06/09/2026
വയോജനങ്ങൾക്ക് ആശ്വാസമാകാൻ നഗരസഭയുടെ സായന്തന സാന്ത്വനം പദ്ധതി
പുനലൂര്‍ : കിടപ്പ് രോഗികളോ യാത്ര ചെയ്യാൻ കഴിയാത്തവരോ ആയ വയോജനങ്ങൾക്ക് വീടുകളിലെത്തി ചികിത്സ ലഭ്യമാക്കുന്ന സായന്തന സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 6ന് ഓണം ഫെസ്റ്റ് വേദിയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡൻ്റ് ഡോ. ആർ. വി. അശോകൻ നിര്‍വ്വഹിച്ചു.
ചെയര്‍പേഴ്‌സണ്‍ എം.എ. രാജഗോപാല്‍ അദ്ധ്യക്ഷനായിരുന്നു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സുഭാഷ് ജി. നാഥ് സ്വാഗതം പറഞ്ഞു. യൂ.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ട് ലീഡര്‍ നെല്‍സണ്‍ സെബാസ്റ്റ്യന്‍, സ്ഥിരം സമിതി അംഗങ്ങളായ കെ. രാജശേഖരന്‍, എസ്. അന്‍വര്‍, ടി. അനിത, ഗീതാകുമാരി, കൗണ്‍സിലര്‍മാരായ ദീപ്കുമാര്‍, സുനില്‍ തോമസ്, ആര്‍. റിയാസ്, ഓമനക്കുട്ടന്‍ ഉണ്ണിത്താന്‍, ഹരികൃഷ്ണന്‍, ജോസഫ് ദേവസ്യ, രഞ്ജിത മോഹൻ, മോഹന്‍കുമാര്‍, നാസില ഷാജി, സുധര്‍മ്മ,ഫാത്തിമ, ഷീബമോള്‍, ഷേര്‍ളി പ്രദീപ് ലാല്‍, രാജപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുനിസിപ്പൽ സെക്രട്ടറി ഇൻ ചാർജ് ബിന്ദു എസ്. കരുണാകരൻ നന്ദി പറഞ്ഞു.
വയോജനങ്ങൾക്കായി നടപ്പിലാക്കുന്ന മാതൃകാപരമായ ഒരു ആരോഗ്യ പദ്ധതിയാണ് സായന്തന സാന്ത്വനം. വാർദ്ധക്യസഹജമായ ശാരീരിക ബുദ്ധിമുട്ടുകൾ മൂലമോ യാത്രാസൗകര്യങ്ങളുടെ കുറവുമൂലമോ ആശുപത്രികളിൽ നേരിട്ടെത്തി പരിശോധനകൾ നടത്താൻ കഴിയാത്ത വയോധികർക്ക് സ്വന്തം വീടുകളിൽത്തന്നെ ആരോഗ്യപരിപാലനം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ആശാവർക്കർമാരും പ്രാദേശിക ആരോഗ്യ പ്രവർത്തകരും നേരിട്ട് വയോജനങ്ങളുടെ വീടുകളിലെത്തിയാണ് പരിശോധനകൾ നടത്തുന്നത്. ലളിതവും കൃത്യവുമായ ഉപകരണങ്ങൾ ഉപയോഗിച്ച് രക്തസമ്മർദ്ദം (BP), പ്രമേഹം (Sugar) തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ പ്രാഥമികമായി പരിശോധിക്കുന്നു. പരിശോധനയിൽ വ്യതിയാനങ്ങൾ കണ്ടെത്തുന്നവർക്ക് ആവശ്യമായ തുടർചികിത്സ സ്പർശം പദ്ധതി വഴി ഉറപ്പാക്കുന്നു. പതിവായി മരുന്ന് കഴിക്കേണ്ടവർക്ക് അത് മുടങ്ങാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഈ പദ്ധതി സഹായിക്കുന്നു.
വയോജനങ്ങളുടെ പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബാംഗങ്ങൾക്ക് കൃത്യമായ ഭക്ഷണക്രമം, മരുന്നുകൾ നൽകേണ്ട രീതി, പാലിക്കേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ആരോഗ്യ പ്രവർത്തകർ മാർഗ്ഗനിർദ്ദേശം നൽകുന്നു.
ഓരോ വയോജനത്തിൻ്റെയും ആരോഗ്യസ്ഥിതിയും മുൻകാല പരിശോധനാ ഫലങ്ങളും ഡിജിറ്റലി രേഖപ്പെടുത്തിവയ്ക്കുകയും, തുടർച്ചയായ നിരീക്ഷണത്തിലൂടെ രോഗസാധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയും ചെയ്യുന്നു. രോഗികളുടെ ആശുപത്രി യാത്രകളും നീണ്ട ക്യൂവിൽ നിൽക്കുന്നതിൻ്റെ ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. ആരോഗ്യ പ്രവർത്തകർ വീടുകളിൽ എത്തുമ്പോൾ ലഭിക്കുന്ന വ്യക്തിപരമായ പരിഗണനയും സംഭാഷണങ്ങളും വയോജനങ്ങൾക്ക് വലിയ മാനസിക ആശ്വാസവും സുരക്ഷിതത്വബോധവും നൽകുന്നു. ജീവിതശൈലീ രോഗങ്ങൾ തുടക്കത്തിലേ കണ്ടെത്തി നിയന്ത്രിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും അത്യാഹിത സാഹചര്യങ്ങൾ കുറയ്ക്കാനും സാധിക്കുന്നു.
സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ഈ പദ്ധതി, പുനലൂർ നഗരസഭയിലെ മുതിർന്ന പൗരന്മാരുടെ ശാരീരിക - മാനസിക ക്ഷേമം ഉറപ്പാക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും ക്ഷേമവും മുൻ നിർത്തിയുള്ള പ്രവർത്തനങ്ങളുമായി നഗരസഭ മുന്നോട്ടു പോകുമെന്നും ഏവരുടേയും സഹകരണം ഉണ്ടാകണമെന്നും ചെയർപേഴ്സൺ എം.എ. രാജഗോപാൽ അഭ്യർത്ഥിച്ചു.