25/08/2025
സഭാതർക്കപരിഹാരത്തിന് വ്യവഹാരങ്ങളല്ല, ചർച്ചയാണ് വേണ്ടത്;ശ്രേഷ്ഠ കാതോലിക്ക ബാവ.
കോടഞ്ചേരി (കോഴിക്കോട്) : സഭാ തർക്കത്തിന്റെ ശാശ്വതപരിഹാരത്തിന് കോടതി വ്യവഹാരങ്ങളെക്കാൾ മധ്യസ്ഥശ്രമങ്ങളും, ചർച്ചകളുമാണ് വേണ്ടതെന്ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു. കോടഞ്ചേരി വേളങ്കോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പള്ളിയിൽ വെച്ച് കോഴിക്കോട് ഭദ്രാസനം നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ.മധ്യസ്ഥശ്രമങ്ങളിലൂടെ പ്രശ്നം പരിഹരിച്ച 'മലബാർ മോഡൽ' സമാധാനമാണ് സഭയിൽ ആവശ്യമെന്ന് സഭാ സംബന്ധമായ കോടതി വ്യവഹാരങ്ങളെ പരാമർശിച്ച് ശ്രേഷ്ഠ ബാവ പറഞ്ഞു.
വിദേശ കുടിയേറ്റം സമൂഹത്തെ അലട്ടുന്ന പ്രശ്നമാണ്. പുറത്തു പോയവർ മാതൃരാജ്യത്തേക്ക് തിരികെ വരാത്തതിനാൽ കുടുംബങ്ങളിൽ പ്രായമായവർ തനിച്ചാകുന്നു. ആയതിനാൽ വാർധക്യത്തിൽ തനിച്ചായവരെ സംരക്ഷിക്കേണ്ട കടമ സഭയ്ക്കുണ്ട്. കൂടുതൽ പാലിയേറ്റീവ് കെയർ സ്ഥാപനങ്ങൾ സഭയിൽ ആരംഭിക്കേണ്ടതുണ്ടെന്നും കാതോലിക്കാ ബാവ പറഞ്ഞു.
സ്വീകരണത്തോടനുബന്ധിച്ച് നടത്തിയ കോഴിക്കോട് ഭദ്രാസന ദിനാഘോഷവും, അനുമോദന സമ്മേളനവും കോഴിക്കോട് മേയർ ഡോ. എം. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഭദ്രാസനാധിപൻ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പൊലീത്ത അധ്യക്ഷനായി. മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്നേഫാനോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഭദ്രാസനത്തിലെ ശുശ്രൂഷകളിൽ നിന്ന് വിരമിച്ച വൈദികരെയും, വിവിധ പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും ശ്രേഷ്ഠ ബാവ ആദരിച്ചു.
ലിന്റോ ജോസഫ് എംഎൽഎ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, ഭദ്രാസന വൈദിക സെക്രട്ടറി ഫാ. ബിജോയ് അറാക്കുടിയിൽ, യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം കോടഞ്ചേരി മേഖലാ ഡയറക്ടർ ഫാ. ഡോ. ജോസ് പെണ്ണാംപറമ്പിൽ, ഫാ. റിനോ ജോൺ, സഭാ വർക്കിങ് കമ്മിറ്റി അംഗം ബേബി ജേക്കബ് പീടിയേക്കൽ, ഭദ്രാസന സെക്രട്ടറി ഫാ. അനീഷ് കവുങ്ങുംപള്ളി, ഭദ്രാസന ജോയിന്റ് സെക്രട്ടറി ബിജു കരിക്കാഞ്ചിറയിൽ എന്നിവർ സംസാരിച്ചു