11/07/2026
കേരള സര്‍ക്കാറിന്റെ 'ഓപ്പറേഷന്‍ തൂഫാന്‍' ചരിത്ര വിജയം...
കേരളത്തിലെ ലഹരി മാഫിയയ്‌ക്കെതിരെ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആഭ്യന്തര വകുപ്പും കേരള പോലീസും ചേര്‍ന്ന് നടപ്പിലാക്കിയ 'ഓപ്പറേഷന്‍ തൂഫാന്‍' (Operation Toofan) വന്‍ വിജയം തന്നെയാണ്.
കേരളം ആരംഭിച്ച 'ഓപ്പറേഷന്‍ തൂഫാന്‍' എന്ന ലഹരിവേട്ട വന്‍ വിജയമായതോടെ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഏജന്‍സികളും പൂര്‍ണ്ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
കേരള ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ പോലീസ് മേധാവികള്‍ പങ്കെടുത്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരി കടത്ത് തടയാന്‍ സംയുക്തമായി പ്രവര്‍ത്തിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും തീരുമാനിച്ചു.
നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (NCB), ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (DRI), കസ്റ്റംസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (RPF) തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പ്രവര്‍ത്തിക്കും. സംസ്ഥാനങ്ങള്‍ തമ്മിലുള്ള തത്സമയ വിവര കൈമാറ്റത്തിനായി ഓരോ സംസ്ഥാനത്തും എസ്.പി (SP) റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കും. കൂടാതെ, ലഹരി കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി എന്‍.ഡി.പി.എസ് (NDPS) പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
സര്‍ക്കാരും മറ്റു ഉദ്യോഗസ്ഥരും നമ്മുടെ നാടിനു വേണ്ടി ഇത്രയും കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമ്മളും അതിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കണ്ടേ?
ഒരു ഉത്തരവാദിത്തമുള്ള പൗരന്‍ എന്ന നിലയില്‍ മയക്കുമരുന്ന് എന്ന വിപത്തിനെതിരെ നമുക്ക് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും.
സമൂഹത്തില്‍ മയക്കുമരുന്നുപയോഗം ഏറ്റവും കൂടുതല്‍ കൗമാരക്കാരിലും യുവാക്കളിലുമാണ് കണ്ടുവരുന്നത്. ലോകാരോഗ്യ സംഘടന (WHO), യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം (UNODC) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ പഠനങ്ങളും കേരളത്തിലെ എക്‌സൈസ് പോലീസ് വകുപ്പുകളുടെ കണക്കുകളും ഇത് വ്യക്തമാക്കുന്നു. 15 മുതല്‍ 35 വയസ്സുവരെയുള്ള പ്രായക്കാരിലാണ് ഈ പ്രവണത ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്.
കൂട്ടുകാര്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോകാതിരിക്കാനും 'ഹീറോ' ആകാനും വേണ്ടി പലരും പുകവലിയിലും മദ്യപാനത്തിലൂടെയുമാണ് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങുന്നത്.
പുകവലിയിലും മദ്യപാനവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിച്ചാല്‍ എന്ത് സംഭവിക്കും എന്നറിയാനുള്ള കൗമാരപ്രായത്തിലെ അമിതമായ ജിജ്ഞാസ ഇതും ഒരു പ്രധാന കാരണമായി കണ്ടുവരുന്നുണ്ട്.
ഇത് കൂടാതെ പഠനഭാരം, കരിയറിനെക്കുറിച്ചുള്ള ആശങ്കകള്‍, പ്രണയ പരാജയങ്ങള്‍, ജോലിഭാരം കാരണം ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ എന്നിവയില്‍ നിന്നുള്ള താല്‍ക്കാലിക ആശ്വാസമായി ലഹരിയെ കാണുന്നവരും കുറവല്ല.
ഇതിന് പുറമേ മാതാപിതാക്കളുടെ സ്‌നേഹമില്ലായ്മ, ശ്രദ്ധക്കുറവ്, അമിതമായ നിയന്ത്രണങ്ങള്‍ എന്നിവ കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നതായും കാണുന്നുണ്ട്.
ലഹരി ഉപയോഗം ഒരു 'ട്രെന്‍ഡ്' ആയി ചിത്രീകരിക്കുന്ന സിനിമകളും റീലുകളും യുവമനസ്സുകളെ സ്വാധീനിക്കുന്നതും ഒരു മുഖ്യ കാരണം തന്നെ.
പുതിയ ലഹരിവസ്തുക്കളുടെ ലഭ്യതസിന്തറ്റിക് മരുന്നുകളുടെ വ്യാപനം: M**A, എല്‍.എസ്.ഡി (L*D) പോലുള്ള രാസലഹരികള്‍ (Synthetic Drugs) ഇന്ന് വളരെ എളുപ്പത്തില്‍ ലഭ്യമാണ്. പുതിയ തലമുറ ലഹരിമരുന്നുകള്‍ക്ക് മണമോ പ്രത്യേക ലക്ഷണങ്ങളോ ഇല്ലാത്തതിനാല്‍ അധ്യാപകര്‍ക്കോ മാതാപിതാക്കള്‍ക്കോ പെട്ടെന്ന് ഇതിന്റെ ഉപയോഗം കണ്ടെത്താന്‍ കഴിയില്ല.
സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയകള്‍ വിദ്യാര്‍ത്ഥികള്‍ ഇത് കുറഞ്ഞ ഡോസ് സൗജന്യമായി നല്‍കി ആദ്യം ഇതിന് അടിമകളാക്കുന്നു. ഇത് തടയാന്‍, ലഹരി ഉപയോഗത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ സ്‌കൂളുകളും കുടുംബങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ സാമൂഹിക നീതി മന്ത്രാലയം നടപ്പിലാക്കുന്ന നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ ഡ്രഗ് ഡിമാന്‍ഡ് റിഡക്ഷന്‍ (NAPDDR) പദ്ധതികള്‍ സഹായിക്കും.
വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം തടയുന്നതിനും കുറയ്ക്കുന്നതിനും കുടുംബം, വിദ്യാലയം, സമൂഹം എന്നിവര്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
അതിനായി സ്വീകരിക്കാവുന്ന പ്രധാന മാര്‍ഗ്ഗങ്ങള്‍:
1. കുട്ടികള്‍ക്ക് മാതാപിതാക്കളോട് ഭയമില്ലാതെ തുറന്ന് സംസാരിക്കാനുള്ള അന്തരീക്ഷം വീട്ടില്‍ ഉറപ്പാക്കുക. മാതാപിതാക്കള്‍ കുട്ടികളോടൊപ്പം സാധിക്കുന്നത്ര കൂടുതല്‍ സമയം ചിലവഴിക്കുകയും അവരുടെ മാനസിക വിഷമങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുക. കുട്ടികളുടെ പെരുമാറ്റം, കൂട്ടുകെട്ടുകള്‍, പഠനത്തിലെ തകര്‍ച്ച, അമിത പണം ചെലവഴിക്കല്‍ എന്നിവ ശ്രദ്ധിക്കുക.
2. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് കൃത്യമായ ഇടവേളകളില്‍ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചു ക്ലാസുകള്‍ നല്‍കുക. സ്‌കൂളുകളില്‍ 'വിമുക്തി' പോലുള്ള ലഹരി വിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ശക്തമാക്കുക. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ സൈക്കോളജിക്കല്‍ കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പാക്കുക.
3. സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പന പൂര്‍ണ്ണമായി തടയുക. ലഹരി മാഫിയകള്‍ക്കെതിരെ പോലീസും എക്‌സൈസും ശക്തമായ നിരീക്ഷണം നടത്തുക. ലഹരിക്ക് അടിമപ്പെട്ടവരെ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഡീഅഡിക്ഷന്‍ സെന്ററുകളുടെയും സഹായം തേടുക.
4. കുട്ടികളെ കായികം, കല, സംഗീതം എന്നിവയിലേക്ക് തിരിച്ചുവിടുക. പരാജയങ്ങളെ നേരിടാനും 'നോ' (NO) എന്ന് പറയാനുമുള്ള മാനസിക കരുത്ത് കുട്ടികളില്‍ വളര്‍ത്തുക.
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി ഇന്ത്യയിലും കേരളത്തിലും വളരെ ശക്തമായ നിയമനടപടികളാണ് നിലവിലുള്ളത്. പ്രധാനമായും മൂന്ന് നിയമങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്: NDPS നിയമം (1985), ജുവനൈല്‍ ജസ്റ്റിസ് (JJ) നിയമം (2015), ഒപ്പം COTPA നിയമം (2003).
1. വിദ്യാലയങ്ങളുടെയോ കളിസ്ഥലങ്ങളുടെയോ പരിസരത്ത് വെച്ച് കുട്ടികള്‍ക്ക് ലഹരിമരുന്ന് നല്‍കുകയോ വില്‍ക്കുകയോ ചെയ്യുന്നത് NDPS നിയമത്തിലെ സെക്ഷന്‍ 32B പ്രകാരം അതീവ ഗുരുതരമായ കുറ്റമാണ്. കോടതികള്‍ ഇത്തരം പ്രതികള്‍ക്ക് പരമാവധി കഠിനശിക്ഷ ഉറപ്പാക്കുന്നു.
മുതിര്‍ന്നവര്‍ കുട്ടികളെ ലഹരിമരുന്ന് കടത്താനോ വില്‍ക്കാനോ ഉപയോഗിച്ചാല്‍ (Juvenile Justice Act Sec 78 പ്രകാരം) 7 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കൈവശം വെക്കുന്ന ലഹരിമരുന്നിന്റെ അളവ് (Quanttiy) അനുസരിച്ച് 1 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവും കനത്ത പിഴയും ലഭിക്കാം. ആവര്‍ത്തിച്ച് കുറ്റം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വരെ നിയമത്തിലുണ്ട്.
2. 18 വയസ്സിന് താഴെയുള്ള ഒരു വിദ്യാര്‍ത്ഥി ലഹരി ഉപയോഗിക്കുകയോ കൈവശം വെക്കുകയോ ചെയ്താല്‍ അവരെ സാധാരണ ജയിലുകളില്‍ അടയ്ക്കാന്‍ നിയമം അനുവദിക്കുന്നില്ല. കുട്ടികളെ പോലീസിന് പകരം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിലാണ് ഹാജരാക്കേണ്ടത്. അവര്‍ക്ക് ശിക്ഷയേക്കാള്‍ കൂടുതല്‍ കൗണ്‍സിലിംഗും ലഹരിമുക്ത ചികിത്സയുമാണ് നിയമം നിര്‍ദ്ദേശിക്കുന്നത്. ലഹരി കേസില്‍ പെടുന്ന കുട്ടികളുടെ പേരോ വിവരങ്ങളോ സ്‌കൂളിന്റെ പേരോ മാധ്യമങ്ങളിലൂടെയോ അല്ലാതെയോ പുറത്തുവിടുന്നത് നിയമവിരുദ്ധമാണ്.
3. സ്‌കൂളുകളുടെയും കോളേജുകളുടെയും 100 മീറ്റര്‍ ചുറ്റളവില്‍ സിഗരറ്റോ മറ്റ് പുകയില ഉല്‍പ്പന്നങ്ങളോ വില്‍ക്കുന്നത് പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു. ഈ നിയമം ലംഘിക്കുന്ന കടകള്‍ പൂട്ടിക്കാനും കടയുടമക്കെതിരെ നിയമനടപടി സ്വീകരിക്കാനും പോലീസിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അധികാരമുണ്ട്.
4. സ്‌കൂളിലോ പരിസരത്തോ ലഹരി വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യാപകര്‍ക്കോ പ്രിന്‍സിപ്പലിനോ അത് പോലീസിനെയോ എക്‌സൈസിനെയോ അറിയിക്കാന്‍ നിയമപരമായ ബാധ്യതയുണ്ട്. എക്‌സൈസ് വകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെ സ്‌കൂള്‍ പരിസരങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ റെയ്ഡുകള്‍ നടത്താന്‍ നിയമം അനുശാസിക്കുന്നു.നിയമപരമായ സഹായങ്ങള്‍ക്കും ലഹരി വില്‍പ്പനയെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നതിനും കേരള എക്‌സൈസ് വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പറായ 14405 (വിമുക്തി ഹെല്‍പ്പ് ലൈന്‍), ഫോണ്‍: 04712322825, മൊബൈല്‍: 9447178000 എന്നീ നമ്പറുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്.