22/01/2026
50 കോടി ഇടപാടുകൾ അവയുടെ മൂല്യം 10 ലക്ഷം കോടി രൂപ വരെ !
അതെ ഇന്ത്യയിൽ ഒരു ദിവസം നടക്കുന്ന ഡിജിറ്റൽ ബാങ്കിങ് ഇടപാടുകളുടെ വലുപ്പമാണിത്.ലോകത്ത് നടക്കുന്ന ഡിജിറ്റൽ ബാങ്കിങ് ഇടപാടുകളിൽ ഭൂരിഭാഗവും ഇന്ത്യയിലാണ്.കാരണം നമ്മുടെ UPI തന്നെ.യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് എന്ന UPI സംവിധാനം വഴി ഇന്ത്യയിൽ പ്രതിദിനം 55 കോടി ഇടപാടുകൾ വരെ നടക്കുന്നുണ്ട്.രണ്ടാം സ്ഥാനത്തുള്ള ചൈനയിൽ ഇത് 20 കോടി വരെയാണ്.അമേരിക്ക ,യൂറോപ്പ് ഒക്കെ ഇന്ത്യക്ക് ബഹുദൂരം പിന്നിലാണ്.
എന്ത് കൊണ്ട് ഇന്ത്യ
UPI നിലവിൽ വരുന്ന 2016 വരെ ഇന്ത്യയും സാധാരണ ഇടപാടുകൾ മാത്രം നടക്കുന്ന ഒരു രാജ്യം മാത്രമായിരുന്നു.അതായത് ചെക്കുകൾ,ഡിമാൻഡ് ഡ്രാഫ്റ്റുകൾ,അക്കൗണ്ട് ട്രാൻസ്ഫർ ,കാർഡ് പേയ്‌മെന്റുകൾ എന്നിവയായിരുന്നു അത്.മാത്രമല്ല വലിയ തോതിൽ ക്യാഷ് ഇടപാടുകളും നടക്കുന്നുണ്ടായിരുന്നു.ബാങ്ക് വഴി നടക്കുന്ന ഇടപാടുകൾ മാത്രമേ അന്ന് ബാങ്കിങ് ഇടപാടുകൾ ആയി വരൂ.ബാങ്കുകൾക്ക് പുറത്ത് നടക്കുന്ന ക്യാഷ് ഇടപാടുകൾ ഒന്നും തന്നെ ഇത്തരം ഇടപാടുകളുടെ പരിധിയിൽ വരുന്നില്ല .
NPCI -നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ.
2008 ലാണ് NPCI സ്ഥാപിതമാകുന്നത്.രാജ്യത്തെ റീട്ടെയിൽ ഇടപാടുകൾ സുഗമമാക്കാൻ RBI യും രാജ്യത്തെ ബാങ്കുകളും ചേർന്നാണ് NPCI യാഥാർഥ്യമാക്കുന്നത്.Rupay കാർഡ്,IMPS, ആധാർ അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ ഒക്കെ NPCI യുടെ സംഭാവനകളാണ്.NPCI 2016 ലാണ് UPI സംവിധാനം ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.മൊബൈൽ ഫോണുകളിൽ നിന്ന് മൊബൈൽ ഫോണുകളിലേക്ക് UPI ആപ്പുകളുടെ സഹായത്തോടെ നമ്മുടെ ബാങ്കിലുള്ള പണം മറ്റൊരാൾക്ക് അയച്ചു കൊടുക്കുന്ന വിദ്യ വളരെ സിംപിൾ നടപ്പിലാക്കുന്ന ഒരു പരിപാടി ,അതായിരുന്നു UPI .പക്ഷെ അത് ഇന്ത്യയിലെ കോടിക്കണക്കിനു ആളുകളുടെ ജീവിതം മാറ്റിമറിക്കുന്ന ഒരു സാങ്കേതിക മുന്നേറ്റമായി മാറി.ബാങ്കുകളിലോ ATM കൗണ്ടറുകളിലോ പോകാതെ രാജ്യത്തിന്റെ ഏത് കോണിൽ ഇരുന്നും ആർക്കും പണം അയക്കാം സ്വീകരിക്കാം.മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ബാങ്കിങ് ഇടപാടുകളെ നിസാരമായി നമ്മുടെ വിരൽ തുമ്പിൽ എത്തിച്ച ടെക്നോളജി.
ബിസിനസുകൾ മാറുന്നു.
UPI വരുന്നതിന് മുൻപ് നമ്മൾ കറണ്ട് ബില് ,ഫോൺ ബിൽ ,ടീവി റീചാർജ്ജ് ,വാട്ടർ ബിൽ ,ഇൻഷുറൻസ് പേയ്‌മെന്റ്,ട്രെയിൻ ടിക്കറ്റ്,ബസ് ടിക്കറ്റ് ,ഫ്‌ളൈറ്റ് ടിക്കറ്റ് എന്ന് തുടങ്ങി എന്തിനും ഏതിനും റീട്ടെയിൽ ബിസിനസുകളെ ആശ്രയിച്ചാണ് മുന്നോട്ട് പോയിരുന്നത്.എന്നാൽ UPI വന്നതിന് ശേഷം ഇവയെല്ലാം നമ്മുടെ മൊബൈൽ ഫോണിലെ UPI അപ്പുകളിൽ നിന്ന് ചെയ്യാവുന്ന അവസ്ഥയിൽ എത്തി.ഡോർ ഡെലിവറി സംവിധാങ്ങൾ കൂടി,ഓൺലൈൻ ബിസിനസുകൾ കൂടി.ആമസോൺ പോലെയുള്ള പർച്ചേയ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ഇടപാടുകൾ കൂടുതൽ സുതാര്യമായി.OTT അഥവാ ഓവർ ദി ടോപ്പ് സേവനങ്ങൾ വന്നു.പണം അയക്കലും സ്വീകരിക്കലുമൊക്കെ സ്വപ്നതുല്യമായ രീതിയിൽ മാറി.
റിയൽ ടൈം പേയ്‌മെന്റ് സിസ്റ്റം.
എന്താണ് UPI യെ ജനപ്രിയമാക്കിയത് എന്നറിയാമോ? നമ്മുടെ മൊബൈൽ ഫോണിലേക്ക് വരുന്ന ആ മെസേജ്.അതെ നിങ്ങൾക്ക് ആരെങ്കിലും പണമയച്ചാലോ നിങ്ങൾ ആർക്കെങ്കിലും അയച്ചാലോ നമ്മുടെ ഫോണിൽ തെളിയുന്ന ആ SMS ആണ് UPI ഇത്ര വേഗത്തിൽ ജനപ്രിയമായത്.UPI ക്ക് മുൻപും മൊബൈൽ വഴി പണം അയക്കാനുള്ള സാങ്കേതിക വിദ്യ ഉണ്ട്.അവയെല്ലാം ബാങ്കിങ് ആപ്പുകൾ വഴിയാണ്.NEFT (National Electronic Funds Transfer),IMPS (Immediate Payment Service),RTGS (Real Time Gross Settlement) എന്നിവയൊക്കെയായിരുന്നു അത്.എന്നാൽ ഇത്തരം ഇടപാടുകൾക്കെല്ലാം ഓരോ നിബന്ധനകൾ ഉണ്ടായിരുന്നു.NEFT എന്നത് പെട്ടെന്ന് പണം ട്രാൻസഫർ ആകുന്ന ഒരു മെത്തേഡ് അല്ല 2 മുതൽ 4 മണിക്കൂർ വരെയൊക്കെ മിനിമം എടുക്കും.IMPS ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കും പെട്ടെന്ന് പണം ട്രാൻസ്ഫർ ചെയ്യാം പക്ഷെ എമൗണ്ട്കളിൽ ലിമിറ്റ് ഉണ്ട്.ചില ബാങ്കുകൾ ഓരോ ഇടപാടിനും ചാർജ്ജ് ചെയ്യും.RTGS വളരെ പെട്ടെന്ന് പണം ട്രാൻസ്ഫർ ചെയ്യാവുന്ന ഇടപാട്,പക്ഷെ മിനിമം 2 ലക്ഷം രൂപ,എന്നിങ്ങനെ വിവിധ കണ്ടീഷനുകളിൽ ആണ് ഡിജിറ്റൽ ഇടപാടുകൾ നടന്നിരുന്നത്.മറ്റൊരു ഡിജിറ്റൽ ഇടപാടായ കാർഡ് ട്രാൻസാക്ഷനുകൾ എപ്പോഴും POS (പോയിന്റ് ഓഫ് സെയിൽസ് ) മെഷീനുകളെ ആശ്രയിച്ചാണ് നടന്നിരുന്നത്.ഒരു കടയിൽ കയറി മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു ഇടപാട് വഴി ചെറിയ തുകകൾ കൈമാറുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെ.ഇവിടെയാണ് UPI വിജയിച്ചത്.ചെറിയ ഇടപാടുകൾ വളരെ വേഗത്തിൽ നടത്താം .ഉപഭോക്താവിനും സേവന ദാതാവിനും റിയൽ ടൈം തന്നെ ലഭിക്കുന്ന മെസേജുകൾ,ബാലൻസ് തുക അറിയാനുള്ള മാർഗ്ഗം ,ഓരോ ദിവസവും നടത്തിയ ഇടപാടുകൾ അറിയാനുള്ള എളുപ്പം ഇവയെല്ലാം UPI യെ റിയൽ ടൈം പണം ഇടപാടുകളിലെ രാജാവാക്കി മാറ്റി.
ജി 20 രാജ്യങ്ങൾ,GCC ,സൗത്ത് അമേരിക്ക ,ആസിയാൻ രാജ്യങ്ങൾ തുടങ്ങി നിരവധി മേഖകളിലേക്ക് വ്യാപിക്കാൻ ഒരുങ്ങുകയാണ് UPI .UAE അടക്കമുള്ള രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് UPI സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കും.ഭാവിയിൽ കൂടുതൽ രാജ്യങ്ങൾ UPI ഒരു പേയ്‌മെന്റ് സംവിധാനമായി സ്വീകരിക്കും.