03/06/2023
കഴിഞ്ഞ ദിവസം വളരെ തിരക്കുകൾക്കിടയിലാണ് ഈ അച്ഛൻ എന്നെ കാണാൻ വന്നത്. കുറച്ചു നാൾ മുൻപ് ഉണ്ടായ അപകടത്തിൽ ഇദ്ദേഹത്തിന് ഒരു കാല് നഷ്ടമായി. എങ്കിലും വിധിയോട് പൊരുതി തന്നാൽ ആവുന്നത് പോലെ തൊഴിൽ ചെയ്താണ് ഇദ്ദേഹം ജീവിക്കുന്നത്. ഇപ്പോൾ ഒരു മുച്ചക്ര വാഹനം വാങ്ങുന്നതിന് പിന്തുണ പ്രതീക്ഷിച്ചാണ് ഈ അച്ഛൻ വന്നത്.
യാദൃച്ഛികമൊന്നോണം ഇതേ സമയത്ത് തൃശൂർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഭാരവാഹികളും എൻ്റെ ഓഫീസിൽ വന്നു. എന്നെയൊരു പരിപാടിക്ക് ക്ഷണിക്കാൻ വന്നതായിരുന്നു ഇവർ. ഈ അച്ഛൻറെ ആവശ്യം കേട്ടപാടെ ഞങ്ങൾ സഹായിക്കട്ടേയെന്നാണ് ഇവർ എന്നോട് ചോദിച്ചത്. ശരിയെന്ന് ഞാൻ പറഞ്ഞു. ഈ അച്ഛന്റെ ആവശ്യം പോലെ ഒരാഴ്ചക്കുള്ളിൽ തന്നെ പുതിയ മുച്ചക്ര വാഹനം വാങ്ങി നൽകാമെന്നും ഇവർ ഉറപ്പ് നൽകി.
നമ്മുടെ ജീവിതത്തിൽ നിരവധി കാര്യങ്ങൾ ഇങ്ങനെ യാദൃച്ഛികമായി സംഭവിക്കാറുണ്ടല്ലേ. ഈയൊരു അനുഭവം മനസിന് ഒരുപാട് സന്തോഷം നൽകി. ഈ ആകസ്‌മിക സംഭവവും ആ അച്ഛൻറെ മുഖത്തെ സന്തോഷവും വളരെ നല്ലൊരു ഓർമയായി എന്നും എൻ്റെ മനസിലുണ്ടാകും. ഈ അച്ഛനെ സഹായിക്കാനായി മുന്നോട്ട് വന്ന തൃശൂർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഭാരവാഹികൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.