21/10/2025
കൊല്ലം ∙ബംഗ്ലദേശ് പൗരന് വ്യാജ ആധാർ കാർഡ് നിർമിച്ചു നൽകുകയും അതുപയോഗിച്ച് ശക്തികുളങ്ങര ഹാർബറിലെ ബോട്ടിൽ ജോലി തരപ്പെടുത്തി കൊടുക്കുകയും ചെയ്ത ഏജന്റായ തപൻ ദാസ് എന്നയാളെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പൗരത്വത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതിനാൽ ദേശീയ സുരക്ഷ ഏജൻസികളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചു. ശക്തികുളങ്ങര എസ്എച്ച്ഒ ആർ.രതീഷിന്റെ നേതൃത്വത്തിൽ എസ്ഐ ജിബി, സന്തോഷ്, സുഭാഷ് ,സിപിഒ രാഹുൽ കൃഷ്ണൻ, സിപിഒ സൂര്യ എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വ്യാജ ആധാർ കാർഡുമായി ശക്തികുളങ്ങര ഹാർബറിൽ റജിസ്ട്രേഷന് ചെയ്യുന്നതിന് വേണ്ടി എത്തിയ ബംഗ്ലദേശ് പൗരനായ പരിമൽദാസ്(21)നെ ശനിയാഴ്ച ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്ക് വ്യാജ ആധാർ കാർഡ് നിർമിച്ചു നൽകിയ തപൻദാസ് പിടിയിലാകുന്നത്. മത്സ്യബന്ധന മേഖലകളിൽ ജോലി ചെയ്യുന്നവരുടെ രേഖകൾ പരിശോധിക്കുന്ന സിറ്റി പൊലീസിന്റെ സുരക്ഷിത തീരം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്..