
24/02/2022
2020 ഫെബ്രുവരി അവസാനത്തിലാണ് നിരവധി പേരുടെ ജീവനെടുക്കുകയും വീടുകൾ കൊള്ളയടിക്കുകയും തകർക്കപ്പെടുകയും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കുകയും കുറെയധികം പേർക്ക് എന്നന്നേക്കുമായി ഉണങ്ങാത്ത മുറിവുകൾ സമ്മാനിക്കുകയും ചെയ്‌ത മുസ്‌ലിം വിരുദ്ധ കലാപം വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപുറപ്പെടുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഐതിഹാസികമായും സമാധാനപരവുമായി നടന്നിരുന്ന സമരത്തെ അടിച്ചമർത്താൻ വേണ്ടി ഹിന്ദുത്വ വാദികൾ നടത്തിയ കലാപമായിരുന്നു ഡൽഹിൽ നടന്നത്. കപിൽ മിശ്രയും അനുരാഗ് താക്കൂറുമടക്കമുള്ള രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളുടെ ആഹ്വാനത്തോടെ തുടങ്ങിയ കലാപത്തിന് ഭരണകൂടത്തിന്റെ പിന്തുണയുണ്ടായിരുന്നു എന്ന അരോപണത്തോടൊപ്പം പോലീസും കലാപകാരികളുടെ കൂടെനിന്ന് ആക്രമണം നടത്തുന്ന വീഡിയോകളും പുറത്തു വന്നിരുന്നു. കലാപത്തിൽ 53 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നൂറുകണക്കിനു പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു എന്നാണ് ഔദ്യോഗിക കണക്ക്. കുറേയധികം പേരുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും കൊള്ളയടിക്കപെടുകയും തീ വെക്കപ്പെടുകയും ചെയ്‌തതിനോടൊപ്പം വടക്കുകിഴക്കൻ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പള്ളികൾ ആക്രമിക്കപ്പെടുകയും അഗ്നിക്കിരയാക്കുകയും ചെയ്‌തു.
കലാപം കഴിഞ്ഞു രണ്ടു വർഷം തികയുമ്പോഴും കുറ്റകാരെ കണ്ടത്താനോ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് നീതി നടപ്പാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഡൽഹി പോലീസ് പറയുന്നത് കലാപവുമായി ബന്ധപെട്ട് ഇതുവരെ 2,456 അറസ്റ്റ് നടന്നിട്ടുണ്ടെന്നാണ്. എന്നാൽ ഇതിൽ അധികപേരേയും കോടതി വെറുതെ വിടുകയോ ജാമ്യത്തിൽ വിടുകയോ ചെയ്‌തിട്ടുണ്ട്. ഒരാൾക്കെതിരെ മാത്രമാണ് ഇതുവരെ ശിക്ഷ വിധിച്ചത്. വീട് കൊള്ളയടിക്കുകയും കത്തിക്കുകയും കലാപത്തിനു നേതൃത്വം കൊടുക്കുകയും ചെയ്‌ത സംഭവത്തിൽ ദിനേഷ് യാദവ് എന്നയാൾക്കെതിരെയാണ് കഴിഞ്ഞ മാസം ഡൽഹി കോടതി അഞ്ചു വർഷത്തെ ജയിൽശിക്ഷ വിധിച്ചത്.
എല്ലാ കലാപങ്ങളെ പോലെ തന്നെ ഡൽഹി കലാപവും ഒരുപാടുപേർക്ക് സമ്മാനിച്ചത് ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ്. മുദ്ദസിർ ഖാനെപ്പോലെ പലരും പോയത് അവരുടെ കുടുംബങ്ങൾക്ക് നികത്താനാകാത്ത വിടവുകൾ നൽകിയാണ്. മുദ്ദസിർ ഖാൻന്റെ എട്ടു പെണ്മക്കൾക്കും ഭാര്യ ഇബ്രാനക്കും ഇന്നു കൂട്ടിനു മുദ്ദസിർ ഇല്ല. സ്വന്തം അമ്മാവന്റെ മൃതദേഹത്തിനരികെ ഇരുന്നു കണ്ണീർ വാർക്കുന്ന ആയാന്റെ ചിത്രം നമ്മളൊക്കെ കണ്ടതാണ്, ആയാന്റെ മനസ്സിലെ മുറിവ് ഇന്നും ഉണങ്ങിയിട്ടുണ്ടാവില്ല. കലാപത്തോടെ ജനിച്ചു വളർന്ന നാടും വീടും വിട്ടു പലരും പലായനം ചെയ്‌തു. ചിലരൊക്കെ ആക്രമണങ്ങളിൽ തകർന്ന വീടും കടകളുമൊക്കെ പുനർനിർമിച്ചു മുന്നോട്ട് പോവുന്നുണ്ട്. അന്നത്തെ അക്രമത്തിൽ തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്ത ആരാധനാലയങ്ങളിൽ കൂടുതലും പുനർനിർമിചിട്ടുണ്ട്.
കലാപകാരികൾ താണ്ഡവമാടിയ പ്രദേശങ്ങളിലൊന്നായ ശിവ് വിഹാറിൽ അന്ന് അക്രമിക്കപ്പെട്ട പ്രധാന പള്ളികളായ മദീന മസ്ജിദും ഔലിയ മസ്ജിദും തയ്യാബ മസ്ജിദും രണ്ടു വർഷത്തിനിപ്പുറം സന്ദർശിക്കുമ്പോൾ കലാപകാരികൾ വരുത്തിയ കേടുപാടുകളെല്ലാം മാറ്റി പുതുക്കിപ്പണിത് പഴയതുപോലെ വിശ്വാസികൾ ഒത്തുകൂടുന്നതും ആരാധനകൾ നിർവഹിക്കുന്നതുമാണ് കാണാൻ കഴിഞ്ഞത്. ഉപേക്ഷിക്കപ്പെട്ട വീടുകൾക്കെല്ലാം നടുവിലും അവ എല്ലാറ്റിനും മുകളിലെ ദൈവീക സാന്നിധ്യം പോലെ പ്രതീക്ഷ പരത്തിക്കൊണ്ട് തലയുയർത്തി നിൽക്കുന്നു.
Picture 2&3
Madina Masjid
1984 ലാണ് ശിവ് വിഹാറിൽ മദീന മസ്ജിദ് സ്ഥാപിക്കപ്പെടുന്നത്. 2020 ഫെബ്രുവരി 26നാണ് ഡൽഹി വർഗീയ കലാപത്തിൻറെ ഭാഗമായി കലാപകാരികൾ പള്ളി ആക്രമിക്കുന്നത്. പള്ളിക്കുനേരെ കല്ലെറിഞ്ഞ കലാപകാരികൾ അകത്തുകേറി ഖുർആനും ഫാൻ അടക്കമുള്ള എല്ലാം നശിപ്പിച്ച ശേഷം LPG സിലിണ്ടർ വെച്ചു പള്ളി അഗ്നിക്കിരയാക്കുകയും ചെയ്‌തു. പ്രദേശവാസികളും പുറത്തുനിന്നെത്തിയവരും അടങ്ങിയ സംഘമാണ് പള്ളി ആക്രമിച്ചതെന്ന് പള്ളി കമ്മിറ്റി അംഗമായ ഹാജി ഹസ്മി അലി പറയുന്നു. എന്നാൽ ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ്ന്റെ സഹായത്തോടെ പുനർനിർമ്മിച്ച പള്ളി ഇന്നു സമാധാനത്തോടെ പ്രവൃത്തിക്കുന്നുണ്ട്.
Picture 4&5
Auliya Masjid
നാലുനിലകളുള്ള ഔലിയ മസ്ജിദ് 2007ലാണ് ശിവ് വിഹാറിൽ സ്ഥാപിക്കപ്പെടുന്നത്. 2020 ഫെബ്രുവരി 25നു ജയ് ശ്രീറാം വിളിച്ചച്ചെത്തിയ കലാപകാരികൾ പള്ളി അക്രമിക്കുകയിരുന്നു. പൂട്ടു തകർത്ത് അകത്തുകയറിയ അക്രമികൾ ഗ്യാസ് സിലിണ്ടർ വെച്ച് അഗ്നിക്കിരയാക്കി. എന്നാൽ ഇന്നു പള്ളി പുതുക്കിപ്പണിത് എല്ലാസമയവും വിശ്വാസികൾ എത്തുന്നുണ്ട്.
Picture 6,7,8 & 9
തയ്യാബ മസ്ജിദ്
1992 ലാണ് ശിവ് വിഹാറിൽ തയ്യാബ മസ്ജിദ് സ്ഥാപിതമാവുന്നത്. നാലു നിലകളുള്ള മസ്ജിദിനു നേരെ ഫെബ്രുവരി 25ന് ഉച്ചക്കാണ് കലാപകാരികളുടെ അക്രമണമുണ്ടാവുന്നത്. 3,000ത്തോളം വരുന്ന കലാപകാരികൾ കല്ലെറിയാൻ തുടങ്ങുകയായിരുന്നു എന്നു ദൃക്‌സാക്ഷികൾ പറയുന്നു. പിന്നാലെ പള്ളിക്കകത്തു കയറിയ അക്രമികൾ ഗ്യാസ് സിലിണ്ടറുകളടക്കം ഉപയോഗിച്ച് പള്ളിക്ക് തീയിട്ടു.
എന്നാൽ ഇതും ഇന്ന് എല്ലാം വിധ പുനരുദ്ധാരണ പ്രവർത്തനങ്ങളും കഴിഞ്ഞ് പഴയ നിലയിലായിട്ടുണ്ട്.
Ali Swafvan