03/08/2025
സബീലുൽ ഹിദായ ഇസ്ലാമിക് കോളേജിൽനിന്ന് ദ്വൈമാസികയായി പുറത്തിറങ്ങുന്ന അന്നഹ്ദ അറബിക് മാസിക, അതിന്റെ വിജയകരമായ 19 വർഷങ്ങൾ പൂർത്തികരിക്കുകയാണ്. ഗഹനമായ ഉള്ളടക്കം കൊണ്ടും അറബി സാഹിത്യ ഭംഗി കൊണ്ടും ഇതര അറബി പ്രസിദ്ധീകരണങ്ങളിൽനിന്നെല്ലാം വേറിട്ട് നിൽക്കുന്ന ഒന്നാണ് അന്നഹ്ദ മാഗസിൻ. ഇന്ത്യയിലെ തന്നെ മറ്റൊരു അറബിക് മാസികക്കും പറയാനില്ലാത്ത അംഗീകാരവും ചരിത്രവും അന്നഹ്ദക്കുണ്ട്. ഇന്ത്യക്ക് പുറത്തുള്ള കവികളും എഴുത്തുകാരും അവരുടെ കൃതികളും പ്രബന്ധങ്ങളും അന്നഹ്ദയിൽ പ്രസിദ്ധീകരിക്കുന്നത് ഏറെ അഭിമാനമാണ്. മലയാളികളിൽ തന്നെ, നിരവധി അറബി ഭാഷ നിപുണർ അന്നഹ്ദ മാസികയിലൂടെ വളർന്നിട്ടുണ്ട്.
പത്തൊൻപതാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഷാഇറുന്നഹ്ദ ദേശീയ കവിയരങ്ങ് മത്സരം അന്നഹ്ദയുടെ അന്താരാഷ്ട്ര നിലവാരം എടുത്തു കാണിക്കുന്നതായിരുന്നു. ഈ പരിപാടിയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. പ്രൗഢമായി സമാപിച്ച കവിയരങ്ങ് മത്സരത്തിൽ തൂത ദാറുൽ ഉലൂം ദഅവാ കോളേജ് വിദ്യർഥി മുഹമ്മദ് റിഷാദ് വെള്ളിലയാണ് ഷാഇറുന്നഹ്ദ പട്ടം കരസ്ഥമാക്കിയത്. മുഹമ്മദ് അശ്ബൽ ചോക്കാട്, ഷബീബ് പി.എം എന്നിവർ യഥാക്രമം 2,3 സ്ഥാനങ്ങൾക്ക് അർഹരായി. അറബി കവിതയുടെ വ്യത്യസ്ത തലങ്ങളെ പരിചയപ്പെടുന്ന മൂന്ന് റൗണ്ടുകളിലായി നടന്ന പരിപാടി അന്താരാഷ്ട്ര നിലവാരം പുലർത്തിയെന്ന് മത്സരാർഥികളും കാണികളും അഭിപ്രായപ്പെട്ടു. കേരളത്തിലെ അറബി ഭാഷ പരിജ്ഞാനത്തിൻ്റെ വളർച്ച പ്രകടമാക്കുന്നതായിരുന്നു ഈ പരിപാടി. ഇതിനായി ശാരീരികമായും സാമ്പത്തികമായും മാനസികമായും പ്രയത്നിച്ച എല്ലാവരുടെയും പ്രവർത്തനങ്ങൾ അള്ളാഹു സ്വീകരിക്കുമാറാകട്ടെ. ആമീൻ.