
08/10/2025
കൊട്ടാരക്കര പോലീസ് സ്റ്റേഷൻ എവിടെ ???
കൊട്ടാരക്കര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നഗരത്തിൽ എത്തുന്നവരുടെ സ്ഥിരം ചോദ്യമായി മാറി കഴിഞ്ഞു "പോലീസ് സ്റ്റേഷൻ എവിടെ ???" എന്നുള്ളത്. കേരളത്തിന്റെ മുഖ്യമന്ത്രി ബഹു. പിണറായി വിജയൻ കഴിഞ്ഞ മാർച്ച് 1നാണ് കൊട്ടാരക്കരയുടെ പുതിയ പോലീസ് സ്റ്റേഷൻ ഉദ്‌ഘാടനം ചെയ്ത് നാടിന് സമര്പ്പിച്ചത്. ഉദ്‌ഘാടനം കഴിഞ്ഞ് എട്ട് മാസം പിന്നിട്ടിട്ടും പ്രധാന റോഡിൽ പോലീസ് സ്റ്റേഷന്റെ ബോർഡ് സ്ഥാപിക്കാൻ പോലീസ് അധികാരികൾക്ക് സാധിച്ചിട്ടില്ല. ദിനംപ്രതി നിരവധി ആളുകൾ ആണ് കൊട്ടാരക്കര സ്റ്റേഷനുമായി ബന്ധപ്പെട്ട് പരാതി നൽകുവാനും മറ്റ് ആവശ്യങ്ങൾക്കുമായി നേരിട്ട് എത്തുന്നത്. പഴയ സ്റ്റേഷനിൽ നിന്നും കുറച്ച് ദൂരെ മാറിയാണ് പുതിയ പോലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. ആയതിനാൽ പഴയ സ്റ്റേഷൻ പരിസരത്ത് പുതിയ സ്റ്റേഷൻറെ അഡ്രസ്സ് സ്ഥാപിക്കുകയോ പ്രധാന റോഡിൽ നിന്നും പുതിയ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാതൊരു വിധ സൂചന ബോർഡുകൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ഇതുമൂലം നിരവധി ആളുകൾ സ്റ്റേഷനിലേക്കുള്ള വഴി മനസ്സിലാകാതെ തൊട്ടടുത്തുള്ള വഴികളിൽ കൂടി പ്രദേശത്തെ വീടുകളിൽ വരെ എത്തുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്. പ്രദേശത്തെ കടകളിലെയും വീടുകളിലെയും ആളുകൾ വഴി പറഞ്ഞ് കൊടുത്താണ് ആളുകൾ ഇപ്പോൾ സ്റ്റേഷനിൽ എത്തിച്ചേരുന്നത്. ഉടൻ തന്നെ റോഡിൽ നിന്നുംമുള്ള പ്രവേശന പാതയിൽ പോലീസ് സ്റ്റേഷൻ ബോർഡ് സ്ഥാപിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.