FLASH News

FLASH News FLASH NEWS
Common man's news center
സാധാരണക്കാരന്റെ വാർത്താകേന്ദ്രം

വിസാറ്റ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷനിൽ ആന്റിറാഗിങ് ബോധവൽക്കരണ സെമിനാർ നടന്നു.ഇലഞ്ഞി : വിസാറ്റ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷന...
18/09/2025

വിസാറ്റ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷനിൽ ആന്റിറാഗിങ് ബോധവൽക്കരണ സെമിനാർ നടന്നു.
ഇലഞ്ഞി : വിസാറ്റ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷനിൽ ആന്റിറാഗിങ് അവെർനസ് സെമിനാർ നടന്നു.
ഇന്റെർണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മി. ശാന്തകുമാർ പി വി ഉദ്ഘാടനം ചെയ്തു. വിസാറ്റ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷൻ ഡയറക്ടർ ഡോ. ദിലീപ് കെ, വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. അനൂപ് കെ ജെ, വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ലാലി ആന്റണി, പബ്ലിക് റിലേഷൻ ഓഫീസർ ശ്രീ ഷാജി ആറ്റുപുറം, ഐ. ക്യു. എ. സി. കോർഡിനേറ്റർ അസി. പ്രൊഫ. ദിവ്യ നായർ ആന്റിറാഗിങ് സെൽ കോർഡിനേറ്റർമാരായ അസി. പ്രൊഫ. അഞ്ജന ജി, അസി. പ്രൊഫ. നീതു പൗലോസ്, ആന്റിറാഗിങ് സെൽ സ്റ്റുഡന്റസ് കോർഡിനേറ്റർമാരായ ആദിത്യ നിരഞ്ജൻ വിനോദ്, ഭരത് രാജ്‌, ആശ സനൽ കുമാർ മുതലായവർ ചടങ്ങിൽ പങ്കെടുത്തു. ഉൽഘാടനത്തെ തുടർന്ന് സബ് ഇൻസ്‌പെക്ടർ ശാന്തകുമാറിന്റെ നേതൃത്വത്തിൽ ആന്റിറാഗിങ് ബോധവൽക്കരണ ക്ലാസ്സ്‌ നടന്നു.

തിരുമാറാടി തട്ടേക്കാട് പാടശേഖരം ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അനാസ്ഥ മൂലം തരിശാക്കപ്പെട്ടിരിക്കുന്നു  തിരുമാറാടി തട്ട...
18/09/2025

തിരുമാറാടി തട്ടേക്കാട് പാടശേഖരം ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അനാസ്ഥ മൂലം തരിശാക്കപ്പെട്ടിരിക്കുന്നു

തിരുമാറാടി തട്ടേക്കാട് ചിറ പുനർനിർമ്മാണം ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അനാസ്ഥ മൂലം തട്ടേക്കാട് വേങ്ങമറ്റം പാടശേഖരണം പൂർണ്ണമായും തരിശിടേണ്ടി വന്നിരിക്കുന്നു.
പാടശേഖരസമിതിയുടെ നിർദ്ദേശം ( പഴയ ചിറ നിലനിർത്തിക്കൊണ്ട് നിർമ്മാണം നടത്തി കൃഷിക്ക് തടസ്സമുണ്ടാകാത്ത വിധം പുതിയ ചിറയുടെ നിർമ്മാണം പൂർത്തിയാക്കണം ) പരിഗണിക്കാതെ പഴയ ചിറ പൂർണമായും പൊളിച്ചു കളഞ്ഞു, പുതിയ ചിറ പൂർത്തിയായതുമില്ല.. പുതിയ ചിറ പണിയുന്നത് മൂന്ന് മീറ്റർ പുറകോട്ട് ഇറങ്ങിയാണ്.പഴയ ചെറ നിന്നാലും പുതിയത് പണിയുന്നതിന് തടസ്സം ഉണ്ടാകുമായിരുന്നില്ല.
പുതിയ ചിറയുടെ നിർമ്മാണത്തിൽ തന്നെ അപാകത ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അത് പരിഗണിക്കാതെ നിർമ്മാണം തുടരുകയാണ് ഉണ്ടായത്. രണ്ടു കൂപ്പ് കൃഷി ചെയ്തിരുന്ന പാടശേഖരം കുറെ വർഷങ്ങളായി ഒരു കൂപ്പ് കൃഷിയിലേക്ക് ചുരുങ്ങിയിരുന്നു. നെൽകൃഷിക്ക് ഒട്ടേറെ പരിഗണനകൾ സർക്കാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും കൃഷിക്കാർക്ക് അത് ഫലത്തിൽ വരുന്നില്ല.
മൈനർ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി വരുന്ന ഈ ചിറ പൂർത്തിയായിരുന്നെങ്കിൽ ഹെക്ടറുകളോളം പാടം തരിടേണ്ടി വരുമായിരുന്നില്ല.
ഈ ചിറയുടെ നിർമ്മാണത്തിനുവേണ്ടി ജെസിബി ഇറക്കിയപ്പോൾ കുളിക്കടവിന്റെ കുറെ ഭാഗം പോവുകയും ചിറയുടെ പലക സൂക്ഷിക്കുന്ന വാർക്കകെട്ടിടം ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട് ഇതുകൂടി എത്രയും വേഗം പരിഹരിച്ച് കൃഷി സജ്ജമാക്കണമെന്ന് കൃഷിക്കാരും പ്രദേശവാസികളും ആവശ്യപ്പെടുന്നു

 #ആദരാഞ്ജലികൾ പിറവം കക്കാട് പൂത്തേത്ത് പുത്തൻ പുരയിൽ(കരിക്കാൻതറയിൽ) പരേതനായ നാരായണൻ ആചാരിയുടെ ഭാര്യ അമ്മണി അമ്മാൾ(90) നി...
18/09/2025

#ആദരാഞ്ജലികൾ
പിറവം കക്കാട് പൂത്തേത്ത് പുത്തൻ പുരയിൽ(കരിക്കാൻതറയിൽ) പരേതനായ നാരായണൻ ആചാരിയുടെ ഭാര്യ അമ്മണി അമ്മാൾ(90) നിര്യാതയായി. ശവസംസ്ക്കാരം നാളെ രാവിലെ പിറവം ശ്മശാനത്തിൽ 9.00am നടത്തപ്പെടും. മക്കൾ ഗോപാലൻ, മണി, വിജയൻ, ഓമന, ഉഷ മരുമക്കൾ ശ്യാമള, പുഷ്പലത, പുഷ്പ, മണി, ഗോപാലൻ

18/09/2025

*ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം*

*നാളെ (സെപ്റ്റംബര്‍ 20) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും*

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം. നാളെ (സെപ്റ്റംബര്‍ 20 ശനിയാഴ്ച്ച) രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാമുഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിവിധ സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയില്‍ ജര്‍മന്‍ ഹാങ്ങര്‍ പന്തല്‍ തയ്യാറായി. പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 3000 പ്രതിനിധികള്‍ക്ക് ഇവിടെയാണ് ഇരിപ്പിടം. തറനിരപ്പില്‍ നിന്ന് നാലടി ഉയരത്തില്‍ 2400 ചതുരശ്രയടിയിലാണ് സ്റ്റേജ്. ഇതിനോട് ചേര്‍ന്ന് ഗ്രീന്‍ റൂമുമുണ്ട്. മീഡിയ റൂമുള്‍പ്പെടെ പ്രധാന വേദിയോട് ചേര്‍ന്നാണ്.

പമ്പയുടെ പവിത്രത കാത്തുസൂക്ഷിച്ച് മണപ്പുറത്തിന്റെ സ്വാഭാവിക ഘടനയ്ക്ക് ദോഷം വരാതെ പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് പന്തല്‍ നിര്‍മിച്ചത്. തറയില്‍ നിന്ന് ഒരടി ഉയരത്തില്‍ പ്ലൈവുഡിലാണ് പ്ലാറ്റ്ഫോം.
ഹില്‍ടോപ്പില്‍ രണ്ട് പന്തലുണ്ട്. പാനല്‍ ചര്‍ച്ചയ്ക്കായി 4,500 ചരുരശ്രയടിയിലും ഭക്ഷണം കഴിക്കാനായി 7,000 ചതരുശ്രയടിയിലുമാണ് ഇവിടെ പന്തല്‍. പമ്പ തീരത്തും ഭക്ഷണ സൗകര്യമുണ്ട്. ഇതിനായി 7,000 ചതുരശ്രയടിയില്‍ ജര്‍മന്‍ ഹാങ്ങര്‍ പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പ്രദര്‍ശന മേള സംഘടിപ്പിക്കാനായി 2000 ചതുരശ്രയടിയില്‍ മറ്റൊരു പന്തലുമുണ്ട്.
ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനാണ് നിര്‍മാണ ചുമതല. മാലിന്യ നിര്‍മാര്‍ജനമടക്കം ഇവര്‍ നിര്‍വഹിക്കും. സംഗമത്തിന് ശേഷം പന്തല്‍ പൂര്‍ണമായും അഴിച്ചുമാറ്റും. പമ്പയിലെ ശുചിമുറികളുടേതടക്കം അറ്റകുറ്റപണി പൂര്‍ത്തിയായി.

സംഗമത്തില്‍ മൂന്ന് സമാന്തര സെഷനും നടക്കും. ഓരോ സെഷനും ശബരിമലയുടെ വികസനത്തിലെ പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചാകും. ആദ്യ സെഷന്‍ ശബരിമല മാസ്റ്റര്‍പ്ലാനിനെ കുറിച്ചാണ്. ഹൈപവര്‍ കമ്മിറ്റി അംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നയരൂപീകരണ വിദഗ്ധര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും. അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, തീര്‍ത്ഥാടകരുടെ ക്ഷേമം തുടങ്ങിയ ദീര്‍ഘകാല പദ്ധതികളെ കുറിച്ച് സെഷനില്‍ ചര്‍ച്ച ചെയ്യും. ആധുനിക സൗകര്യങ്ങള്‍ ഒരുക്കികൊണ്ട് ക്ഷേത്രത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്ന സുസ്ഥിരമായ കാഴ്ചപ്പാട് രൂപപ്പെടുത്തുകയാണ് ലക്ഷ്യം.
രണ്ടാമത്തെ സെഷന്‍ 'ആത്മീയ ടൂറിസം സര്‍ക്യൂട്ടുകള്‍' എന്ന വിഷയത്തെക്കുറിച്ചാണ്. കേരളത്തിലെ മറ്റ് സാംസ്‌കാരിക, ആത്മീയ കേന്ദ്രങ്ങളുമായി ശബരിമലയെ എങ്ങനെ ബന്ധിപ്പിക്കാം എന്ന് ഇതില്‍ ചര്‍ച്ച ചെയ്യും. ടൂറിസം-വ്യവസായ മേഖലയിലെ പ്രമുഖര്‍ തീര്‍ത്ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും, പ്രാദേശിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും, ചുറ്റുമുള്ള പ്രദേശങ്ങള്‍ക്ക് സാമൂഹിക-സാമ്പത്തിക നേട്ടങ്ങള്‍ നല്‍കുന്നതിനുമുള്ള വഴികള്‍ അവതരിപ്പിക്കും.
മൂന്നാമെത്ത സെഷന്‍ 'ശബരിമലയിലെ തിരക്ക് നിയന്ത്രണവും സജ്ജീകരണങ്ങളും' എന്ന വിഷയമാണ്. പ്രമുഖ പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വിദഗ്ധര്‍, സാങ്കേതിക പങ്കാളികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ വര്‍ഷവും ശബരിമല സന്ദര്‍ശിക്കുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് എങ്ങനെ മെച്ചപ്പട്ട സൗകര്യങ്ങള്‍ ഒരുക്കാമെന്നതാകും ഈ സെഷനില്‍ വിശദീകരിക്കുക. നിരീക്ഷണ സംവിധാനങ്ങള്‍, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം എന്നിവയിലെ പുതിയ സാങ്കേതിക വിദ്യകള്‍ ചര്‍ച്ച ചെയ്യും.

രാവിലെ ആറിന് പ്രതിനിധികളുടെ രജിസ്ട്രേഷന്‍ ആരംഭിക്കും. രാവിലെ ഒമ്പത് മുതല്‍ 11 വരെ ഉദ്ഘാടന സമ്മേളനം. തുടര്‍ന്നാണ് സമാന്തര സെഷനുകള്‍. ഉച്ചഭക്ഷണത്തിന് ശേഷം ഗായകന്‍ വിജയ് യേശുദാസ് നയിക്കുന്ന സംഗീത പരിപാടി. വൈകിട്ട് 3.20 ന് ചര്‍ച്ചകളുടെ സമാഹരണം. തുടര്‍ന്ന് സമാപന സമ്മേളനം. പ്രതിനിധികള്‍ക്ക് ശബരിമല ദര്‍ശനത്തിനും അവസരമുണ്ട്.

18/09/2025

സ്റ്റേറ്റ് പോലീസ് മീഡിയ സെൻറർ
പത്രക്കുറിപ്പ്

ഓപ്പറേഷൻ ഡി -ഹണ്ട് 78 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷൻ ഡി-ഹണ്ടിൻറെ ഭാഗമായി ഇന്നലെ (സെപ്റ്റംബർ 17) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1573 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 72 കേസുകൾ രജിസ്റ്റർ ചെയ്തു. 78 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.04177 കി.ഗ്രാം), കഞ്ചാവ് (25.15422 കി.ഗ്രാം), കഞ്ചാവ് ബീഡി (54 എണ്ണം) എന്നിവ പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് 2025 സെപ്റ്റംബർ 17ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആൻറി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിൻറെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാന തലത്തിൽ ആൻറി നർക്കോട്ടിക്സ് ഇൻറലിജൻസ് സെല്ലും എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും റേഞ്ച് അടിസ്ഥാനത്തിൽ ആൻറി നർക്കോട്ടിക്സ് ഇൻറലിജൻസ് സെല്ലും പ്രവർത്തിക്കുന്നുണ്ട്.

പ്രവീൺ എസ് ആർ
ഡെപ്യൂട്ടി ഡയറക്ടർ

'വിഷൻ 2031' ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു*വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളും ഭാവി വികസന ലക്ഷ്യ...
18/09/2025

'വിഷൻ 2031' ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു

*വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളും ഭാവി വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് 33 സെമിനാറുകൾ സംഘടിപ്പിക്കും

കേരളത്തിന്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുന്ന 'വിഷൻ 2031' സെമിനാറുകളുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സെക്രട്ടേറിയറ്റ് ക്യാബിനറ്റ് റൂമിൽ വകുപ്പ് മന്ത്രിമാരുടേയും ചിഫ് സെക്രട്ടറിയുടെയും സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്.

കേരളത്തിന്റെ ഭാവി വികസനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ സ്വരൂപിക്കുക, രൂപരേഖ തയ്യാറാക്കുക തുടങ്ങിയവയാണ് 'വിഷൻ 2031' സെമിനാറുകൾ പ്രധാനമായും ലക്ഷ്യമിടുന്നത്. സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വാർഷികം 2031-ൽ ആഘോഷിക്കുമ്പോൾ കേരളം എവിടെ എത്തിനിൽക്കണമെന്നതും മുന്നോട്ടുള്ള വികസനത്തിനുള്ള ദിശാബോധം നൽകുന്നതുമായിരിക്കും സെമിനാറുകളിലെ ചർച്ചകൾ. 2031 ഓടെ കേരളം എങ്ങനെയായിരിക്കണം, പ്രധാന മേഖലകളിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകണം എന്നതിനെക്കുറിച്ച് ആശയങ്ങൾ സ്വരൂപിക്കും.

ഒക്ടോബർ മാസത്തിൽ വിവിധ വിഷയങ്ങളിലായി വകുപ്പ് മന്ത്രിമാരുടെ പങ്കാളിത്തത്തോടുകൂടി 33 സെമിനാറുകളാണ് സംഘടിപ്പിക്കുന്നത്. അതാത് വകുപ്പുകളിൽ കഴിഞ്ഞ 10 വർഷത്തെ വികസന പ്രവർത്തനങ്ങളും വരും വർഷങ്ങളിലേക്കുളള വികസന ലക്ഷ്യങ്ങളും ചർച്ചയാകും.

ഏകദേശം 1,000 പേർ വരെ പങ്കെടുക്കുന്ന സെമിനാറുകളിൽ വിവിധ മേഖലകളിലെ പ്രതിനിധികൾ ഉൾപ്പെടും. ഗവേഷകർ, വ്യവസായികൾ, ഡോക്ടർമാർ, എൻജിനീയർമാർ, കർഷകർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയർ പങ്കെടുക്കും. സെമിനാറുകളിലെ ആശയങ്ങൾ സമന്വയിപ്പിച്ച് സംസ്ഥാനതല നയരേഖ രൂപീകരിക്കുകയാണ് പ്രധാന ലക്ഷ്യം. ഇത് കേരളത്തിന്റെ വികസന പ്രയാണത്തിന് ദിശാബോധം നൽകും.

പി.എൻ.എക്സ് 4582/2025

18/09/2025

*സ്പെഷ്യല്‍ സ്റ്റോറി*

*വനിതാഫെഡിന്റെ 'സൂതികാമിത്രം' പദ്ധതിക്ക് തുടക്കം; ഇനി അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആയുർവേദ പരിചരണം*

ഗർഭിണികൾക്കും പ്രസവാനന്തരം അമ്മമാർക്കും ആയുർവേദ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ പരിചരണം ലഭ്യമാക്കുന്നതിനായി വനിതാ സഹകരണ സംഘങ്ങളുടെ സംസ്ഥാന ഫെഡറേഷനായ വനിതാഫെഡ് 'സൂതികാമിത്രം' പദ്ധതി ആരംഭിക്കുന്നു. സഹകരണ, ആയുഷ് വകുപ്പുകളുടേയും നാഷണൽ ആയുഷ് മിഷന്റെയും പിന്തുണയോടെ നടപ്പിലാക്കുന്ന പദ്ധതി സെപ്റ്റംബർ 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. പരമ്പരാഗത ശുശ്രൂഷാ രീതികളെ പുനരുജ്ജീവിപ്പിക്കുകയും വനിതകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഉയർന്ന നിലവാരമുള്ള ആയുർവേദ പരിചരണം നൽകാൻ വനിതകളെ പരീശീലിപ്പിക്കും. ഇതിനായി പ്ലസ്ടു യോഗ്യതയുള്ള 20 മുതൽ 45 വയസ്സുവരെയുള്ള വനിതകളെ കണ്ടെത്തി സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഭാഗമാക്കും. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ വിവിധ വനിതാ സഹകരണ സംഘങ്ങൾ വഴി 140 പേർക്കാണ് പരിശീലനം നൽകുന്നത്. ഇതിനുള്ള ചെലവ് സഹകരണ വകുപ്പിന്റെ പദ്ധതിവിഹിതത്തിൽ നിന്ന് കണ്ടെത്തും.

പരിശീലനം പൂർത്തിയാക്കുന്നവർക്ക് വിവിധ ആശുപത്രികൾ, പ്രസവ കേന്ദ്രങ്ങൾ, വീട്ടു ശുശ്രൂഷാ കേന്ദ്രങ്ങൾ, സംരംഭങ്ങൾ എന്നിവിടങ്ങളിൽ തൊഴിൽ അവസരം ലഭിക്കും. സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വനിതാഫെഡ് ഓൺലൈൻ ലേബർ ബാങ്ക് രൂപീകരിക്കും. ഇതിലൂടെ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികളെ ആവശ്യമുള്ളവർക്ക് ലഭ്യമാക്കും. തൊഴിലാളികളുടെ വരുമാനത്തിന്റെ 5 ശതമാനം സേവന ഫീസായി ഫെഡറേഷൻ സ്വീകരിക്കും. ഈ തുക പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിൽ വലിയ പങ്ക് വഹിക്കുന്നതോടൊപ്പം വനിതകൾക്ക് തൊഴിൽ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതിൽ പദ്ധതി നിർണായകമാകും.

*🔰 #കുടുംബശ്രീ 'സര്‍ഗം-2025' സംസ്ഥാനതല ചെറുകഥാരചന മത്സരം*കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ്...
18/09/2025

*🔰 #കുടുംബശ്രീ 'സര്‍ഗം-2025' സംസ്ഥാനതല ചെറുകഥാരചന മത്സരം*
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കായി 'സര്‍ഗം-2025' സംസ്ഥാനതല കഥാരചന മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. ആദ്യ മൂന്ന് രചനകള്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് ലഭിക്കും. 2500 രൂപ വീതം മൂന്ന് പേര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കും. എല്ലാ വിജയികള്‍ക്കും ക്യാഷ് അവാര്‍ഡിനൊപ്പം മെമന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. സാഹിത്യ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന ജൂറിയായിരിക്കും വിജയികളെ കണ്ടെത്തുക. മികച്ച രചനകള്‍ അയക്കുന്ന 40 പേര്‍ക്ക് കുടുംബശ്രീ സംഘടിപ്പിക്കുന്ന ത്രിദിന സാഹിത്യ ശില്‍പശാലയില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. രചയിതാവിന്റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, കുടുംബശ്രീ അംഗമാണെന്നു തെളിയിക്കുന്ന സി.ഡി.എസ് അധ്യക്ഷയുടെ സാക്ഷ്യപത്രം സഹിതം സെപ്റ്റംബര്‍ 23-ന് വൈകിട്ട് അഞ്ചിനകം കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്-രണ്ടാം നില, മെഡിക്കല്‍ കോളജ്.പി.ഒ, തിരുവനന്തപുരം-695011 വിലാസത്തില്‍ ലഭിക്കണം.

18/09/2025

കൂത്താട്ടുകുളം കോഴിപ്പിള്ളി റോഡിൽ ഹൈസ്കൂളിന് സമീപം സ്ഥിരം ഗതാഗതക്കുരുക്ക്, മംഗലത്തുതാഴം കലിങ്ക് പണി നടക്കുന്നതിനാൽ വാഹന ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത് ഈ വഴിയിലൂടെയാണ് അതിന്റെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്നുണ്ടെങ്കിലും
കലിംഗ് തുറന്നു കൊടുക്കുന്നതോടെ ഈ റോഡിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നു

 #ആദരാഞ്ജലികൾ
18/09/2025

#ആദരാഞ്ജലികൾ

വെളിയം ഭാർഗവൻ അനുസ്മരണ ദിനാചരണംപിറവം: സമുന്നത സി.പി.ഐ നേതാവ് വെളിയം ഭാർഗവൻ്റെ 12-ാംമത് ചരമവാർഷികത്തോടനുബന്ധിച്ച് സി.പി.ഐ...
18/09/2025

വെളിയം ഭാർഗവൻ അനുസ്മരണ ദിനാചരണം
പിറവം: സമുന്നത സി.പി.ഐ നേതാവ് വെളിയം ഭാർഗവൻ്റെ 12-ാംമത് ചരമവാർഷികത്തോടനുബന്ധിച്ച് സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവത്ത് അനുസ്മരണ യോഗം ചേർന്നു. എ.ഐ.ടി.യു സി.ജില്ലാ സെക്രട്ടറി കെ.എൻ ഗോപി യോഗം ഉദ്ഘാടനം ചെയ്തു. മണഡലം സെക്രട്ടറി അഡ്വ ജിൻസൺ വി.പോൾ അദ്ധ്യക്ഷത വഹിച്ചു. കെ.സി. തങ്കച്ചൻ,അനന്ദു വേണുഗോപാൽ,രാജി പോൾ, അഡ്വ. പി. വൈ. ജോണി, ബിബിൻ ജോർജ് എന്നിവർ പങ്കെ ടുത്തു.

സി.പി.ഐ നേതാവ് വെളിയം ഭാർഗവൻ അനുസ്മരണയോഗം പിറവത്ത് എ. ഐ.ടി.യു സി ജില്ലാ സെക്രട്ടറി കെ.എൻ ഗോപി ഉദ്ഘാടനം ചെയ്യുന്നു.

18/09/2025

*പൊതുരേഖാ സംരക്ഷണത്തിൽ കേരളം പുതിയ ചരിത്രം കുറിക്കുന്നു*

കേരളത്തിന്റെ ചരിത്രരേഖകൾ സംരക്ഷിക്കുന്നതിൽ നിർണായകമായ ഒരു ചുവടുവെപ്പായി, 2023-ലെ കേരള പൊതുരേഖാ ബിൽ നിയമസഭയിൽ സമർപ്പിച്ചു. പുരാരേഖകളുടെ സംരക്ഷണത്തിനായി ഒരു നൂറ്റാണ്ടിലധികം മുൻപ് വകുപ്പ് രൂപീകരിച്ച സംസ്ഥാനത്ത്, ആദ്യമായാണ് രേഖകൾ സംരക്ഷിക്കാൻ ഒരു നിയമം വരുന്നത്.
പുരാവസ്തു-പുരാരേഖാ-മ്യൂസിയം-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് സെലക്ട് കമ്മിറ്റിയുടെ റിപ്പോർട്ടോടുകൂടി ബിൽ സഭയിൽ സമർപ്പിച്ചത്. 2023 സെപ്റ്റംബർ 7-ന് അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ ബിൽ, 2024 ജൂലൈ 11-നാണ് സഭയിൽ ആദ്യമായി അവതരിപ്പിച്ചത്. തുടർന്ന് ഇത് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കായി അയച്ചു. സംസ്ഥാനത്തിനകത്തും പുറത്തും കമ്മിറ്റി നടത്തിയ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ബില്ലിന് അന്തിമരൂപം നൽകിയത്.സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ കമ്മീഷനുകൾ, ബോർഡുകൾ, കമ്മിറ്റികൾ എന്നിവയിലെ പൊതുരേഖകളുടെ മൂല്യനിർണയം, ശേഖരണം, തരംതിരിക്കൽ, സംരക്ഷണം, ഭരണനിർവഹണം എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരും. പൊതുരേഖകളുടെ സംരക്ഷണത്തിനായി ഒരു ദ്വിതല സംവിധാനം ഏർപ്പെടുത്തുന്നതാണ് ബില്ലിന്റെ പ്രധാന സവിശേഷത.

*റെക്കോർഡ് മുറികൾ*: രേഖകൾ ഉണ്ടാക്കുന്ന എല്ലാ സ്ഥാപനങ്ങളും റെക്കോർഡ് മുറികൾ സജ്ജീകരിക്കുകയും അവയുടെ സംരക്ഷണത്തിനായി ഒരു റെക്കോർഡ് ഓഫീസറെ ചുമതലപ്പെടുത്തുകയും വേണം. ഈ ഓഫീസറുടെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും ബില്ലിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്.

*സംസ്ഥാന ആർക്കൈവ്സ് വകുപ്പ്*: റെക്കോർഡ് മുറികളിൽ സൂക്ഷിക്കുന്ന രേഖകളിൽനിന്ന് ചരിത്രപരമായ പ്രാധാന്യമുള്ളവ വേർതിരിച്ച് സംസ്ഥാന ആർക്കൈവ്സ് വകുപ്പിലേക്ക് മാറ്റും. ഇവ ശാസ്ത്രീയമായി സംരക്ഷിച്ച് ഗവേഷകർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കും. ബിൽ നിയമമാവുന്നതോടെ ഈ സംരക്ഷണ സംവിധാനത്തിന്റെ മേൽനോട്ട ചുമതല സംസ്ഥാന ആർക്കൈവ്സ് വകുപ്പിനായിരിക്കും.

നിയമപരമായി രേഖകൾ കൈമാറുന്നതിനുള്ള വ്യവസ്ഥകളും, രേഖകൾ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷകളും ഈ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ പൊതുരേഖകളുടെ സംരക്ഷണം കൂടുതൽ കാര്യക്ഷമമാവുകയും നിയമപരമായ ഒരു അടിത്തറ ലഭിക്കുകയും ചെയ്യും. ഇത് കേരളത്തിന്റെ ചരിത്രരേഖാ സംരക്ഷണത്തിന് പുതിയൊരു ദിശാബോധം നൽകും.

Address

Koothattukulam
686662

Website

Alerts

Be the first to know and let us send you an email when FLASH News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share