27/08/2025
ഖത്തറിലെ മലയാളീസ് ഗ്രൂപ്പ് “Qatar Malayalies “ ഗ്രൂപ്പിൽ വന്ന ഒരു അനുഭവ പോസ്റ്റ്..എല്ലാവരും വായിക്കുക…..
ഒരു മുപ്പത്തഞ്ചുകാരന്റെ ഹൃദയാഘാതത്തിന് സാക്ഷ്യം വഹിച്ചപ്പോൾ..!
——————————————————————————-
കഴിഞ്ഞ വ്യാഴാഴ്‌ച്ച ഉച്ചക്ക് ഏകദേശം പന്ത്രണ്ടരയായിക്കാണും..!
ഓഫീസിന് താഴെയുള്ള സ്റ്റോറിൽ നിന്നും മൂസക്ക വന്നു പറഞ്ഞു;
“ഷാമോന് എന്തോ വയ്യായ്ക തോന്നീട്ട് റൂമിലേക്ക് പോയിട്ടുണ്ട്”
സ്റ്റോർ കീപ്പറാണ് ഷാമോൻ.താരതമ്യേന മെലിഞ്ഞ ശരീരം. അത്യാവശ്യം തടിയനങ്ങി ജോലി ചെയ്യുന്നവൻ..!
അരമണിക്കൂർ മുൻപ് ഞങ്ങൾ തമ്മിൽ കണ്ട് സംസാരിച്ച് പോയിട്ടേ ഉള്ളൂ... സുഖമില്ലായ്മയുടെ ഒരു ലാഞ്ചന പോലും അപ്പോൾ അവനിൽ പ്രകടമായിരുന്നില്ല..!
“അവന് എന്ത് ബുദ്ധിമുട്ടാ തോന്നുന്നത് മൂസക്കാ..?”
“നെഞ്ച് വേദനയാവണ പോലെയാന്നാ പറഞ്ഞത്. .!”
ഞാനൊന്ന് മുസ്തഫക്കയെ നോക്കി..!
“ആംബുലൻസ് വിളിക്കാം”
ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു..!
രാഹുലിന്റെ ഫോണിൽ നിന്ന് 999 ലേക്ക് വിളിച്ച് ഞങ്ങൾ സ്റ്റോറിന് പുറക് വശത്തുള്ള ഷാമോന്റെ താമസ സ്ഥലത്തേക്ക് നടന്നു..!
ബെഡിൽ ചെരിഞ്ഞു കിടക്കുകയായിരുന്നു അവൻ.
ശരീരം നന്നായി വിയർത്തൊലിക്കുന്നുണ്ട്.
പാകിസ്ഥാനിയായ ഷെഫ് ബിലാലും ശ്രീലങ്കക്കാരൻ അക്തർ പർവേസും ഇരു വശങ്ങളിലായി നിന്ന്
വീശിക്കൊടുക്കുന്നുണ്ട്..!
ആംബുലൻസിൽ കണക്ട് ആയിട്ടുള്ള ഓഫീസർമാർ ഫോണിലൂടെ രോഗിയുടെ നിലവിലെ അവസ്ഥ ചോദിച്ചറിഞ്ഞ് നിർദ്ദേശങ്ങൾ തന്നു കൊണ്ടിരുന്നു..!
രോഗിയെ ബെഡിൽ നിന്ന് താഴെ ഇറക്കിക്കിടത്തി, വായു സഞ്ചാരം ഉറപ്പ് വരുത്തി CPR കൊടുക്കാൻ അവർ പറഞ്ഞു...!
ഞാൻ അവന്റെ നെഞ്ചിൽ കൈ വെച്ച്, ഓഫീസർ എണ്ണുന്നതിനനുസരിച്ച് ശക്തിയായി അമർത്തിക്കൊണ്ടിരുന്നു..!
ഷാമോൻ നെഞ്ചിന്റെ ഇടത് ഭാഗത്ത് മുറുകെത്തടവി വേദന കടിച്ചമർത്തുകയാണ്...!
ആദ്യമായാണ് ഇങ്ങനൊരു സാഹചര്യം നേരിടേണ്ടി വരുന്നത്..!
അവന് വേദന കൂടിക്കൂടി വരുന്നതായി ഞങ്ങൾക്ക് തോന്നി...!
ഇടക്കൊക്കെ അനക്കമില്ലാതെ തളർന്നു കിടന്ന ഷാമോൻ ശക്തമായ നിലവിളിയോടെ തിരിഞ്ഞും മറിഞ്ഞും ചുരുണ്ടും കിടന്നു പിടയുന്നു..!
വേദനയുടെ ശക്തിക്കനുസരിച്ച് അവനെന്റെ കയ്യിൽ അമർത്തിപ്പിടിക്കുന്നു..!
എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരായിപ്പോയ നിമിഷം..!
ഒരു വേള മരണത്തിന്റെ മാലാഖ ഞങ്ങൾക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ടോ എന്നൊരു ഭീതി പോലും എന്നെ അലട്ടി...!
അവന്റെ ജീവന് ആപത്തൊന്നും വരുത്തല്ലേയെന്ന് അവിടേക്കൂടിയ ഓരോരുത്തരും ഉള്ളുരുകി പ്രാർത്ഥിച്ചു.
വിയർത്തു കൊണ്ടേയിരിക്കുന്ന അവന്റെ തലയിൽ തലോടിയും കൈ കാലുകളിൽ തിരുമ്മിയും ചുറ്റും കൂടിയ ഞങ്ങൾ ഓരോരുത്തരും ഷാമോനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..!
ഇന്നേ വരെ കണ്ടിട്ടില്ലാത്തത്രയും വിഭ്രാന്തിയോടെ മുസ്തഫക്ക, (ഞങ്ങളുടെ GM) ആംബുലൻസ് എത്തുന്നതും കാത്ത് വരാന്തയിൽ അക്ഷമയോടെ ഉലാത്തുന്നുണ്ട്..!
അവരെത്താനെടുത്ത പത്ത് മിനുട്ട് സമയത്തിന് മണിക്കൂറുകളുടെ ദൈർഘ്യമാണ് തോന്നിച്ചത്.
പാഞ്ഞെത്തിയ മെഡിക്കൽ സംഘം ചടുലതയോടെ പ്രഥമ ശുശ്രൂഷ നൽകി.
ഒരാൾ ECG എടുത്ത് ഉടൻ ഇഞ്ചക്ഷൻ കൊടുത്ത് ഒരു ടാബ്‌ലറ്റ് ഷാമോന്റെ വായിൽ വെച്ച് കൊടുത്ത് ചവച്ചിറക്കാൻ പറഞ്ഞു. അതേ സമയം മറ്റൊരാൾ റേഡിയോ ട്രാൻസ്‌മിറ്ററിലൂടെ അപ്പപ്പോൾ വിവരങ്ങൾ ഹോസ്പിറ്റലുമായി പങ്കുവെക്കുന്നുണ്ട്.
ഫസ്റ്റ് ഓഫീസർ റൂമിന് പുറത്ത് വന്ന്, സംഭവിച്ചിട്ടുള്ളത് ഹാർട്ട് അറ്റാക്ക് ആണെന്നും ഉടൻ ഹമദ് ഹാർട്ട് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുമെന്നും GMനെ അറിയിച്ചു..!
ഉടൻ തന്നെ മറ്റൊരു വാഹനത്തിൽ എത്തിയ ഡോക്ടർമാരുടെ സംഘവും ചേർന്ന് ഷാമോനെ ആംബുലൻസിൽ കയറ്റി ഹോസ്പിറ്റലിലേക്ക് പാഞ്ഞു...!
കൂടെപ്പോയ ഷെഫിൻ മുഖേന അധികം വൈകാതെ തന്നെ ആശുപത്രിയിൽ നിന്ന് അറിയിപ്പ് കിട്ടി..!
“ഒരു ബ്ലോക്കുണ്ട്, ഹോസ്പിറ്റൽ എത്തുമ്പോഴേക്ക് ആഞ്ജിയോപ്ലാസ്റ് ചെയ്യാനായി ഓപ്പറേഷൻ തീയേറ്റർ സജ്ജമായിരുന്നു..! അവിടെയെത്തിയതും സമ്മത പത്രം ഒപ്പിടുവിച്ച് അവനെ നേരെ തീയേറ്ററിലേക്ക് കൊണ്ട് പോയി”
ഷെഫിൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി;
ഹമദ് ഹോസ്പിറ്റലിൽ നഴ്സായ, ഷിജുവിന്റെ വൈഫ് മുഖേനയും പിന്നീട് കൂടുതൽ വിവരങ്ങൾ
അറിഞ്ഞു.
ദൈവാനുഗ്രഹം കൊണ്ട് കൃത്യ സമയത്ത് ഇവിടെ എത്തിക്കാൻ സാധിച്ചത്, ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ മുഖ്യ പങ്കു വഹിച്ചെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടത്രെ..!
വിദേശിയെന്നോ സ്വദേശിയെന്നോ വിവേചനമില്ലാതെ ഖത്തറെന്ന ഈ ചെറു രാജ്യം ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യന്റെയും ജീവനും ആരോഗ്യത്തിനും നൽകുന്ന മൂല്യം എടുത്ത് പറയേണ്ടതാണ്.
പല ഘട്ടങ്ങളിലായി അത് ഞാനത് നേരിട്ടനുഭവിച്ചതാണ്..!
പിറ്റേന്ന് മുസ്തഫക്കയോടൊപ്പം ആശുപത്രിയിൽ ചെന്ന് ഷാമോനെ കണ്ടു.
ഇന്നലെ നേരിട്ട ആഘാതത്തിൽ നിന്ന് അവൻ പതിയെ മുക്തനായി വരുന്നു..!
ഒരു നിലക്കും ടെൻഷനടിക്കേണ്ടെന്നും കമ്പനിയുടെ പൂർണ്ണ പിന്തുണയും ഏവരുടെയും പ്രാർത്ഥനയും കൂടെയുണ്ടെന്നും മുസ്തഫയ്ക്ക അവന്റെ തോളിൽ തട്ടി പറഞ്ഞു.
"അന്നേരം ഞാൻ കുറെ ഇടങ്ങേറാക്കിയല്ലേ ഇക്കാ…"
മന്ദസ്മിതത്തോടെ അവനെന്റെ കൈകളിൽ പിടിച്ചു പറഞ്ഞു;
ഞാനോർത്തത് മറ്റൊന്നാണ്;
ദിനേന നമ്മൾ എത്രയോ വാർത്തകൾ കേൾക്കുന്നു,
പരിചയമുള്ളതും ഇല്ലാത്തതുമായ ചെറുപ്പക്കാരടക്കമുള്ള എത്രയോ മനുഷ്യർ ഹൃദയാഘാതം മൂലം മരണപ്പെട്ടതും രക്ഷപ്പെട്ടതുമായ വാർത്തകൾ..!
"ജീവനോടെ നമ്മുടെ ഹൃദയം ഏതോ ശക്തി പിച്ചിച്ചീന്തുന്ന പോലെയോ അതിന്റെ നൂറ് മടങ്ങ് ശക്തിയിൽ അവിടെ പ്രഹരിക്കുന്ന പോലെയോ, എന്താണെന്ന് പറയാൻ കഴിയാത്ത, സഹിക്കാൻ പറ്റാത്ത ഒരു തരം വിമ്മിഷ്ടം"
അങ്ങനെയാണ് തനിക്കുണ്ടായ അനുഭവത്തെ ഷാമോൻ ചുരുക്കി വിവരിച്ചത്..!
ഒന്നുറപ്പാണ്..!
നമ്മുടെയൊക്കെ ഭാവനക്കുമപ്പുറത്താണ് നിനച്ചിരിക്കാതെ കുഴഞ്ഞു വീഴുന്ന, പതിയെ അനക്കം നിലച്ചു പോകുന്ന മനുഷ്യർ അനുഭവിക്കുന്ന വേദന..!
നാഥൻ പെട്ടെന്നുള്ള മരണങ്ങളിൽ നാം ഏവരെയും കാത്തു രക്ഷിക്കട്ടെ..!
🖊️ #അലിമാണിക്കത്ത്.