07/09/2026
സോഷ്യൽ മീഡിയയിൽ ആളുകൾ നമ്മളെ ശ്രദ്ധിച്ചു തുടങ്ങുമ്പോൾ, സ്വാഭാവികമായും മനസ്സിൽ വരുന്ന ഒന്നാണ് "ഇതുവഴി കുറച്ചു വരുമാനം ഉണ്ടാക്കാമല്ലോ" എന്ന ചിന്ത. അതിൽ തെറ്റൊന്നുമില്ല. എന്നാൽ, ആ വഴിയിലൂടെ മുന്നോട്ട് പോകുമ്പോഴാണ് പലപ്പോഴും നമ്മൾ ഒരു വലിയ ചോദ്യത്തിന് മുന്നിൽ അകപ്പെടുന്നത്,നമ്മുടെ ധാർമ്മികതയോ അതോ പണമോ, ഏതാണ് പ്രധാനം?
കുറെ നാൾ മുൻപ് ചില പ്രൊമോഷനുകൾ എന്നെ തേടി വന്നപ്പോൾ, എനിക്ക് പരിചയമുള്ള ഒരാൾ പറഞ്ഞ ഒരു വാക്ക് ഉണ്ട് . അദ്ദേഹം എന്നോട് ചോദിച്ചു,
"നീ ചെയ്യുന്ന ഒരു പ്രൊമോഷൻ വീഡിയോ ആളുകൾ കാണുന്നത് നിന്നെ വിശ്വസിക്കുന്നത് കൊണ്ടാണ്. ആ വിശ്വാസത്തിൽ അവർ ആ ഉൽപ്പന്നമോ സേവനമോ പരീക്ഷിച്ചേക്കാം. എന്നാൽ അവർക്ക് 100% തൃപ്തി ലഭിച്ചില്ലെങ്കിലോ? അന്ന് നഷ്ടപ്പെടുന്നത് ആ പ്രൊഡക്റ്റിന്റെ ഗുണമല്ല, മറിച്ച് നിന്നിലുള്ള ആളുകളുടെ വിശ്വാസമാണ്. അത് നിന്റെ പരാജയമാണ്."
ആ വാക്കുകൾ എന്നെ ആഴത്തിൽ ചിന്തിപ്പിച്ചു. സത്യമല്ലേ അത്? നമുക്ക് കൃത്യമായി ഉറപ്പില്ലാത്ത, ഗുണനിലവാരം അനുഭവപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ മറ്റുള്ളവരുടെ മുന്നിൽ "വളരെ മികച്ചതാണ്" എന്ന് പറഞ്ഞു പ്രൊമോട്ട് ചെയ്യുമ്പോൾ, നമ്മൾ സ്വന്തം ഫോളോവേഴ്സിനെ പറ്റിക്കുകയല്ലേ ചെയ്യുന്നത്?
ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ഒന്നല്ല ജനങ്ങളുടെ വിശ്വാസം. എന്നാൽ ഒരു തെറ്റായ പ്രൊമോഷൻ കൊണ്ട് അത് നിമിഷനേരം കൊണ്ട് ഇല്ലാതാകാം. ഒരിക്കൽ ആ വിശ്വാസം നഷ്ടപ്പെട്ടാൽ, അത് തിരികെ പിടിക്കുക എന്നത് അസാധ്യമാണ്. സോഷ്യൽ മീഡിയയിലൂടെ പെട്ടെന്ന് കുറെ പണം ഉണ്ടാക്കാൻ കഴിഞ്ഞേക്കാം, എന്നാൽ സ്വന്തം മനസ്സാക്ഷിയെ പണയം വെച്ചുകൊണ്ടുള്ള വളർച്ചയ്ക്ക് അധികം ആയുസ്സുണ്ടാകില്ല.
അതുകൊണ്ട് തന്നെ, എനിക്ക് പൂർണ്ണ ഉറപ്പില്ലാത്ത ഒരു കാര്യവും ഇവിടെ പങ്കുവെക്കില്ല എന്ന് ഞാൻ തീരുമാനിച്ചു. പ്രൊമോഷനുകൾ വാരിക്കോരി ചെയ്ത് പണമുണ്ടാക്കുന്നതിനേക്കാൾ എനിക്ക് പ്രധാനം, എന്നെ വിശ്വസിച്ച് ഫോളോ ചെയ്യുന്ന നിങ്ങളുടെ ഈ ബന്ധമാണ്.
ആളുകളുടെ കയ്യടി നേടാനായി നുണകൾ പറയുന്നതിനേക്കാൾ, കുറച്ചുപേരെയെങ്കിലും സത്യസന്ധമായി കൂടെനിർത്തുന്നതാണ് വിജയം.
സ്നേഹത്തോടെ മോഹൻ ജോളി വർഗീസ്