
08/10/2025
ഇസ്രയേൽ-ഗസ്സ സംഘർഷത്തിന് ശാശ്വത പരിഹാരം തേടിയുള്ള സമാധാന ചർച്ചകൾ ഈജിപ്തിൽ പുരോഗമിക്കുമ്പോൾ, ഗസ്സയിൽ നിന്ന് ഇസ്രയേൽ സൈന്യം പൂർണ്ണമായും പിന്മാറണം എന്ന നിർബന്ധിത ഉപാധി മുന്നോട്ടുവെച്ച് ഹമാസ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻകൈയെടുത്ത് മുന്നോട്ടുവെച്ച 21 ഇന സമാധാന കരാറിന് ഭാഗികമായി അംഗീകാരം നൽകിയ ശേഷമാണ് ഹമാസ് തങ്ങളുടെ നിലപാട് കടുപ്പിച്ചത്.
സംഘർഷം തുടങ്ങി രണ്ട് വർഷം പിന്നിടുമ്പോഴും അന്തിമ കരാറിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ, നിലവിലെ ചർച്ചകൾ നിർണ്ണായകമാണ്. പലസ്തീന്റെ സ്വയം നിർണ്ണയാവകാശം ഉറപ്പാക്കുക, യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുക, ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും ന്യാപരമായ കൈമാറ്റം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്ന് ഹമാസ് ചർച്ചാ സംഘത്തെ നയിക്കുന്ന ഖലീൽ അൽ ഹയ്യ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ന് കൂടുതൽ നിർണ്ണായകമായ കൂടിക്കാഴ്ചകൾക്കായി അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജറേഡ് കുഷ്നർ, ഇസ്രയേലി സ്ട്രാറ്റജിക് കാര്യ മന്ത്രി റോൺ ഡെർമർ, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽത്താനി എന്നിവർ ഈജിപ്തിൽ എത്തുമെന്നും വിവരമുണ്ട്.
ഇസ്രയേലും പ്രമുഖ അറബ് രാജ്യങ്ങളും ട്രംപിന്റെ കരാറിനെ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, കരാർ പൂർണ്ണമായി അംഗീകരിക്കുന്നതിന് മുമ്പ് ഹമാസ് മുന്നോട്ട് വെച്ച ഉപാധികളിൽ, പൂർണ്ണമായ സൈനിക പിൻമാറ്റം കൂടാതെ മാനുഷിക സഹായങ്ങൾക്കുള്ള നിയന്ത്രണം നീക്കുക, ഗസ്സ വിട്ടുപോയ ആളുകളെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുക, പുനർനിർമ്മാണ പ്രക്രിയ പലസ്തീൻ ദേശീയ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിൽ വേണം എന്ന ആവശ്യങ്ങളും ഉൾപ്പെടുന്നു. കരാർ യാഥാർത്ഥ്യമാക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് ഹമാസ് വക്താവ് ഫൗസി ബർഹൂം അറിയിച്ചു.