19/06/2026
ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ എക്സൈസ് സംഘം നടത്തിയ രാത്രികാല വാഹനപരിശോധനയിൽ വൻ ലഹരിവേട്ട. 130.762 ഗ്രാം സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ശാസ്താംകോട്ട എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി വില്ലേജിൽ ശ്രീമന്ദിരം വീട്ടിൽ അതുൽ ദേവാണ് (29) പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലം മൈനാഗപ്പള്ളി തോപ്പിൽമുക്ക്-പേരൂർ ജംഗ്ഷനിൽ വച്ചാണ് പ്രതി പിടിയിലായത്. ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ് ഷഫീക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധന നടത്തിയത്. വിപണിയിൽ വൻ വിലവരുന്ന മയക്കുമരുന്നാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സജു കുമാർ ടി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിജു സി എ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രേംരാജ് ആർ, നിഷാദ് എസ്, സുജിത് കുമാർ എം എസ്, അതുൽ കൃഷ്ണൻ, ഡ്രൈവർ വിനീഷ് വി ജി എന്നിവരും പങ്കെടുത്തു.