14/09/2024
പ്രിയപ്പെട്ടവരെ ,
മാക്ടയുടെ മുപ്പതാം വാർഷിക ആഘോഷവും മാക്ട ലജന്റ് ഹോണർ പുരസ്കാര വിതരണവും സപ്തെമ്പർ 7 ന് എറണാകുളം ടൌൺ ഹാളിൽ വെച്ച് സമുചിതമായി ആഘോഷിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ . രാവിലെ 10 മണിക്ക് സംവിധായകൻ ശ്രീ ജോഷി പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ച ചടങ്ങ് വിവിധ പരിപാടികളോടെ രാത്രി 11 മണിക്കാണ് അവസാനിച്ചത് . ചലച്ചിത്ര സെമിനാർ , ഫോട്ടോ പ്രദർശനം , ലൈവ് പെയിന്റിങ്ങ് , മാക്ട അംഗങ്ങളുടെ കുടുംബ സംഗമം , കുടുംബാംഗങ്ങൾക്ക് വേണ്ടി മൂന്ന് മണിക്കൂർ നീണ്ട വിനോദ വിജ്ഞാന കലാപരിപാടികൾ , സാംസ്കാരിക സമ്മേളനം , ശ്രീ. ശ്രീകുമാരൻ തമ്പിയ്ക്ക് മാക്ട ലജന്റ് ഹോണർ പുരസ്‌കാര സമർപ്പണം , മാക്ട സ്ഥാപക നേതാക്കളെ ആദരിക്കൽ , മലയാളത്തിലെ പ്രശസ്‌ത പിന്നണി ഗായകർ പങ്കെടുക്കുന്ന ഗാനമേള , മാക്ട പ്രവർത്തകർ അവതരിപ്പിക്കുന്ന സ്കിറ്റ് , സ്റ്റാന്റ്അപ്പ് കോമഡി തുടങ്ങി നിരവധി പരിപാടികൾ ആഴ്ചകൾ നീളുന്ന മുന്നൊരുക്കത്തോടെയാണ് മാക്ട സാക്ഷാത്ക്കരിച്ചത് .
അതിനിടയിൽ നടന്ന ഒരു അനിഷ്ട സംഭവമാണ് ഈ വിശദീകരക്കുറിപ്പിന് കാരണം .
പ്രശസ്ത കലാസംവിധായകനും ചിത്രകാരനുമായ സർവ്വശ്രീ. രാധാകൃഷ്ണൻ എന്ന ആർ കെ , സംവിധായകനും ചിത്രകാരനുമായ എം എ വേണു , പബ്ലിസിറ്റി ഡിസൈനർ റഹ്‌മാൻ , സംവിധായകൻ അമ്പിളി തുടങ്ങിയ ആറോളം ചിത്രകാരന്മാരായ ചലച്ചിത്രപ്രവർത്തകരെയാണ് ലൈവ് പെയിന്റിങ്ങിനായി ക്ഷണിച്ചത് . മാക്ടയുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ മാക്ടയ്ക്ക് പിന്നീട് ഗുണകരമായി ഉപയോഗിക്കാൻ പറ്റുന്നതോ ആയ ചിത്രങ്ങളാവണമെന്ന് ഉള്ളടക്ക സംബന്ധമായി അറിയിപ്പ് നൽകിയിരുന്നു . കേൻവാസും നിറങ്ങളും ബ്രഷുകളും മാക്ട നൽകിയത് നല്ല ഉദ്ദേശത്തോടെയായിരുന്നു . ടൌൺ ഹാളിന്റെ മുൻവശത്തെ വരാന്തയിൽ ചിത്രരചന ആരംഭിക്കുമ്പോൾ ധാരാളം ആളുകൾ ഉണ്ടായിരുന്നു . പിന്നീട് മാക്ട അംഗങ്ങളും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ബന്ധുജനങ്ങളും സെമിനാർ ഹാളിലേക്കും റിഹേഴ്സൽ സ്ഥലത്തേക്കും , പവലിയനിലെക്കും മറ്റ് പരിപാടികൾ ആസ്വദിക്കാൻ പോയി .
അല്പം കഴിഞ്ഞ് ഒരു ബഹളം കേട്ടാണ് പ്രധാന സംഘാടകർ ചിത്രരചനാ വേദിയിലേക്ക് എത്തുന്നത് . അവിടെ അമ്പിളി മാക്ടയുടെ പ്രോഗ്രാം ബോർഡിനെ പശ്ചാത്തലമാക്കിനിന്ന് പത്രപ്രവർത്തകരോട് ജസ്റ്റിസ് ഹേമ കമ്മിറ്റിയെക്കുറിച്ചും WCC യെക്കുറിച്ചും വളരെ മോശമായ രീതിയിൽ യാതൊരു പ്രകോപനവുമില്ലാതെ ഉച്ചത്തിൽ സംസാരിക്കുകയാണ് . സംസാരത്തിനിടയിൽ അമ്പിളി വരച്ച കേൻവാസ് അവർക്ക് മുമ്പിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട് . അതിൽ W C C എന്ന് എഴുതി അതിന് താഴെ Women - Cinema - Cancer എന്ന് വലിയ അക്ഷരത്തിൽ എഴുതിയിട്ടുണ്ടായിരുന്നു . ചലച്ചിത്ര പ്രവർത്തകർക്കിടയിൽ നിലനിൽക്കേണ്ട ആരോഗ്യപരമായ സൗഹൃദവും , കലാപരമായ നവീകരണവും , സഹോദര സംഘടനകളുമായി പുലർത്തേണ്ട പരസ്പര ബഹുമാനത്തെക്കുറിച്ചുമൊക്കെ നിരന്തരം ഉദ്‌ഘോഷിച്ചുകൊണ്ടിരുന്ന മാക്ടയുടെ മഹാരഥന്മാരായ സ്ഥാപക നേതാക്കൾ വിഭാവനം ചെയ്തതിന് നേരെ വിപരീതമായാണ് അമ്പിളി അവിടെ വിവാദ അന്തരീക്ഷം ഉണ്ടാക്കിവെച്ചത് . സംവിധായകനും മാക്ട മുൻചെയർമാനും പരിപാടിയുടെ ജനറൽ കൺവീനറുമായ ശ്രീ. ജി എസ് വിജയൻ അവിടെയെത്തി "ഇത് ധാരാളം ആളുകളുടെ പ്രയത്നമാണെന്നും ഈ ചടങ്ങ് വിവാദങ്ങളുണ്ടാക്കി അലങ്കോലമാക്കരുതെന്നും അഭ്യർത്ഥിച്ചു . തന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ഒരാളെയും അനുവദിക്കില്ലെന്ന് പറഞ്ഞ് ശബ്ദമുയർത്തിയ അമ്പിളിയോട് "മറ്റൊരു ചലച്ചിത്ര സംഘടനയെ മാക്ട വേദിയിൽ വെച്ച് അധിക്ഷേപിക്കരുതെന്നും ,നമ്മുടെ സഹപ്രവർത്തകരായ ചലച്ചിത്ര നടിമാരെക്കുറിച്ച് അവരുടെ സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിച്ച് ഈ വേദി കളങ്കപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു . മറ്റുള്ളവരെ അധിക്ഷേപിക്കുന്ന ഇത്തരത്തിലുള്ള ആവിഷ്കാര സ്വാതന്ത്ര്യം മാക്ടയുടെ വേദിയിൽ അനുവദിക്കരുതെന്നും ചിത്രവുമായി ടൌൺ ഹാളിന് പുറത്തേക്ക് പോയി സ്വന്തം നിലയിൽ എങ്ങിനെ വേണമെങ്കിലും പ്രതികരിക്കാമെന്നും അവിടെ ഒത്തുകൂടിയ മാക്ട അംഗങ്ങളും അവരുടെ ബന്ധുജനങ്ങളും കണ്ടുനിൽക്കെ സംഘടനാ നേതൃത്വം ഒരേസ്വരത്തിൽ അമ്പിളിയോട് ആവശ്യപ്പെട്ടു . ഒടുവിൽ ജി എസ് വിജയനും സോഹൻസീനുലാലും ചേർന്നാണ് അമ്പിളിയെ വണ്ടിയിൽ കയറ്റി വിട്ടത് .
മേൽവിവരിച്ച സംഭവങ്ങളെ വക്രീകരിച്ച് , വസ്തുതാ വിരുദ്ധമായി ചിത്രീകരിച്ച് ജി എസ് വിജയനെ വ്യക്തിഹത്യ ചെയ്യുംവിധം അമ്പിളി 11-9-2024 ന് ഫേസ് ബുക്കിൽ പോസ്റ്റിട്ടത് ചിലരെങ്കിലും ശ്രദ്ധിച്ചിരിക്കുമല്ലോ . ജനശ്രദ്ധ കിട്ടാൻ ജി എസ് വിജയന് പുറമെ മുതിർന്ന സംവിധായകൻ ഹരിഹരൻ , ഭാഗ്യലക്ഷ്മി , ശ്രീമൂലനഗരം മോഹനൻ എന്നിവരെക്കൂടി പോസ്റ്റിലേക്ക് വലിച്ചിഴക്കുന്നുണ്ട് .
വരുമ്പോഴോ പോകുമ്പോഴോ അമ്പിളിയുടെ കയ്യിൽ ശ്രീകുമാരൻ തമ്പി സാറിന്റെ ഫോട്ടോ ആരും കണ്ടിട്ടില്ല . ശ്രീകുമാരൻ തമ്പിയുടെ ഫോട്ടോയുടെ ചില്ല് പൊട്ടിച്ച് അതിന്റെ ഫോട്ടോ എടുത്തിട്ട് ഇത് ജി എസ് വിജയൻ ചവിട്ടിപ്പൊട്ടിച്ചതാണെന്ന് ഫെയ്സ്ബൂക്കിലൂടെ അമ്പിളി ആരോപണം ഉന്നയിക്കുമ്പോൾ ടൗൺഹാളിൽ എല്ലാറ്റിനും സാക്ഷിയായ മാക്ട അംഗങ്ങളും കുടുംബാംഗങ്ങളും അമ്പരക്കുകയാണ് . പ്രസ്തുത പോസ്റ്റിൽ അമ്പിളിയുടെ വസ്തുതാവിരുദ്ധമായ ആരോപണങ്ങളെ തള്ളിപ്പറഞ്ഞും ചോദ്യം ചെയ്തും ഒട്ടേറെ സാക്ഷികൾ മുന്നോട്ട് വന്നപ്പോൾ അമ്പിളി നിന്നനിപ്പിൽ ഇന്നലെ നിലപാട് മാറ്റി എന്നത് സാധാരണക്കാർക്ക് വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമാവും .
അതിങ്ങനെയാണ് ; ഹേമ കമ്മിറ്റി റിപ്പോർട്ടിനേയും WCC യേയും അനുകൂലിച്ച് ചിത്രം വരച്ചത് കൊണ്ടും അവരെ സപ്പോർട്ട് ചെയ്ത് പത്രക്കാരോട് സംസാരിച്ചത് കൊണ്ടുമാണ് മാക്ട വേദിയിൽ തനിക്ക് ദുരനുഭവമുണ്ടായെതെന്നാണ് ഇന്നലെ ടെലിവിഷനിൽ അദ്ദേഹം ആരോപിച്ചത് .
ജസ്റ്റിസ് ഹേമ കമ്മിറ്റിയ്ക്ക് എതിരെയും WCC ക്കെതിരെയും താൻ വരച്ച ചിത്രവും ഘോരഘോരം പ്രസംഗിച്ച വാക്കുകളും പബ്ലിക് ഡൊമൈനിൽ ഉണ്ടെന്ന കാര്യം അമ്പിളി വിസ്മരിച്ചതാവാം.
പ്രിയ അംഗമെ , ഇനിയെങ്കിലും വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി സ്വയം വിറ്റ് സംഘടനാ മൂല്യങ്ങളെയും സൗഹൃദങ്ങളെയും ഇല്ലായ്‌മ ചെയ്യരുത് . ചരിത്രം ഒറ്റുകാരനെന്ന് വിളിച്ച് താങ്കളെ കല്ലെറിയും