01/11/2025
അതി ദാരിദ്ര്യമുക്ത പ്രഖ്യാപനത്തിലൂടെ ആയിരങ്ങൾ ആശങ്കയിൽ:- കുളത്തൂർ രവി
കുരീപ്പള്ളി : കേരള സർക്കാരിൻറെ അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനത്തിലൂടെ സംസ്ഥാനത്തെ ഏതാണ്ട് 6 ലക്ഷത്തിന് അടുത്തുള്ള അതിദരിദ്രരായ റേഷൻ കാർഡ് ഉടമകൾ ആശങ്കാകുലരാണെന്ന് കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി കുളത്തൂർ രവി അഭിപ്രായപ്പെട്ടു.
അതി ദാരിദ്ര്യം കണക്കിലെടുത്ത് അവർക്ക് കാലങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ഭക്ഷ്യധാന്യങ്ങൾ സംസ്ഥാന സർക്കാരിൻറെ ഈ പ്രഖ്യാപനത്തിലൂടെ ഇല്ലാതാകുമോ എന്ന് പാവപ്പെട്ട ജനവിഭാഗങ്ങൾ ആശങ്കയിലാണ്. നിലവിൽ 64,000 ത്തോളം ആൾക്കാരാണ് ഈ വിഭാഗത്തിൽപ്പെടുന്നത് എന്ന കണക്ക് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നും ഇത്തരം തന്ത്രങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളായ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ കോണുകളിൽ നിന്നും ഇത്തരത്തിൽ ഒരു പരിപാടി സർക്കാർ സംഘടിപ്പിക്കുന്നതിന് എതിരഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൂടിയായിരിക്കണം മഹാനടന്മാർ പരിപാടിയിൽ നിന്ന് വിട്ടു നിൽക്കുന്ന സ്ഥിതി ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കുരീ പള്ളിയിൽ യുഡിഎഫ് തൃക്കോവിൽവട്ടം പഞ്ചായത്ത് കമ്മിറ്റി നടത്തിയ കുറ്റ വിചാരണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ചെയർമാൻ കുരീപ്പള്ളി സലീം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എ എൽ നിസാമുദ്ദീൻ, കെ ആർ സുരേന്ദ്രൻ, എം തോമസുകുട്ടി,വെങ്കിട്ട രമണൻ പോറ്റി,ഫിറോസ് ഷാ സമദ്, ഗോപിനാഥൻ പിള്ള, ഐസക്, നവാസ് പുത്തൻവീട്ടിൽ, സുൽഫിക്കർ, തുടങ്ങിയവർ സംസാരിച്ചു.