28/06/2025
കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ, എന്നെ പുറത്തിരുത്താൻ ആ നടി പറഞ്ഞു; ഇതുകേട്ടതും മമ്മൂട്ടി സെറ്റില്‍ ബഹളം ഉണ്ടാക്കി..
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശാന്ത കുമാരി. മമ്മൂട്ടി ചിത്രമായ 'ആവനാഴി'യില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് അവരിപ്പോള്‍.
ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
'ആവനാഴി ചെയ്യുന്ന സമയത്ത് എനിക്ക് ഒരുപാട് ചീത്ത കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. കാലില്‍ നിറച്ച് പഴുപ്പൊക്കെ വച്ച്‌കെട്ടി, ചങ്ങലക്കിട്ടിരിക്കുന്ന സീൻ ചെയ്യുകയാണ്. ഗീത ആദ്യമായി ലൊക്കേഷനില്‍ വന്ന ദിവസമായിരുന്നു. അവരെ പുറത്തുകൊണ്ടിരുത്ത്, അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ, വൃത്തികേടെന്ന് ഗീത പറഞ്ഞു. അവർക്ക് എന്നെയും അറിയില്ല, എനിക്ക് അവരെയും അറിയില്ല.
ഗീത പറഞ്ഞതുകേട്ട് മമ്മൂട്ടിക്ക് ദേഷ്യം വന്നു. അന്ന് മമ്മൂട്ടി സെറ്റില്‍ ഭയങ്കര ബഹളമുണ്ടാക്കി. 'എന്താ പറയുന്നത്, അവർ ആർട്ടിസ്റ്റല്ലേ, നിങ്ങള്‍ പോയി പുറത്തുനില്‍ക്കെന്ന് മമ്മൂട്ടി അവരോട് പറഞ്ഞു. ഗീതയ്ക്ക് അഭിനയിക്കുകയാണെന്ന് മനസിലായില്ലായിരുന്നു. കാലൊക്കെ പഴുത്തിരിക്കുകയല്ലേ, മേക്കപ്പാണെന്ന് മനസിലായില്ല. ഗീതയ്ക്ക് ഭയങ്കര അറപ്പ് തോന്നി.'- നടി പറഞ്ഞു. എഴുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നും ശാന്ത കുമാരി കൂട്ടിച്ചേർത്തു.
എങ്ങനെ നീ മറക്കും, രംഗം, പൂച്ചയ്‌ക്കൊരു മൂക്കുത്തി, സർഗം, പരിണയം, ഊതിക്കാച്ചിയ പൊന്ന്, കാലം മാറി കഥ മാറി, താളം തെറ്റിയ താരാട്ട്, പാലാട്ട് കുഞ്ഞിക്കണ്ണൻ, പച്ചവെളിച്ചം, പിൻഗാമി, ഉസ്താദ്, പ്രായിക്കര പാപ്പാൻ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തി.