22/09/2023
Pramod Puzhankara എഴുതുന്നൂ..!
കരുവന്നൂർ സഹകരണബാങ്കിൽ ശതകോടികളുടെ തട്ടിപ്പ് നടന്നതിന്റെ ആഴവും ഭീകരതയും അറിയണമെങ്കിൽ ആ ബാങ്കിന്റെ പ്രവർത്തനഭൂപ്രദേശം സാമാന്യമായി തൃശൂർ ജില്ലയിലെ വളരെ ചെറിയൊരു പ്രദേശം മാത്രമായിരുന്നു എന്നും അവിടെ നിക്ഷേപം നടത്തുകയും ഇപ്പോൾ അഞ്ചും പത്തും ആയിരങ്ങൾ മാത്രമായി മൂന്നും നാലും മാസങ്ങൾ കൂടുമ്പോൾ തങ്ങളുടെ ജീവിതകാലനിക്ഷേപങ്ങളുടെ വളരെ ചെറിയൊരു പങ്കു മാത്രം കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് സാധാരണക്കാരായ മനുഷ്യരുണ്ടെന്നും ഓർത്താൽ മതി. സംസ്ഥാനത്തെ ഒരു മന്ത്രിയായ എം.ബി. രാജേഷിന് അതില്ലാത്തത് കേരളത്തിലെ രാഷ്ട്രീയനേതൃത്വത്തെ അറിയുന്ന ആർക്കും അത്ഭുതമുണ്ടാക്കില്ല. രാജേഷ് ഇത്തരത്തിലുള്ള മിടുക്ക് കാണിക്കുന്നത് വളരെ നേർത്ത വ്യക്തിപരമായ സങ്കടമുണ്ടാക്കുന്നെങ്കിൽക്കൂടി.
കേരളത്തിലെ സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമായിട്ടാണ് കരുവന്നൂർ അന്വേഷണത്തെ സി പി എം നേതൃത്വം അവതരിപ്പിക്കുന്നത്. രാജേഷാകട്ടെ ഒന്നുകൂടി കേറിപ്പൊട്ടിയിരിക്കുന്നു. രാജ്യത്തെ മറ്റ് പൊതുമേഖല ബാങ്കുകളിൽ ഇതിലും വലിയ തട്ടിപ്പ് നടന്നപ്പോൾ ഇത്തരം അന്വേഷണമൊന്നുമുണ്ടായില്ലല്ലോ എന്നാണ് രാജേഷിന്റെ മറുചോദ്യം. എത്ര ക്ഷുദ്രമായ രാഷ്ട്രീയമാണ് ആ ചോദ്യത്തിലുള്ളത് എന്ന് മാത്രമല്ല എത്ര നീചമായ പുച്ഛമാണ് തന്റെ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയ കേരളം കണ്ട ഏറ്റവും വലിയ പണം തട്ടിപ്പുകളിലൊന്നിലെ ഇരകളായ പാർട്ടി സഖാക്കളടക്കമുള്ള ആയിരക്കണക്കിന് പൗരന്മാരോട് ഒരു പാർട്ടി നേതാവെന്ന നിലയിലും ഒരു മന്ത്രി എന്ന നിലയിലും അയാൾ കാണിച്ചത്.
സഹകരണമേഖലയിലെ 'ബാങ്കുകളിൽ' ഭരണസമിതിയിലുള്ളവരൊന്നും ബാങ്കിങ് മേഖലയിലെ വിദഗ്ദ്ധരല്ല, കുറെപ്പേരാകട്ടെ സഹകരണമേഖലയിൽത്തന്നെ മുൻ പരിചയം ഉള്ളവരല്ല. എന്നിട്ടും ഇത്തരം സ്ഥാപനങ്ങളിൽ കേരളീയർ വലിയ തോതിൽ തങ്ങളുടെ പണം നിക്ഷേപിക്കുന്നതിന്റെ ഒരു കാരണം (ഏതാണ്ട് 2.46 ലക്ഷം കോടി രൂപ നിക്ഷേപമുണ്ട് എന്നാണ് സാമാന്യ കണക്ക്. അത് പൂർണ്ണമായ കണക്കല്ല) ഈ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ രാഷ്ട്രീയമായ വിശ്വാസ്യതയും തങ്ങളുടെ പണമിടപാടുകൾക്കുള്ള പ്രാദേശികവും വ്യക്തിപരവുമായ പരിഗണനകളുമാണ്. മറ്റൊന്ന് വലിയ തോതിലുള്ള നിക്ഷേപങ്ങളെ ആസ്തി,നികുതി വിവരങ്ങളിൽ നിന്നും മറച്ചുവെക്കാനുള്ള സൗകര്യമാണ്. എന്നാലത് സാധാരണക്കാരും ഇടത്തരക്കാരുമായ നിക്ഷേപകരുടെ കാര്യമല്ല. ജനങ്ങളുടെ ഈ രാഷ്ട്രീയമായ വിശ്വാസത്തെക്കൂടി മുതലെടുത്തുകൊണ്ടാണ് കരുവന്നൂരടക്കമുള്ള ബാങ്കുകളിൽ തട്ടിപ്പ് നടന്നതും നടക്കുന്നതും. രാജ്യത്തെ ബാങ്കിങ് ഇടപാടുകളുടെ വലിപ്പം വെച്ചുനോക്കുമ്പോൾ വളരെ ചെറിയൊരു ബാങ്കാണ് കരുവന്നൂർ സഹകരണ ബാങ്ക്. അവിടെ നൂറുകണക്കിന് കോടി രൂപയുടെ പണം വെട്ടിപ്പ് നടന്നുകൊണ്ടിരിക്കുകയും ഇടയിൽവെച്ച് പണത്തിന്റെ സുഗമമായ ഒഴുക്ക് മുറിഞ്ഞപ്പോൾ മാത്രം പാടെ തകർന്ന് പിടിക്കപ്പെടുകയുമാണ് ഉണ്ടായത്.
സി പി എമ്മിന്റെ പാർട്ടി ഘടനയും അതിന്റെ മേൽനോട്ടരീതികളും പ്രായോഗികമായി നടപ്പാക്കുന്നയാളാണ് മന്ത്രി രാജേഷ്. തൃശൂർ ജില്ലയിലെ പാർട്ടി നേതൃത്വത്തിനും അതിനു മുകളിലുള്ള പലർക്കും അറിവോ പങ്കാളിത്തമോ ഇല്ലാതെ ഇത് നടക്കില്ലെന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കണമെങ്കിൽ മനസിലാകും. അപ്പോഴാണ് മാർക്സിസത്തിനെതിരായ ആഗോള ഗൂഢാലോചനയിലെ ഏറ്റവും പുതിയ ആക്രമണമായി കരുവന്നൂരിനെ രാജേഷ് അവതരിപ്പിക്കുന്നത്. അവസരവാദവും ജനങ്ങളുടെ രാഷ്ട്രീയബോധത്തിന്റെ പരിതാപകരമായ അവസ്ഥയിലുള്ള ആത്മവിശ്വാസവുമാണ് രാജേഷിനെപ്പോലുള്ള പുത്തൻവർഗ മുഴുവൻ സമയ രാഷ്ട്രീയാധികാരികളെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നത്. 2019-ൽ ഇരിങ്ങാലക്കുട സഹകര ജോയിന്റ് റെജിസ്ട്രർ നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിട്ടും പാർട്ടി നേതൃത്വം അത് മൂടിവെക്കാനും ഒതുക്കിത്തീർക്കാനുമാണ് ശ്രമിച്ചത്. കേരളത്തിലെ സഹകരണമേഖലയെ ആകമാനം സംശയത്തിനയെ മുനയിൽ നിർത്തിയ ഈ തട്ടിപ്പിൽ സമഗ്രമായ സ്വയംവിമര്ശനം ജനങ്ങൾക്ക് മുന്നിൽ സുതാര്യം രീതിയിൽ നടത്താതെ നീരവ് മോദിയും വിജയ് മാലയും കട്ട അത്രയൊന്നും ഞങ്ങൾ കേട്ടില്ലല്ലോ എന്നാണ് രാജേഷ് പറയാതെ പറയുന്നത്. അമേരിക്കയിൽ ഇതിൽക്കൂടുതൽ ദിവസം മാലിന്യം കത്തിയിട്ടുണ്ട് എന്ന് ബ്രഹ്മപുരം മാലിന്യക്കൂമ്പാരം കത്തിയപ്പോൾ ആശ്വസിപ്പിച്ച മന്ത്രിയുടെ ആത്മവിശ്വാസം നാം വേണ്ടത്ര മനസിലാക്കിയില്ല എന്നുവേണം പറയാൻ.
ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ട് എന്നത് വാസ്തവമാണ്. വായ്പകളിലെ തിരിമറി, കടലാസ് കാമപണികളിലൂടെ വായ്പകൾ കിട്ടാക്കടമാക്കി തട്ടിച്ചുമാറ്റുക തുടങ്ങി നിരവധിയായ തട്ടിപ്പുകൾ ബാങ്കിങ് മേഖലയിലുണ്ട്. നിഷ്ക്രിയ ആസ്തികളും ഭാരം ഇന്ത്യൻ ബാങ്കിങ് മേഖലയെ ഞെരിക്കുകയാണ്. ഈ തട്ടിപ്പുകളിൽ മിക്കതിലും രാഷ്ട്രീയനേതൃത്വത്തിന്റെ പങ്കുമുണ്ട്. അതെങ്ങനെയാണ് കറുവണ്ണൂരിലെ സി പി ഐ (എം) നേതൃത്വത്തിന്റെ കൊള്ളയെയും രാഷ്ട്രീയബാധ്യതയേയും ഒഴിവാക്കുക എന്നാണ് ചോദ്യം. ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതസമ്പാദ്യം തട്ടിച്ചെടുത്തിട്ട് അതിന്റെ പേരിൽ ഒരു മറുപടിയും ജനങ്ങളോട് പറയാതെ, ഞാനകളുടെ പാർട്ടി പാർട്ടികമ്മറ്റികളിൽ വിശദീകരിച്ചോളും എന്നുപറഞ്ഞു തട്ടി കേടാകാതെ നാട്ടിൽ നടക്കാൻ കഴിയുന്നത് ജനത്തിനേ അത്രയവരെ ഭയപ്പെടുത്തുകയും ജനങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയാത്തവണ്ണം വേതാളഭീകരതയായി ഈ ദുരധികാര മാഫിയ സംഘം പിടിമുറുക്കിയതുകൊണ്ടുമാണ്.
ഇത്തരത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ക്രമം, ഘടന,സ്വഭാവം എന്നത് അവയൊരിക്കലും ഒരൊറ്റപ്പെട്ട സംഭവമായി നടക്കില്ല എന്നതാണ്. രാജ്യത്തെ വലിയ ബാങ്കുകളിലെ തട്ടിപ്പിന്റെ രീതി നോക്കിയാൽ അത് കാണാം. ഏതാണ്ടെല്ലാ പൊതുമേഖലാ ബാങ്കുകളിലും ICICI, Yes Bank തുടങ്ങിയ ബാങ്കുകളിലുമെല്ലാം ഒരേ തരത്തിലുള്ള തട്ടിപ്പുകൾ ഒന്നിനുപിറകെ ഒന്നായി തെളിഞ്ഞുവന്നു. ഇത് സാമ്പത്തിക തട്ടിപ്പുകളുടെ കുറ്റകൃത്യചരിത്രം നോക്കിയാൽ മനസിലാകും. അതായത് കരുവന്നൂർ ബാങ്കിൽ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പ് ഒരു രാഷ്ട്രീയ ഭരണസമിതി നടത്തിയിട്ടുണ്ട് എന്ന് തെളിയുകയും കേരളത്തിലെ മറ്റ് ചില സഹകരണബാങ്കുകളിലും കുറഞ്ഞ അളവിലാണെങ്കിലും പണം വെട്ടിപ്പ് നടന്നതായി തെളിവുകൾ കിട്ടുകയും ചെയ്ത സാഹചര്യം വെളിവാക്കുന്നത് കേരളത്തിലെ സഹകരണബാങ്കുകളിലെ രാഷ്ട്രീയ ഭരണനേതൃത്വവും ഉദ്യോഗസ്തവിഭാഗവും കൂട്ടുചേർന്നുകൊണ്ട് വ്യാപകമായ തട്ടിപ്പ് നടക്കുന്നുണ്ട് എന്നാണ്. അതിനെക്കുറിച്ച്, സഹകരണ സ്ഥാപനങ്ങളിൽ മഹാഭൂരിഭാഗത്തിന്റെയും രാഷ്ട്രീയനിയന്ത്രണം കയ്യാളുകയും സംസ്ഥാനഭരണം നടത്തുകയും ചെയ്യുന്ന രാഷ്ട്രീയകക്ഷിയെന്ന നിലയ്ക്ക് സമഗ്രവും സുതാര്യവുമായ (അല്ലാതെ ഞങ്ങടെ പാർട്ടിയിൽ ഇതിലും വലിയ പരിശോധനയുണ്ട് എന്ന മൈതാനപ്രസംഗത്തിന് തൊമ്മികളെ നിരത്തിയിരുത്തി കയ്യടിപ്പിക്കുന്ന തട്ടിപ്പല്ല) അന്വേഷണം നടത്തുന്നതിന് പകരം രാജ്യത്ത് ഇതിലും വലിയ കള്ളന്മാരുണ്ട് എന്ന വഷളത്തം യാതൊരു ലജ്ജയുമില്ലാതെ പറയാൻ രാജേഷിനുണ്ടായ ആ ആത്മവിശ്വാസമുണ്ടല്ലോ, ഒരു ജനതയെന്ന നിലയിൽ മലയാളിയുടെ ഗതികെട്ട വിധേയത്വത്തെ തിരിച്ചറിയുന്ന പുത്തൻവർഗ അധികാരിയുടെ ഹുങ്കാരമാണത്.
പിണറായി വിജയനെയും കുടുംബത്തെയും രക്ഷിക്കാൻ, അയാളുടെ മകൾക്ക് കർത്താ മുതലാളിയുടെ കമ്പനി കാശ് കൊടുക്കുമ്പോൾ പൂട്ടിപ്പോയ കമ്പനിക്ക് വേണ്ടി സംസാരിക്കാൻ പാർട്ടി സെക്രട്ടറിയെ രംഗത്തിറക്കുന്ന ആ മാഫിയ സംഘത്തിന്റെ സംരക്ഷണം എന്നെങ്കിലും തങ്ങൾക്കും കിട്ടണമെങ്കിൽ നാട്ടുകാർക്ക് അയ്യേ എന്ന് തോന്നിയാലും ഇതുപോലുള്ള വൃത്തികേട് യാതൊരു ലജ്ജയുമില്ലാതെ വിളിച്ചുപറയണമെന്ന് തിരിച്ചറിയുകയാണ് രാജേഷിനെപ്പോലുള്ളവർ.
രണ്ടോ മൂന്നോ രാഷ്ട്രീയകക്ഷികൾ പരസ്പരം ഞങ്ങളിതു ചെയ്തെങ്കിൽ നിങ്ങളെങ്ങനെ ചെയ്തില്ലേ എന്ന് ചോദിച്ച് രക്ഷപ്പെട്ടുപോകുന്ന തമാശയാണ് ഇവർക്ക് ജനാധിപത്യം. പൗരന്മാരോടും പൗരസമൂഹത്തോടും ഉത്തരം പറയേണ്ട ബാധ്യത വരെന്നെ ഉപേക്ഷിച്ചിരിക്കുന്നു. നൂറുകണക്കിന് കോടി രൂപയുടെ വെട്ടിപ്പ് പാർട്ടി നേതൃത്വത്തിലുള്ളവരും അവരുടെ ബിനാമികളും ചേർന്ന് നടത്തിയിട്ടും അവരുടെ കമ്മ്യൂണിസ്റ്റ് മൂല്യപ്രസംഗങ്ങൾക്കും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടനാടകങ്ങൾക്കും കയ്യടിക്കേണ്ടിവരുന്ന ചരിത്രത്തിൽത്തന്നെ അധികം സമാനതകളില്ലാത്തവിധം വഞ്ചിക്കപ്പെടുന്നൊരു ജനതയാണ് കേരളീയർ. എന്നെങ്കിലും അവരത് തിരിച്ചറിയുമ്പോഴേക്കും നിങ്ങളീ ഇടതുപക്ഷ രാഷ്ട്രീയത്തിനെ പൂർണ്ണമായും വിറ്റുതിന്നുകയും ഈ ജനതയെ വലതുപക്ഷത്തിന്റെ ആലയിൽക്കെട്ടാൻ പാകമാക്കിയിട്ടുമുണ്ടാകും. നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് നിങ്ങൾക്ക് നന്നായി അറിയാമെന്നതുകൊണ്ട് കുഴിമാടങ്ങളിലെങ്കിലും നിങ്ങൾ വിചാരണ ചെയ്യപ്പെടും.!