01/08/2025
നവാസ് കൂടെയില്ലാത്ത രഹ്‌നയെ പറ്റി ചിന്തിക്കുന്നത് പോലും പ്രയാസമാണ്. കാരണം, ഇരുവരും ഒന്നിച്ചു നിൽക്കുമ്പോൾ മാത്രമാണ് ആ ഒരു Aesthetic Completion അതുപോലെ സംഭവിക്കാറുള്ളതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതായത് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ‘പൂർണ്ണത’ കാഴ്ച്ചയിൽ പോലും അവരിൽ നിന്നെനിക്കനുഭവിക്കാൻ പറ്റിയിട്ടുള്ളത് അപ്പോൾ മാത്രമാണ്. ഈ ബിജു മേനോൻ - സംയുക്ത വർമ്മ എന്നൊക്കെ പറയുമ്പോൾ കിട്ടുന്ന ആ ഒരു പൂർണ്ണതയില്ലേ. അതിനെ കുറിച്ചാണ് ഞാനീ പറയുന്നത്. അല്പം കൂടി വ്യക്തമാക്കിയാൽ കാഴ്ചയുടെ സമന്വയം എന്നൊക്കെ പറയാം.
ഇരുവരുടെയും ശരീരഭാവം, മുഖസൗന്ദര്യം, നിറം, ഉയരം, ചിരി, കണ്ണ് ഇവയെല്ലാം ചേർന്ന് ഒരു ഭംഗിയേറിയ ചിത്രത്തിന്റെ രണ്ട് പകുതികളാണെന്ന് തോന്നിക്കുന്ന ഒരവസ്ഥയാണത്. എന്നാൽ ഈ ബന്ധം കാഴ്ചക്ക് മാത്രമായിരിക്കില്ല ഇരുവരുടെയും ഹൃദയത്തിനു കൂടിയാണ് പൂർണ്ണത നൽകുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
പണ്ടെവിടെയോ വായിച്ചതോർക്കുന്നു ; അത്രയും ക്ലോസ് ആയ രണ്ട് പേരിൽ നിന്നൊരാൾ ജീവൻ വിട്ട് പോകുമ്പോൾ മറ്റേയാൾക്ക് ബാക്കിയുള്ള ജീവിതകാലം മൊത്തം ഓർമ്മകളുടെ “echo” കേൾക്കാനാകുമെന്ന്.
അയാൾ പറഞ്ഞ വാക്കുകൾ,
അയാൾ നൽകിയ സ്പർശങ്ങൾ,
അയാൾ നൽകിയ ചിരി
എന്നിങ്ങനെ ആജീവനാന്ദം അതൊക്കെയും അലയടിക്കുമെന്ന്.
അലയടിക്കട്ടെ.
നവാസ് നമുക്ക് കലാകാരനാണ്. പലകാലത്തു പലതായി വന്ന് നമ്മളെ ചിരിപ്പിച്ച നടനാണ്. നവാസിനെ നമ്മളിനിയും ടെലിവിഷനിൽ കാണുമ്പൊഴേല്ലാം ഉറപ്പായും ഓർക്കും. പക്ഷേ അതൊന്നും സ്ഥായിയാവില്ല. സ്ഥായിയായി നിലനിൽക്കാൻ പോകുന്നത് ഒന്ന് മാത്രമായിരിക്കും. രഹ്‌നയുടെ ഓർമ്മകളുടെ “echo”.
യെസ് നവാസ് ഇനി ജീവിച്ചിരിക്കാൻ പോകുന്നത് അങ്ങനെയാകും ❤️
ആദരാഞ്ജലികൾ.