06/08/2026
തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മാമില്ലഗുഡം സർക്കാർ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി 12 വർഷത്തോളം സേവനം അനുഷ്ഠിച്ച ബൂക്യ ഗൗതമിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഇൻസ്റ്റാഗ്രാമിൽ 3.28 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായിരുന്ന ഗൗതമി, സർക്കാർ ജോലി ഉപേക്ഷിച്ചതായി ഒരു വീഡിയോയിലൂടെയാണ് അറിയിച്ചത്. അവരുടെ കണ്ണീരോടെയുള്ള പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഗൗതമിക്കെതിരായ വിവാദം ആരംഭിച്ചത് അവർ പങ്കുവെച്ച ഇൻസ്റ്റാഗ്രാം റീലുകളോടെയായിരുന്നു. സർക്കാർ സ്കൂളുകളെ മോശമായി ചിത്രീകരിക്കുകയും സ്വകാര്യ സ്കൂളുകളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് വീഡിയോകൾ ഉണ്ടായിരുന്നതെന്നായിരുന്നു പ്രധാന ആരോപണം. ഒരു സർക്കാർ അധ്യാപികയായിരിക്കെ ഇത്തരത്തിലുള്ള ഉള്ളടക്കം സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നുവെന്നും വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതാണെന്നും വിമർശനമുയർന്നു.
പരാതികൾ ശക്തമായതോടെ വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. ഈ വർഷം ജനുവരിയിൽ ഗൗതമിയെ സസ്പെൻഡ് ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനും സർക്കാർ സ്കൂളിലെ കുട്ടികളെ സ്വകാര്യ സ്കൂളുകളിലേക്ക് മാറ്റാൻ പ്രേരിപ്പിച്ചതിനും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. സർക്കാർ സേവനച്ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന നടപടികളും ആരംഭിച്ചു.
എന്നാൽ ആരോപണങ്ങൾ ഗൗതമി പൂർണമായും നിഷേധിച്ചു. താൻ ഇൻസ്റ്റാഗ്രാം റീലുകൾ ചിത്രീകരിച്ചിരുന്നത് സ്കൂൾ സമയത്തല്ല, വീട്ടിലിരുന്നാണ് എന്നും അധ്യാപിക എന്ന നിലയിലെ ഔദ്യോഗിക ചുമതലകളിൽ ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്ന ഒരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നും, സോഷ്യൽ മീഡിയ പ്രവർത്തനവും അധ്യാപന ജോലിയും വേർതിരിച്ചാണ് കൈകാര്യം ചെയ്തതെന്നും അവർ വിശദീകരിച്ചു.
എന്നിരുന്നാലും, സസ്പെൻഷന് പിന്നാലെ നേരിടേണ്ടി വന്ന മാനസിക സമ്മർദ്ദവും വിവാദങ്ങളും താങ്ങാനാവാത്ത സാഹചര്യത്തിലാണ് സർക്കാർ ജോലി രാജിവെക്കാൻ തീരുമാനിച്ചതെന്ന് ഗൗതമി പറയുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വികാരഭരിതമായ വീഡിയോയിലൂടെയാണ് അവർ രാജി പ്രഖ്യാപിച്ചത്. സംസാരത്തിനിടെ പലവട്ടം കണ്ണീരടക്കാൻ ശ്രമിച്ച ഗൗതമി, അധ്യാപിക എന്ന പദവി നഷ്ടപ്പെടുന്നതിന്റെ വേദന തുറന്നുപറഞ്ഞു.