബുസ്സമാൻ മഹാനും മനോഹരമായി ജീവിച്ചു കാണിച്ചു തരുന്നത്.
ലാ ഇലാഹ ഇല്ലല്ലാഹ് ആണ് ഇസ്‌ലാം എന്ന് പറയുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യാജ പണ്ഡിതന്മാർ വാഴുന്ന, ജീവനില്ലാത്ത ദീനിന്റെ തലപ്പാവ് ചുറ്റിയ പണ്ഡിത സഭകൾ നിറഞ്ഞാടുന്ന ഇന്നത്തെ സമൂഹത്തിൽ, അടിസ്ഥാനമായ 'മുഹമ്മദ് റസൂലുല്ലാ (സ്വ)' യുടെ പുനഃസ്ഥാപനം നിർവഹിച്ചു കൊണ്ട് ദീനിന് ജീവൻ നൽകുകയായിരുന്നു നമ്മുടെ ഖുതുബുസ്സമാൻ മഹാനവർകൾ.
നാട്ടിൽ തിരക്കേറിയ പാണ്ഡിത്യവേഷക്കാർ കെട്ടിലും മട്ടിലും ദീനിനെ പ്രതിഷ്ഠിക്കുന്നു; ആളുകൾ അവരുടെ വേഷങ്ങളിൽ ദീനിനെ കാണുന്നു. അവർ പിൻപറ്റുന്ന സംഘടനാ ഇസ്‌ലാമിസ്റ്റ് വാചക പണ്ഡിതന്മാർ ഖൽബിൽ ദീനിന്റെ അംശമില്ലാതെ ലാ ഇലാഹ പ്രസംഗിച്ചു നടക്കുന്നു. മുഹമ്മദ് റസൂലുള്ള (സ്വ) അവർക്ക് ഏറിപ്പോയാൽ അവരുടെ മത ചരിത്രത്തിന്റെ ഭാഗമായ ഒരു ഇൻഫോർമേഷനായിരിക്കും; അല്ലെങ്കിൽ നീട്ടിപ്പറയാനുള്ള വഅളിന്റെ മാറ്റർ. മതപണ്ഡിതരെന്ന് പറഞ്ഞു ഉപജീവനം നടത്തുന്ന അവരുടെ ജീവിതത്തിൽ പ്രവാചകനില്ല. അവരിലുള്ള ധാർമികത ചത്തു കിടക്കുന്നു, ഉള്ളിൽ ദീൻ മരിച്ച മനുഷ്യ രൂപങ്ങൾ. ഉള്ളിൽ ഇരുട്ട് കയറി, വെളിച്ചത്തിന്റെ വഴി കണ്ടിട്ടില്ലാത്തവർ, തങ്ങൾക്കപ്പുറത്തേക്ക് സമുദായത്തിന്റെ വഴി നീണ്ടു പോകരുതെന്ന് വാശിയുള്ളവർ. ഖുത്ബുസ്സമാൻ കാണിച്ചു തന്ന റസൂൽ (സ്വ) എന്ന വെളിച്ചമില്ലാത്ത മനസുകൾ; പുറമെ ഘോര ഘോരം പ്രകാശം പ്രസംഗിക്കാൻ പണം പറ്റുന്നവർ! ഇതെത്ര അപഹാസ്യമാണ്! എത്ര മേൽ വേദനാജനകമാണ്! എത്ര വലിയ കാപട്യമാണ്!
ഇവിടെ, മരിച്ച ദീൻ വേണോ, അതോ ജീവനുള്ള ദീൻ വേണോ എന്ന തീരുമാനം എടുക്കേണ്ടത് ആത്മാവിൽ റസൂൽ (സ്വ) എന്ന ജീവനില്ലാത്ത - അഥവാ ലാ ഇലാഹ ഇല്ലല്ലാഹ് മാത്രം മതിയല്ലോ എന്ന് വിശ്വസിക്കുന്ന സഭകളല്ല; പൊതു ജനങ്ങളാണ്. പൊതു ജനത്തിന്റെ വഴി ഈ കപട പണ്ഡിതരാവരുത്. ജനങ്ങൾ നന്മ അർഹിക്കുന്നുണ്ട്. മനുഷ്യരെന്ന നിലയിൽ മുഹമ്മദ് റസൂലുള്ളാ (സ്വ) ജനങ്ങളുടെ അടിസ്ഥാന അവകാശമാണ്. അവർക്ക് മുഹമ്മദ് റസൂൽ (സ്വ) എന്ന ആത്മാവിന്റെ വഴി നഷ്ടപ്പെടരുത്. കാരണം ഇത് ഓരോരുത്തരുടെയും ആഖിറത്തിന്റെ വിഷയമാണ്. സ്രഷ്ടാവായ റബ്ബിനോട് സൃഷ്ടിയുടെ ബന്ധത്തിന്റെ അടിസ്ഥാനമാണ്. റബീഉൽ അവ്വൽ മാസത്തെ പ്രസംഗ വിഷയം മാത്രമല്ല; മറിച്ച്, ജീവിതത്തിലെ ഓരോ ശ്വാസത്തിന്റെയും ഭാഗമായിരികാണാമെന്ന് അല്ലാഹു കൽപ്പിച്ച ഹബീബായ റസൂൽ (സ്വ) യോടുള്ള ആത്മ ബന്ധമാണ്. ഇസ്‌ലാമിന്റെ പേരിൽ നിരവധി മത പണ്ഡിത കൂട്ടങ്ങളും സംഘടനകളുമുള്ള ഈ കേരളത്തിൽ; നമ്മുടെ കാലത്ത് ഈ സത്യം അടിവരയിട്ടു പ്രഖ്യാപിച്ചതും സധൈര്യം ഇക്കാര്യം പരസ്യമായി സംവദിച്ചതും വഴികാട്ടിയായ ഖുത്ബുസ്സമാൻ മാത്രമാണ്. ഇന്ന് ആ വിശുദ്ധ ദീനിന്റെ പാരമ്പര്യത്തെ മുന്നോട്ടു നയിക്കുന്നത് നമ്മുടെ നായകനായ നാഇബ് ഖുത്ബുസ്സമാൻ ശൈഖ് നിസാമുദ്ദീൻ സുൽത്താൻ മഹാൻ മാത്രമാണ്.
ദീൻ എന്നാൽ മുഹമ്മദ് റസൂലുല്ലാﷺയാണ്. അത് വേണ്ടെന്ന് പറയുന്നവർ ദീനാണ് മാറ്റി വക്കുന്നത്. റബീഉൽ അവ്വൽ മാസമാകുമ്പോൾ ഒരു ചടങ്ങ് പോലെ, അല്ലെങ്കിൽ ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി നബിദിനാഘോഷങ്ങളും മൗലിദ് സദസ്സുകളും സംഘടിപ്പിക്കുന്ന രൂപത്തിലേക്ക് സഭകൾ സമൂഹത്തെ പരിവർത്തനം ചെയ്തെടുത്തു. അവസാന കാലത്ത് ആകാശത്തിന് ചുവട്ടിൽ ഏറ്റവും വൃത്തികെട്ടവർ ഒരു വിഭാഗം പണ്ഡിതൻമാരും ഒരു വിഭാഗം ശൈഖന്മാരുമായി മാറാൻ കാരണം മറ്റൊന്നുമല്ല; അവർ മുഹമ്മദ് റസൂലുല്ലാഹ് അനിവാര്യമല്ലെന്ന് കരുതി ലാ ഇലാഹ ഇല്ലല്ലാഹ് മാത്രം പറയുന്നവരായിരിക്കും എന്നത് തന്നെയാണ്. അതായത് അവരുടെ മാതൃക ആദ്യത്തെ പ്രവാച നിഷേധിയായ സാക്ഷാൽ ഇബ്‌ലീസ് ആയിരിക്കും; അതവർ അംഗീകരിച്ചാലും ഇല്ലെങ്കിലും.
ഇബ്‌ലീസ് അല്ലാഹുവിനെ ആരാധിക്കുകയില്ല എന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ലല്ലോ, സൃഷ്ടി തന്നെയായ മറ്റൊരാൾക്ക്, അല്ലാഹുവിന്റെ പ്രതിനിധിക്ക് സുജൂദ് ചെയ്യുക എന്നതിലായിരുന്നു ഇബ്‌ലീസിന്റെ പ്രശ്നം. ന്യായമെന്ന് തോന്നാം. എന്നാൽ സ്വന്തം ആത്മാവിന്റെ വെളിച്ചം കെടുത്തിയ തർക്കവാദം മാത്രമായിരുന്നു അത്. തിരു നബിയെ അംഗീകരിക്കാതെ, റബ്ബ് സ്വലാത്ത് ചൊല്ലുന്ന ആ പ്രകാശത്തെ വാഴ്ത്താതെ, അല്ലാഹുവിന്റെ ആളായി പ്രസംഗിച്ച ഇബ്‌ലീസ്. മത വർത്തമാനം പറയുന്ന അഹങ്കാരി, മതത്തിൽ നിന്ന് ആദ്യം പുറത്തു പോയ ധിക്കാരി, മുഹമ്മദ് റസൂലുല്ലാഹി (സ്വ) യെ അല്ലാഹുവിനൊപ്പം കാണുക എന്നത് ശരിയല്ലെന്ന് ഉള്ളിൽ ഉറച്ചു വിശ്വസിച്ച ആദ്യത്തെ 'പണ്ഡിതൻ'!. അവനാണ് ഇബ്‌ലീസ് എന്ന ശൈത്താൻ.
മുഹമ്മദ് റസൂലുള്ളാ (സ്വ) യെ റൂഹിലും ജീവനിലും ചിന്തയിലും ചര്യകളിലുമെല്ലാം ശക്തമായി നിലനിർത്തി തരുന്നവരാണ് ശൈഖുമാർ. ഖുത്ബുസ്സമാൻ ആധുനിക സമൂഹത്തിൽ ചെയ്തത് അതാണ്. റബ്ബിന്റെ അനുവാദവും മശാഇഖുമാരുടെ അംഗീകാരവുമുള്ള, മുഹമ്മദ് റസൂലുള്ളാ (സ്വ)യുടെ വെളിച്ചം വഹിക്കുന്ന പരിപൂർണ്ണരായ ഒരു ശൈഖ് ഉണ്ടാവുകയാണ് ദീനിന്റെ ചര്യ. "ശൈഖില്ലാത്തവന്റെ ശൈഖ് ശൈത്താനാണ്" എന്ന മഹാനായ ഖുത്ബുസ്സമാൻ എത്ര തവണ പൊതു വേദികളിലൂടെ തന്നെ ഈ സമൂഹത്തെ ഉണർത്തുകയുണ്ടായി! അത് തന്നെയാണ് അവിടത്തെ പിൻഗാമിയും പരിശുദ്ധ തൗഹീദിന്റെ വർത്തമാനകാല നായകനുമായ മഹാൻ നാഇബ് ഖുത്ബുസ്സമാനും ഉണർത്തിക്കൊണ്ടിരിക്കുന്നത്. അവസാന കാലത്ത് ജനങ്ങൾക്ക് ഹബീബായ റസൂൽ (സ്വ)യോട് സത്യസന്ധമായ ബന്ധം സ്ഥാപിക്കാൻ തടസ്സമായി നിൽക്കുക വ്യാജ പണ്ഡിതന്മാരും കള്ള ശൈഖന്മാരുമായിരിക്കും എന്ന് നാഇബ് ഖുത്ബുസ്സമാൻ മഹാനവർകൾ വ്യക്തമായി നമ്മോടൊക്കെയും ഉണർത്തിയത് മറക്കാനാവുമോ?!
നോക്കൂ, ഖുതുബുസ്സമാൻ മഹാനവർകൾ 'ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ളാ'യുടെ അടിസ്ഥാന തത്വവും പ്രയോഗവും പരസ്യ പ്രഖ്യാപനം നടത്തിയപ്പോഴായിരുന്നല്ലോ കേരളത്തിലെ ആധിനിക പണ്ഡിതസഭകൾ എതിർപ്പുകളുമായി രംഗത്ത് വന്നത്. അത് അവർക്കൊക്കെയും അജ്ഞാതമായ സത്യമായിപ്പോയി! അതുവരെ ആർക്കും ഒരു എതിർപ്പുമില്ലായിരുന്നു. അതേ അവസ്ഥ തന്നെയല്ലേ മഹാനായ നാഇബ് ഖുതുബുസ്സമാന്റെ കാര്യത്തിലും സംഭവിച്ചതും തുടരുന്നതും?! മറ്റെല്ലാറ്റിനും അപ്പുറം .ഹബീബായ റസൂൽ (സ്വ) യോടുള്ള ബന്ധത്തെ കുറിച്ച് തന്നെ ഊന്നി ഊന്നിപ്പറഞ്ഞ നാഇബ് സുൽത്താനോട്, അതിന്റെ വഴികളറിയാത്ത വേഷംകെട്ടുകാർക്കൊക്കെയും എതിർപ്പായി. മഹാനവർകൾ ഖുത്ബുസ്സമാന്റെ പദവികൾ വഹിച്ചു, കലിമയുടെ ആസ്ഥാന ഗേഹമായ ജീലാനീ ശരീഫിന്റെ പരിശദ്ധരായ പരിപാലകരായി, സമ്പൂർണ്ണ തൗഹീദിന്റെ ഉത്തരധികാരിയായി മാറിയതോടെ നാട്ടിലും വീട്ടിലും കുടുംബത്തിൽ പോലും എതിർ ശബ്ദങ്ങൾ ഉയർന്നു വന്നു. അതുവരെ ആദരിച്ചു ബഹുമാനിച്ചിരുന്നവർ ക്ഷണ നേരം കൊണ്ട് ശത്രുക്കളായി മാറുന്ന കാഴ്ച നാം കണ്ടില്ലേ?! മുഹമ്മദ് റസൂലുള്ള(സ്വ)യാണ് ദീൻ എന്ന് ഒരിക്കൽ കൂടി അടിവരയിട്ട് കാലം തെളിയിക്കുകയായിരുന്നു. അതിൽ ഒരു വിട്ടു വീഴ്ചക്കും അവിടന്ന് തയ്യാറായില്ല എന്നതാണ് ദീനിന്റെ നായകത്വ മഹിമ.
ദീനീ വിഷയത്തിൽ യാതൊരു വിധ ഒത്തു തീർപ്പും സാധ്യമല്ല എന്ന നാഇബ് ഖുതുബുസ്സമാൻ മഹാനവർകളുടെ ഉറച്ച നിലപാടിനെതിരെ ആർ എത്ര കളിച്ചാലും ആവില്ലെന്ന് മാത്രം ഓർക്കുക. ആ വെളിച്ചം മുഹമ്മദ് റസൂലുള്ള (സ്വ)യാണ്. മരിച്ച ദീനിനെ നീളൻ കുപ്പായവും കൂറ്റൻ തലപ്പാവുമണിയിച്ച് പ്രസംഗിച്ചു ജീവിക്കുന്ന വ്യാജന്മാരെ കണ്ടും കൊണ്ടും ജീവിക്കുന്ന ജനങ്ങളേ, സ്നേഹത്തോടെ, ഗുണകാംക്ഷയോടെ ഉണർത്തട്ടെ, സംഘടനകൾ പ്രതിനിധാനം ചെയ്യുന്ന മരിച്ച ദീനിനെ വലിച്ചെറിയുക, മുഹമ്മദീ നൂറിന്റെ ജീവനുള്ള പാതയിലേക്ക് മടങ്ങുക. മഹാനായ നാഇബ് ഖുത്ബുസ്സമാൻ കാണിച്ചു തരുന്ന ആത്മീയ വെളിച്ചം സ്വീകരിക്കുക. ജീവനുള്ള ദീനിലേക്ക് മടങ്ങുക. റബ്ബിന്റെ ഹബീബായ മുഹമ്മദ് റസൂലുള്ള ﷺ നയിക്കുന്ന ദീനിലേക്ക്, മനുഷ്യ വിജയത്തിന്റെ യഥാർത്ഥ സുന്നത്തിലേക്ക് കടന്നു വരാൻ ഈ റബീഉൽ അവ്വലിൽ ഏവർക്കും ഭാഗ്യം ലഭിക്കട്ടെ, ആമീൻ.