കഥാസാഗരം

കഥാസാഗരം ഇവിടെ ലൈക് ചെയ്യൂ->> House Designs & Interior Designs

ലിപ്സ്റ്റിക് കടുപ്പത്തിൽ ചുണ്ടിൽ തേച്ചു പിടിപ്പിച്ചു കൊണ്ടാണ് രേവതി അത് പറഞ്ഞത്. "രണ്ടു ദിവസത്തിൽ കൂടുതൽ ഒന്നും എനിക്ക് ...
30/06/2025

ലിപ്സ്റ്റിക് കടുപ്പത്തിൽ ചുണ്ടിൽ
തേച്ചു പിടിപ്പിച്ചു കൊണ്ടാണ്
രേവതി അത് പറഞ്ഞത്.

"രണ്ടു ദിവസത്തിൽ കൂടുതൽ ഒന്നും
എനിക്ക് അവിടെ നിൽക്കാൻ പറ്റില്ല.
കേട്ടോ..ആനന്ദ് എന്നെ വെറുതെ
നിർബന്ധിക്കരുത് "

"നിനക്ക് ഇഷ്ടമുള്ളത് എന്താന്ന്
വെച്ചാൽ ചെയ്യ്.. "

കൂടുതൽ സംസാരിക്കാൻ താല്പ്പര്യം
ഇല്ലാതെ അയാൾ എഴുന്നേറ്റു..

മകനിഷ്ടമുള്ള ഷർട്ടും പാന്റ്സും
എടുത്തു കൊടുത്തിട്ട് അയാൾ
കാറിന്റെ കീയും
പഴ്സും കയ്യിലെടുത്തു..

"വേഗം വേണം. ഞാൻ കാറിൽ
കാണും "

അത്യാവശ്യം വേണ്ട കുറച്ചു ഡ്രെസ്സ്
എടുത്തു ബാഗിൽ കുത്തിത്തിരുകി.
ആനന്ദിന്റെ വീട്ടിൽ പോയി തങ്ങുന്നതേ ഇഷ്ടമല്ല. ഒരു പട്ടിക്കാട് സ്ഥലം.
ഒരുപാട് കയറ്റം കയറി വേണം അങ്ങ് മലമുകളിൽ ഉള്ള വീട്ടിലെത്തുവാൻ !
വെള്ളം പോലും ആവശ്യത്തിന് കിട്ടില്ല.
സ്വന്തമായി കാർ ഉണ്ടായിട്ടും താഴെ
എവിടെ എങ്കിലും കൊണ്ടിടേണ്ട
സ്ഥിതിയാണ്.

ആനന്ദിന് നല്ലൊരു ജോലിയുള്ളത്
മാത്രമാണ് തന്റെ വീട്ടിൽ എല്ലാവരും വലിയ
മേന്മയായി കണ്ടത്.

പട്ടണത്തിൽ സുഖസൗകര്യങ്ങളോടെ
അടിച്ചു പൊളിച്ചു കഴിഞ്ഞ തനിക്ക്
അവിടെ കഴിഞ്ഞ ഓരോ ദിനവും
വല്ലാത്തൊരു ശ്വാസം മുട്ടലാണ് !.

ഒട്ടും മോഡേൺ അല്ലാത്ത ഒരു വീട്ടുകാരെ അംഗീകരിച്ചു ജീവിക്കാൻ കഴിയാതെ വന്നതോടെ സ്വന്തം വീട്ടിലേക്ക് തന്നെ
തിരികെ പോന്നു. മകനെ അടുത്തുള്ള സ്കൂളിൽ ചേർക്കുകയും ചെയ്തു.
ആനന്ദ് ആകട്ടെ
ആഴ്ചയിൽ ഒരു ദിവസം മാത്രം
മോനെ കാണാൻ വേണ്ടി
വീട്ടിൽ വന്നു പോയി .

ഇപ്പോൾ സ്കൂൾ അവധി ആയതു
കൊണ്ട് ഇനി ഒഴിവ് കഴിവ് ഒന്നും
പറയാൻ നിവൃത്തി ഇല്ലാതായിരിക്കുന്നു.

മോനാകട്ടെ യാത്ര ഒരുപാട് ഇഷ്ടപ്പെട്ട
മട്ടിൽ ഹെഡ്‌ഫോണും ചെവിയിൽ
തിരുകി പുറത്തെ കാഴ്ചകൾ ആസ്വദിച്ചു
കൊണ്ടിരുന്നു.

ആനന്ദ് ഒന്നും മിണ്ടാതെ ഡ്രൈവിങ്ങിൽ
മാത്രം ശ്രദ്ദിച്ചു കൊണ്ടിരുന്നു. വല്ലാതെ
ബോറടിച്ചപ്പോൾ ഫോൺ ഓണാക്കി
വാട്സ്ആപ്പ് നോക്കാൻ തുടങ്ങി..

പ്രൊഫൈൽ പിക്ചർ മാറ്റി പുതിയ
സ്റ്റൈലിൽ ഉള്ളത് ഒരെണ്ണം
തിരഞ്ഞെടുത്തു.

ജീവിതം അടിച്ചുപൊളിച്ചു ആഘോഷം
ആക്കുന്നവർക്ക് മാത്രമായൊരു
ഗ്രൂപ്പിൽ കുറേയധികം സന്ദേശങ്ങൾ
ഓപ്പൺ ആകാതെ കിടന്നിരുന്നു.

എല്ലാം പതിയെ വായിച്ച് സീറ്റിലേക്ക്
മെല്ലെ ചാരിയിരിക്കുമ്പോൾ
നേർത്ത തണുപ്പുള്ള കാറ്റ് മരപ്പച്ചകൾക്കിടയിലൂടെ ഊയലാടി
തിമിർത്തുകൊണ്ടിരുന്നു.. കണ്ണുകൾ
അടഞ്ഞുപോയത് അറിഞ്ഞതേയില്ല.

വീടെത്തിയത് അറിയുന്നത് അമലിന്റെ ഉറക്കെയുള്ള ചിരി കേട്ടാണ്.
പ്രായം ചെന്ന അമ്മയും അച്ഛനും
അങ്ങ് പടിക്കെട്ടുകൾക്ക് മുകളിൽ
സന്തോഷത്തോടെ കാത്തു
നിൽപ്പുണ്ട്..

അമൽ ചാടിയിറങ്ങി കൽത്തിട്ടകൾ
ഓരോന്നായി ചാടിക്കയറാൻ
തുടങ്ങിയിരുന്നു..

കുറച്ചു ദിവസം ഇനിയിവിടെ തങ്ങുന്ന
കാര്യം ഓർത്തിട്ട് തന്നെ ഒരു വല്ലാത്ത
ശ്വാസം മുട്ടൽ പോലെ. പക്ഷേ
ആനന്ദിന്റെയും അമലിന്റെയും
മുഖത്തെ തെളിച്ചം കാണുമ്പോൾ
ഒന്നും പ്രകടിപ്പിക്കാനും കഴിയുന്നില്ല..

എന്തൊക്കെയോ വിഭവങ്ങൾ അമ്മ
ഒറ്റയ്ക്ക് ഒരുക്കിയിരുന്നു. പ്രായം
ഏറെ ആയെങ്കിലും മകന്റെ കാര്യങ്ങൾ
നോക്കുന്നത് അവരായിരുന്നു. വിവാഹം കഴിഞ്ഞാൽ പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിൽ ആണ് നിൽക്കേണ്ടത് എന്ന്
എപ്പോഴും അച്ഛൻ ഉപദേശിക്കുമെങ്കിലും ഉപേക്ഷിക്കാനാവാത്ത സുഖ സൗകര്യങ്ങൾ തന്നെ എന്നും ഭ്രമിപ്പിച്ചു കൊണ്ടിരുന്നു..

രാത്രിയിൽ ആനന്ദിന് വേണ്ടി ചപ്പാത്തി ഉണ്ടാക്കാൻ അടുക്കളയിൽ കയറുമ്പോൾ അമ്മ കറിയ്ക്കുള്ള പച്ചക്കറി എടുത്തു.

"മോൾക്ക് ഇഷ്ടമുള്ളത് എന്താന്ന് വെച്ചാൽ ഉണ്ടാക്കാം കേട്ടോ.. അവന് ചപ്പാത്തിയുടെ കൂടെ എന്തെങ്കിലും ഒരു സാലഡ് മതി. "

വല്ലായ്മയോടെയാണ് ഓർത്തത്, ഭർത്താവിന്റെ വീട്ടിൽ ഒരു വിരുന്നുകാരി ആയിരിക്കുന്നു താനിപ്പോൾ..

പുലർച്ചെ കോടമഞ്ഞു പതഞ്ഞൊഴുകുന്ന മലനിരകളിലേക്ക് നോക്കിയിരിക്കുമ്പോൾ അമ്മ മുറ്റം അടിച്ചു വാരാൻ തുടങ്ങിയിരുന്നു..
ചൂല് പിടിച്ചു വാങ്ങാൻ ചെന്നെങ്കിലും സമ്മതിച്ചില്ല.

"അവനുള്ള കാപ്പി ചൂട് പോകുന്നതിനു
മുൻപ് ഒന്ന് കൊടുത്തേക്ക്.. ഞാൻ
അപ്പോഴേക്കും തൂത്തു വാരിയിട്ട് ഓടി
വന്നേക്കാം.. "

ചെറിയൊരു കൂനും വെച്ച് അമ്മ
ധൃതിയിൽ എല്ലാ ജോലികളും ഓടിനടന്ന് ചെയ്യുമ്പോൾ ഇതുവരെ താൻ മാറിനിന്നതു തെറ്റായി പോയോ എന്ന് മനസ്സ് കലമ്പൽ
കൂട്ടി ക്കൊണ്ടിരുന്നു.

ചൂട് കാപ്പിയുമായി മുറിയിലേക്ക്
ചെല്ലുമ്പോൾ
ആനന്ദ് തന്നെ കാത്തിരിക്കുന്നു..

സ്വാതന്ത്ര്യത്തോടെ ചേർത്ത് പിടിച്ച്
ഓരോന്നും സംസാരിക്കുമ്പോൾ ഓർക്കുകയായിരുന്നു., നാളിതു
വരെയായിട്ടും ആഴ്ചയിൽ ഒരിക്കൽ
മാത്രം വരുന്ന ഭർത്താവിന്റെ സ്നേഹ പ്രകടനങ്ങൾ ആസ്വദിക്കുവാൻ
തനിക്കിതുവരെ കഴിഞ്ഞിട്ടില്ലല്ലോ
എന്ന് !

സ്വന്തം വീട്ടിൽ ആനന്ദിന്റെ മറയില്ലാത്ത
സ്നേഹം അവളെ അത്ഭുതപ്പെടുത്തി.
തന്നെയും മോനെയും കാണാൻ വരുമ്പോഴൊക്കെ വല്ലാത്ത ശ്വാസം
മുട്ടൽ പോലെ ആരോടും ഒന്നും
മിണ്ടാതെ മുറിക്കുള്ളിൽ എന്തെങ്കിലും വായിച്ചിരിക്കുകയാണ് പതിവ്..
ഭാര്യ വീട്ടിൽ പൊറുക്കുന്ന
ആണുങ്ങൾക്ക് ഒരു വിലയുമില്ലെന്നു
ചിലപ്പോൾ പിറുപിറുക്കും.

ആനന്ദിന്റെ ഇത്രയും ഉത്സാഹം
അവൾ ആദ്യമായാണ് കാണുന്നത്.
ഓടിനടന്ന് സാധനങ്ങൾ വാങ്ങി
ക്കൂട്ടുകയും അമ്പലത്തിലും സിനിമക്കും
ഷോപ്പിങ്ങിനും ഒരു മടിയുമില്ലാതെ കൂട്ടിക്കൊണ്ട് പോവുകയും ഒക്കെ ചെയ്തു ദിവസങ്ങൾ പോയത് അറിഞ്ഞതേയില്ല

അമ്മയോടൊപ്പം അടുക്കളയിൽ കയറി ആനന്ദിനും മോനും ഇഷ്ടപെട്ട വിഭവങ്ങൾ
തയാറാക്കുമ്പോൾ നഖത്തിലെ വിലകൂടിയ
നെയിൽ പോളിഷ് ഇളകിപ്പോയത്
ഗൗനിച്ചില്ല !

കുളി കഴിഞ്ഞു വരുമ്പോൾ ലിപ്സ്റ്റിക് മാറ്റി വെച്ച് ചന്ദന കുറിയും സിന്ദൂരവും തൊട്ട് നിൽക്കുമ്പോൾ ആനന്ദിന്റെ കണ്ണുകളിൽ
കണ്ട പ്രേമം ഹൃദത്തിലും തിളങ്ങുന്നത് തൊട്ടറിഞ്ഞു.

തന്റെതു മാത്രമായ കുടുംബത്തിന്റെ സ്വാതന്ത്ര്യവും അടുപ്പവും ഇഷ്ടങ്ങളുമൊക്കെ താൻ അറിയാതെ ആസ്വദിച്ചു പോയിരുന്നു.

ഇവിടെ ആനന്ദ് തരുന്ന
വിലയും സ്നേഹവും അവളെ
വല്ലാതെ കീഴ്പ്പെടുത്തിക്കളഞ്ഞിരുന്നു.

വെറും രണ്ട് ദിവസം എന്നത് രണ്ട്
ആഴ്ചയിൽ കൂടുതൽ ആയപ്പോൾ ഇനി തിരിച്ചു പോകണമല്ലോ
എന്നുള്ള ചിന്ത വല്ലാതെ അവളെ
മുറിവേൽപ്പിച്ചുകൊണ്ടിരുന്നു..

രാത്രിയിൽ ആനന്ദിന്റെ കരവലയത്തിൽ ഒതുങ്ങി കിടക്കുമ്പോൾ മനസ്സ് മുഴുവനും
ആനന്ദിനോടുള്ള
ക്ഷമാപണം മാത്രമായിരുന്നു..

ഇതുവരെ താൻ ഇല്ലാതാക്കിയ നല്ലൊരു
ജീവിതത്തിന്, ഒരു ഭാര്യയുടെ കടമകൾ
ചെയ്യാതെ മാറി നിന്ന് ആഡംബര ജീവിത
ത്തോടുള്ള ആസക്തിയിൽ മതിമറന്നതിന്
എല്ലാം അവൾ കണ്ണുനീരുകൊണ്ട്
അയാളോട് ക്ഷമ ചോദിച്ചു കൊണ്ടിരുന്നു..

പ്രായം ചെന്ന അച്ഛനെയും അമ്മയെയും
ഉപേക്ഷിച്ചു കൂടെ നിൽക്കാൻ താൻ
എത്ര വട്ടം നിർബന്ധിച്ചിരിക്കുന്നു !
ഇന്ന് അതൊക്കെയോർക്കുമ്പോൾ
അവൾക്ക് സ്വയം ലജ്ജ തോന്നി
പ്പോകുന്നു !

"ജീവിതം ഒന്നേയുള്ളൂ അവിടെയും ഇവിടെയും
നിന്ന് അത് ഇല്ലാതാക്കിയാൽ പിന്നീട്
ഒരു കാലത്ത് അതിനെക്കുറിച്ചോർത്തു
ദുഃഖിക്കേണ്ടി വരും.. "

അമ്മ ഒരിക്കൽ തന്നോട് പറയുമ്പോൾ അന്ന്
അമ്മയോട് വഴക്കടിച്ചു.

"ഞാനും മോനും ഇവിടെ നിൽക്കുന്നത്
ഇഷ്ടമല്ലെങ്കിൽ അത് പറഞ്ഞാൽ മതി.. "

എന്നാണ് മറുപടി കൊടുത്തത്.. ഇന്നിപ്പോൾ
സ്വയം മനസ്സിലാക്കിയിരിക്കുന്നു..
ഇതാണ് തന്റെ വീട്.
തന്റെ ഭർത്താവ് കൂടെയുള്ളിടം..

ആനന്ദ് ഉറങ്ങിക്കഴിഞ്ഞിട്ടും അവൾക്ക്
ഉറക്കം വന്നില്ല.. പോകാനുള്ള ഡ്രെസ്സുകൾ
എല്ലാം പാക്ക് ചെയ്തു വെച്ചത് നോക്കി അവളിരുന്നു..

ഇനി സ്കൂൾ തുറക്കാൻ കുറച്ചു ദിവസങ്ങൾ
കൂടിയുണ്ട്..

രാവിലെ എഴുന്നേൽക്കാൻ അൽപ്പം വൈകി..
ആനന്ദ് കുളി കഴിഞ്ഞിരുന്നു.. മോൻ ഇവിടെ
വന്നതിൽ പിന്നെ അമ്മൂമ്മയോടൊപ്പം ആണ്
ഉറക്കം..

ആലോചനയോടെ കട്ടിലിൽ തന്നെ കിടക്കുമ്പോൾ ആനന്ദ് മുറിയിലേക്ക്
കയറി വന്നു..

"താനെന്താ പോകാൻ റെഡി ആകുന്നില്ലേ.
അമൽ കുളിച്ചു. അമ്മ അടുക്കളയിൽ എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട്.. "

ഒന്നും മിണ്ടാതെ കിടന്ന അവൾക്ക-
രികിലേക്ക് ഇരുന്നു കൊണ്ട് അയാൾ
പറഞ്ഞു..

ആനന്ദിന്റെ കൈയ്യെടുത്തു സ്വന്തം കൈയ്ക്കുള്ളിലാക്കി അയാളുടെ
മുഖത്തേക്ക് നോക്കാനാവാതെ മുഖം
കുനിച്ചാണ് അവൾ അത് പറഞ്ഞത്..

"ഞാനിനി എങ്ങോട്ടുമില്ല..
ഈ സ്നേഹം എനിക്കിനി എന്നും
വേണം.. നമുക്ക് മോനെ ഇവിടുത്തെ
സ്കൂളിൽ ചേർത്താലോ.. "

ഒരു ഞെട്ടലോടെയാണ് അയാൾ
അവളെ നോക്കിയത്..
കേട്ടത് സത്യം തന്നെയാണോ എന്നറിയാൻ
അവളുടെ മുഖം പിടിച്ചുയർത്തുമ്പോൾ
രണ്ടു നീർമുത്തുകൾ കവിളിലൂടെ ഒഴുകിയിറങ്ങി.

അതുകേട്ടുകൊണ്ട് ഓടിവന്ന മകൻ
സന്തോഷം അടക്കാനാവാതെ തുള്ളിച്ചാടി..
അപ്പോൾ ആ ചിരിയൊച്ചകൾ വീട്ടിലെ രണ്ട്
പ്രായമായ ഹൃദയങ്ങളിലേക്ക് ഒരാശ്വാസകുളിര് പടർത്തി മെല്ലെ കടന്നു പോയി !!

രചന - ശാലിനി മുരളി

നിങ്ങളുടെ സ്വന്തം രചനകൾ പേജിൽ ഉൾപ്പെടുത്തുവാൻ ഇപ്പോൾ തന്നെ ഇൻബോക്സിലേക്ക് മെസേജ് അയക്കൂ

അതേ..ഒന്ന് നിന്നേ.. എനിക്കൊരു കാര്യം പറയാനുണ്ട്.തൊട്ട് മുന്നിൽ വന്ന്നിന്ന് കണ്ണിൽ നോക്കി ധൈര്യത്തോടെ സംസാരിക്കുന്ന  കുട്...
30/06/2025

അതേ..ഒന്ന് നിന്നേ.. എനിക്കൊരു കാര്യം പറയാനുണ്ട്.

തൊട്ട് മുന്നിൽ വന്ന്നിന്ന് കണ്ണിൽ നോക്കി
ധൈര്യത്തോടെ സംസാരിക്കുന്ന കുട്ടിയെ അയാൾ നോക്കി.

എന്താ കുട്ടീ?

കുറേക്കാലമായി ചേട്ടനോട് പറയണമെന്ന് വിചാരിച്ചിട്ട്.

എന്തായാലും പറയൂ കുട്ടി...

ഞാനത്ര കുട്ടിയൊന്നുമല്ല, എന്റെ പേര് അമൃത... വീട്ടിൽ അമ്മൂന്ന് വിളിക്കും.

ശരി.. എന്താ പറയാൻ ഉണ്ടെന്നുപറഞ്ഞത്.

അത് പിന്നെ..... ഇത്തവണ അവളുടെ മുഖത്ത് ചെറിയൊരു പരിഭ്രമം കണ്ടു.

എന്താ മോളേ... എന്തിനാ മടിക്കുന്നത്?

ഓഹ്... വീണ്ടും മോൾ.. എനിക്കിങ്ങനൊന്നും വിളിക്കുന്നത്‌ കേട്ടൂടാ..

എന്നാൽ പറയൂ അമ്മൂ...

അത് പിന്നെ ചേട്ടനെ എനിക്ക് വലിയ ഇഷ്ട്ടമാണ്. അതൊന്ന് പറയാൻ വേണ്ടിയാ... വന്നത്.

അയാൾ അത് കേട്ടതും ഉറക്കെ ചിരിച്ചു.

ഞാനെന്താ വല്ല തമാശയും പറഞ്ഞോ ഇത്ര ചിരിക്കാൻ.
അവളുടെ മുഖത്ത് ദേഷ്യം ഇരച്ചുകയറി, മുഖം ചുവന്നു.

എന്റെ മോളേ... ഞാൻ നല്ല പ്രായത്തിൽ വിവാഹം കഴിച്ചാൽ എനിക്ക് നിന്റെ പ്രായമുള്ള കുട്ടി കണ്ടേനെ.

മോളുടെ ഈ പ്രായത്തിൽ ഇങ്ങനൊക്കെ തോന്നും, തോന്നണം. അതൊന്നും തെറ്റല്ല.

അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി.

നീണ്ട കണ്ണുകളിൽ നീർ പൊടിഞ്ഞിട്ടുണ്ട് അവൾ പെട്ടന്ന് കണ്ണുകൾ താഴ്ത്തി.

അയാൾക്ക്‌ അവളോട്‌ വല്ലാത്ത വാത്സല്യം തോന്നി.

മോളിപ്പോൾ പഠിക്കണ്ടപ്രായമല്ലേ, ഇത്തരം ചിന്തകളെ ഒക്കെ മറന്ന് നല്ലോണം പഠിക്കാൻ നോക്ക്.
അയാൾ അവളുടെ മുഖത്ത് തട്ടി.
ചെല്ല്... സ്കൂൾ വിട്ടിട്ട് കുറേ നേരം ആയിക്കാണുമല്ലോ,അയാൾ വാച്ചിൽ നോക്കി.

മോൾ വീട്ടിൽ പോകാൻ നോക്ക്.

ഇതെന്തൊരു മനുഷ്യൻ.... ഒരു സുന്ദരിക്കൊച്ച്‌ വന്ന് ഇഷ്ട്ടം പറഞ്ഞപ്പോൾ ജാഡ....ഹും... അവൾ പിറുപിറുത്തു.

എന്താ പറഞ്ഞത്?

ഒന്നും പറഞ്ഞില്ല ചേട്ടാ... അവൾ മുഖം വീർപ്പിച്ചു.

നിഷ്കളങ്കതയും, കുസൃതിയും തുടിച്ചുനിൽക്കുന്ന ആ മുഖത്തേക്ക് അയാൾ നോക്കി.നീളമേറിയ വിടർന്നകണ്ണുകൾ നിറയെ നിഷ്ക്കളങ്കതയാണ്
രണ്ടായി മെടഞ്ഞിട്ട നീളം കുറഞ്ഞ മുടി. സ്കൂൾ യൂണിഫോം ധരിച്ച്‌ ബാഗും തൂക്കി നിൽക്കുകയാണ്.

കുറുമ്പി...അയാൾ ചിരിച്ചുകൊണ്ട്
തന്റെ ബൈക്കിനരുകിലേക്ക് നടന്നു.

അമ്മക്ക് രണ്ടുദിവസമായി വല്ലാത്ത കാലുവേദനയാണ്. കുഴമ്പ് വാങ്ങണമെന്ന് കാലത്തുകൂടെ പറഞ്ഞു.
നിനക്ക് പ്രായം നൽപ്പതായി.എന്റെ കണ്ണടയും മുൻപ് നീയൊന്നു പെണ്ണ് കെട്ടി കാണണമെന്നാണ് ആശയെന്ന് അമ്മ എപ്പോഴും പറയും.

പക്ഷെ ഒരിക്കൽ മനസ് കൊടുത്ത ഒരു പെണ്ണുണ്ട്. ഒന്നിച്ച് ഒരുപാട് സ്വപ്‌നങ്ങൾ നെയ്തുകൂട്ടിയതാണ്. പക്ഷെ ഒരുദിവസം എല്ലാം ഉപേക്ഷിച്ചവൾ പോയി

അവളെയല്ലാതെ മറ്റൊരാളെ സ്നേഹിക്കാൻ തനിക്കൊരിക്കലും കഴിയില്ല

അമ്മയാണ് തന്റെ ലോകം.അമ്മയുടെ മുപ്പത്തിയേഴാമത്തെ വയസിൽ ഉണ്ടായ ഒരേയൊരു സന്താനമാണ് താൻ. തന്റെ ജനന ശേഷം അച്ഛൻ അമ്മയെയും, തന്നെയും ഉപേക്ഷിച്ചു പോയി. അച്ഛനിപ്പോൾ മറ്റൊരു കുടുംബമുണ്ട്.
ഈ ലോകത്തിൽ തനിക്ക് അമ്മ മാത്രമേയുള്ളൂ.. അമ്മക്ക് താനും.

അയാൾ ബൈക്ക് സ്റ്റാർട്ട്‌ആക്കി.

പെൺകുട്ടി അപ്പോഴും അവിടെ നിൽപ്പുണ്ട്.

അയാൾ അവളെ കടന്ന് പോകാൻ തുനിഞ്ഞതും അവൾ പെട്ടന്ന് റോഡിലേക്ക് കയറി നിന്നു.

അതേയ്.... ചേട്ടാ..

അയാൾ പെട്ടന്ന് ബൈക്ക് വെട്ടിച്ചു മാറ്റി.

ഇതെന്ത് ഭാവിച്ചാണ് കൊച്ചേ... ഇപ്പോൾ ബൈക്ക് ഇടിച്ചേനെ.

ചേട്ടാ... തമാശ പറഞ്ഞതല്ല. ഉള്ളത് ഞാൻ ആരോടും തുറന്നു പറയും. എനിക്ക് ഒത്തിരി ഇഷ്ട്ടമാ അതാ ഞാൻ തുറന്ന് പറഞ്ഞത്.

ഒന്ന് പോ കൊച്ചേ...മൊട്ടേന്നു വിരിഞ്ഞില്ല. പോയി വല്ലോം രണ്ടക്ഷരം പഠിക്കാൻ നോക്ക്.

അയാൾ പോയതും അവൾക്ക് വല്ലാത്ത സങ്കടം തോന്നി.
പത്താം ക്ലാസ്സിൽ പഠിക്കുന്ന ഞാൻ കുട്ടിയാണ് പോലും. ഹും...

*********

ദേ... നിങ്ങൾ ഒന്നിങ്ങു വന്നേ..

ഹിമയുടെ വിളി കേട്ട് ഷിജു അങ്ങോട്ട് ചെന്നു.

എന്താടീ...?

ഇങ്ങ് വാ പറയാം. ഓഹ് എനിക്ക് ഒന്നാമത് സമയം തികയുന്നില്ല അതിനിടക്ക്....
അയാൾ പിറുപിറുത്തുകൊണ്ട് അടുത്തേക്ക് ചെന്നു.
ഇനി പറ എന്താ?

ദേ... അങ്ങോട്ട് നോക്കിക്കേ.
അവൾ വിരൽ ചൂണ്ടിയിടത്തേക്ക് അയാൾ നോക്കി.

ഒരു ചെറിയ പൂച്ചക്കുഞ്ഞ്..

ഇത് കാണാനാണോ നീയിപ്പം എന്നെ വിളിച്ചത്, ഞാനെന്തേലും പറഞ്ഞാൽ കൂടി പോകും കേട്ടോ, ഒന്നാമത് ജോലിയുടെ ടെൻഷൻ...
തലക്കു ഭ്രാന്ത് പിടിപ്പിക്കും.

അതിന് ഞാൻ എന്ത് ചെയ്തു?
ഒരു പൂച്ചകുഞ്ഞിനെ കാണിച്ചു തന്നത് അത്ര വലിയ തെറ്റാണോ?

ദേ.... ഹിമേ... അയാൾ ദേഷ്യം കൊണ്ടു വിറച്ചു.

നിങ്ങൾ ഇത്ര കെടന്നുദേഷ്യപ്പെടേണ്ട കാര്യം ഒന്നുമില്ല.

ഓഫീസിൽ ഇരുന്നു തീർക്കാൻ നോക്കിയിട്ടും ജോലി തീരാത്തത് കൊണ്ടാ വീട്ടിൽ വന്ന് ഈ ലാപ്ടോപ് കുത്തിക്കൊണ്ടിരിക്കുന്നത്, അതിനിടക്ക് അവളുടെ ഒരുപൂച്ചക്കുഞ്ഞ്.
ഞാൻ എന്ത് തെറ്റ് ചെയ്‌തോ, ഇതുപോലെ ഒരെണ്ണത്തിനെ കെട്ടി പണ്ടാരമടങ്ങാൻ.
അയാൾ സ്വന്തം തലയിൽ തട്ടി.

ഞാൻ ചോതിച്ചില്ലല്ലോ എന്നെ കെട്ടുമോന്ന്, നിങ്ങൾ എന്നെ പെണ്ണുകാണാൻ വന്ന് ഇഷ്ട്ടപ്പെട്ടു കെട്ടിയതല്ലേ?

അതേ... അങ്ങനെ ഒരബദ്ധം പറ്റിപ്പോയി.

ഓ... അത് അബദ്ധം പറ്റിയതാണല്ലേ? അവളുടെ മുഖം ചുവന്നു.

അതെ... അല്ലെങ്കിൽ ഇങ്ങനൊരെണ്ണം എന്റെ കൂടെ കൂടില്ലായിരുന്നു.

പെണ്ണ് കാണാൻ വന്നപ്പോൾ ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ, എന്നെ മാത്രേ കെട്ടൂ എന്നും പറഞ്ഞാരുന്നല്ലോ

അന്ന് ഈ മോന്ത കണ്ട് ഇഷ്ട്ടം തോന്നി, ശരിയാ. തലയിൽ ഒന്നുമില്ലാത്ത ഒരെണ്ണമാണെന്ന് അന്ന് മനസിലായില്ല.

തലയിൽ ഒന്നും ഇല്ലെന്നു നിങ്ങൾ തന്നെ പറയണം.
ഡിഗ്രി കഴിഞ്ഞു ബാക്കി പഠിപ്പിച്ചോളാം എന്നും പറഞ്ഞായിരുന്നല്ലോ കെട്ടിയത്, എന്നിട്ട് ബാക്കി പഠിപ്പിച്ചോ നിങ്ങൾ?

അമൃത മുറിയിലിരുന്ന് കാത് രണ്ടും പൊത്തിപ്പിടിച്ചു.

മിക്കവാറും ദിവസങ്ങളിൽ ഇത് തന്നെയാണ് ഇവിടുത്തെ അവസ്ഥ.
ഒന്നും രണ്ടും പറഞ്ഞ് അച്ഛനും അമ്മയും വഴക്കാണ്.

സത്യം പറഞ്ഞാൽ സ്കൂളിൽ നിന്നും ഇങ്ങോട്ട് വരുന്നത് ഇഷ്ട്ടമല്ലാതായിരിക്കുന്നു.

അവൾ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി

എടീ അമ്മൂ... ഇന്നും നിന്റെ അമ്മ എന്റെ ചെറുക്കന് സമാധാനം കൊടുക്കില്ല എന്നാ തോന്നുന്നത്.
അച്ഛമ്മയാണ്.

നിനക്ക് ഒന്ന് പറഞ്ഞ് കൊടുത്തുകൂടെ വെറുതെ അച്ഛനോട് വഴക്കുണ്ടാക്കരുതെന്ന്.

അവൾ തല വെട്ടിച്ചു നടന്നു പോയി.

ഓഹ്... ആ തള്ളയുടെ അല്ലേ മോള്.
എന്റെ ചെറുക്കന്റെ ഭാവി പോയി. അതെങ്ങനാ സൗന്ദര്യം കണ്ട് ഇഷ്ടപ്പെട്ടതല്ലേ അനുഭവിക്കട്ടെ.

💐💐💐💐💐

തുടരും.

രചന - അഞ്ചു തങ്കച്ചൻ.

അടുത്ത ഭാഗം പോസ്റ്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുവാൻ ഈ പോസ്റ്റ് ലൈക്ക് ചെയ്തതിന് ശേഷം ഒരു കമന്റ് ചെയ്താൽ മതി

"അന്റെ പെണ്ണുങ്ങൾക്ക് തീരെ പക്വത ഇല്ല മോനേ. പക്വത ഉണ്ടേൽ അവൾ രാവിലെ ആറുമണിവരെ പോത്ത് പോലെ കിടന്നുറങ്ങോ"നേരം വെളുക്കുമ്പോ...
30/06/2025

"അന്റെ പെണ്ണുങ്ങൾക്ക് തീരെ പക്വത ഇല്ല മോനേ. പക്വത ഉണ്ടേൽ അവൾ രാവിലെ ആറുമണിവരെ പോത്ത് പോലെ കിടന്നുറങ്ങോ"

നേരം വെളുക്കുമ്പോൾ തന്നെ തന്റെ കെട്ട്യോളെ കുറിച്ച് പരാതി പറയുന്ന ഉമ്മയെ ഷാൻ കബീർ ദയനീയമായൊന്ന് നോക്കി

"ഉമ്മാ, അവൾ ഈ വീട്ടിലേക്ക് കേറി വന്നിട്ട് ഒരാഴ്ചയല്ലേ ആയൊള്ളൂ. ശരിയായിക്കോളും ഉമ്മാ. ഇന്നലെ അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞ് അവൾ കിടന്നപ്പോ സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു"

ഉമ്മ ഷാനിനെ നോക്കി കണ്ണുരുട്ടി

"നല്ല സ്വഭാവ ഗുണങ്ങൾ ഉള്ള പെണ്ണുങ്ങൾക്കൊക്കെ ഒരു വീടുമായി ഇണങ്ങി ചേരാൻ ഒരാഴ്ച്ച തന്നെ ധാരാളമാണ്. ഇതെങ്ങനാന്ന് ആർക്കാ അറിയാ...? സ്വന്തം തന്തയും തള്ളയും തല്ലി പഠിപ്പിക്കാത്തതിന്റെ കേടാണ്"

ഒന്ന് നിറുത്തിയിട്ട് ഉമ്മ ഷാനിനെ നോക്കി

"നല്ല വീട്ടിലെ കുട്ട്യോളൊക്കെ സുബഹി ബാങ്ക് കൊടുക്കുമ്പോൾ എഴുന്നേറ്റ് കുളിച്ച് മാറ്റി നിസ്കരിച്ച് വീടൊക്കെ വൃത്തിയാക്കി, മുറ്റമൊക്കെ അടിച്ചുവാരി, രാവിലേക്ക് തിന്നാൻ എന്തേലും ഉണ്ടാക്കി"

ഷാൻ പെട്ടന്ന് ഇടയിൽ കയറി

"ഉമ്മാ, ആ പാവല്ലേ ഈ വീട്ടിലെ പണിയൊക്കെ ഓടിച്ചാടി ചെയ്യുന്നത്. അവൾ കോളേജിൽ പോക്ക്‌ വരെ നിറുത്തിയത് ഉമ്മാനെകൊണ്ട് പണിയെടുപ്പിക്കേണ്ട എന്ന് കരുതിയാണ്. ക്ഷീണം കൊണ്ട് ഉറങ്ങി പോയതാവും ഉമ്മാ, പാവല്ലേ, സ്വന്തം വീട്ടിൽ രാജകുമാരിയെപ്പോലെ ജീവിച്ച പെണ്ണാണ്"

ഉമ്മ ഷാനിനെ നോക്കി ഉറഞ്ഞുതുള്ളി

"ആഹാ, അന്റെ രാജകുമാരിയെകൊണ്ട് ഞാൻ മുഴുവൻ നേരവും പണിയെടുപ്പിക്കാണ് അല്ലേ...? വേണ്ട, എനിക്ക് ആരുടേയും സഹായം വേണ്ട, ഈ വീട്ടിലെ പണിയൊക്കെ ഞാൻ ഒറ്റക്ക് ചെയ്‌തോളാം. ഇവിടുത്തെ പണിയെടുത്തിട്ട് അന്റെ രാജകുമാരി ക്ഷീണം പിടിച്ച് കിടക്കേണ്ട"

ഷാൻ ഉമ്മയെ ദയനീയമായൊന്ന് നോക്കി

"എന്തൊക്കെയാണ് ഇങ്ങളീ പറയണേ ഉമ്മാ. അവളും ഇങ്ങളെ മോളല്ലേ"

അവരുടെ സംസാരത്തിനിടക്ക് പെട്ടന്ന് ഷാനിന്റെ പെങ്ങൾ കുട്ടികളേയും പിടിച്ച് കരഞ്ഞോണ്ട് ഓടി വരുന്നത് കണ്ടു. അവൾ ഉമ്മയെ കണ്ടതും പൊട്ടിക്കരഞ്ഞു

"ഉമ്മാ, ഞാനിനി ആ വീട്ടിലേക്ക് പോവൂലാ ഉമ്മാ"

ഉമ്മ അവളെ തലോടി നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു

"എന്തുപറ്റി മോളേ"

"എനിക്ക് മടുത്തു ഉമ്മാ, ആ തള്ളേടെ സ്വഭാവം ഭയങ്കര മോശാണ്. ഞാൻ എന്നും രാവിലെ കൃത്യം എട്ട് മണിക്ക് എഴുന്നേക്കും. എന്നിട്ട് പല്ലൊക്കെ തേച്ച് കുളിച്ച് ഫ്രഷായി വാട്സാപ്പിൽ വന്ന മെസ്സേജിനൊക്കെ റിപ്ലൈ കൊടുത്ത് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കും. പക്ഷേ ഇന്ന്...."

വാക്കുകൾ കിട്ടാതെ അവൾ പൊട്ടിക്കരഞ്ഞു. ഉമ്മ അവളുടെ കണ്ണിലേക്ക് നോക്കി. ആ സമയം ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു

"ഇന്നലെ എന്ത് പറ്റി മോളെ"

അവൾ ഉമ്മയുടെ കണ്ണിലേക്ക് നോക്കി തേങ്ങി

"എന്നും കൃത്യം എട്ട് മണിക്ക് എഴുന്നേറ്റിരുന്ന ഞാൻ ഇന്നലെ ഫേസ്ബുക്കിൽ ചാറ്റിൽ പെട്ട് ഉറങ്ങാൻ ഒരുപാട് വൈകി. ക്ഷീണം കാരണം പതിനൊന്ന് മണിക്കാണ് എഴുന്നേറ്റത്, എന്നും ചൂടുള്ള ചായ കുടിച്ചിരുന്ന ഞാൻ ഇന്ന് കുടിച്ചത് തണുത്താറിയ ചായയാണ് ഉമ്മാ"

ഇതും പറഞ്ഞ് അവൾ വീണ്ടും പൊട്ടിക്കരഞ്ഞു. തന്റെ ചുരിദാറിന്റെ ഷാളുകൊണ്ട് കണ്ണീർ തുടച്ചുമാറ്റി അവൾ ഉമ്മയെ നോക്കി

"ആ തള്ള എന്നോട് പറയാ, ഞാൻ എഴുന്നേക്കാൻ വൈകിയോണ്ട് പണിയൊക്കെ വൈകിപോലും, അതോണ്ട് തള്ള മീൻ മുറിക്കാൻ പോവാണ് എന്നോട് ചായ അടുപ്പത്ത് വെച്ച് തിളപ്പിച്ച് കുടിക്കാൻ. എന്നെ വേലക്കാരി ആയിട്ടാണോ ഉമ്മാ അങ്ങട്ട് കെട്ടിച്ചത്"

മോളുടെ സങ്കടം കേട്ടതും ഉമ്മ ഷാനിനേയും ഭാര്യയേയും നോക്കി കണ്ണുരുട്ടി

"കണ്ടില്ലേ ന്റെ മോള് കഷ്ടപ്പെടുന്നത്, ഇവിടൊക്കെ ചിലർ സ്വർഗത്തിൽ ജീവിക്കുന്ന പോലെയല്ലേ ജീവിക്കുന്നത്. ന്നാലും ന്റെ മോൾക്ക് ഈ ഗതി വന്നല്ലോ പടച്ചോനേ"

ഉമ്മ പറയുന്നത് കേട്ട് ഭാര്യ ഷാനിനെ ഇടങ്കണ്ണിട്ട് നോക്കി, ഷാൻ ഒന്നും മിണ്ടാതെ നിന്നു...

രചന: ഷാൻ കബീർ

"എന്റെ വിനീഷിന്റെ കല്യാണം കൂടി കഴിഞ്ഞോട്ടെടി..... നീ ഇവിടെ കിടന്നു നരകിക്കാൻ പോണേ ഉള്ളൂ...ആ കൊച്ചേ നിന്നെപ്പോലെ ഒരു ഗതിയ...
29/06/2025

"എന്റെ വിനീഷിന്റെ കല്യാണം കൂടി കഴിഞ്ഞോട്ടെടി.....
നീ ഇവിടെ കിടന്നു നരകിക്കാൻ പോണേ ഉള്ളൂ...
ആ കൊച്ചേ നിന്നെപ്പോലെ ഒരു ഗതിയും പരഗതിയും ഇല്ലാത്ത വീട്ടിൽ നിന്നല്ല വരുന്നത്.
അൻപതു പവന്റെ സ്വർണം കൊടുത്ത കെട്ടിച്ചു വിടുന്നെന്ന് കേട്ടത്. അങ്ങനെയാ അന്തസ്സുള്ള കുടുംബക്കാര്.
ഇത് കാതിൽ ഒരു കൊള്ളി പോലും ഇടാതെ മോളെ പറഞ്ഞയച്ചെക്കുവല്ലേ... തുഫ്.....
ആ കൊച്ചിന്റെ വേലക്കാരിയായി നിൽക്കാനെ നിനക്കൊക്കെ യോഗമുള്ളൂ..പോരാത്തതിന് എം ബി എ വരെ പഠിപ്പുമുണ്ട്. നിനക്കോടി വെറും പത്താം ക്ലാസും ഗുസ്തിയും."

പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോൾ പുറകിൽ നിന്നും കേട്ട വേദനിപ്പിക്കുന്ന വാക്കുകൾ അവൾക്കിപ്പോൾ ശീലമായിരിക്കുകയാണ്.

തന്റെ വീട്ടിലെ അവസ്ഥ കണ്ടറിഞ്ഞാണ് സ്ത്രീധനം ഒന്നും വേണ്ടെന്ന് അനീഷേട്ടൻ നിർബന്ധം പിടിച്ചത്. അമ്മയ്ക്ക് തീരെ താല്പര്യമില്ലായിരുന്നെങ്കിലും അനീഷേട്ടന് ഈ ബന്ധം തന്നെ മതിയെന്ന് പറഞ്ഞ് വാശിപിടിച്ചുകൊണ്ട് മാത്രമാണ് തന്റെയും അനിഷേട്ടന്റെയും വിവാഹം നടന്നത്. അതിപ്പോ വേണ്ടായിരുന്നു എന്ന് തോന്നി പോകുകയാണ്.

കല്യാണം കഴിഞ്ഞ് പിറ്റേന്നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഈ ശാപവാക്കുകൾ മടുത്തു തുടങ്ങിയിരിക്കുന്നു.

വൈകുന്നേരം പണികളെല്ലാം കഴിഞ്ഞ് തന്റെ ഭർത്താവിന്റെ കൂടെ ഇരിക്കുമ്പോഴും അവളുടെ മുഖം പ്രസന്നമായിരുന്നില്ല.

" എന്താടോ മുഖം എന്താ വാടി ഇരിക്കുന്നത് ഇന്നെന്താ പുതിയ വല്ല പ്രശ്നവും ഉണ്ടായോ? "

" പുതിയതൊന്നും അല്ല അനീഷേട്ടാ.. ഞാനിവിടെ ഒരു നേരം വെറുതെ ഇരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? എന്നിട്ടും കുറ്റപ്പെടുത്തൽ മാത്രമാണ് ബാക്കി. ഇന്നിപ്പോ കുറ്റപ്പെടുത്താൻ പുതിയൊരു കാരണം കൂടി കിട്ടിയിട്ടുണ്ട്. "

" എന്ത് കാരണം? "

അവൾ നടന്നതെല്ലാം അവനോട് വിവരിച്ചു. അത് കേട്ടതും അവന്റെ സകല നിയന്ത്രണവും നഷ്ടമായി.

" ഇതെങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ഇതിന്ന് ചോദിച്ചിട്ട് തന്നെ കാര്യം കുറെയായി സഹിക്കുന്നു. "

കലിതുള്ളി മുറിവിട്ട് ഇറങ്ങാൻ തുടങ്ങിയ അവന്റെ കാൽക്കൽ വീണവൾ കേണപേക്ഷിച്ചു.

" എന്റെ പൊന്നു അനീഷേട്ടാ....എന്റെ സങ്കടങ്ങൾ അനീഷേട്ടനോട് അല്ലാതെ ഞാൻ ആരോടാ തുറന്നു പറയുക? അതിന്റെ പേരിൽ ദയവുചെയ്ത് ഇവിടെ ഒരു പ്രശ്നം ഉണ്ടാക്കല്ലേ..ഇനിയൊരു കുത്തുവാക്ക് കേൾക്കാൻ വയ്യാഞ്ഞിട്ടാ.. വരുന്ന കുട്ടിയുടെയും വേലക്കാരിയാകാൻ എനിക്ക് യാതൊരു മടിയുമില്ല.പക്ഷേ ഈ കുത്തുവാക്കുകൾ കേൾക്കുമ്പോഴാണ് സങ്കടം. "

" താൻ ഇങ്ങനെയൊരു പാവം ആയിട്ടാ അമ്മ ഇങ്ങനെ തലയിൽ കയറാൻ വരുന്നത്....
ചാഞ്ഞ കൊമ്പിൽ അല്ലേ ഓടിക്കയറാൻ എളുപ്പം.
ഞാൻ കൂടെയുള്ളപ്പോൾ തന്നെ ഒന്നും പറയാൻ അമ്മ മുതിരുന്നില്ലല്ലോ? ആരെന്തു പറഞ്ഞാലും മിണ്ടാതെ കേട്ട് നിന്നോണം എന്നിട്ട് കുറെ കരഞ്ഞു തീർക്കും. എന്നെ ഒന്നും ചോദിക്കാൻ അനുവദിക്കുകയും ഇല്ല. "

അവന്റെ ദേഷ്യത്തിനു മുന്നിൽ പിന്നെ അവൾ ഒന്നും മിണ്ടിയില്ല.

ശരിയാണ് താൻ ഒരു ചാഞ്ഞ കൊമ്പാണ് ആർക്കും എപ്പോൾ വേണമെങ്കിലും തലയിൽ കയറാവുന്ന ചാഞ്ഞ കൊമ്പ്. അവനോട് ചേർന്ന് കിടക്കുമ്പോൾ അവളുടെ മിഴികൾ തുളുമ്പി കൊണ്ടിരുന്നു.

വിവാഹമടുക്കുംതോറും നിന്ന് തിരിയാൻ കഴിയാത്തത്ര തിരക്കിൽ അവൾ അകപ്പെട്ടു.

" ഏടത്തി എന്തിനാ ഈ അടുക്കളയിൽ തന്നെ നിൽക്കുന്നത്?ഉമറത്തേക്ക് ചെല്ല് അവിടെയല്ലേ ഗസ്റ്റ് വന്നേക്കുന്നത് ഇവിടത്തെ പണി ചെയ്യാൻ പണിക്കാർ ഉണ്ടല്ലോ…? "

വിനീഷ് വന്ന് ഉമ്മറത്തേക്ക് ചെല്ലാൻ നിർബന്ധിച്ചെങ്കിലും അമ്മയുടെ മുഖം കനക്കേണ്ടെന്ന് കരുതി അവൾ പണിക്കാരെ സഹായിച്ചു കൊണ്ട് അവിടെത്തന്നെ നിന്നു.

ആർഭാടമായാണ് വിവാഹം നടന്നത്. സർവ്വാഭരണ വിഭൂഷിതയായി വന്ന കീർത്തനയുടെ അടുത്ത് പോലും നിൽക്കാനുള്ള യോഗ്യത തനിക്കില്ലെന്ന് അവൾക്ക് ബോധ്യമായി.

ദേഹം നിറയെ സ്വർണ്ണമായി കേറിവരുന്ന മരുമക്കൾക്കേ ഏത് വീട്ടിലും സ്ഥാനമുള്ളൂ. അമ്മ തന്നെ കുറ്റപ്പെടുത്തുന്നതിലും തെറ്റൊന്നുമില്ല.

തന്റെ ഇളയ മരുമകളെ സ്നേഹം കൊണ്ട് മൂടുന്ന അമ്മയെ നോക്കിക്കൊണ്ട് അവൾ മാറി നിന്നു. താൻ ഈ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറിയ നിമിഷം അമ്മയുടെ മുഖത്ത് പേരിനു പോലും ഒരു പുഞ്ചിരി ഉണ്ടായിരുന്നില്ലെന്ന് അവൾ വേദനയോടെ ഓർത്തു.

കല്യാണ തിരക്കുകൾ കഴിഞ്ഞ് എല്ലാവരും പോയശേഷം അവൾ മുറിയിൽ വന്നിരുന്ന നേരം തന്നെ ഉച്ചത്തിൽ വിളി വന്നു.

" ഇന്ദു.. നീ മുറിയിൽ കയറിയിരിക്കുകയാണോ കുട്ടികൾക്ക് കുടിക്കാൻ പാല് തിളപ്പിച്ച് കൊണ്ട് കൊടുക്ക്. "

അതുപ്രകാരം പാലുമായി മുറിയിലേക്ക് ചെന്നപ്പോൾ സകല ആഭരണങ്ങളും അഴിച്ചുവെച്ച് താലി മാത്രം ഇട്ടു നിൽക്കുന്ന കീർത്തനയെ കണ്ട് അത്ഭുതം തോന്നി.

"എല്ലാം ഉണ്ടായിട്ടും ഈ കുട്ടി എന്താ ഒന്നും ധരിക്കാത്തത്?"

മനസ്സിലെ ചോദ്യം മനസ്സിൽ തന്നെ കുഴിച്ചുമൂടി അവൾക്കൊരു പുഞ്ചിരിയും സമ്മാനിച്ച് തിരിഞ്ഞു നടന്നു.

ചടങ്ങും വിരുന്നുമായി ഒരാഴ്ച പോയതറിഞ്ഞില്ല. രാവിലത്തെ തിരക്കൊക്കെ കഴിഞ്ഞ് അനീഷും വിനീഷും ജോലിക്ക് പോയി കഴിഞ്ഞ ശേഷമാണ് കീർത്തന തുണി അലക്കാൻ ആയി മുറ്റത്തേക്ക് ഇറങ്ങിയത്.

" അയ്യോ മോൾ ഇതെങ്ങോട്ടാ... തുണിയൊക്കെ ആ പെണ്ണ് കഴുകിക്കോളും. എന്ത് പണിയുണ്ടെങ്കിലും അവളോട് പറഞ്ഞാൽ മതി.മോൾക്ക് ഇതൊന്നും ശീലം ഇല്ലാത്തതല്ലേ.

എടി ഇന്ദു..ഈ തുണിയൊക്കെ വാങ്ങി കഴുകിയിട്ടെടി "

അമ്മയുടെ ശബ്ദം മുഴങ്ങിയതും അവൾ ഓടിയെത്തി.
കീർത്തനയുടെ കയ്യിൽ നിന്നും തുണികൾ വാങ്ങാൻ ഒരുങ്ങിയതും അവൾ തടഞ്ഞു.

" വീട്ടിലും എന്റെ തുണികൾ ഞാൻ തന്നെയാ അമ്മേ കഴുകിയിടാറ്. ഇതിപ്പോ വിനുവിന്റെ ഡ്രസ്സ് കൂടി ഉണ്ടെന്നല്ലേ ഉള്ളൂ... എനിക്ക് ഇതൊക്കെ ശീലമാ ഏടത്തി പോയിക്കോളൂ. "

ആദ്യമായി അമ്മയുടെ ചമ്മിയ മുഖം കണ്ടെങ്കിലും അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു.

പിന്നീടുള്ള ദിവസങ്ങൾ അത്രയും ഏടത്തിയോടുള്ള അമ്മയുടെ പെരുമാറ്റവും ഒരു അടിമ പോലെയുള്ള അവളുടെ ജീവിതവും കീർത്തന വീക്ഷിച്ചു കൊണ്ടിരുന്നു.

സ്ത്രീധനമായി കയറിവന്ന തന്റെ മുന്നിൽ ആ പാവത്തെ കൊച്ചാക്കി കാണിക്കുകയാണ്. പണത്തിനു മുകളിൽ പരുന്തും പറക്കില്ലെന്ന് പറയുന്നത് എത്ര സത്യം.

ഒരു ദിവസം മുറിയിൽ തനിച്ചിരിക്കുമ്പോഴാണ് ഇന്ദു ഒരു ഗ്ലാസിൽ ജ്യൂസുമായി അങ്ങോട്ടേക്ക് ചെന്നത്.

" ഇതെന്താ ഏടത്തി കയ്യിൽ? "

" ജ്യൂസ്. "

" ഞാൻ അതിന് ജ്യൂസ് വേണമെന്ന് പറഞ്ഞില്ലല്ലോ ഏടത്തി? "

" അമ്മ പറഞ്ഞു കീർത്തനയ്ക്ക് ഇത് കൊണ്ടുതരാൻ ….ഇതൊക്കെ കുടിച്ച് ശീലിച്ചു വളർന്നത് അല്ലേ കുട്ടി. "

അവൾ പുഞ്ചിരിയോടെ പറഞ്ഞു.

"എന്നിട്ട് ഏടത്തി കുടിച്ചോ?"

അവളുടെ ചോദ്യത്തിന് മൗനം ആയിരുന്നു മറുപടി.

" എന്റെ ഏടത്തി ആ ഗ്ലാസ് അവിടെ വെച്ചേ...എന്നിട്ട് ഇവിടെ ഇരിക്ക്. "

" അയ്യോ ചോറ് അടുപ്പത്താണ്. "

അവൾ പരിഭ്രമത്തോടെ പറഞ്ഞു. കീർത്തനയ്ക്ക് ദേഷ്യം കയറി.

" ചോറ് അടുപ്പത്ത് ആണേൽ അമ്മയില്ലേ അവിടെ? ഞാനൊരു കാര്യം ആത്മാർത്ഥമായി ചോദിക്കട്ടെ ഏടത്തി എന്തിനാ വിവാഹം കഴിച്ചത്? "

ഇന്ദുവിന്റെ മൗനത്തിന്റെ ആഴം വർധിച്ചപ്പോൾ കീർത്തന തന്നെ മറുപടി പറഞ്ഞു.

" സ്വസ്ഥമായ ഒരു ദാമ്പത്യ ജീവിതത്തിനു വേണ്ടിയല്ലേ?
അതോ ഇവിടെയുള്ളവരുടെയും എന്റെയും ദാസ്യ പണി ചെയ്യാനോ?

ഞാൻ വന്ന അന്നുമുതൽ കാണുന്നത എന്നോട് ഒരു രീതിയും ഏടത്തിയോട് മറ്റൊരു രീതിയും അതെന്താ അങ്ങനെ എന്ന് എനിക്ക് മനസ്സിലാകുന്നില്ല. "

അവൾ പറഞ്ഞു നിർത്തിയതും ഇന്ദു ഒന്ന് പുഞ്ചിരിച്ചു.

" അതിനുത്തരം വളരെ ലളിതമാണ്. കുട്ടിയും ഞാനും തമ്മിൽ ഒരുപാട് അന്തരങ്ങൾ ഉണ്ട്.
കൈനിറയെ പൊന്നുമായി വന്ന മരുമകളോട് അല്ലേ ഒന്നുമില്ലാതെ വലിഞ്ഞു കയറി വന്ന മരുമകളെക്കാൾ ഒരമ്മയ്ക്ക് സ്നേഹം തോന്നുക.? "

" പോരാത്തതിന് ഒരുപാട് വിദ്യാഭ്യാസ യോഗ്യതയുള്ള കുട്ടി എവിടെ കിടക്കുന്നു ഞാൻ എവിടെ കിടക്കുന്നു.? അപ്പോ പിന്നെ എനിക്കൊരു വേലക്കാരിയുടെ സ്ഥാനം തരുന്നതിലും തെറ്റൊന്നുമില്ല. "

അവളുടെ മറുപടി കേട്ടപ്പോൾ കീർത്തനയ്ക്ക് വീണ്ടും അരിശം കയറി.

" എന്റെ പൊന്നു ഏടത്തി...ഏടത്തി ഇപ്പോഴും പറ്റാത്തൊൻപതാം നൂറ്റാണ്ടിൽ ആണെന്ന് തോന്നുന്നു ജീവിക്കുന്നത്. ഏടത്തിയെ പോലെയുള്ള അയ്യോ പാവം ആറ്റിറ്റ്യൂഡ് ഉള്ളവരാ ഇത്തരം സീരിയൽ സ്റ്റൈൽ അമ്മായിയമ്മമാർക്ക് വളം വെച്ച് കൊടുക്കുന്നത്.

എല്ലാ അമ്മമാരും ഇങ്ങനെയൊന്നുമല്ല. എന്റെ ചേട്ടൻ കല്യാണം കഴിച്ചിരിക്കുന്നത് ഒരു അനാഥ പെൺകുട്ടിയെയാണ്... സോറി. ആ വാക്ക് ഉപയോഗിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല.

എന്നെക്കാൾ സ്നേഹത്തോടെയാണ് എന്റെ അമ്മ എന്റെ ചേട്ടന്റെ ഭാര്യയെ നോക്കുന്നത്. ഇത്തരം ചീപ്പ് ഷോ അമ്മായിയമ്മ പോരിനൊക്കെ പ്രോത്സാഹനം നൽകുന്നത് നിങ്ങളൊക്കെ തന്നെയാണ്.വെറുതെ തലയിൽ കയറാൻ വന്നാൽ ആരായാലും തിരിച്ചു പറയാൻ പഠിക്കണം. അതിലൊന്നും ഒരു തെറ്റുമില്ല.

പിന്നെ വിദ്യാഭ്യാസം...അത് പലപ്പോഴും ഓരോരുത്തരുടെ സാഹചര്യങ്ങളാണ്. എനിക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നതുകൊണ്ട് ഞാൻ പഠിച്ചു. എല്ലാവർക്കും അത് കഴിയണമെന്നില്ല. ഞാൻ പഠിച്ചത് എന്റെ ഭാവിക്കു വേണ്ടിയാണ്. അല്ലാതെ എന്റെ വിദ്യാഭ്യാസ യോഗ്യത വെച്ച് എനിക്കൊരു വേലക്കാരിയെ നേടിയെടുക്കാൻ അല്ല.

ചെറുപ്പം മുതലേ ഒരു ചേച്ചി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്.
ഇവിടെ ഏടത്തിയെ ഞാൻ ആസ്ഥാനത്തെ കണ്ടിട്ടുള്ളൂ. അതുകൊണ്ട് ഇനി ഒരുപാട് അങ്ങ് തലയിൽ കയറാൻ അനുവദിക്കേണ്ട ആരായാലും കേട്ടല്ലോ...?"

അത്രയും കേട്ടുകഴിഞ്ഞപ്പോൾ അനീഷേട്ടന്റെ അസാമിപ്യത്തിലും തനിക്ക് കൂടെ ഒരാൾ ഉണ്ടെന്ന വിശ്വാസം അവളിൽ അടിയുറച്ചു.
സാധാരണ ചേട്ടൻ അനുജന്മാരുടെ ഭാര്യമാർ തമ്മിൽ സ്വരച്ചേർച്ചയുണ്ടാകുക പതിവില്ല. പക്ഷേ ഇവിടെ കീർത്തന തനിക്ക് തന്റെ സ്വന്തം അനിയത്തിയാണെന്ന് അവൾക്ക് മനസ്സിലായി.

പിറ്റേന്ന് അടുക്കളയിൽ നിൽക്കുന്ന അവളോട് ആജ്ഞാപിക്കാൻ വീണ്ടും അവർ വന്നു.

" ഇവിടെനിന്ന് സ്വപ്നം കാണാതെ പോയി കീർത്തന മോൾക്ക് കാപ്പി കൊണ്ട് കൊടുക്കടി. "

പക്ഷേ ഇക്കുറി അവൾ ഉരുളയ്ക്ക് ഉപ്പേരിയായി മറുപടി കൊടുത്തു.

" അതെന്താ അമ്മേ...എന്നെപ്പോലെ തന്നെ ഈ വീട്ടിൽ കയറി വന്നവളല്ലേ കീർത്തനയും.അവൾക്ക് വേണമെങ്കിൽ അവൾ എടുത്തു കുടിച്ചോളും.

അവളുടെ വേലക്കാരി ആകാൻ അല്ല എന്നെ അനീഷേട്ടൻ ഇങ്ങോട്ട് കല്യാണം കഴിച്ചു കൊണ്ടുവന്നത്.അമ്മയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറ ഞാൻ ചെയ്യാം. എന്ന് കരുതി തലയിൽ കയറാനാണ് ഭാവമെങ്കിൽ ഇതുവരെ കാണാത്ത എന്റെ മുഖം കാണേണ്ടി വരും എല്ലാവരും.

അനീഷേട്ടന്റെ സ്വഭാവം അറിയാമല്ലോ ഞാൻ ഒരു വാക്ക് പറഞ്ഞാൽ മതി. ഒന്നും വേണ്ടെന്ന് വെച്ച് മിണ്ടാതിരിക്കുന്നത് ഒരു പ്രശ്നം സൃഷ്ടിക്കേണ്ട എന്ന് കരുതിയാണ് വെറുതെ ഇനി എന്നെ ഇളക്കാൻ നിൽക്കരുത്."

അത്രയും പറഞ്ഞു നിർത്തിയെങ്കിലും നെഞ്ച് പട പട മിടിക്കുന്നുണ്ടായിരുന്നു ആദ്യമായാണ് ഇങ്ങനെയൊക്കെ അമ്മയുടെ മുഖത്തുനോക്കി പറയുന്നത് അതും കീർത്തനയുടെ നിർബന്ധപ്രകാരം.

അപ്രതീക്ഷിതമായ അവളുടെ പെരുമാറ്റം കണ്ട് അവർ പകച്ചു പോയി. തന്റെ മകനോട് ഒന്നും പറയില്ലെന്ന് ഉറപ്പുള്ളതുകൊണ്ടായിരുന്നു അവരീ കാട്ടിക്കൂട്ടിയത് മുഴുവനും. ഇവൾക്ക് എങ്ങനെയാണ് ഇത്രയും ധൈര്യം കിട്ടിയത് എന്ന് അവർക്ക് അതിശയം തോന്നി. അവൾ പറഞ്ഞതുപോലെ അനീഷിന് ദേഷ്യം വന്നാൽ പിന്നെ നിയന്ത്രിക്കുക എളുപ്പമല്ലെന്ന് അവർക്കറിയാം. തൽക്കാലം അവർ മറുത്തൊന്നും പറഞ്ഞില്ല.

" നിന്റെ അഹങ്കാരത്തിന് നിനക്ക് ഞാൻ വെച്ചിട്ടുണ്ട്…. "

പ്രതികരിക്കാൻ കഴിയാതെ അവിടെനിന്നും ഇറങ്ങിപ്പോയ അവരെ നോക്കി നിൽക്കുമ്പോഴാണ് വാതിൽക്കൽ കീർത്തന പ്രത്യക്ഷപ്പെട്ടത്.

" എന്റെ ഏടത്തി കലക്കി.
ഞാൻ പോലും ഇത്രയും പ്രതീക്ഷിച്ചില്ല. ഇതുപോലെയങ്ങ് നിന്നാൽ മതി.ഒരാഴ്ച കൊണ്ട് അമ്മയുടെ കൊമ്പ് ഒടിഞ്ഞോളും ഞാൻ മുറ്റമടിച്ചിട്ട് വരാട്ടോ.. "

അതും പറഞ്ഞ് അവൾ അടുക്കള വിട്ടപ്പോൾ താൻ തന്നെയാണോ ഇത്രയൊക്കെ പറഞ്ഞതെന്ന് അവൾക്ക് സംശയം തോന്നി.

ഒരു കാര്യം അവൾക്കിതോടെ ബോധ്യമായി പറയേണ്ട കാര്യങ്ങൾ മുഖത്ത് നോക്കി തന്നെ പറഞ്ഞാലേ നമുക്ക് നിലനിൽപ്പ് ഉണ്ടാവുകയുള്ളൂ. അതിന് തന്നെ പ്രാപ്തയാക്കിയ അനിയത്തി കുട്ടിയോട് മനസ്സിൽ ഒരായിരം നന്ദി പറഞ്ഞുകൊണ്ട് അവൾ ജോലി തുടർന്നു.

രചന - അംബിക ശിവശങ്കരൻ.

"ആ ബ്രായുടെ വള്ളി ഒന്ന് അകത്തൊട്ടാക്കിക്കേ.. "റോഡിൽകൂടി പോകുന്നവർ അതുനോക്കി വെള്ളമിറക്കുന്നതുകണ്ട്  സഹികെട്ടിട്ടാണ് ബുള്...
29/06/2025

"ആ ബ്രായുടെ വള്ളി ഒന്ന് അകത്തൊട്ടാക്കിക്കേ.. "

റോഡിൽകൂടി പോകുന്നവർ അതുനോക്കി വെള്ളമിറക്കുന്നതുകണ്ട് സഹികെട്ടിട്ടാണ് ബുള്ളെറ്റിനു പിറകിൽ അലക്ഷ്യമായിരിക്കുന്ന മേബിളിനോട് ഞാനത് പറഞ്ഞത്..

അത് കേട്ടിട്ടും കേൾക്കാത്ത മട്ടിലുള്ള അവളുടെ ഇരിപ്പ് കണ്ടപ്പോൾ എനിക്ക് അടിമുടി ചൊറിഞ്ഞുകയറി..

നാശംപിടിക്കാൻ, ഏത് നേരത്താണാവോ അമ്മച്ചിടെ വാക്ക്കേട്ട് പിറകിലിരിക്കണ മാരണത്തെയുംകൊണ്ട് ഞാനീ യാത്രക്കിറങ്ങിയത്

അമ്മച്ചിയുടെ പഴേകളിക്കൂട്ടുകാരിയുടെ മകളാണ് മേബിൾ. അവർ കുടുംബമായി ഡെൽഹിയിലായിരുന്നു താമസം,.. മേബിളിന്റെ അച്ഛന്റെ അപ്രതീക്ഷിത മരണത്തോടെ ആ കുടുംബം തൃശൂരിലുള്ള അവരുടെ അമ്മവീട്ടിലേക്ക് താമസം മാറ്റി..

മേബിൾ ഡൽഹിയിൽ ഫ്ലോറികൽച്ചറിൽ എന്തോ ഗവേഷണം ചെയ്യുകയാണെന്നും അവൾക്ക് എന്നെക്കൊണ്ടെന്തോ സഹായം വേണമെന്നും അമ്മച്ചി പറഞ്ഞപ്പോൾ എതിർത്ത് പറയാൻ കഴിഞ്ഞില്ല..

ആ വീട്ടിലെത്തി ഓളെ കണ്ടപ്പോഴാണ് സംഗതി ഇച്ചിരി ഗുരുതരമാണെന്ന് മനസിലായത്..

കള്ളിമുണ്ടും മാടികുത്തിയുള്ള എന്റെ വരവ് അവൾക്കൊട്ടും പിടിച്ചിട്ടില്ലെന്ന് ആ മുഖഭാവം കണ്ടപ്പോഴേ ഞാനൂഹിച്ചു.. അത് കഴിഞ്ഞു ഓൾടെ വക ഒരു ഇന്റർവ്യൂ..

ബൈക്ക് ഓടിക്കാൻ അറിയോ?, ലൈസെൻസ് ഉണ്ടോ?

ഇജ്ജാതി ചോദ്യങ്ങൾ കേട്ടപ്പഴേ എനിക്ക് പ്രാന്തായി..

അപ്പോഴാണ് അവൾ കാര്യങ്ങൾ വിവരിച്ചത്..

അങ്ങ് ദൂരെ 'മഥേരാൻ' എന്നൊരിടത്തു "വൈഷ്ണകമലം" എന്നൊരു അപൂർവയിനം പുഷ്പമുണ്ടത്രേ..

ആ പൂവിനെക്കുറിച്ചു കൂടുതൽ അറിയാൻ വേണ്ടി മേബിളിന് മഥേരാനിലേക്ക് ഒരു യാത്ര പോകണം,...

പ്രകൃതിഭംഗി ആസ്വദിച്ചു ഒരു ബുള്ളറ്റ് യാത്രയാണ് അവൾ ഉദ്ദേശിക്കുന്നത്,.. അതിനുവേണ്ടി ഒരു ബുള്ളറ്റും, വിശ്വസ്തനായ ഒരു ഡ്രൈവറെയും അവൾക്ക് ഞാൻ സംഘടിപ്പിച്ചു കൊടുക്കണം...

മേബിളിന്റെ അമ്മച്ചിക്ക് ഓളെ അത്ര വിശ്വാസം ഇല്ലാത്തതുകൊണ്ടാണോ, എന്നെ കൂടുതലായി വിശ്വസിക്കുന്നതുകൊണ്ടാണോ എന്നറിയില്ല, മകൾക്ക് കൂട്ടിനായി ഉറ്റകൂട്ടുകാരിയുടെ മകനായ ഞാൻ തന്നെ പോകണം എന്ന വാശിയിലായിരുന്നു..

യാത്രകൾ ഏറെ ഇഷ്ടമായതുകൊണ്ട് അവരോട് എതിർപ്പൊന്നും പറയാതെ ഞാൻ അവിടെന്നിറങ്ങി നേരെ ചെന്നത് ഹരിയേട്ടന്റെ വർക്ക്‌ഷോപ്പിലേക്കായിരുന്നു.

അവിടൊരു മൂലയിൽ പൊടിപിടിച്ചിരിക്കുന്നൊരു ബുള്ളറ്റിൽ കണ്ണുടക്കിയപ്പോഴാണ് അതിനെക്കുറിച്ച് ഹരിയേട്ടനോട് തിരക്കിയത്..

മുപ്പത് വർഷത്തോളം പഴക്കമുള്ള വണ്ടിയാണെന്നും, വിൽപ്പനക്കായി ഇട്ടിരിക്കുവാണെന്നും ഹരിയേട്ടൻ പറഞ്ഞതു കേട്ടപ്പോൾ എനിക്കാവേശമായി..

ഇത് പഴേ വണ്ടിയല്ലേ സ്റ്റാർട്ട്‌ ചെയ്യാനൊക്കെ ഒത്തിരി ബുദ്ധിമുട്ടാവില്ലേ എന്ന എന്റെസംശയം കേട്ടപ്പോൾ അയാളൊന്ന് ഉറക്കെ ചരിച്ചു..

"തെങ്ങിൽനിന്നും ഒരു മച്ചിങ്ങ അടർന്നു ആ കിക്കറിൽ വീണാൽമതി,അവൻ സ്റ്റാർട്ടായിക്കോളും.. "

പുള്ളിക്കാരന്റെ ആ ഒറ്റ ഡയലോഗിൽ തന്നെ ഞാൻ വീണു.. ഒരാഴ്ചത്തേക്ക് ആ വയസൻ ബുള്ളെറ്റിനെ വാടകക്ക് പറഞ്ഞുറപ്പിച്ചാണ് ഞാനവിടുന്നിറങ്ങിയത്

അങ്ങനെയിറങ്ങിയതാണ് ഈ യാത്ര... തൃശ്ശൂരിൽനിന്നും എങ്ങാണ്ടോ കിടക്കുന്ന മാഥേരാനിലേക്ക്, പിറകിൽ മേബിൾ എന്ന മാരണത്തെയും വഹിച്ചുകൊണ്ട്...

അലുവയും മത്തിക്കറിയും പോലായിരുന്നു ഞാനും മേബിളും തമ്മിൽ, എല്ലാ അർത്ഥത്തിലും വിപരീത ദിശയിലുള്ള രണ്ടുപേർ..

ഇട്ടിരിക്കുന്ന ഡ്രസ്സിൽ തുടങ്ങി ഞങ്ങൾ തമ്മിലുള്ള പൊരുത്തക്കേട്..

ദൂരയാത്രയല്ലേ, അൽപ്പം കാറ്റ് കിട്ടിക്കോട്ടെ എന്ന് കരുതി സ്വർണ്ണകസവുള്ള വെള്ളമുണ്ടും, കോളറിൽ മുത്തുമണികൾ പിടിപ്പിച്ച ചൊമല ഷർട്ടുമായിരുന്നു യാത്രയുടെ ആദ്യ ദിവസത്തിൽ എന്റെ വേഷം..

അത് മേബിളിന് പിടിച്ചില്ലത്രെ..

താൻ കല്യാണത്തിന് പോകൂന്നതാണോ അതോ ട്രിപ്പ്‌ വരുന്നതാണോ എന്നുള്ള അവളുടെ ചോദ്യത്തിൽ നിന്ന് അതിലുള്ള കുത്തൽ ഞാൻ മനസിലാക്കിയെടുത്തു..

അവളെന്തോ നിക്കർ പോലുള്ള സാധനവും ഇറുകിയ ബനിയനും ധരിച്ചായിരുന്നു ബുള്ളറ്റിനു പിറകിൽ കയറിയത്..

നോക്കീം കണ്ടും ഇരുന്നോണം ഇജ്ജാതി ഉടുപ്പിട്ട് എന്നെ തട്ടാനും മുട്ടാനും വന്നേക്കരുത് എന്ന് പറഞ്ഞുകൊണ്ട് അവളുടെ വസ്ത്രധാരണത്തോടുള്ള വിയോജിപ്പ് ഞാനും പ്രകടിപ്പിച്ചു..

അടുത്ത പ്രധാനപ്രശ്നം ഭക്ഷണത്തിന്റെ കാര്യത്തിലായിരുന്നു..

മേബിളിന് ഇഷ്ടപെട്ട വല്യ റെസ്റ്റോറന്റിൽ കേറി ഓള് വായിലൊതുങ്ങാത്ത കണകുണ പേരുകൾ ഓരോന്ന് ഓർഡർ ചെയ്തപ്പോൾ വെല്യ വിശപ്പില്ലാത്തതുകൊണ്ട് ഞാൻ നൈസായിട്ട് രണ്ട് ഐറ്റം ഓർഡർ ചെയ്തു..

"ഒരു സെറ്റ് പുഴുങ്ങ്യ താറാംമൊട്ടേം ഒരു ജീരക ഷോഡയും "

തൊപ്പിവെച്ച വൈറ്ററും ഒപ്പം മേബിളും അതുകേട്ട് വാ പൊളിച്ചു നിൽക്കുന്നത് കണ്ട് ഞാൻ അമ്പരന്നു.. അതിന്റെ പേരിൽ ഞങ്ങൾ കൊർച് നേരം അവിടിരുന്നു തർക്കിച്ചു..

അവസാനം ബില്ല് കൊടുക്കാൻ നേരത്ത് ബാക്കിവന്ന തുകയിൽ നിന്നും നൂറുപ്യ അനാഥരായവരെ സഹായിക്കാൻ വെച്ചിരിക്കുന്ന ചില്ല് ബോക്സിലേക്ക് തിരുകി വെക്കുന്ന മേബിളിനെ കണ്ടപ്പോൾ എനിക്കെന്തോ സന്തോഷം തോന്നി..

'എന്തൊക്കെയായാലും മനസ്സിൽ നന്മയുണ്ട് ഈ പെണ്ണിന് '

യാത്രക്കിടയിൽ ബോറടിച്ചപ്പോൾ ഞാൻ വെറുതെ രണ്ടുവരി പാട്ടൊന്നു മൂളിതുടങ്ങിയപ്പോഴേക്കും പിറകിൽ നിന്നും മേബിളിന്റെ സ്വരമുയർന്നു..

"ഇഷ്ട്ടായി, നിർത്തിക്കേ.."

നല്ലറോഡിലൂടെ ബുള്ളറ്റ് പറത്തികൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് തോളിൽ തട്ടികൊണ്ട് മേബിൾ വണ്ടിനിർത്താൻ ആവശ്യപ്പെടും.. വണ്ടിയിൽ നിന്നും ചാടിയിറങ്ങി റോഡരികിലുള്ള പറമ്പിലേക്കോ, പൊന്തക്കാട്ടിലേക്കോ അവൾ ഓടിപിടഞ്ഞു പോകുന്നത് കാണുമ്പോൾ ആദ്യമൊക്ക ഞാൻ കരുതി "അതിന് മുട്ടിയിട്ടല്ലേ, പോയി സാധിച്ചിട്ടു വരട്ടെ എന്ന്.."

പക്ഷെ ഈ പരിപാടി ഇടയ്ക്കിടെ ആവർത്തിച്ചപ്പോൾ ഒരുതവണ ഞാനും ഓൾടെ പിറകെ കാട്ടിലേക്ക് കേറി നോക്കി..
ന്താ ഏർപ്പാടെന്നു അറിയണല്ലോ...

ആ കാട്ടിൽ അങ്ങിങ്ങായി വിരിഞ്ഞു നിൽക്കുന്ന പൂക്കളുടെ ഫോട്ടോയും എടുത്ത് അവയെയൊക്കെ ശ്രദ്ധാപൂർവം വീക്ഷിക്കുന്ന മേബിളിനെ കണ്ട് ഞാൻ മൂക്കത്തു വിരൽവെച്ചു..

"ഇതിനായിരുന്നോ ഈ പെണ്ണ് പരക്കംപാഞ്ഞു ഇങ്ങോട്ട് ചാടിപിടഞ്ഞു കേറിയത് വെറുതെ തെറ്റിദ്ധരിച്ചു. "

നാല് ദിവസം കൊണ്ട് മഥേരാൻ എത്താമെന്നാണ് മേബിൾ ഉദ്ദേശിച്ചതെങ്കിലും ഇടക്ക് പെയ്ത മഴ ഞങ്ങളുടെ യാത്രയെ ചെറുതായൊന്നു ചുറ്റിച്ചു, ഒരുപകൽ കൂടി ഞങ്ങൾക്ക് ബുള്ളറ്റിൽ യാത്ര ചെയ്യേണ്ടിവന്നു..

ആദ്യത്തെ മൂന്ന് ദിവസങ്ങളിലും എന്നോട് അടികൂടിയ മേബിൾ നാലാംദിനം ആയപ്പോഴേക്കും പതിയെ ഞാനുമായി കമ്പനിആയി തുടങ്ങി..

യാത്ര വിരസമാകാതിരിക്കാൻ ഞാനവൾക്ക് നാട്ടിലെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടുക്കുമ്പോൾ ഒരു കൊച്ചുകുഞ്ഞിന്റെ കൗതുകത്തോടെ മേബിൾ അതെല്ലാം ആസ്വദിച്ചു കേൾക്കുന്നുണ്ടായിരുന്നു.. ഡൽഹിയിൽ ജനിച്ചു വളർന്ന മേബിളിന് നാട്ടിലെ അമ്പുപെരുന്നാളും, ബാൻഡ്മേളവും, ഉത്സവവും ആനയുമെല്ലാം കേട്ട് പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു

നമ്മടെ ഇടവകപള്ളീൽ പെരുന്നാളിന് വൈകീട്ട് മ്മടെ അമ്മച്ചി ഉണ്ടാക്കിയ പോത്തെറച്ചി അമ്മച്ചിവരട്ട് കൂട്ടി രണ്ടെണ്ണം പിടിപ്പിച്ചു പള്ളിപ്പറമ്പില് നിക്കണ സുഖം അങ്ങ് ഡൽഹിൽ നിന്നാ കിട്ടോ ന്ടെ മേബിളെ..?

ഞാനത് ചോയ്ച്ചപ്പോൾ മേബിളാകെ ത്രില്ലടിച്ചതുപോലെ എന്നോട് ചേർന്നിരുന്നു.. അവളുടെ ശരീരത്തിലെ ചൂടും മാർദ്ദവവും എന്റെ ചുമലിൽ പതിയുന്നത് ഞാനറിയുന്നുണ്ടായിരുന്നു

"അതെന്തോന്നാ ഈ അമ്മച്ചി വരട്ട്..? "

ആവേശത്തോടെ അവളത് എന്റെ ചെവിക്കരുകിലേക്ക് മുഖമെത്തിച്ചു ചോയ്ച്ചപ്പോൾ ചുടുനിശ്വാസം ചെവിയിൽ പതിഞ്ഞു.. കൈകാലുകളിൽ ഒന്ന് കുളിരുകോരി..

'ഈ പെണ്ണെന്നെ പ്രാന്ത് പിടിപ്പിക്കുലോ തമ്പുരാനെ.. '

ഞാനത് പിറുപിറുത്തപ്പോൾ മേബിൾ വീണ്ടും ചോദ്യം ആവർത്തിച്ചു..

"അമ്മച്ചിവരട്ടിനെ പറ്റി പറയൂന്നേ.. "

അതുപിന്നെ, എന്റെ അമ്മച്ചീന്റെ ഒരു സ്പെഷ്യൽ ഐറ്റം ആണത്, മ്മടെ പള്ളിപെരുന്നാളിന്റെ അന്ന് ഉച്ച ആവുമ്പോഴേക്കും ഒരു കുഞ്ഞുരുളി നിറയെ പോത്തിറച്ചി വരട്ടിവെക്കും അമ്മച്ചി.. വൈകുന്നേരം ആവുമ്പോഴേക്കും ഞാനത് മുഴേനും തിന്നുതീർക്കും.. അങ്ങിനെ ഞാനതിനു ഇട്ട പേരാണ് "പോത്തിറച്ചി അമ്മച്ചിവരട്ട് "

അവളതു കേട്ട് കുടുകുടാ ചിരിക്കുന്നതും ആ വെളുത്ത മുഖം ചുവന്നുതുടുക്കുന്നതും ഞാൻ കണ്ണാടിയിലൂടെ കാണുന്നുണ്ടായിയുന്നു..

അപ്പോഴും ഞാനിങ്ങനെ പിറുപിറുത്തു..

"ഈ പെണ്ണെന്നെ പ്രാന്താക്കും.. "

അല്ല മേബിളെ ഈ പറഞ്ഞ പൂവിന്റെ ശരിക്കും നിറം എന്തൂട്ടാ, ചൊമപ്പ് ആണേൽ നമ്മടെ പള്ളിപ്പറമ്പിലെ സെമിത്തേരിയിൽ ഈ പറഞ്ഞമാതിരിയുള്ള ചൊമലപൂക്കൾ ഒന്ന് രണ്ട് തവണ ഞാൻ കണ്ടിട്ടുണ്ട്, ഇപ്പൊ എനിക്കൊരു സംശയം ഇനി അതാണോ ഈ വൈഷ്ണകമലം..?

"ഹഹ, വൈഷ്ണകമലത്തിന്റെ നിറം കടും നീലയാണ്.. ആ പുഷ്പത്തിൽനിന്നുയരുന്ന ഗന്ധം ആഞ്ഞൊന്നു ശ്വസിച്ചാൽ അത് നമ്മുടെ തലച്ചോറിനെ വരെ മന്ദീഭവിപ്പിക്കും.. അതായത് കുറച്ചു നേരത്തേക്ക് ഫിറ്റായതുപോലെ തോന്നുമെന്ന്‌. "

"ആഹാ.. എന്നാപ്പിന്നെ കൊർച്ച്‌ നേരം അവിടെയിരുന്നു ആ പൂവിന്റെ മണം വലിച്ചു കേറ്റിട്ട് തന്നെ കാര്യം.." ഞാനതും പറഞ്ഞു ബുള്ളറ്റിന്റെ ഗിയർ മാറി..

മഥേരാനിലേക്ക് കഷ്ടിച്ച് അൻപതു കിലോമിറ്ററോളം ഉള്ളപ്പോൾ വീണ്ടുമൊരു മഴപെയ്തു.. എവിടെയെങ്കിലും കേറിനിൽക്കാമെന്നു ഞാൻപറഞ്ഞപ്പോൾ മേബിൾ സമ്മതിച്ചില്ല, ആ മഴ നനഞ്ഞു വീണ്ടും ഞങ്ങൾ യാത്ര തുടർന്നു..

കുറച്ചൂടെ മുന്നോട്ടു ചെന്നപ്പോൾ മഴ മാറി പകരം ചുറ്റിനും കോടമഞ്ഞുയർന്നു.. ഇരു വശങ്ങളിലും അഗാധഗർത്തങ്ങളുള്ള റോഡിന്റെ വെളുത്തവര നോക്കി സാവധാനത്തിൽ ബുള്ളറ്റ് നീങ്ങുമ്പോൾ ആ കോടമഞ്ഞിലേക്ക് മിന്നാമിന്നികൾ പ്രകാശം പൊഴിച്ചുകൊണ്ട് കൂട്ടത്തോടെ പറന്നുയരുന്നത് കാണാമായിരുന്നു..

ഇതാണ് ഭൂമിയിലെ സ്വർഗ്ഗമെന്നു തോന്നിപ്പിക്കുംവിധമുള്ള കാഴച്ചയിരുന്നു അത്.. അത് കണ്ടിട്ടാകണം പിറകിലിരിക്കുന്ന മേബിളിന്റെ കണ്ണിൽ ആയിരം വൈഷ്ണകമലങ്ങൾ പൂത്തുനിൽക്കുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു...

കോടമഞ്ഞിന്റെ കണികകൾ പാറിപ്പറന്നുവന്നെന്റെ താടിരോമങ്ങളിൽ പറ്റിപിടിച്ചിരിക്കുന്നത് കണ്ടിട്ടാവണം പിറകിൽനിന്നും ഒരുകൈ നീണ്ടുവന്നെന്റെ കവിളിൽ തലോടിയത്..

ആ കുളിരിലും ഞാനൊന്ന് ഉഷ്ണിച്ചു..

"കിളിക്കൂട് പോലെയുണ്ട് നിങ്ങളുടെ താടി.. " അവളെന്റെ താടിരോമത്തിനിടയിലൂടെ കൈവിരൽ ഓടിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ ഞാനൊരു മിന്നാമിന്നിപോൽ പറന്നുയരുകയായിരുന്നു..

മേബിളിനെ കഴിഞ്ഞാൽ ആ യാത്രയിലുടനീളം എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യം ഞാനുപയോഗിക്കുന്ന ആ വാഹനം തന്നെയായിരുന്നു.. ആ വയസ്സൻ ബുള്ളറ്റ് യാത്രയിലൊരിക്കൽപോലും ഞങ്ങളെ ബുദ്ധിമുട്ടിച്ചില്ലെന്നു മാത്രമല്ല, ക്ഷീണമേതുമില്ലാതെ അവൻ ഞങ്ങളെയുംകൊണ്ട് മഥേരാനിലേക്ക് പാഞ്ഞു..

മഥേരാൻ.. അൾസഞ്ചാരം കുറവുള്ള, കുന്നും മലകളും നിറഞ്ഞ ഒരു ഗ്രാമമായിരുന്നു.. ടാറിങ് നടന്നിട്ട് വർഷങ്ങൾ പിന്നിട്ട അവിടുത്തെ റോഡിലൂടെ തെന്നിത്തെന്നിയുള്ള ബൈക്ക് യാത്ര എന്നെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്..

എങ്കിലും അല്പസമയംകൊണ്ട് ഞങ്ങൾ വൈഷ്ണകമലം എന്ന അപൂർവപുഷ്പം പൂത്തുനിൽക്കുന്ന മഥേരാനിലെ താഴ് വാരത്തിലെത്തി..

ബുള്ളറ്റ് സൈഡിലൊതുക്കി ഞാനിറങ്ങുമ്പോഴേക്കും പിറകിൽനിന്നും മേബിൾ ചാടിയിറങ്ങി മുന്നോട്ട് കുതിച്ചിരുന്നു.

യാത്രാക്ഷീണത്താൽ ഒന്ന് മൂരിനിവർന്നു ചുറ്റുമൊന്നു കണ്ണോടിച്ചപ്പോൾ ആ കാഴ്ച്ചകണ്ടു..

കിഴക്കുദിക്കിലെ ഒരു പൊയ്കമുഴുവൻ നീലനിറ ത്താൽ മൂടപ്പെട്ടിരിക്കുന്നു..ഒന്നല്ല രണ്ടല്ല ആയിരമായിരം കടുംനീല പൂക്കൾ.. ആ പൂവിൻതണ്ടുകൾ കാറ്റിൽ ഇളകിയാടുന്നു...

അതേ.., അതാണ്‌ മേബിൾ തിരക്കിയിറങ്ങിയ 'വൈഷ്ണകമലം'..

ആ പൂക്കളിൽനിന്നുയരുന്ന ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നു എന്ന തോന്നലിൽ ഞാനൊന്ന് ശ്വാസം ആഞ്ഞുവലിച്ചു.. ശരിയാണ് മേബിൾ പറഞ്ഞതുപോലെ ആ പുഷ്പഗന്ധം തലച്ചോറിൽ കയറിയിറങ്ങി വേലിയേറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്...

പാതിയടഞ്ഞ കണ്ണുകൾ ആയാസപ്പെട്ട് തുറന്നു നോക്കുമ്പോൾ ആ കടുംനീല പൂക്കൾക്കിടയിൽ മറ്റൊരു പൂവായി മേബിൾ വിടർന്നു നിൽക്കുന്നത് കണ്ടു....

# # # # # # # # # # # # # # # # # # #

കയറിയ കയറ്റങ്ങളെല്ലാം ബുള്ളറ്റിൽ തിരികെ ഇറങ്ങികൊണ്ടിരിക്കെ ചെവിക്കരുകിൽ മേബിളിന്റെ നനുത്ത സ്വരം കേട്ടു..

"പോകുമ്പോൾ പാടിനിർത്തിയ ആ പാട്ട് ഒന്നുകൂടെ പാടിക്കെ.. "

"മിഴിയിൽനിന്നും മിഴിയിലേക്ക് തോണിതുഴഞ്ഞു പോയീ നമ്മൾ... മെല്ലേ.. മെല്ലെ... "

ഞാൻ മൂളിയ ആ പാട്ട് അവസാനിക്കുമ്പോഴേക്കും മേബിൾ എന്റെ ചുമലിൽ തലചേർത്തു ഉറങ്ങിക്കഴിഞ്ഞിരുന്നു...

ആ യാത്ര ആവസാനിച്ചു ബുള്ളറ്റ് തിരികെ മേബിളിന്റെ വീടിന്റെ പടിക്കൽ എത്തിച്ചപ്പോൾ തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ അവൾ വീട്ടിനുള്ളിലേക്ക് കയറിപോകുന്നത് കണ്ട് എന്റെ ചങ്കൊന്ന് വേദനിച്ചു...

യാത്രാക്ഷീണം തീർക്കാൻ വിസ്തരിച്ചുള്ള കുളിയും കഴിഞ്ഞു ടർക്കിയുമുടുത്തു ബെഡിലേക്ക് ചെരിയുമ്പോൾ മൊബൈലിൽ മേബിളിന്റെ മെസ്സേജ് കിടപ്പുണ്ടായിരുന്നു..

"അടുത്ത പള്ളിപെരുന്നാളിന് നിങ്ങളുടെ വീട്ടിലെ കുഞ്ഞുരുളീന്ന് അമ്മച്ചിവരട്ട് കഴിക്കാൻ ഞാനും ഉണ്ടാവും ട്ടോ. "

"ഈ പെണ്ണെന്നെ പ്രാന്താക്കും. "

എന്റെ ചുണ്ടുകൾ അങ്ങിനെ പിറുപിറുക്കുമ്പോൾ കുറച്ചു ദൂരെ മേബിളിന്റെ റൂമിൽനിന്നും ആ പാട്ടുയരുന്നുണ്ടായിരുന്നു...

"മിഴിയിൽനിന്നും മിഴിയിലേക്ക് തോണിതുഴഞ്ഞു പോയീ നമ്മൾ.. മെല്ലേ.. മെല്ലേ..."

Sai Bro.

Address

Kochi

Alerts

Be the first to know and let us send you an email when കഥാസാഗരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to കഥാസാഗരം:

Share