05/04/2025
വഖഫ് ബോർഡുകൾ ട്രൈബ്യുണലുകൾ തുടങ്ങിയവയുടെ അധികാരങ്ങളിൽ നിർണായക മാറ്റങ്ങൾ വരുന്നതാണ് കേന്ദ്രസർക്കാർ പാസാക്കിയ വഖഫ് ഭേദഗതി ബിൽ. 14 മണിക്കൂർ നീണ്ടു നിന്ന ചർച്ചയ്ക്കും സംവാദത്തിനുമൊടുവിൽ 95 പേർ ബില്ലിനെ എതിർത്തപ്പോൾ 125 അംഗങ്ങൾ ബിൽ അനുകൂലിച്ചു കൊണ്ട് വോട്ട് ചെയ്തു.വഖഫ് സമ്പ്രദായം കൂടുതൽ സുതാര്യമാക്കുവാനും,കാര്യക്ഷമത ഉറപ്പുവരുത്താനുമാണ് ഈ ഭേദഗതി ബിൽ എന്നാണ് സർക്കാർ വാദം.അതേസമയം മുസ്ലീംങ്ങളെ രണ്ടാംതരം പൗരന്മാരായി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷം ആരോപിക്കുകയും, ബില്ലിന്റെ യഥാർത്ഥ ഉദ്ദേശത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.
എന്താണ് വഖഫ്
ഇസ്ലാമിക നിയമപ്രകാരം മതപരമോ,ജീവകാരുണ്യപരമോ,സ്വകാര്യമോ ആയ അവകാശങ്ങൾക്കു വേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിച്ചിരിക്കുന്ന വസ്തുക്കളെയാണ് വഖഫ് എന്ന് പറയുന്നത്. മുസ്ലിംങ്ങളുടെ ആരാധനാലയങ്ങൾ,വിദ്യാഭ്യാസസ്ഥാപനങ്ങൾ,അനാഥാലയങ്ങൾ,കബറിടങ്ങൾ,ദർഗകൾ തുടങ്ങിയവയെല്ലാം വഖഫ് ഭൂമികളിലാണ്.വഖഫ് ആയി പ്രഖ്യാപിച്ച വസ്തുവിന്റെ ഉടമസ്ഥാവകാശം ദൈവത്തിനു കൈമാറ്റം ചെയ്യപ്പെടുകയാണ്. വഖഫ് ചെയ്ത വ്യക്തിക്കും ആ ഭൂമിയിലോ,സ്വത്തിലോ പിന്നീട് അവകാശമുണ്ടാകില്ല.
1954-ൽ വഖഫുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുവാൻ വേണ്ടി കേന്ദ്രസർക്കാർ നിയമം കൊണ്ടുവന്നു.ഇതിന്റെ പ്രവർത്തങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കേന്ദ്രതലത്തിൽ വഖഫ് കൗൺസിലും സംസ്ഥാനങ്ങളിൽ വഖഫ് ബോർഡുകളും നിലവിൽ വന്നു.തുടർന്ന് 1995-ൽ വഖഫുകൾക്ക് കൂടുതൽ അധികാരം നൽകുന്ന പുതിയ വഖഫ് നിയമം നടപ്പാക്കി. പിന്നീട് 2013-ൽ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വഖഫിന്റെ പ്രവർത്തനം.
ഇപ്പോൾ ഈ പുതിയ ബില്ലിലൂടെ വന്നിട്ടുള്ള മാറ്റങ്ങൾ തീർച്ചയായും ചർച്ചചെയ്യപ്പെടേണ്ടവയാണ്. ഒരു നിശ്ചിത വസ്‌തു 'വഖഫ് സ്വത്ത് ആണോയെന്നു തീരുമാനിക്കാൻ വഖഫ് ബോർഡിന് അനുമതി നൽകിയിരുന്ന 40-ാം വകുപ്പ് റദ്ദാക്കൽ തുടങ്ങി,വഖഫുകളുടെ രജിസ്ട്രേഷൻ, അതിന്റെ ഉപയോഗം, രേഖകൾ സൂക്ഷിക്കൽ,വഖഫ് ബോർഡുകളിൽ മുസ്ലിം അല്ലാത്തവരുടെ ഉൾപ്പെടുത്തൽ,വഖഫ് സ്വത്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കങ്ങളിൽ സർക്കാർ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം എന്നിങ്ങനെ വലിയ മാറ്റങ്ങൾക്കാണ് വിധേയമായിട്ടുള്ളത്.ഇതിലൂടെ വഖഫ് ബോർഡുകളുടെ അധികാര പരിധി മാറുകയും സ്വത്ത് വിനിയോഗം വലിയതോതിൽ തന്നെ നിയന്ത്രിക്കപ്പെടുകയും ചെയ്യും. ഈ ബിൽ നിലവിൽ വന്നതോടു കൂടി മുസ്ലിംകൾക്ക് ഇടയിൽ ആശങ്ക വർധിച്ചിരിക്കുകയാണ്. സമുദായം നിയന്ത്രിക്കുന്ന ബോർഡുകളിൽ നിന്ന് വഖഫ് ഭരിക്കാനുള്ള അവകാശം ഭരണത്തിലിരിക്കുന്നവരുടെ നിയന്ത്രണത്തിലേക്ക് മാറുമോ എന്ന ഭയം ഇവിടെ തീവ്രമാണ്.ഒരു വിഭാഗം ആളുകൾ ആരവങ്ങളോട് കൂടി ഇതൊരു ആഘോഷമാകുമ്പോൾ,വീണ്ടും വീണ്ടും തങ്ങൾ വേട്ടയാടപ്പെടുകയാണോ എന്ന ചോദ്യം മറ്റൊരു വിഭാഗത്തിനടയിൽ ബാക്കിയാവുന്നു.ജനാധിപത്യ ഇന്ത്യയിലെ മറ്റൊരു ഇരുണ്ട ദിനമായി ഏപ്രിൽ 4 അടയാളപെടുമോ?
© Neha D P