14/05/2026
നാടിനു മാതൃകയായി വിദ്യാർത്ഥികൾ 👏
സ്‌നേഹത്തിൻ്റെ കടയിൽ കച്ചവടം നടത്തി കുട്ടി കൂട്ടങ്ങൾ;കിട്ടിയ തുക
അറിവിൻ്റെ ആദ്യാക്ഷരം കുറിക്കുന്ന
കുട്ടിക്ക് സ്‌നേഹോപഹാരം നൽകി.
മുളന്തുരുത്തി: ആരക്കുന്നം മണിയാമ്പുറം പ്രദേശത്തെ സ്‌കൂൾ കുട്ടികൾ അവധിക്കാലം
കൂട്ടുകാർക്കൊപ്പം കളിച്ചു നടക്കുന്നതിനിടെയാണ് കുട്ടിക്കൂട്ടങ്ങൾക്ക് കച്ചവടം നടത്താൻ ആഗ്രഹം ഉണ്ടായത്. ആൽഫിയ ബിജു, എൽവിൻ മനോജ്, എഡ് വിൻ മനോജ്, എനോഷ് ജേക്ക് സുഭാഷ്, എലൈന സൂസൻ സുഭാഷ്,ബേസിൽ ബിനോയി,സേറ ബിനോയി, എഡ്മണ്ട് ബിജു, എഡ് വേഡ് ബിജു ഇവരായിരുന്നു കച്ചവടക്കാർ. എന്ത് കച്ചവടം ചെയ്യുമെന്ന കാര്യം ചർച്ചയായി.ഫ്രൂട്സ് കട നടത്താമെന്ന അഭിപ്രായം ഉരുത്തിരിഞ്ഞതോടെ വീടുകളിൽ നിന്നും പഴവർഗങ്ങൾ ശേഖരിച്ചു.പൈനാപ്പിൾ, പേരയ്ക്ക, മാങ്ങ തുടങ്ങിയവ ചെറിയ കക്ഷണങ്ങളാക്കി ഭരണിയിൽ ഇട്ടു. ഒരു കക്ഷണത്തിന് 2 രൂപ മുതൽ 3 രൂപ വരെ ആയിരുന്നു വിലനിലവാരം.
വീടിനടുത്തുള്ള റോഡരികിൽ ഭരണികൾ നിരത്തി വെച്ചു. വഴിയാത്രക്കാർ ഇവരിൽ നിന്നും പഴവർഗങ്ങൾ വാങ്ങി. കുട്ടികളുടെ കൂട്ടായ്മ കണ്ട് വാങ്ങിയവരെല്ലാം 10 ഉം 50 ഉം 100 ഉം രൂപ സംഭാവന നൽകി. ചിലർ തണ്ണിമത്തൻ വാങ്ങി നൽകി. ആദ്യ ദിവസത്തെ കച്ചവടത്തിൽ നിന്നും 700 രൂപ ലഭിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ കച്ചവടം നടത്താൻ ഇവർ പദ്ധതി ഇട്ടെങ്കിലും
ബന്ധുമിത്രാദികൾ ഇവരെ നിരുൽസാഹപ്പെടുത്തി.അതോടെ കച്ചവടം മുടങ്ങി.കുട്ടികൾക്ക്
വഴിയാത്രക്കാർ അമിത തുക സംഭാവന നൽകിയതാണ് കാരണം.
കിട്ടിയ രൂപ എന്തുചെയ്യണമെന്ന്
ഇവർക്ക് നിശ്ചയം ഇല്ലായിരുന്നു.എല്ലാവരും ചേർന്ന് വീണ്ടും ആലോചനയോഗം കൂടി
സ്കൂളിൽ പോകാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുട്ടിയെ ഇവർ കണ്ടെത്തി പുതിയ അധ്യായത്തിൽ
ആ കുട്ടിക്ക് വേണ്ടതായ സ്കൂൾ
ബാഗും അനുബന്ധ സാധനങ്ങളും 700 രൂപക്ക് വാങ്ങി നൽകി.ഏഴാം ക്ലാസ് മുതൽ രണ്ടാം ക്ലാസിൽ വരെ പഠിക്കുന്ന കുട്ടി കൂട്ടങ്ങളാണ് ചെറു സമ്പാദ്യത്തിലൂടെ മാതൃകാ പ്രവർത്തനം കാഴ്ചവെച്ചത്.ഒരു ദിവസംകൊണ്ട് കച്ചവടം പൂട്ടി പോയെങ്കിലും ഇവർ നിരാശരല്ല. അർഹതപ്പെട്ട ഒരു കുട്ടിയെ സഹായിക്കാൻ സാധിച്ചതിലുള്ള
അഭിമാനം ഇവരുടെ വാക്കുകളിലുണ്ട്.