
26/02/2025
തൊണ്ണൂറുകളിൽ അമിതാഭ്, മിഥുൻ,സണ്ണി ഡിയോൾ അനിൽകപൂർ, ഋഷി കപൂർ ഒക്കെ ആക്ഷനും റൊമാൻസും ചെയ്യുമ്പോഴാണ് യൗവനത്തിന്റെ ചുറുചുറുക്കുമായി സൽമാൻ, ഷാരൂഖ്, ആമിർ ഇവരുടെ രംഗ പ്രവേശം.
ഗോവിന്ദ, സഞ്ജയ് ദത്ത് തുടങ്ങി രണ്ടാം നിരയും അന്ന് ശക്തമാണ്. ഖാൻമാരെ കൂടാതെ അക്ഷയ് കുമാർ, സുനിൽ ഷെട്ടി ഒക്കെ തെളിഞ്ഞുവരുന്ന സമയം.
അരങ്ങേറ്റ ചിത്രമായ "ഖയാമത് സേ ഖയാമത് തക്" (1988) തന്നെ മെഗാഹിറ്റ് ആക്കിയായിരുന്നു ആമീറിൻ്റെ വരവ്. പിന്നീട് നല്ല ഒരു വിജയമായത് 1990 ൽ റിലീസായ "ദിൽ" ആണ്.
ആദ്യ സിനിമയായ "ബീവി ഹോ തോ ഏയ്സി" (1988)യിൽ സഹനടനായിട്ടായിരുന്നെങ്കിലും തൻ്റെ പിതാവിൻ്റെ സ്വാധീനം സൽമാനെ ആദ്യകാലങ്ങളിൽ വളരെയേറെ തുണച്ചിരുന്നും. വൈകാതെ തന്നെ "മേനേ പ്യാർ കിയ" (1989) എന്ന ബ്ലോക് ബസ്റ്ററിലൂടെ സൽമാനും ബോളിവുഡിൽ സ്വന്തം ഇരിപ്പിടം കരസ്ഥമാക്കി.
പിന്നീടാണ് ഷാരൂഖ് സിനിമയിലെത്തുന്നത്. "ദീവാന"(1992) എന്ന ചിത്രത്തിലെ നായകതുല്യ വേഷത്തിൽ എത്തുമ്പോൾ ദൂരദർശൻ സീരിയലുകൾ വഴി പ്രേക്ഷകർക്ക് ഷാരൂഖ് ചിരപരിചിതനായിരുന്നു.
പിന്നീട് കുറച്ച് പരാജയങ്ങളുമായി നിൽക്കുമ്പോഴാണ് 1993 ൽ ഡർ, ബാസിഗർ എന്നീ രണ്ട് സിനിമകളിലെ നെഗറ്റീവ് റോളുകൾ ഷാരൂഖിനെ തേടിയെത്തിയത്.
ഡർ ആമിറും ബാസിഗർ സൽമാനും വേണ്ട എന്ന് വച്ച വേഷങ്ങളായിരുന്നു. ആ ചിത്രങ്ങൾ നൽകിയ മൈലേജ് ഷാരൂഖിനെ മറ്റ് നടൻമാരേക്കാൾ കിലോമീറ്ററീകൾ മുന്നിലെത്തിച്ചു.
1993 മുതൽ ബോളിവുഡ് ഖാൻമാരുടെ കയ്യിലായി. അമിതാഭിൻ്റെയും, മിഥുൻ്റെയും ജനപ്രീതി കുറഞ്ഞു. സഞ്ജയ് ദത്ത് ജയിലിലായി. പിന്നെ ഖാൻമാരുടെ പടയോട്ടമായിരുന്നു. അതിനിടയിൽ പരസ്പരം പോരടിക്കുന്ന കാര്യത്തിലും അവർ പിന്നിലായിരുന്നില്ല.
ആമിറും സൽമാനും തമ്മിലും ഷാരൂഖും സൽമാനും തമ്മിലും വാക്പോരുകൾ സാധാരണമായിരുന്നു. എന്നാൽ, ഷാരൂഖും ആമിറും നല്ല സൗഹൃദത്തിലായിരുന്നു.
1995 ൽ കരൺ അർജുൻ ബ്ലോക്ബസ്റ്റർ ആയി, സൽമാനേക്കാൾ ഷാരൂഖിനാണ് കരൺ അർജുൻ തുണയായത്. അതേ വർഷം "ദിൽവാലേ ദുൽഹനിയ ലേ ജായേംഗേ" എത്തിയതോടെ ഷാരൂഖ് ബോളിവുഡിൻ്റെ ബാദ്ഷാ ആയി വാഴ്ത്തപ്പെട്ടു.
സൽമാൻ കേസിനും വിവാദങ്ങൾക്കും പിന്നാലെ പോയപ്പോൾ ആമിറും ഷാരൂഖും ഉയരങ്ങൾ താണ്ടുകയായിരുന്നു.
അതിനിടയിലും അവസരം കിട്ടുമ്പോഴൊക്കെ ഷാരൂഖിനെ ചൊറിയാനും , തിരികെ മാന്ത് വാങ്ങാനും സൽമാൻ സമയം കണ്ടെത്തി. ഒരുതവണ ഇരുവരും ഒരു പൊതുവേദിയിൽ കയ്യാങ്കളിയുടെ വക്കോളം എത്തി.
കുറച്ച് നാൾ കഴിഞ്ഞതോടെ സൽമാനെ തേടി "തേരേ നാം" എത്തി. അത് സൽമാൻ്റെ പുനർജന്മം ആയിരുന്നു. പിന്നെ 2010 ഒക്കെയായപ്പോൾ ഷാരൂഖിനേക്കാൾ കൂടുതൽ സൽമാൻ ഹിറ്റുകൾ അടിച്ചു.
ഏതോ ഒരു പോയിൻ്റിൽ ഖാൻമാരുടെ ഇടയിലെ പോര് അവസാനിച്ചു. സൽമാന്റെ ഗസ്റ്റ് റോൾ ഇല്ലാതെ ഷാരുഖിൻ്റെ സിനിമ ഇല്ല എന്ന സ്ഥിതിയായി. ആമിറും സൽമാനോട് വൈരാഗ്യം ഉപേക്ഷിച്ചു.
ഇന്നും ബോളിവുഡിൻ്റെ താരരാജക്കൻമാർ ഖാൻമാർ തന്നെയാണ്. ഇവർ ഒരുമിച്ചുള്ള സിനിമകൾ വളരെ കുറവാണെങ്കിലും ഇന്നും അവ കാണാൻ പ്രത്യേക രസമാണ്.