16/10/2025
സുധ മേനോൻ എഴുതുന്നു:
ഒരിക്കൽ, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത്, കച്ചിലെ ഒരു ഉൾനാടൻ ഗ്രാമത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഞാൻ രണ്ട് ചെറുപ്പക്കാരെ കണ്ടുമുട്ടി. ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിലെ വിദൂരമായ ഒരു ഗ്രാമം. ആൾതാമസം നന്നേ കുറവ്. പാരമ്പര്യ വേഷമണിഞ്ഞ ആ യുവാക്കൾ, ഒരു കുഞ്ഞു ചായക്കടയുടെ ചുമരിൽ മൈദയിൽ മുക്കി അതീവശ്രദ്ധയോടെ പോസ്റ്റർ ഒട്ടിക്കുന്നത് കണ്ടാണ് ഞാൻ വണ്ടി നിർത്തി ഇറങ്ങിയത്. പോസ്റ്ററിൽ ചിരിക്കുന്ന രാഹുൽ ഗാന്ധി. തൊട്ടരികിലെ വേലികളിലും കയ്യാലകളിലും നിറയെ ‘കൈപ്പത്തി’ പോസ്റ്ററുകൾ!
എന്നെ കണ്ടതും അവർ ചിരിച്ചുകൊണ്ട് അരികെ വന്നു. കൈയിലെ നോട്ടീസ് നീട്ടി. കോൺഗ്രസ്സ് സ്ഥാനാർഥിയായ നരേഷ് ഭായ് മഹേശ്വരിക്ക് വോട്ട് അഭ്യർത്ഥിക്കുന്ന നോട്ടീസ് ഞാൻ കൗതുകത്തോടെ വാങ്ങി നോക്കി. ആ ഗ്രാമത്തിൽ കോൺഗ്രസിന് ബൂത്ത് കമ്മിറ്റിയൊന്നും ഇല്ല. സ്ഥാനാർഥിയെ അവർക്ക് നേരിട്ട് പരിചയവും ഇല്ല. ‘ഈ വാർഡിൽ എത്ര കോൺഗ്രസ് കുടുംബങ്ങൾ ഉണ്ടാകും?’ ഞാൻ വെറുതെ ചോദിച്ചു. നാല് - അവർ വിരലുകൾ മടക്കി. പിന്നെന്തിനാണ് നിങ്ങൾ ഇത്രയധികം പോസ്റ്ററുകൾ ഒട്ടിക്കുന്നത്? ഞാൻ അമ്പരപ്പോടെ ചോദിച്ചു. ‘തിരഞ്ഞെടുപ്പ് അല്ലേ? ബാജപ അങ്ങനെ എളുപ്പത്തിൽ ജയിക്കരുത്. നമ്മൾ മിനക്കെട്ടുകൊണ്ടേയിരിക്കണം. എന്നെങ്കിലും നമ്മൾ ജയിക്കും’.
അവർ ആത്മവിശ്വാസത്തോടെ പറഞ്ഞു. 1991ൽ ആണ് അവസാനമായി ആ മണ്ഡലത്തിൽ നിന്ന് ഒരു കോൺഗ്രസ് സ്ഥാനാർഥി ജയിച്ചത് എന്നോർക്കണം! അവർക്ക് പത്തു പൈസ പോലും തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും കിട്ടിയിട്ടില്ല. സ്വന്തം കൈയിൽ നിന്നും പണം മുടക്കി നാൽപ്പത് കിലോമീറ്റർ ദൂരെയുള്ള നഗരത്തിൽ പോയിട്ടാണ് പോസ്റ്ററുകൾ സംഘടിപ്പിച്ചത്. 28 വർഷമായി കോൺഗ്രസ് ജയിക്കാത്ത ഒരു മണ്ഡലത്തിൽ, സംഘടനാസംവിധാനം നേർത്ത് നേർത്ത് സരസ്വതീ നദി പോലെ ഏറെക്കുറെ അപ്രത്യക്ഷമായ ഒരു പിന്നോക്കഗ്രാമത്തിലാണ്, പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള സാധുക്കളായ രണ്ട് യുവാക്കൾ തുച്ഛമായ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ച് മൈദയിൽ മുക്കി പോസ്റ്റർ ഒട്ടിക്കുന്നത് എന്നോർത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ഒരിക്കലും ഒരു പഞ്ചായത്ത് അംഗം പോലും ആകാൻ അവർക്ക് കഴിയില്ല. പക്ഷേ ചിരപുരാതനമായ ഒരു ആചാരം പോലെ, വിശുദ്ധമായ കടമ പോലെ അവർ അവരുടെ ധർമം സംതൃപ്തിയോടെ നിറവേറ്റുകയാണ്....
തിരികെ വന്നിട്ടും ദിവസങ്ങളോളം ആ കോൺഗ്രസ് പ്രവർത്തകരുടെ ക്ഷീണിച്ച മുഖം എന്നെ വിട്ടുപോയില്ല. ആ തിരഞ്ഞെടുപ്പിൽ പതിവുപോലെ മൂന്നു ലക്ഷത്തിൽ അധികം വോട്ടുകൾക്ക് ബിജെപി ജയിച്ചു... എങ്കിലും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും ആ യുവാക്കൾ പതിവുപോലെ മൈദയിൽ മുക്കി പോസ്റ്റർ ഒട്ടിച്ചുകാണും എന്ന് എനിക്കുറപ്പാണ്. എല്ലാ പരാജയങ്ങളിലും അളവറ്റ ഊർജ്ജം തരുന്ന സുന്ദരമായ ഓർമയാണ് എനിക്കിപ്പോഴും കച്ചിലെ ആ വിദൂരഗ്രാമവും നിഷ്‌ക്കളങ്കരായ ആ പ്രവർത്തകരും!
കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഗ്രാമങ്ങളിൽ ഇപ്പോഴും ഇതുപോലെ നിസ്വാർത്ഥരായ ഒട്ടനവധി സാധാരണ പ്രവർത്തകർ ഉണ്ട്. അവരാണ് എന്നും ഈ പാർട്ടിയുടെ മൃതസഞ്ജീവനി. അവരില്ലെങ്കിൽ നേതാക്കൾ ഇല്ല. അല്ലാതെ ചാനലുകളും, സോഷ്യൽമീഡിയയും അല്ല നേതാക്കളെയും പാർട്ടിയേയും നില നിർത്തുന്നത്.
ഈ അനുഭവം ഇപ്പോൾ ഓർമ്മിച്ചത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ പല നേതാക്കളും പ്രവർത്തകരും വിവിധ മാധ്യമങ്ങളിൽക്കൂടി പ്രസരിപ്പിക്കുന്ന വികാരപ്രകടനങ്ങളിൽ മനസ് മടുത്തിട്ടാണ്. പ്രിയ സുഹൃത്തുക്കളെ, നിങ്ങളുടെ രാഷ്ട്രീയ എതിരാളികൾ സഹപ്രവർത്തകർ ആണോ അതോ എൽഡി എഫും ബിജെപിയും ആണോ എന്നെങ്കിലും നിങ്ങൾ ഉറപ്പ് വരുത്തണം.
കേരളത്തിലെ യുവാക്കളും, തലമുതിർന്നവരുമായ എല്ലാ നേതാക്കളും, പ്രവർത്തകരും, ഗ്രൂപ്പ് വാദികളും ദയവ് ചെയ്ത് മാധ്യമങ്ങളെക്കാണുമ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ ഓളം കാണുമ്പോൾ അൽപ്പമെങ്കിലും ആത്മസംയമനം പാലിക്കണം. നിർഭാഗ്യവശാൽ ഏറ്റവും മികച്ച അവസരങ്ങൾ കിട്ടിയവർ തന്നെയാണ് മാധ്യമങ്ങളുടെ ആർത്തിക്ക് മുന്നിലേക്ക് ആത്മനിയന്ത്രണമില്ലാതെ കടന്നു വരുന്നത്. അത് സോഷ്യൽ മീഡിയയിൽ അനുയായികൾ ഏറ്റെടുത്ത് ആഘോഷിക്കുമ്പോൾ സ്പർദ്ധ പ്രവർത്തകരിലേക്കും പടരുന്നു.
ഇതിന് ഒരവസാനം വേണ്ടേ? സോഷ്യൽ മീഡിയയിലെ ആരോപണങ്ങളും വാഗ്വാദങ്ങളും എല്ലാ അതിരുകളും ലംഘിച്ചിട്ട് മാസങ്ങളായി. നിയമസഭയിലേക്കും പാർലമെന്റിലേക്കും മത്സരിക്കാൻ കാത്തിരിക്കുന്ന മുൻനിര നേതാക്കൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. പക്ഷേ, ബൂത്ത് തലത്തിലും മണ്ഡലം തലത്തിലും പ്രവർത്തിക്കുന്ന, പോസ്റ്ററൊട്ടിക്കുന്ന, വീടുകൾ കയറിയിറങ്ങുന്ന സാധുക്കളായ സാധാരണപ്രവർത്തകരെയാണ് ഇത് ബാധിക്കുക. കടം കേറി മുടിഞ്ഞാലും പാർട്ടിക്ക് വേണ്ടി സ്വയം മറന്ന് പണിയെടുക്കുന്ന ഈ മനുഷ്യർക്ക് ജീവിതത്തിൽ ആകെയുള്ള ചെറിയ അവസരമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ്. അവരിൽ പലരും ജയിക്കാനും സാധ്യതയുണ്ട്. ആ മനുഷ്യരുടെ കുഞ്ഞു കുഞ്ഞു മോഹങ്ങൾക്ക് മുകളിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തുമ്പോൾ നിങ്ങൾ തീ കോരിയിടുന്നത്.
അതുകൊണ്ട്, ദയവ് ചെയ്ത് നിങ്ങളുടെ അഭിപ്രായവ്യത്യാസങ്ങളും സ്ഥാനം കിട്ടിയതിന്റെയും കിട്ടാത്തതിന്റെയും കണക്കുകളും മാധ്യമങ്ങളുടെ മുന്നിൽ പോയി പറയാതിരിക്കൂ. അവർക്ക് നിങ്ങൾ കേവലം ഒരിര മാത്രമാണ്. ജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ മുന്നിലുണ്ടാകുമ്പോൾ ചർച്ച വഴി മാറിപ്പോകാൻ മാത്രമാണ് ഇത്തരം രീതികൾ ഇടയാക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ സഹപ്രവർത്തകരും സ്വയം ചിന്തിക്കൂ...ആരെയാണ് നിങ്ങളുടെ ചേരി തിരിഞ്ഞുള്ള ആരോപണങ്ങൾ സഹായിക്കുന്നത് എന്ന്. ഒരേ കൊടി പിടിക്കുന്നവരാണ് എല്ലാവരും എന്ന് മറന്നു പോകരുത്.
ചുമരുണ്ടെങ്കിൽ അല്ലേ ചിത്രം വരക്കാൻ കഴിയൂ? ചാരി നിൽക്കുന്ന ചുമർ തന്നെ പൊളിഞ്ഞു പോകുന്നത് നമ്മൾ ഇനിയെങ്കിലും തിരിച്ചറിയണം. കച്ചിലെ ആ സാധുയുവാക്കളെപ്പോലുള്ള സാധാരണ പ്രവർത്തകരെ ഓർത്തെങ്കിലും നിങ്ങൾ പക്വതയും വിവേകവും ക്ഷമയും കാണിക്കൂ..🙏hn